OVS - Latest NewsSAINTS

മാർ ശെമവൂൻ ദെസ്തുനി: അത്മസമർപ്പണത്തിൻ്റെ ആദ്യ സ്തംഭവാസി

കർത്താവിൻ്റെ മുന്തിരിത്തോട്ടത്തിലെ വിശ്വസ്തനായ വേലക്കാരനും, അനേകരെ ദൈവത്തിങ്കലേക്ക് തിരിച്ചവനും, വ്രതനിഷ്ഠയുള്ളവനും, പ്രർത്ഥനാ ജീവിതത്തിലൂടെ ദൈവത്തെ ഹൃദയത്തോട് ചേർത്തു പിടിച്ച പുണ്യവാനായ മാർ ശെമവൂൻ ദെസ്തുനി നാലാം നുറ്റാണ്ടിൻ്റെ പൂർവാർദ്ധത്തിൽ നിക്കേപ്പോലീസിലെ സീസോ എണ്ണ പട്ടണത്തിൽ ജനിച്ചു. ബാല്യത്തിൽ വായിക്കുന്നതിനോ പഠിക്കുന്നതിനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ദൈവവചനങ്ങൾ കേൾക്കുന്നതിലും ദേവാലയങ്ങളിൽ പോകുന്നതിലും ശെമവൂന് അതീവ താല്പര്യമുണ്ടായിരുന്നു. ക്രിസ്തുമത വിശ്വാസത്തിൻ്റെ പ്രഭാഷണങ്ങൾ കേൾക്കുന്നതിൽ അദ്ദേഹം കുടുതൽ തല്പരനായിരുന്നു.

കുറെ നാളുകൾക്ക് ശേഷം ശെമവൂന് ഒരു ദർശനം ലഭിച്ചു. അഗ്നികനലുകൾ പോലെ ജ്വാലിച്ച മുഖത്തോടുകൂടിയ ഒരു പുരുഷനെ കണ്ട് അവൻ പരിഭ്രമിച്ചപ്പോൾ “ഭയപ്പെടേണ്ടാ, എൻ്റെ പിന്നാലെ വരിക. പലതും നിനക്ക് കാണിച്ചു തരുവാൻ ഉണ്ട് “ എന്ന് പറഞ്ഞു. “നീ മുഖാന്തരമായി തൻ്റെ നിരുനാമം മഹത്വപ്പെടുവാൻ ദൈവം ആഗ്രഹിച്ചിരിക്കുന്നു. നീ വിജയം പ്രാപിച്ച് ഉത്തമ ഫലം പുറപ്പെടുവിക്കുന്നതിനാൽ നിൻ്റെ നാമം പുകഴ്ത്തപ്പെടും” ഇങ്ങനെ പറഞ്ഞ് ആ ദൈവദൂതൻ ശെമവൂനെ ദേവാലയത്തിലേക്ക് നയക്കുകയും അവിടെ വച്ച് തൻ്റെ കൈയിലെ വടി അവനെ ഏല്പിക്കുകയും ചെയ്തു. “ഈ വടി മശിഹായുടെ ആടുകളെ മേയിക്കുവാൻ ഞാൻ നിനക്ക് സമ്മാനിക്കുന്നു, നീ ശക്തിപ്പെട്ട് ബലം പ്രാപിക്കുക” എന്നു പറഞ്ഞു ആ ദൂതൻ അവന് മുമ്പിൽ നിന്നും പിന്നീട് അപ്രത്യക്ഷനായി. ആ മഹത്വമേറിയ ദർശനത്തിന് ശേഷം ശെമവൂൻ്റെ ജീവിതം വളരെ അദ്ഭുതം നിറഞ്ഞതായിരുന്നു.

