OVS - ArticlesOVS - Latest News

തിയോഡോറ രാജ്ഞിയും, യാക്കോബ് ബുർദ്ദാനായും, സുറിയാനി സഭയുടെ ഉത്ഭവവും

അന്തിയോക്യാസും,  അന്ത്യോകിയായും, അന്തിയോഖ്യൻ  സഭയും: ചില ചിന്തകൾ’ എന്ന ഞങ്ങളുടെ മുൻ ലേഖനത്തിൽ അന്ത്യോഖ്യൻ സുറിയാനി സഭയുടെ ഉത്‌ഭവത്തെ സംബന്ധിച്ച ചില ചരിത്ര സത്യങ്ങൾ എഴുതിയിരുന്നു. അതിൽ തിയോഡോറ രാജ്ഞിയുടെ പങ്കിനെക്കുറിച്ചും പ്രതിബാധിച്ചിരുന്നു. ആ ലേഖനത്തിൽ പറഞ്ഞതും പറയാത്തതുമായ അനേകം കാര്യകൾ കുറച്ചുകൂടെ വിശദമായി ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ചില ആളുകൾ ആ ലേഖനത്തിൻ്റെ ചില ഭാഗങ്ങൾ മാത്രം എടുത്ത് തെറ്റിദ്ധാരണ പടർത്താൻ നോക്കിയിരുന്നു. അവർക്കും കൂടി വായിക്കുവാനാണ് ഈ ലേഖനം.

തിയോഡോറ രാജ്ഞി
തിയോഡോറ ജസ്റ്റീനിയൻ ചക്രവർത്തിയുടെ ഭാര്യയും ബൈസന്റൈൻ സാമ്രാജ്യത്തിലെ രാജ്ഞിയുമായിരുന്നു (527-584). 497 -നും 500-നും ഇടയിൽ സിറിയയിൽ ആണ് അവർ ജനിച്ചത്. കൃത്യമായിട്ടുള്ള ജനന തീയതി ആർക്കും അറിവില്ല. കോൺസ്റ്റാന്റിനോപ്പിളിലെ ഹിപ്പൊഡ്രോമിന് വേണ്ടി ജോലി ചെയ്തിരുന്ന അകാകിയോസിൻ്റെ മകളായിരുന്നു ഇവർ. നർത്തകി, സ്ട്രിപ്പർ, അഭിനേത്രി എന്നിങ്ങനെ പല തൊഴിലുകളിലും അവർ ഏർപ്പെട്ടു. അവർക്ക് ധാരാളം കാമുകന്മാർ ഉണ്ടായിരുന്നു എന്ന് ചില ചരിത്രകാരന്മാർ സൂചിപ്പിക്കുന്നു. അവർ ഒരു വേശ്യയായിരുന്നോ അല്ലയോ എന്നത് ചരിത്രകാരന്മാർക്കിടയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. എന്തായാലും അവർ ഒരു നർത്തകിയും, അഭിനേത്രിയുമായിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. പിന്നീട് അവൾ ഹെസ്ബോളസ് എന്ന ധനികൻ്റെ വെപ്പാട്ടിയായി തീരുകയും, വടക്കേ ആഫ്രിക്കയിലേക്ക് പോവുകയും ചെയ്തു.

മിയാഫിസൈറ്റ് ഓർത്തഡോക്സ് ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം
മിയാഫിസൈറ്റ് പാത്രിയർക്കീസ് തിമോത്തി മൂന്നാമനെ കണ്ടുമുട്ടിയ ശേഷം 521 -ൽ അവർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. പല സുറിയാനി സഭ ചരിത്രകാരന്മാരും തിയോഡോറയുടെ ആദ്യകാലജീവിതത്തോട് വലിയ അനുഭാവം കാട്ടിയിട്ടുണ്ട്. സിറിയൻ ദി മൈക്കിൾ പറയുന്നതനുസരിച്ച്, തിയോഡോറ മബ്ബഗിൽ (ഹൈറാപോളിസ്) നിന്നുള്ള ഒരു പുരോഹിതൻ്റെ മകളായിരുന്നു. എന്നാൽ എഫെസൊസിലെ യോഹന്നാൻ പറയുന്നതനുസരിച്ച് അവളുടെ കുടുംബം കാലിനിക്കസിൽ നിന്നുള്ളവരായിരുന്നു. അതേസമയം, തിയോഡറായുടെ പിതാവ്, ആന്റണി എന്ന ഒരു സുറിയാനി ഓർത്തഡോക്സ് പുരോഹിതനായിരുന്നുവെന്ന് ചില സിറിയക് ലേഖങ്ങളിൽ പറയുന്നു. എ.ഡി. 500-ൽ സിറിയൻ നഗരമായ മാബുഗിൽ ജനിച്ച അവൾ പിതാവിൻ്റെ വീട്ടിൽ ഒരു ക്രിസ്തീയ അന്തരീക്ഷത്തിലാണ് വളർന്നതാണെന്നത്രെ.

