OVS - Latest NewsOVS-Kerala News

കോവി‍ഡ് മരണം: സംസ്കാരം പ്രോട്ടോക്കോൾ പ്രകാരമെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: വിശ്വാസികളില്‍ ആരെങ്കിലും കോവിഡ് മൂലം മരണപ്പെട്ടാല്‍ അതത് രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന കോവിഡ് ശവസംസ്‌കാര പ്രോട്ടോക്കോള്‍ പ്രകാരം എല്ലാ ബഹുമാനാദരവുകളോടും കൂടെ ശവസംസ്‌കാര ശുശ്രൂഷകള്‍ നിര്‍വഹിക്കാമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ.

മരണപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുന്ന നിലയിലും സമൂഹത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത വിധത്തിലും സഭയുടെ ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടു ക്രമീകൃതമായി മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ ഇടവക ചുമതലക്കാരുടെ സഹകരണത്തോടെ നിര്‍വഹിക്കണം.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതശരീരം സംസ്‌കരിക്കുന്നതിനുള്ള സ്ഥല പരിമിതിയോ മറ്റ് എന്തെങ്കിലും തടസ്സങ്ങളോ ഉണ്ടെങ്കില്‍ മൃതദേഹം ദഹിപ്പിക്കാവുന്നതും ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി ഭൗതിക ശേഷിപ്പ് കബറില്‍ അടക്കം ചെയ്യാവുന്നതുമാണ്. കോവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരും അനാരോഗ്യമുള്ളവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല.

കോവിഡ് മൂലം മരിക്കുന്നവരുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനരഹിത ഭയവും മനുഷ്യത്വരഹിതമായ പെരുമാറ്റവും സഭാ വിശ്വാസികളില്‍ നിന്ന് ഉണ്ടാകരുത്. കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസിയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് അതത് പ്രദേശങ്ങളില്‍ ആവശ്യമായി വരുന്ന പ്രത്യേക ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്താമാരുടെ അനുമതിയോടെ ഇടവകകള്‍ക്ക് നടപ്പാക്കാവുന്നതാണെന്നും സഭ അറിയിച്ചു.