ഒരിക്കൽ ശെമവൂൻ തൻ്റെ ദർശനത്തിലുടെ ഒരു ദൈവദുതൻ ഉയർന്ന പർവതത്തിൽ അദ്ദേഹത്തെ കൂട്ടികൊണ്ടു പോകുന്നതായും അവിടെ ഒരു ബലിപീഠം പണിയുന്നതായും വിശുദ്ധ പൗലോസ് ശ്ലീഹായുടെ ശിഷ്യനായ തിമോത്തിയോസിൻ്റെ ശരീരം വക്കപ്പെട്ടിരിക്കുന്ന സ്ഥലത്തും, തുടർന്ന് ദേവാലയത്തിനകത്തും പ്രവേശിക്കുന്നതായും കണ്ടു. ഇതിനെ തുടർന്ന് ദേവാലയത്തിൽ പോകുകയും അവിടെ വച്ച് ഈ കാര്യങ്ങൾ സാക്ഷ്യം പറയുകയും ചെയ്തു. ഭാഗ്യാവസ്ഥയിൽ എത്തണമെങ്കിൽ ഏകാന്തവാസം ആണ് സഹായകമാക്കുന്നതെന്ന് അവിടെ വച്ച് ശെമവൂൻ തീരുമാനിക്കുകയും ചെയ്തു.

ശെമവൂൻ തൻ്റെ അവകാശമായി കിട്ടിയ കുടുംബ സ്വത്ത് എല്ലാം വിറ്റു ദരിദ്രർക്ക് ദാനമായി കൊടുത്തു. അധികം വന്ന കുറച്ച് സമ്പാദ്യവുമായി അദ്ദേഹം എവുസേബുനോ ദയറായിലേക്കു പോയി. അവിടെ ചെന്ന് കുമ്പിട്ടു യഥാർത്ഥ ദൈവഭക്തിയുടെ മാർഗം എന്താണെന്ന് കാണിച്ചു തരാൻ പ്രാർത്ഥിച്ചു. കുറച്ചു കഴിഞ്ഞു നിദ്രയിൽ അകപ്പെട്ട മാർ ശെമവൂന് സ്വപ്നത്തിൽ ഒരു കുഴി കുഴിക്കാൻ തന്നോട് ഒരുവൻ കല്പിക്കുന്നതായി സ്വപ്നത്തിൽ ഒരു ദർശനം ലഭിച്ചു. അതിനെ തുടർന്ന് ദയറായുടെ ഒരു കോണിൽ നെഞ്ച് വരെ ആഴം ഉള്ള ഒരു കുഴി ഉണ്ടാക്കി അതിൽ ഇറങ്ങി നിന്ന് മാസങ്ങളോളം പ്രാർത്ഥന നടത്തി. ഉറക്കം വരാതിരിക്കാൻ ഭാരമുള്ള വസ്തുക്കൾ കഴുത്തിൽ കെട്ടിത്തൂക്കി അദ്ദേഹം ധ്യാനത്തിൽ മുഴുകിയിരുന്നു.