ജസ്റ്റീനിയൻ ചക്രവർത്തിയുമായുള്ള വിവാഹം
525-ൽ അവർ കോൺസ്റ്റാന്റിനോപ്പിളിലേക്ക് മടങ്ങി. ജസ്റ്റീനിയൻ അവളെ കോൺസ്റ്റാന്റിനോപ്പിളിൽ വച്ച് കണ്ടുമുട്ടുകയും, അവളിൽ ആകൃഷ്ടനാവുകയും അവർ വിവാഹിതരാവുകയും ചെയ്തു. കല്യാണത്തിന് മുൻപ് അവർ ജസ്റ്റീനിയൻ ചക്രവർത്തിയുടെ വെപ്പാട്ടിയായിരുന്നു. തിയോഡറായുടെ മുൻ ജീവിതം കണക്കിലെടുത്തു അവരെ വിവാഹം കഴിക്കാൻ വേണ്ടി പ്രത്യേക മാറ്റങ്ങൾ ജസ്റ്റിനിയൻ നിയമത്തിൽ കൊണ്ടുവന്നു.

ബൈസന്റൈൻ സാമ്രാജ്യത്തിൻ്റെ രാജ്ഞി
അവൾ കഴിവുള്ള ഒരു ഭരണാധികാരിയായിരുന്നു. അവൾ സാമ്രാജ്യത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തി. ജസ്റ്റീനിയനു പകരം അവരാണ് ശരിക്കും ബൈസന്റിയം ഭരിച്ചതെന്നു ചില പണ്ഡിതന്മാർ കരുതുന്നു. മികച്ച നയതന്ത്രജ്ഞയായി അവർ അറിയപ്പെട്ടു. സാമ്രാജ്യത്തിലെ സ്ത്രീകളുടെ അവസ്ഥയും, അവകാശങ്ങളും മറ്റും മെച്ചപ്പെടുത്തുന്നതിനായി അവർ ധാരാളം കാര്യങ്ങൾ ചെയ്തു. സ്ത്രീകളുടെ വിവാഹം, സ്ത്രീധനം, ബലാത്സംഗ വിരുദ്ധ നിയമങ്ങൾ എന്നിവയ്ക്കായി തിയോഡോറ വളരെയേറെ കാര്യങ്ങൾ ചെയ്തു. ലൈംഗിക അടിമത്തത്തിലേക്ക് വില്ക്കപ്പെട്ടിരുന്ന നിരവധി പെൺകുട്ടികളെ രക്ഷപെടുത്തുനത്തിനായി ധാരാളം കാര്യങ്ങൾ ചെയ്തു. കോൺസ്റ്റാന്റിനോപ്പിളിൽ നിന്നും, ആ സാമ്രാജ്യത്തിൻ്റെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും വേശ്യാലയ നടത്തിപ്പുകാരെ നിയമം വഴി നാട് കടത്തി. പല ചരിത്രകാരന്മാരും അവരെ മികച്ച ഭരണാധികാരിയും, അതിലുമുപരി ഒരു ഫെമിനിസ്റ്റായും കരുതുന്നു. ബൈസന്റൈൻ ചരിത്രകാരനായിരുന്ന പ്രോകോപ്പിയസ് തിയോഡോറക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ക്രിസ്തുവിൻ്റെ ആളത്വത്തെയും, ദൈവികതയെയും സംബന്ധിച്ച തർക്കങ്ങൾ
444-ൽ ക്രിസ്തുവിൻ്റെ ആളത്വത്തെയും ദൈവത്വത്തെയും സംബന്ധിച്ച് വലിയ തർക്കങ്ങളും വിവാദങ്ങളും അന്നത്തെ സഭകളുടെ ഇടയിൽ ഉടലെടുത്തു. ഇത് ക്രിസ്റ്റൊളൊജിക്കൽ കോൺട്രോവേർസിസ് എന്ന് അറിയപ്പെടുന്നു. ഈ തർക്കങ്ങൾ കൽക്കദോക്യൻ സുന്നഹദോസിൽ കലാശിച്ചു (451). ഈ സുന്നഹദോസോടെ അന്നുണ്ടായിരുന്ന സഭകൾ
ഈസ്റ്റേൺ ഓർത്തഡോക്സ് (Byzantine), ഓറിയന്റൽ ഓർത്തഡോക്സ് എന്നിങ്ങനെ രണ്ടായി തിരിഞ്ഞു. ഈസ്റ്റേൺ ഓർത്തഡോക്സ് സഭകൾ ഡയോഫിസൈറ്റ് വിശ്വാസവും ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ മിയാഫസൈറ്റ് വിശ്വാസവും മുറുകെ പിടിച്ചു. രണ്ടു വിഭാഗങ്ങളും തമ്മിൽ വലിയ വഴക്കുകളും, പീഡനങ്ങളും അരങ്ങേറി. മിയാഫസൈറ്റ് വിശ്വാസം മുറുകെപിടിച്ച വിഭാഗത്തിൻ്റെ നിലനിൽപ്പ് തന്നെ അപകടത്തിലായി, കാരണം ജസ്റ്റീനിയൻ ചക്രവർത്തി ഒരു ഡയോഫിസൈറ്റ് അനുഭാവി ആയിരുന്നു എന്നതാണ് പ്രധാന കാരണം. കൽക്കദോക്യൻ സുന്നഹദോസ് അംഗീകരിക്കുന്ന ഗ്രീക്ക് ബൈസാൻ്റിയൻ സഭയും, അത് അംഗീകരിക്കാൻ കൂട്ടാക്കാത്ത സുറിയാനിസഭയും അങ്ങോട്ടും ഇങ്ങോട്ടും കൊടിയ പീഡനങ്ങൾ നടത്തിയിരുന്നു.

