ഗ്രീഗോറിയോസ് ബാർ എബ്രായാ: വൈവിധ്യപൂർണ്ണതയുടെ മഹാശ്രേഷ്ഠൻ

മദ്ധ്യകാലഘട്ടത്തിലെ ചിന്തകന്മാരിൽ മുമ്പനും പ്രധാനിയുമായിരുന്ന ബാർ എബ്രായാ. ആദിമ നുറ്റാണ്ടുകൾ മുതൽ സഭയുടെ ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഏഷ്യാ മൈനറിലെ യൂഫ്രട്ടീസ് നിരത്തുള്ള മെലത്തിൻ ചെറുപട്ടണത്തിൽ അഹരോൻ്റെ മകനായി ഏ ഡി 1226 -ൽ ബാർ എബ്രായാ ഭൂജാതനായി. പിതാവിൻ്റെ പരിലാളനയിലും മേൽനോട്ടത്തിലുമാണ് ബാർ എബ്രായാ തൻ്റെ ബാല്യകാലങ്ങൾ കഴിഞ്ഞത്. പിതാവായ അഹരോൻ യഹൂദാ ക്രിസ്തുമത വിശ്വാസിയായതുകൊണ്ട് “എബ്രായൻ്റെ പുത്രൻ” എന്നർത്ഥമുള്ള ബാർ എബ്രായാ എന്ന നാമത്തിലും അദ്ദേഹത്തെ അറിയപ്പെട്ടിരുന്നതായും ചില ചരിത്രകാരന്മാരും എഴുത്തുകാരും അഭിപ്രായപ്പെടുന്നു. മെലത്തിൽ ചെറുപട്ടണത്തിൽ “എബ്രാ” എന്ന ചെറുപട്ടണത്തിൽ ജനിച്ചുകൊണ്ടവാം ബാർ എബ്രായാ എന്ന നാമം ലഭിച്ചതെന്നും ചില വ്യാഖ്യാനങ്ങളുണ്ട്. ബാർ എബ്രായുടെ മാമോദീസാ നാമം യുഹാനോൻ എന്നായിരുന്നു. സന്തോഷത്തിൻ്റെ പിതാവ് എന്ന അർത്ഥമുള്ള അബ്ദുൾ ഫറാജ് എന്ന അറബി നാമത്തിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ബാർ എബ്രായുടെ ജീവിത ചരിത്രം അറിയുവാനുള്ള പ്രധാന രേഖകൾ അദ്ദേഹം തന്നെ എഴുതിയ ചരിത്രഗ്രന്ഥമാണ്. അദ്ദേഹത്തിൻ്റെ ചരിത്രത്തെ പറ്റിയുള്ള സംക്ഷിപ്ത രൂപം അസ്സേമാനി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാർ എബ്രായുടെ ബാല്യകാല ജീവിതത്തെക്കുറിച്ച് വ്യക്തമായ രേഖകളൊന്നും ലഭിച്ചിട്ടില്ല. ബാല്യകാലത്തിൽ തന്നെയാകാം അദ്ദേഹം മികച്ച ഗുരുക്കൻമാരിൽ നിന്നും സുറിയാനി, ഗ്രീക്ക്, അറബി, തത്വശാസ്ത്രം തുടങ്ങിയ പഠിച്ചു എന്ന് കരുതപ്പെടുന്നു. പിന്നീട് പിതാവിൻ്റെ തൊഴിലായ വൈദ്യശാസ്ത്രത്തിലും പ്രാവീണ്യം നേടി എന്ന് കരുതപ്പെടുന്നു. ഏ ഡി 1243 -ൽ മംഗോളിയൻ അക്രമധാരികൾ മെലിത്തിയൻ പട്ടണം ആക്രമിച്ചപ്പോൾ ധാരാളം ആളുകളും അവരുടെ വളർത്ത് പക്ഷി മൃഗാതികളെയും കൂട്ടി അന്ത്യോഖ്യയിലേക്ക് പലായനം ചെയ്യ്തു. അക്രമത്തിനിരയായി മംഗോളിയൻ സൈനിക മേധാവിക്ക് കഠിനമായ അസുഖത്തെ തുടർന്ന് ചികിത്സിക്കുവാൻ ബാർ എബ്രായുടെ പിതാവായ അഹരോനെ വിളിപ്പിക്കുകയും. അഹരോൻ്റെ ചികിത്സയുടെ ഫലമായി സൈനിക മേധാവിക്ക് പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. സന്തുഷ്ഠവാനായ സൈനിക മേധാവി അഹരോനെയും കുടുംബത്തെയും തങ്ങളോടൊപ്പം അന്ത്യോക്യയിലേക്ക് കൂട്ടികൊണ്ട് പോയി. അന്ത്യോക്യയിൽ വച്ചാണ് ബാർ എബ്രായ തുടർന്നുള്ള പഠനം പൂർത്തിയാക്കിയത്. പഠനശേഷം ബാർ എബ്രായാ സന്യാസജീവിതം തിരഞ്ഞെടുക്കുകയും ദൈവിക ചിന്തകളിലേക്ക് കൂടുതൽ അടുക്കുവാനായി അന്ത്യോഖ്യയിലെ ഒരു ഗുഹയിൽ പ്രർത്ഥനയിലും ഉപവാസത്തിലും ജീവിതം നയിക്കുകയും അതിനുശേഷം ത്രിപ്പോളിയിലുള്ള പൗരസ്ത്യ സുറിയാനി മല്പാനായ യാക്കോബിൻ്റെ ശിഷ്യണത്തിൽ വൈദശാസ്ത്രത്തിൽ കുടുതൽ പാണ്ഡിത്യം ആർജിച്ചു.