വളരെ കഠിനമായ തപസ്സുകൾ ആണ് മാർ ശെമവൂൻ നടത്തിയിരുന്നത്. ശെമവൂൻ്റെ അതികഠിനമായ രീതിയിലുള്ള തപസ്സുകളും ഉപവാസങ്ങളും ദയറായിലെ മറ്റുള്ളവരിൽ അല്പം ആശങ്ക പരത്തുകയും അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ആയതിനാൽ മാർ ശെമവൂൻ എവുസേബുനോ ദയറായിൽ നിന്നും യാത്ര തിരിച്ചു. മാർ ശെമവൂൻ യാത്ര ചെയ്തു വിശുദ്ധ അമ്പത് നോമ്പിൻ്റെ ദിനങ്ങളിൽ മാറീസിൻ്റെ ദയറായിൽ എത്തി. അതികഠിനമായ വൃതാനുഷ്ടാനം ആയിരുന്നു മാർ ശെമവൂൻ അവിടെയും നടത്തിയിരുന്നത്. ഒരു രീതിയിലും ഉള്ള ഭക്ഷണവും വെള്ളവും കഴിക്കാതെ ഉള്ള അദ്ദേഹത്തിൻ്റെ നോമ്പാചരണ രീതി കണ്ട അധിപൻ അദ്ദേഹത്തോട് ഭക്ഷണം കഴിക്കുവാൻ പ്രേരിപ്പിക്കുകയും, ഭക്ഷണം കഴിക്കാതിരുന്ന് സ്വയം ശരീരത്തെ മരിപ്പിക്കുന്നത് പുണ്യമല്ല എന്ന് ചൂണ്ടി കാണിക്കുകയും ചെയ്തു. ആയതിനാൽ ആവശ്യമുള്ളപ്പോൾ കഴിക്കുവാൻ ശെമവൂൻ താമസിക്കുന്ന കുടിലിനുള്ളിൽ ഒരു പാത്രം വെള്ളവും കുറച്ച് റൊട്ടികളും അവർ കരുതി വച്ചിരുന്നു. ഏകാന്ത തപസിനു കുടിലിൻ്റെ വാതിൽ ചെളികൊണ്ടു മാർ ശെമവൂൻ അടച്ചിരുന്നതായി ചരിത്രങ്ങൾ പറയപ്പെടുന്നു. നാൽപതു ദിവസം കഴിഞ്ഞു ദയറായിലെ മറ്റു സന്യാസിമാർ വാതിൽ തുറന്നു നോക്കിയപ്പോൾ ഭക്ഷണമോ വെള്ളമോ അദ്ദേഹം ഭക്ഷിച്ചിരുന്നില്ല. സംസാരിക്കാൻ പോലും കഴിയാതെ കട്ടിലിൽ കിടക്കുന്ന മാർ ശെമവൂനെയാണ് അവർ കണ്ടത്. ക്ഷീണിതതായി കിടക്കുന്ന ആ സന്തർഭത്തിലും മാർ ശെമവൂൻ്റെ മുഖം പരിശുദ്ധാത്മാവിനാൽ പ്രകാശിതവും ആയിരുന്നു. വേഗത്തിൽ മാർ ശെമവൂന് ഭക്ഷണവും വെള്ളവും അവർ നൽകി അദ്ദേഹത്തെ ശാരീരികമായി ഉണർത്തി.

കുടിലിൽ നിന്നും അദ്ദേഹം മലമുകളിൽ പോയി ഇരുപതു മുഴം നീളം ഉള്ള ഇരുമ്പു ചെങ്ങല കൊണ്ട് ബന്ധിതനായി ദൈവത്തെ ധ്യാനിച്ചു തപസ്സനുഷ്ഠിച്ചു. മാർ ശെമവൂൻ്റെ മരണത്തിനു ഇത് കാരണമാകും എന്ന് കരുതി വിശ്വാസികൾ അദ്ദേഹത്തെ ഇതിൽ നിന്നും പിന്മാറാൻ നിർബന്ധിച്ചു. അങ്ങനെ അവൻ്റെ കാലിലെ ചങ്ങല അവർ വേർപെടുത്തി. ചങ്ങല ബന്ധിച്ചിരുന്ന ഭാഗത്തെ തുകൽ മാറ്റപ്പെട്ടിട്ടും ജീവികൾ കടിച്ച വൃണം ഉണ്ടായിട്ടും തപസ്സിൽ തുടർന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കണ്ട് ജനങ്ങളിൽ കുടുതൽ അത്ഭുതം ഉളവാക്കി.