മോണോഫിസിറ്റിസവും, മിയാഫിസിറ്റിസവും, ഓറിയന്റൽ ഓർത്തഡോക്സ് സഭകളും
ഒരു പ്രധാന കാര്യം എപ്പോഴും ഓർമ്മിക്കേണ്ടതുണ്ട്. മിയാഫിസൈറ്റ് ഓർത്തഡോക്സ് വിശ്വാസത്തെ സാധാരണയായി സെക്കുലർ, ബൈസന്റൈൻ ചരിത്രകാരന്മാർ മോണോഫിസൈറ്റ് എന്നാണ് അഭിസംബോധന ചെയുന്നത്. മിയാഫിസിറ്റിസം എന്ന വാക്ക് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ പൊതുവായി ഉയർത്തിപ്പിടിക്കുന്ന വിശ്വാസ സംഹിതക്ക് പറയുന്ന നാമം ആണെങ്കിലും, ഈ പ്രയോഗം ഉപയോഗത്തിൽ വന്നിട്ട് അധികം ആയിട്ടില്ല. സെക്കുലർ അക്കാദമിക് ചരിത്രകാരന്മാരും, ബൈസന്റൈൻ സഭ ചരിത്രകാരന്മാരും സുറിയാനി സഭ ഉൾപ്പെടുന്ന ഓറിയന്റൽ സഭകളെ മോണോഫിസൈറ്റ് എന്ന് തന്നെയാണ് അഭിസംബോധന ചെയ്യുന്നത്‌. നവീന കാലഘട്ടത്തിൽ ദൈവശാസ്ത്ര സംഭാഷണത്തിൻ്റെ ഭാഗമായി, ചില ബൈസന്റൈൻ ഓർത്തഡോക്സ് പണ്ഡിതന്മാരും ദൈവശാസ്ത്രജ്ഞരും ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ മിയാഫിസൈറ്റ് എന്ന പദം ഉപയാഗിച്ചു അഭിസംബോധന ചെയ്യുന്നുണ്ട്. പക്ഷെ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ മോണോഫിസൈറ്റ് വിശ്വാസത്തെ ഔദ്യോഗികമായി നിരസിക്കുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ മിയാഫിസൈറ്റ് ഓർത്തഡോക്സ് വിശ്വാസം അംഗീകരിക്കുകയും, മോണോഫിസിറ്റിസം, നെസ്റ്റോറിയനിസം, യുറ്റിഷ്യനിസം എന്നീ വേദ വിപരീതങ്ങളെ പൂർണ്ണമായും നിരസിക്കുന്നു. കൽക്കദോക്യൻ സുന്നഹദോസിനു ശേഷം, വിശേഷിച്ചു അന്ത്യോക്യ, സിറിയ, അർമേനിയ, അലക്സാണ്ട്രിയ തുടങ്ങിയ സ്ഥലങ്ങളിൽ മിയാഫിസൈറ്റ് വിശ്വാസവും സഭ കൂട്ടായിമകളും നിലനിന്നു.

