OVS - Latest NewsOVS-Kerala News

കാതോലിക്കാ ദിനം 2020:- കാതോലിക്കാ നിധി സമാഹരണം സമയബന്ധിതമായി പൂർത്തിയാക്കുക

പൗരസ്ത്യ കാതോലിക്കേറ്റിൻ്റെ പ്രസക്തിയും മൂല്യവും പരിശുദ്ധ സഭ മുഴുവനായി സ്മരിക്കുന്നതിനും പരിശുദ്ധ സഭയുടെ ഉന്നമനത്തിനായി പ്രാർത്ഥിക്കുന്നതിനുമായി പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന ദിവസമാണ് സഭാദിനം അഥവാ കാതോലിക്കാ ദിനം ഈ വർഷം സഭാദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരുന്നത് 2020 മാർച്ച് 29 ന് ആയിരുന്നല്ലോ. ലോകത്ത് ഉണ്ടായിരിക്കുന്ന കോവിഡ് – 19 മഹാമാരിയുടെ സാഹചര്യത്തിൽ സഭാദിന ആചരണം ജനപങ്കാളിത്തത്തോടെ നടത്തുവാൻ സാധിച്ചില്ല.
പരിശുദ്ധ സഭയുടെ പ്രധാന വരുമാനമാർഗ്ഗങ്ങൾ കാതോലിക്കാ ദിന പിരിവ്, പരുമലയിൽ നിന്നുള്ള വരവ്, കോട്ടയം എം.ഡി കൊമ്മേഷ്യൽ സെൻ്റർ വാടക എന്നിവയാണ്.ഇതിൽ തന്നെ മുഖ്യമായവരുമാനം കാതോലിക്കാ ദിന പിരിവ് ആണ്. പരിശുദ്ധ സഭയുടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആത്മീക സംഘടനകൾക്ക് സഹായങ്ങൾ ,സഭയുടെ മറ്റ് പൊതു ആവശ്യങ്ങൾ എന്നിവ നടത്തുന്നത് കാതോലിക്കാ ദിന പിരിവിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ചാണ്.
സഭാംഗങ്ങൾ ആയ വിധവകൾക്ക് പെൻഷൻ, രോഗികൾക്ക് ചികിൽസാ സഹായം, ഭവന നിർമ്മാണ സഹായം, വിവാഹ ധനസഹായം, കരൾ – കിഡ്നി രോഗചികിൽസക്ക് പ്രത്യേക സഹായം,നിർദ്ധനരായ സഭാംഗങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ്, പള്ളിശുശ്രൂഷകർക്കും മൂപ്പൻമാർക്കുമുള്ള ക്ഷേമപദ്ധതികൾ, അവികസിത പള്ളികൾക്കും ചാപ്പലുകൾക്കും കാതോലിക്കേറ്റ് സെൻ്ററുകൾക്കും സഹായം, മലങ്കര സഭയിൽ സാമ്പത്തിക പ്രയാസമുള്ള 9 മെത്രാ സനങ്ങൾക്ക് വൈദീക ശബളം നൽകാൻ സബ്സിഡി, എല്ലാ വൈദീകർക്കും കുടുംബാംഗങ്ങൾക്കുമായുള്ള ആരോഗ്യ ഇഷ്വറൻസ്, വൈദീക ക്ഷേമനിധി എന്നിവയെല്ലാം കാതോലിക്കാ ദിന കവർപിരിവിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ചാണ് നടത്തുന്നത്. ഇതു കൂടാതെ പരിശുദ്ധ സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് ഓഫീസ്, പരിശുദ്ധ ബാവ തിരുമേനിയുടെ ഓഫീസ് എന്നിവയുടെ ചെലവുകൾ എന്നിവയും ഇതിലൂടെയാണ് നടത്തുന്നത്.
സഭ അംഗങ്ങളുടെ പൊതുവായ ഉന്നമനത്തിനായി കാലാകാലങ്ങളിൽ ആവിഷ്ക്കരിക്കുന്ന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് കാതോലിക്കാ ദിന ധനസമാഹരണത്തിൽ നിന്നാണ്. സഭയുടെ വിവിധ മെത്രാസനങ്ങൾ, സെമിനാരികൾ,വിവിധ സെൻ്ററുകൾ എന്നിവയ്ക്കും സഹായം നൽകുന്നു. പരിശുദ്ധ സഭയുടെ സമസ്ഥമേഖലയും ആശ്രയിക്കുന്നത് കാതോലിക്കാ ദിനപിരിവിലൂടെ ലഭിക്കുന്ന തുകയെയാണ്.അതുകൊണ്ട് തന്നെ ഇത് വിജയകരമായി പൂർത്തീകരിക്കേണ്ടത് സഭാംഗങ്ങളായ നാം ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്തവും ആണ്. സഭാദിന പ്രതിജ്ഞയിൽ നാം ഏറ്റുപറയുന്ന ഭക്തിയും കൂറും വാക്കുകളിലല്ല പ്രകടിപ്പിക്കേണ്ടത് പ്രവൃത്തിയിലാണ്.ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മളാൽ കഴിയുന്ന പരമാവധി സഹായം നമ്മൾക്ക് നൽകാം.
പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനിയുടെ കല്പനപ്രകാരം ഇടവകകളിലെ പിരിവ് ബഹുമാനപ്പെട്ട വികാരിമാരുടെ നേതൃത്വത്തിൽ എത്രയും വേഗം പൂർത്തിയാക്കണം. ഇങ്ങനെ ലഭിക്കുന്ന തുക 2020 സെപ്റ്റംബർ 30-)0 തീയതിക്ക് മുമ്പായി സഭാ കേന്ദ്രത്തിലേക്ക് അയച്ച് കൊടുക്കണം. ഇതിലൂടെ മലങ്കര സഭയുടെ സ്വാതന്ത്രത്തിൻ്റെ പ്രതീകമായ കാതോലിക്കാ സിംഹാസനത്തോടും അതിൽ വാണരുളുന്ന പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനിയോടും സഭയോടുമുള്ള ഭക്തിയും കൂറും പ്രകടിപ്പിക്കാം