വിശുദ്ധൻ്റെ അതികഠിനമായ വൃതവും പ്രർത്ഥനകളും അത്ഭുത പ്രവർത്തികളും നാട് മുഴുവൻ വ്യാപിച്ചു. ധാരാളം വിശ്വാസികൾ വിശുദ്ധനെ ദർശിക്കുവാൻ അദ്ദേഹത്തിൻ്റെ അടുക്കലേക്ക് വരുവാൻ തുടങ്ങി. അനേകം രോഗികൾ മാർ ശെമവൂൻ്റെ പ്രാർത്ഥനയാൽ സൗഖ്യം പ്രാപിച്ചു. സന്ദർശകർ വിശുദ്ധൻ്റെ ഏകാന്ത തപ്സിനു ഒരു ബുദ്ധിമുട്ടായി തോന്നിയതോടെ ഏ ഡി 423-ൽ രണ്ടു മുഴം ഉയരമുള്ള ഒരു കല്ല് ഉണ്ടാക്കി അഞ്ചു വർഷം അതിന്മേൽ നിന്ന് പ്രാർത്ഥിച്ചു. അദ്ദേഹം പ്രർത്ഥനയിലൂടെ മോശയെയുയും ഏലീയാവിനെയും ദർശനത്തിൽ കണ്ടു. പിന്നീട് തൂണിൻ്റെ ഉയരം കൂട്ടി. ലോക ചിന്തകളിൽ നിന്നും സ്വർഗീയ ചിന്തകളിൽ മുഴുകുവാൻ ഉയരമുള്ള തൂണിന്മേൽ നിന്നുള്ള തപസ്സ് ശെമവൂന് സഹായകരമായി. നിന്ന് ക്ഷീനിതനാകുമ്പോൾ തൂണിന്മേൽ ഇരുന്നും അദ്ദേഹം താപസനുഷ്ഠിച്ചു.

ധാരാളം വിശ്വാസികൾ വിശുദ്ധൻ്റെ തപസ്സു കാണുവാനും അനുഗ്രഹം പ്രാപിക്കുവാനും ദിനംതോറും വന്നു കൊണ്ടിരുന്നു. സന്ദർശകർക്കായി ദിവസേന രണ്ടു പ്രാവശ്യം അദ്ദേഹം ഉപദേശങ്ങൾ നൽകിയിരുന്നു. ധാരാളം ആളുകൾ വിശുദ്ധൻ്റെ ഉപദേശങ്ങൾ കേട്ട് വിഗ്രഹാരാധന ഉപേക്ഷിച്ചു സത്യ വിശ്വാസങ്ങൾ സ്വീകരിക്കുന്നതിനും ദൈവത്തോടും ക്രിസ്തീയ വിശ്വാസത്തോടും കൂടുതൽ അടുക്കുന്നതിന് കാരണമായി.

തോല് കൊണ്ടുള്ള കുപ്പായം ആയിരുന്നു ശെമവൂൻ വസ്ത്രമായി തിരഞ്ഞെടുത്തിരുന്നത്. ഏതു പ്രതികൂല കാലാവസ്ഥ ആയാലും അത് മാറുകയോ പുറംകുപ്പായം ധരിക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല. ദീർഘ സമയം നിന്നുകൊണ്ട് പ്രാർത്ഥിക്കുന്നത് കൊണ്ട് ശെമവൂൻ്റെ കാലുകളിൽ പലപ്പോളും വലിയ വൃണങ്ങൾ ഉണ്ടാകുവാൻ കാരണം ആയിട്ടുണ്ട്. പല ഭരണാധികാരികളും എപ്പിസ്കോപ്പാന്മാരും അപേക്ഷിച്ചിട്ടും മാർ ശെമവൂൻ തന്റെ കഠിന തപസ്സ് രീതിയിൽ നിന്നും പിന്നോട്ടു വ്യദിചലിച്ചിരുന്നില്ല. ചില ചരിത്രകാരന്മാരുടെയും എഴുത്തുകാരുടെയും വീക്ഷണത്തിൽ തൂണിന്മേൽ തപസ്സനുഷ്ഠിച്ച മാർ ശെമവൂൻ, ആദ്യത്തെ ഏഴ് വർഷങ്ങൾ പതിനൊന്ന്, പതിനെഴ്, ഇരുപത്തി രണ്ട് മുഴം പൊക്കമുള്ള തൂണിലും, അവസാനം താല്പത് മുഴം (20 മീറ്റർ ) ഉയരമുള്ള തൂണിൽ നിന്നും ആണ് പ്രാർത്ഥനയും ഉപവാസവും നടത്തിയിരുന്നത് എന്ന് കരുതപ്പെടുന്നു.