എത്യോപ്യൻ എറിട്രിയൻ സഭകൾ അലക്സാണ്ട്രിയൻ കോപ്റ്റിക് സഭയുമായി ബന്ധത്തിൽ വന്നതിനു ശേഷമാണ്‌ മിയാഫിസൈറ്റ് ഓർത്തഡോക്സ് വിശ്വാസം സ്വീകരിച്ചത്. കോപ്റ്റിക് സഭയുമായുള്ള എത്തിയോപ്പിയൻ എറിട്രിയൻ സഭകളുടെ ബന്ധം കുറച്ചു നേരത്തെ ആയി എന്നുമാത്രമേ ഉള്ളു. സുറിയാനി സഭയുമായി സമ്പർക്കം പുലർത്തിയതോടെ മലങ്കര സഭയും മിയാഫിസൈറ്റ് ഓർത്തഡോക്സ് വിശ്വാസം സ്വീകരിച്ചു. അതിനാൽ തന്നെ കോപ്റ്റിക്, സിറിയൻ, അർമേനിയൻ, ഇന്ത്യൻ, എത്യോപ്യൻ, എറിട്രിയൻ ഓർത്തഡോക്സ് സഭകൾ മിയാഫിസൈറ്റ് ഓർത്തഡോക്സ് വിശ്വാസം ഉയർത്തിപ്പിടിക്കുന്ന ആദ്യത്തെ മൂന്ന് പൊതു സുന്നഹദോസുകൾ ആയ നിഖ്യ (325), കോൺസ്റ്റാന്റിനോപ്പിൾ (381), എഫെസൂസ് (431) എന്നിവ അംഗീകരിക്കുന്ന, എന്നാൽ കൽക്കദോക്യൻ സുന്നഹദോസിനെ (451) അംഗീകരിക്കാത്ത ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മ എന്നറിയപ്പെടുന്നു.

മിയാഫിസൈറ്റ് സുറിയാനി സഭയോടും, സഭാപിതാക്കന്മാരോടും തിയോഡോറ രാജ്ഞിക്ക് അങ്ങേയറ്റം ബഹുമാനവും, സ്നേഹവും ഉണ്ടായിരുന്നു. എല്ലാ രീതിയിലും അവർ മിയാഫിസൈറ്റ് സഭയുടെ നിലനിൽപിന് തന്നെ കൊണ്ട് ആവുന്നതെല്ലാം ചെയ്തു. ഭർത്താവിൻ്റെ അറിവോടെ തന്നെയാണ് അവർ സുറിയാനി സഭയെ പിന്തുണച്ചത്. മിയാഫിസൈറ്റ് പാത്രിയർക്കീസന്മാർക്ക് അഭയം നൽകുകയും, അഭയാർഥികളുടെ ദുരിതാശ്വാസത്തിനായി പണവും മറ്റു സഹായങ്ങളും നൽകുകയും ചെയ്തിരുന്നു.

മോർ സേവേറിയോസിൻ്റെ അധികം അറിയപ്പെടാത്ത ജീവിതം
കൽക്കദോക്യൻ പിളർപ്പിനു ശേഷം, 512-ൽ മോർ സേവേറിയോസിനെ അനസ്താസിയസ് ചക്രവർത്തി അന്ത്യോഖ്യൻ പാത്രിയർക്കീസാക്കി. എന്നാൽ മോർ സേവേറിയോസിനെ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി നീക്കം ചെയ്യുകയും, അദ്ദേഹം ഈജിപ്തിലേക്ക് പലായനം ചെയ്യുകയും ചെയ്തു. കോപ്റ്റിക് പാത്രിയർക്കീസ് തിമോത്തി നാലാമൻ അദ്ദേഹത്തെ സ്വീകരിച്ചു. ശിഷ്ടകാലം സേവേറിയോസ് അവിടെ ചിലവഴിച്ചു. 512 മുതൽ 538 വരെ അന്ത്യോക്യയിലെ
പാത്രിയർക്കീസ് ആയിരുന്നു മോർ സേവേറിയോസ്. സുറിയാനിക്കാർ വലിയ ബഹുമാനം കൊടുക്കുന്ന മോർ സേവേറിയസിൻ്റെ ജീവിതം രസകരമാണ്. അദ്ദേഹം ഒരു മികച്ച മിയാഫിസൈറ്റ് ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞനും സഭാ നേതാവുമായിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ‘Dictionary of Christian Biography and Literature’ എന്ന പുസ്തകപ്രകാരം മോർ സേവേറിയോസ് അലക്സാണ്ട്രിയയിലെ ജനങ്ങൾക്കിടയിൽ കടുത്ത മത വൈരാഗ്യം സൃഷ്ടിച്ചതായി പറയപ്പെടുന്നു. ഇത് രക്തച്ചൊരിച്ചിലിലും സംഘർഷത്തിലും കലാശിച്ചു. മാത്രമല്ല മാവേസ് എന്ന ആർക്കിമാൻഡ്രൈറ്റിൻ്റെ കീഴിൽ എലൂതെറോപോലീസിനടുത്തുള്ള ഒരു തീവ്ര മോണോഫിസൈറ്റ് യൂട്ടീഷ്യൻ ബ്രദർഹുഡിൽ സേവേറിയോസ് കുറച്ചുനാൾ അംഗമായിരുന്നു. ഒരിക്കൽ സ്വന്തം സ്നാനത്തെയും സ്നാനം കൊടുത്ത വ്യക്തിയെയും സേവേറിയോസ് നിരാകരിക്കുകയുണ്ടായെന്നും, സഭയുടെ മേൽ നെസ്റ്റോറിയനിസം ബാധിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു എന്നും ആരോപണങ്ങളുണ്ട്. മാത്രമല്ല ‘Count Marcellinus and his Chronicle’ എന്ന പുസ്തകത്തിൽ, മോർ സേവേറിയോസ് യൂട്ടീഷ്യനിസത്തിൻ്റെ കടുത്ത അനുയായിയായിരുന്നു എന്ന് വാദിക്കുന്നു. സുറിയാനി സഭയും മറ്റ് ഓറിയന്റൽ ഓർത്തഡോക്സ് സഭകളും യൂട്ടിചിയൻ, മോണോഫിസൈറ്റ് വിശ്വാസം നിരസിക്കുന്നുവെന്ന് ഓർമിക്കുക.