ബാർ എബ്രായുടെ വൈദശാസ്ത്രത്തിലുള്ള പാണ്ഡിത്യത്തെയും കർത്തവ്യ ബോധത്തെയും കേട്ടറിഞ്ഞ ഇഗ്നാത്തിയോസ് രണ്ടാമൻ പാത്രീയാർക്കീസ് ഏ ഡി 1246 സെപ്റ്റംബർ മാസം പതിനാലാം തിയതി (സ്ലീബാ പെരുന്നാൾ) അദ്ദേഹത്തെ ഗുബ്ബോസിൻ്റെ മെത്രാപ്പോലീത്താമായി വാഴിച്ചു. മെത്രാൻ ആകുന്ന സന്തർഭത്തിൽ ബാർ എബ്രായുടെ പ്രായം വെറും ഇരുപത് വയസ്സ് മാത്രമായിരുന്നു. ഒരു വർഷത്തിന് ശേഷം പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ നിർദ്ദേശാനുസരണം ബാർ എബ്രായെ ഗുബ്ബോസിൽ നിന്നും മാറ്റി ലാക്കാ ബിനിൻ്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് 1253-ൽ അദ്ദേഹം ആലപ്പോയുടെ ചുമതലയും ഏറ്റെടുത്തു. സിലിഷ്യയിലെ സിസ് കത്തീഡ്രലിൽ വച്ച് പാത്രീയർക്കീസ് മുന്നാമനെ തിരഞ്ഞെടുക്കുന്ന സന്ദർഭത്തിൽ, കാലം ചെയ്ത മഫ്രിയാന സലീബായുടെ പിൻഗാമിയായി ബാർ എബ്രായെയും തിരഞ്ഞെടുത്തു. ബാർ എബ്രായെ തിരഞ്ഞെടുക്കുവാനുള്ള പ്രധാന കാരണം അദ്ദേഹത്തിൻ്റെ സഭയോടുള്ള അത്മാർത്ഥമായ നിഷ്ണതയും പ്രർത്ഥനാ ജീവിതവുമായിരുന്നു. പരിശുദ്ധ ഇഗ്നാത്തിയോസ് മൂന്നാമൻ ഏ ഡി 1264 -ൽ ബാർ എബ്രായെ മഫ്രിയാനാ സ്ഥാനത്തേക്ക് ഉയർത്തി. അദ്ദേഹം പൗരസ്ത്യ സഭയുടെ കതോലിക്കായുടെ അടുക്കലേക്ക് സൗഹൃദ സന്ദർശനങ്ങൾ പലപ്പോഴായി നടത്തിയിരുന്നു. ഇത് പല കാരണങ്ങളാൽ ശത്രുക്കളായി കഴിഞ്ഞിരുന്ന രണ്ട് സഭകളുടെയും സ്നേഹത്തിന്നും സൗഹൃദത്തിന്നും വഴി തെളിച്ചു. എക്യുമെനിസത്തിനും സഭകളുമായിട്ടുള്ള സന്ധി സംഭാഷണങ്ങൾക്കും അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകി. സഭയോ മതമോ വർഗ്ഗമോ നോക്കാതെ എല്ലാവരെയും ഒരുപോലെ കാണുവാൻ അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു.സഭയുടെ നിലനിൽപ്പിനുവേണ്ടി എപ്പിസ്ക്കോപ്പൻമാരെയും വൈദീകരെയും അദ്ദേഹം വാഴിച്ചു. മൂറോൻ കൂദാശ നിർവ്വഹിച്ചു. ആക്രമികളുടെ കൈകളാൽ തകർക്കപ്പെട്ട പല ദേവാലയങ്ങളും പുതുക്കി പണിയുകയും അതിൽ വിശുദ്ധ കുദാശകളും, കുർബാനകളും പുനസ്ഥാപിക്കുകയും ചെയ്തു.