ദെസ്തുനി” എന്ന പദം “എസ്തുനോയോ” എന്ന സുറിയാനി പദത്തിൽ നിന്നും ഉത്ഭവിച്ചതാണ്. തൂണുകാരൻ അഥവാ തൂണിൽ തപസ്സുചെയ്യുന്നവൻ എന്നാണ് ഇതിൻ്റെ അർത്ഥം. തീവ്രമായ തപോനിഷ്ഠയുടെ ഉത്തമ ഉദാഹരണമാണ് മാർ ശെമവൂൻ. സ്തംഭത്തിനു മുകളിലെ മൂന്നടി പരപ്പായിരുന്നു ശെമവൂൻ്റെ വാസമേഖല. ഉറക്കത്തിൽ താഴെ വീഴാതിരിക്കാനായി അതിനു ചുറ്റും ഒരു വേലിക്കെട്ടുണ്ടാക്കിയിരുന്നു. ഭക്ഷണം എത്തിക്കാനും മറ്റുമായി മുകളിലേക്ക് ഒരു ഒരു ചെറിയ ഗോവണിയും ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ശരീരത്തിലെ പല വൃണങ്ങളിലും കൃമികൾ പെരുകിയിരുന്നു. വൃണങ്ങളിൽ നിന്നു വീണുപോകുന്ന കൃമികളെ “ദൈവം തരുന്നതു ഭക്ഷിക്കുക” എന്നുപദേശിച്ച് അദ്ദേഹം തിരികെ ഉപദ്രവിക്കാതെ തിരികെ വിട്ടിരുന്നു.

സഭാ ചരിത്ര രേഖകളിൽ അഞ്ചാം നൂറ്റാണ്ടിൽ ക്രിസ്തുവിൻ്റെ ആളത്വം സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് സംവാദങ്ങളുടെയും തർക്കങ്ങളുടെയും കാലഘട്ടമായിരുന്നു. ഏ ഡി 325 -ലെ നിഖ്യ സുന്നഹദോസിലും, ഏ ഡി 381 -ലെ കുസ്തന്തീനോസ് സുന്നഹദോസിലും, ഏ ഡി 431 -ലെ എഫെസൂസ് സുന്നഹദോസുകളിലൂടെ സഭയുടെ വിശ്വാസ സംരക്ഷകരായ പിതാക്കൻമാർ നിർവ്വഹിച്ചു നൽകിയ വിശുദ്ധ ത്രിത്വം, ക്രിസ്തുവിൻ്റെ ആളത്വം സംബന്ധിച്ച വിശ്വാസ സത്യങ്ങൾക്ക് മങ്ങലേല്പിച്ചു കൊണ്ടു റോമിലെ ലിയോ പാപ്പായും സംഘവും ഏ ഡി 451 -ലെ കൽക്കദൂൻ സുന്നഹദോസിലൂടെ ക്രിസ്തു ശാസ്ത്രത്തിലുള്ള പല പുതിയ പ്രഖ്യാപനങ്ങൾ സ്വീകരിച്ചപ്പോൾ കുതന്തീനോസ് പോലീസ്, റോമാ തുടങ്ങിയ സഭകൾ ഒഴികെ എല്ലാ സഭകളും ലിയോയുടെ നയങ്ങളെ ചെറുത്തുനിന്നു. ഈ നയങ്ങളെ സംബന്ധിച്ചുള്ള പൗരസ്ത്യ ദേശത്തുള്ള സന്യാസിമാരുടെ സ്വാധീനം വളരെ വലുതായതിനാൽ കൽക്കദൂൻ അനുയായികളായ ആളുകൾ ശെമവൂനെ തങ്ങളുടെ പക്ഷത്തിലേക്ക് കൊണ്ടുവരുവാൻ പലവിധത്തിൽ ശ്രമിച്ചു എങ്കിലും അത് വിഫലമാകുകയും ചെയ്യ്തു. സഭയുടെ പുരാതനമായ പാരമ്പര്യങ്ങളും സത്യവിശ്വാസങ്ങളും ശെമവൂൻ ജനങ്ങളെ പഠിപ്പിക്കുകയും, വിശ്വാസ സത്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ദുഷ്ടശക്തികളെ ചെറുക്കുവാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യ്തു.