തിയോഡറയും, യാക്കോബ് ബുർദ്ദാനായും, സുറിയാനി സഭയും
മോർ സേവേറിയോസിൻ്റെ മരണശേഷം മിയാഫിസൈറ്റ് സിറിയൻ സഭയ്ക്ക് നേതൃത്വത്തിൻ്റെ ആവശ്യം വളരെയധികം ഉണ്ടായിരുന്നു. അതിനാൽ തിയോഡോറ ചക്രവർത്തിനിയുടെ സഹായത്തോടെയും പിന്തുണയോടെയും യാക്കോബ് ബുർദ്ദാനയെ എഡെസ്സ ബിഷപ്പായി (542/543) അലക്സാണ്ട്രിയയിലെ തിയോഡോഷ്യസ് വാഴിച്ചു. ജേക്കബിൻ്റെ തീക്ഷ്ണമായ മിഷനറി പരിശ്രമത്തിലൂടെയാണ് മിയാഫിസൈറ്റ് വിശ്വാസികൾ കൽക്കദോക്യൻ പരീക്ഷണത്തെ അതിജീവിച്ചത്. ബുർദ്ദാന ഓടിനടന്നു എണ്ണമറ്റ മെത്രാന്മാരെയും, വൈദികരെയും വാഴിച്ചു. രണ്ടു അന്ത്യോഖ്യൻ മിയാഫിസൈറ്റ് പാത്രിയർക്കീസന്മാരെയും അദ്ദേഹം വാഴിച്ചു. പലതവണ സുറിയാനി സഭയുടെ പാത്രിയർക്കേറ്റ് നാഥനില്ലാ കളരിയായി കിടന്നിരുന്നു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പ്രൊഫസറായിരുന്ന ഫെർഗൂസ് മില്ലർ The Evolution of the Syrian Orthodox Church in the Pre- Islamic Period: From Greek to Syriac എന്ന ലേഖനത്തിൽ ഇപ്രകാരം പറയുന്നു ‘ഒരു കാലഘട്ടത്തിൽ സിറിയയിലുടനീളവും, പേർഷ്യയിലും, കൂടാതെ അർമേനിയക്കാർക്കിടയിലും “ഞങ്ങൾ യാക്കോബിൻ്റെ വിശ്വാസത്തിലാണ്” എന്ന പദപ്രയോഗം നിലവിൽ വന്നു. അലക്സാണ്ട്രിയയിലും ഈജിപ്തിലും ആവട്ടെ “ഞങ്ങൾ തിയോഡോഷ്യസിൽ നിന്നുള്ളവരാണ്” എന്ന പ്രയോഗം നിലവിൽ വന്നു, അതിനാൽ ഈജിപ്തിലെ വിശ്വാസികൾക്ക് “തിയോഡോഷ്യക്കാർ” എന്നും സിറിയക്കാർ “യാക്കോബയക്കാർ” എന്നും അറിയപ്പെടാൻ തുടങ്ങി.