മഹാനായ അത്മീയ പിതാവിലുപരി അദ്ദേഹം നല്ലൊരു പണ്ഡിതനും എഴുത്തുകാരനുമായിരുന്നു. ബാർ എബ്രായയുടെ പല എഴുത്തുകളും പ്രസിദ്ധീകരണങ്ങളും അധുനിക സമൂഹത്തിന് ലഭിച്ച ഒരു വലിയ സംഭാവനകളാണ് അതിന് ഉദാഹരണങ്ങളാണ് വേദപുസ്തക വ്യാഖ്യാനങ്ങൾ (രഹസ്യങ്ങളുടെ കലവറയുടെ പുസ്തകം), പരിശുദ്ധന്മാവിൻ്റെ ബന്ധത്തെ പറ്റിയുള്ള ഏകാന്തവാസിക്കും സന്യാസിമാർക്കുമുള്ള പുസ്തകം (പ്രാവിൻ്റെ പുസ്തകം), ആരാധനാ സംബന്ധമായ രചനകൾ (അന്നഫോറാ), വേദശാസ്ത്രപരമായ രചനകൾ (കിരണങ്ങൾ, ബലിപീഠത്തിലെ വിളക്ക് തണ്ട്) ക്രൈസ്തവ ധാർമ്മികത വിവരിക്കുന്ന ഗ്രന്ഥങ്ങൾ (ധാർമ്മികതയുടെ പുസ്തകം), ശരീരത്തിൻ്റെ നിർദ്ദിഷ്ട ജീവിതത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ (ചികിത്സ) ലോക സംബന്ധമായും സഭാ സംബന്ധമായി ഒട്ടനവധി ഗ്രന്ഥങ്ങളും, അരിസ്റ്റോട്ടിലിൻ്റെ തത്വശാസ്ത്രത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥം, മറ്റുള്ളവരെ ചിരിപ്പിക്കുന്നതിന്നും സന്തോഷിപ്പിക്കുവാൻ വേണ്ടിയുള്ള ഗ്രന്ഥം (ചിരിയുടെ കഥകൾ) തുടങ്ങിയ രചനകൾ ബാർ എബ്രായുടെ സംഭാവനകളാണ്.

ബാർ എബ്രായുടെ മറ്റൊരു പ്രധാന സംഭാവനയാണ് ഹൂദായ കാനോൻ. സുറിയാനി സഭാ പാരമ്പര്യം അംഗീകരിച്ചു വരുന്ന നിയമങ്ങൾ നാല്പത് അദ്ധ്യായങ്ങളായി ഇവ ക്രമികരിച്ചിരിക്കുന്ന ഗ്രന്ഥമാണ്. അപ്പോസ്തോലീക കാലഘട്ടം മുതൽ പിതാക്കൻമാരുടെയും പല സുപ്രധാന സുന്നഹദോസുകളുടെയും തിരുമാനങ്ങളും പ്രമാണങ്ങളും നിർദ്ദേശങ്ങളും അതാത് പേരുകളിൽ എഴുതപ്പെടുത്തുകയും, എഴുതപ്പെടാതെ നിലനിന്നിരുന്ന പല പാരമ്പര്യങ്ങളും നിയമങ്ങളും ഹുദോയ അഥവാ പൊതുവായത് എന്ന പേരിൽ ചേർക്കുകയും ചെയ്യ്തു. ഹൂദായ കാനോനിൻ്റെ കർത്താവ് എന്നും ബാർ എബ്രായെ വിശേഷിപ്പിക്കുവാൻ സാധിക്കും.

ഏ ഡി 1286 ജൂലൈ നുപ്പതിന് മരോഗ എന്ന സ്ഥലത്ത് വച്ച് ജ്വരം പിടിപ്പെട്ട ബാർ എബ്രായ തൻ്റെ അറുപതാം വയസ്സിൽ ദൈവ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. മേല്പട്ടക്കാരുടെയും പുരോഹിതരുടെയും സാന്നിധ്യത്തിലും നാനാജാതി മതസ്ഥരായ ജനങ്ങൾ നൽകിയ വലിയ ബഹുമതികളോടും കൂടി മോസൂബിലെ മാർ മത്തായിയുടെ ദയറായിൽ കബറടക്കി.

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

അവലംബം:
1.ഹെർബർമാൻ, ചാൾസ്, എഡി. (1913). “ബാർ ഹെബ്രൂസ് “. കാത്തലിക് എൻ‌സൈക്ലോപീഡിയ. ന്യൂയോർക്ക്: റോബർട്ട് ആപ്പിൾടൺ കമ്പനി.
2 .തകഹാഷി, ഹിഡെമി (2005). ബാർഹെബ്രിയസ്: ബിബ്ലിയോഗ്രാഫി. പിസ്കേറ്റവേ, എൻ‌ജെ: ഗോർജിയാസ് പ്രസ്സ്.

error: Thank you for visiting : www.ovsonline.in