തൻ്റെ അന്ത്യനാളുകൾ അടുത്തപ്പോൾ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനെ അടുക്കൽ വിളിച്ച് തൻ്റെ തുകൽ വസ്ത്രമല്ലാതെ മറ്റ് യാതൊന്നും ഞാൻ യാതൊന്നും എൻ്റെ ശരീരത്തിൽ ധരിച്ചിട്ടില്ലായെന്നു നിനക്ക് അറിയാമല്ലോ. എൻ്റെ ശരിരത്തിൽ ഈ തുകൽ വസ്ത്രമല്ലതെ വേറെ യാതൊന്നും ധരിപ്പിക്കരുതെന്ന് കൽപിച്ച് അദ്ദേഹം ശിഷ്യൻമാരെ കർത്താവിൽ എൽപിക്കുകയും അവിടെ കൂടിയിരുന്നവരെ അനുഗ്രഹിക്കുകയും ചെയ്തു. രോഗിയായ അദ്ദേഹത്തെ ചികിത്സിക്കാൻ തിയൊഡോഷ്യസ് ചക്രവർത്തി വൈദ്യന്മാരെ അയച്ചെങ്കിലും തൻ്റെ ചികിത്സ ദൈവത്തിനു വിടാനാണ് അദ്ദേഹം തീരുമാനിച്ചത്. ശെമവൂൻ്റെ തുടയിൽ ഉണ്ടായിരുന്ന ഒരു വലിയ വൃണം വഷളായത് താപസൻ്റെ ആയുസ്സു ചുരുക്കിയതല്ലാതെ തൂണിൽ നിന്ന് താഴെയിറങ്ങി വരുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

തൻ്റെ ആത്മാവിനെ ദൈവത്തിന് ഏൽപ്പിച്ചു കൊണ്ട് ഏ ഡി 459 -ൽ ജൂലൈ മാസം ഇരുപത്തിയെഴിന് വിശുദ്ധൻ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിൻ്റെ ശരീരം നശിപ്പിക്കുവാൻ ശത്രൂക്കൾ ശ്രമിക്കുന്നതായി അറിഞ്ഞ ശിഷ്യന്മാർ സംസ്കാരം എവിടെ അടക്കണം എന്ന് തീരുമാനം ആകുന്നത് വരെ പെട്ടിയിൽ സുക്ഷിച്ച് തൂണിന്മേൽ തന്നെ അഞ്ച് ദിവസം വച്ചിരുന്നതായി ചരിത്രം പറയപ്പെടുന്നു. അതിനു ശേഷം തപസ്സനുഷ്ഠിച്ച കോട്ടയിൽ നിന്നും വിലാപ യാത്രയായി അന്ത്യേക്യായിൽ എത്തുകയും കുസ്തിന്തിനോസ് രാജാവ് പണി കഴിപ്പിച്ച വലിയ പള്ളിയിൽ വെള്ളിയാഴ്ച ദിവസം മൃതശരീരം കബറടക്കരയും ചെയ്തു. വിലാപ യാത്രയിൽ വിശുദ്ധൻ്റെ ശരീരം സ്പർശിച്ച രോഗികൾ പോലും സൗഖ്യം പ്രാപിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു,

പരിശുദ്ധൻ്റെ സന്യാസത്തിനായി നിർമിച്ച തൂണിനടുത്തു ഇപ്പോൾ നാല് ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്നു. ശെമവൂൻ്റെ സന്യാസ രീതിയെ അനുകരിച്ചവർ “എസ്തുനോയെ” എന്നാണ് അറിയപ്പെടുന്നത്.

എഴുതിയത്: വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

അവലംബം: വിൽ ഡുറാന്റ്, “വിശ്വാസത്തിൻ്റെ യുഗം”, സംസ്കാരത്തിൻ്റെ കഥ (നാലാം ഭാഗം – പുറം 60)