ബൈസന്റൈൻ ചരിത്ര ഗെവേഷണത്തിലെ പ്രമുഖ ചരിത്രകാരന്മാരുടെ അഭിപ്രായങ്ങൾ
ലോകപ്രശസ്ത ബൈസന്റൈൻ ചരിത്രകാരനായ എഡ്‌വേഡ് ഗിബ്ബൺ ഇപ്രകാരം പറയുന്നു. ‘അൻപത്തിനാല് മെത്രാന്മാർ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു, എണ്ണൂറോളം സഭാപിതാക്കൻമാർ തടവിലാക്കപ്പെട്ടു, തെയോഡോറയുടെ, സംശയാസ്പദമായ സാഹചര്യത്തിലും, പ്രകടമായിരുന്ന പ്രീതിയിലും ഓറിയന്റൽ സഭയ്ക്ക് അവരുടെ ഇടയൻമാരെ നഷ്ടമാകുകയും യാതൊരു ന്യായീകരണവും കൂടാതെ അവരുടെ ജീവിതം ദുരിതമയമാകുകയും ചെയ്തു. ഈയൊരു ആത്മീയ നഷ്ടബോധത്തിന്നിടയിലും ചിതറിപ്പോയ സഭാമക്കൾ ഉദ്ധരിക്കപ്പെടുകയും ഒരുമനപ്പെടുകയും ശാശ്വതമായ സമാധാനത്തിൽ ആയിത്തീരുകയും ചെയ്തുവെങ്കിൽ അതിനു പിന്നിൽ കഠിനാദ്ധ്വാനം ചെയ്തത് ഒരു സന്യാസിവര്യനായിരുന്നു. യാക്കോബ് ബുർദ്ദാന എന്ന ഈ സന്യാസിവര്യൻ്റെ നാമം തങ്ങളുടെ സ്ഥാനപ്പേര് എന്ന പോലെ യാക്കോബായ വിശ്വാസികൾ കാത്തുപരിപാലിച്ചുപോരുന്നു. “യാക്കോബായക്കാർ“; എന്ന ഈ ചിരപരിചിത ശബ്ദം ഒരു പക്ഷെ, ആംഗ്ളേയ വായനക്കാരുടെ കർണ്ണപുടങ്ങൾക്ക് അമ്പരപ്പുളവാക്കിയേക്കാം’. ഓക്സ്ഫോർഡ് സർവകലാശാലയിലെ ലേറ്റ് ആന്റിക് ആൻഡ് ബൈസന്റൈൻ ചരിത്രത്തിൻ്റെ പ്രൊഫസറായിരുന്ന ഡോക്ടർ അവെറിൻ കാമറൂണിൻ്റെ അഭിപ്രായത്തിൽ എഡെസ്സയുടെ നാമമാത്ര ബിഷപ്പായ യാക്കോബ് ബുർദാനയെ സിറിയയിലേക്ക് അയച്ചതും, അദ്ദേഹത്തിൻ്റെ കിഴക്കൻ പ്രവിശ്യയിലുടനീളമുള്ള രഹസ്യ യാത്രയ്ക്കിടെ നടത്തിയ മോണോഫിസൈറ്റ് പുരോഹിതരെ വലിയ തോതിൽ വാഴിച്ചതുമാകുന്നു അവളുടെ (തിയോഡോറ) ഉയർച്ചയുടെ സമയത്തു നടന്ന ഏറ്റവും പ്രധാനപ്പെട്ട വികാസം. അങ്ങനെ പൗരസ്ത്യദേശത്ത് ഒരു ബദൽ സഭ (സുറിയാനി) സൃഷ്ടിക്കപ്പെട്ടു.

‘History of the Later Roman Empire’ രചിച്ച ലോക പ്രശസ്തനായ ജെ ബി ബുറി എന്ന ചരിത്രകാരൻ ഇപ്രകാരമാണ് യാക്കോബ് ബുർദനയെയും സുറിയാനി സഭയെയും പറ്റി പറയുന്നത്. “പീഡനത്തിൻ്റെ പിരിമുറുക്കത്തിൽ മോണോഫിസിറ്റിക് വിശ്വാസം കലഹരണപ്പെട്ടേനെ, ഒരുപക്ഷെ വളരെ തീക്ഷ്ണതയുള്ള ഈ ഒരുവൻ ഇല്ലായിരുന്നുവെങ്കിൽ. ഈ വിശ്വാസത്തെ സജീവമായി നിലനിർത്തുക മാത്രമല്ല, സ്ഥിരമായ ഒരു മോണോഫിസിറ്റിക് സഭ അവൻ സ്ഥാപിക്കുകയും ചെയ്തു. തിയോഡോറയുടെ സംരക്ഷണയിൽ കോൺസ്റ്റാന്റിനോപ്പിളിൽ ഒളിച്ചിരുന്ന മോണോഫിസിറ്റിക് ബിഷപ്പുമാർ എഡെസയിലെ ബിഷപ്പായി വാഴിച്ച യാക്കോബ് ബുർദനയായിരുന്നു ഈ ഒരുവൻ “

‘The Byzantine Empire: A Historical Encyclopedia’ എന്ന പുസ്തകത്തിൽ തിയോഡോറ രാജ്ഞി മോണോഫിസൈറ്റ് സഭയുടെ രക്ഷാധികാരിയായിത്തീർന്നു എന്നും എഫെസൊസിലെ യോഹന്നാൻ എന്ന മോണോഫിസൈറ്റ് ബിഷപ്പിനെ വാഴിക്കാൻ മുൻകൈ എടുത്തുവെന്നും വ്യക്തമായി പറഞ്ഞിരിക്കുന്നു. മാത്രമല്ല, കോൺസ്റ്റാന്റിനോപ്പിളിൽ ഒളിച്ചിരുന്ന യാക്കോബ് ബുർദ്ദാനായെ മെത്രാൻ ആയി വഴിക്കാനുള്ള കാര്യങ്ങൾ അവർ ചെയ്തു. സിറിയയിലെ മോണോഫിസൈറ്റ് സഭയുടെ വലിയ സംഘടകനായി യാക്കോബ് ബുർദ്ദാന മാറി. അതുകൊണ്ടു തന്നെ സിറിയയിലെ മോണോഫിസൈറ്റ് ക്രിസ്ത്യൻ സഭയയെ ചിലപ്പോൾ “ജേക്കബിറ്റ് ചർച്ച്” എന്നും വിളിക്കാറുണ്ട്,; എന്നും പ്രതിപാദിച്ചിരിക്കുന്നു. തിയോഡോറ വാസ്തവത്തിൽ പുതിയ യാക്കോബായ സഭയുടെ രക്ഷാധികാരിയായിരുന്നു എന്ന് മാർഗരറ്റ് ടെൻസ്‌ലി ‘A History of the Medieval Church: 590-1500; എന്ന പുസ്തകത്തിൽ പറയുന്നു. തിയോഡോറ ഒരു പ്രത്യേക മോണോഫിസൈറ്റ് ‘സഭാ സംഘടനയുടെ’ വികാസത്തിൻ്റെ രക്ഷാധികാരിയായി മാറിയെന്നു ‘The Byzantine Empire: A Historical Encyclopedia; എന്ന പുസ്തകത്തിൽ പറയുന്നു.

‘Incorruptible Bodies: Christology, Society, and Authority in Late Antiquity’ എന്ന പുസ്തകത്തിൽ പ്രസക്തമായ ഒരു ചോദ്യം ഉന്നയിച്ചിരിക്കുന്നത് ഇപ്രകാരമാണ്: യാക്കോബ് ബുർദാനയെ മെത്രാൻ ആയി വഴിച്ചതും ടെല്ലയിലെ ജോണിനെ മെത്രാച്ചൻ ആക്കിയതും അടിയന്തരാവസ്ഥ നേരിടാൻ വേണ്ടിയായിരുന്നു, പ്രത്യേക സഭ സ്ഥാപിക്കാനല്ല എന്ന് പറഞ്ഞാലും ഒരു ചോദ്യം അവശേഷിക്കുന്നു. മിയാഫിസൈറ്റ് സാന്നിധ്യം കുറവുള്ള ലൈക്കോണിയയിലും ലൈസിയയിലും യാക്കോബ് ബുർദ്ദാന എന്തുകൊണ്ട് എപ്പിസ്‌കോപ്പൽ വാഴിക്കലുകൾ നടത്തി?

സിറിയൻ മോണോഫിസിറ്റിസത്തിൻ്റെ അതിജീവന ശില്പിയായിരുന്നു യാക്കോബ് ബുർദ്ദാന എന്ന് ‘Biographical Dictionary of Christian Missions’ എന്ന പുസ്തകത്തിൽ പറയുന്നു. മാത്രമല്ല, നിക്കോളായ് സെലെസ്നോവ് പോലുള്ള സ്കോളേഴ്സിൻ്റെ അഭിപ്രായത്തിൽ യാക്കോബായ എന്ന പേര് സുറിയാനി സഭ പിതാവായ സെരൂഗിലെ ജെക്കോബിൻ്റെ പേരിൽ നിന്നത്രേ ഉണ്ടായതെന്നാണ്.

ഈ ലേഖനത്തിൽ നിന്നും മനസിലാകുന്ന ചില യാഥാർഥ്യങ്ങൾ ഇപ്രകാരമാണ്:
1. ഗ്രീക്ക് അന്ത്യോഖ്യൻ സഭയും, ബൈസാന്റൈൻ ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞരും, ചരിത്രകാരന്മാരും, എന്തിനേറേ, മിക്ക സെക്കുലർ ചരിത്രകാരന്മാർപോലും സുറിയാനി സഭയെ യഥാർത്ഥ അന്ത്യോഖ്യൻ സഭയിൽ നിന്ന് വിഘടിച്ചു പോയ ഒരു വിമത വിഭാഗമായി ആണ് വിലയിരുത്തുന്നത്.
2. ഒരു നർത്തകിയും, അഭിനേത്രിയും പിന്നീട് രാജ്ഞി ആവുകയും, സുറിയാനി സഭയുടെ രക്ഷാധികാരിയായി മാറുകയും, ആ സഭയുടെ നിലനിൽപ്പിന് തന്നെ ചുക്കാൻപിടിച്ച ഒരുവളെ വിശുദ്ധയായി സുറിയാനി സഭ കാണുന്നുണ്ട് എന്ന കാര്യം ഓർക്കുന്നത് നല്ലതാണ്.

3. മുറിയപ്പെടാത്ത അപ്പോസ്തോലിക പാരമ്പര്യം സുറിയാനി സഭയ്ക്ക് ഒരു കാരണവശാലും അവകാശപ്പെടാൻ പറ്റില്ല. രാജാക്കന്മാരുടെയും ഇസ്ലാമിക് സുൽത്താൻമാരുടെയും കളിപ്പാവകൾ മാത്രമായിരുന്നു ഒരു കാലഘട്ടത്തിൽ സുറിയാനി പാത്രിയർക്കീസുമാർ. എന്തിനേറെ പറയുന്നു ചരിത്രത്തിൽ എത്രയോ തവണ നാഥനില്ലാക്കളരിയായി കിടന്ന സുറിയാനി സഭയുടെ പാത്രിയാർക്കൽ പാരമ്പര്യം എവിടെയാണ് പൂർണമായിട്ട് ഉള്ളത്?
4. നാഴികയ്ക്ക് നാൽപത് വട്ടം മെത്രാൻ കക്ഷി എന്ന് പറഞ്ഞ് മലങ്കരസഭയെ കളിയാക്കുന്ന യാക്കോബായ വിശ്വാസികൾ തങ്ങളുടെ സഭയുടെ പേര് ചരിത്രപരമായി എങ്ങനെ വികസിച്ചു എന്നുള്ളത് എങ്കിലും അറിഞ്ഞിരിക്കണം.

5. സേവേറിയൻ ജാക്കോബൈറ്റ് സഭ. ഇങ്ങനേയും ചില ചരിത്രകാരൻമാർ സുറിയാനി സഭയെ അഭിസംബോധന ചെയുന്നുണ്ട്. ‘Ordination and episcopacy in the Severan-Jacobite church AD 518-c. 588’ എന്ന പേരിൽ സൈമൺ സാമുവൽ ഫോർഡ് എഴുതിയ ഒരു പുസ്തകം പോലുമുണ്ട്. കഞ്ഞികുഴിയെന്നും, വട്ടശേരിയുടെ സഭയെന്നും വിളിച്ചു മലങ്കര സഭയെ കളിയാക്കുന്നവർ ഇതും അറിഞ്ഞിരിക്കുന്നത് നല്ലതാണ്‌.
6. വലിയ പ്രശ്നങ്ങൾ നേരിട്ട സമയങ്ങളിൽ, വിശ്വാസം സംരക്ഷിക്കുന്നതിനാണ് തിയോഡോറ പ്രവർത്തിച്ചതെന്ന് സുറിയാനി സഭ വിശ്വസിക്കുന്നു. അതുപോലെ അന്ത്യോക്യൻ സിറിയൻ നുകത്തിൽനിന്ന് സഭയെ സംരക്ഷിക്കാൻ മലങ്കര സഭയിലെ പിതാക്കന്മാരും പ്രവർത്തിച്ചു. ഇപ്പോളും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.

7. ഈ ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ള ചരിത്ര സംഭവവികാസങ്ങളുടെയെല്ലാം കാലഘട്ടങ്ങളിൽ മലങ്കര സഭ സ്വതന്ത്രവും വളരെ ചെറിയ ഒരു സമുദായവും ആയിരുന്നു. അബ്ദുൽ ജലീൽ മെത്രാച്ചൻ വരുന്നതുവരേയും, മിയാഫിസൈറ്റ് ഓർത്തഡോക്സ് വിശ്വാസം അംഗീകരിക്കുന്നത് വരേയും മലങ്കര സഭക്ക് ബുർദാനയോ, തിയോഡോറയോ, സുറിയാനി സഭയുമായോ ആയോ യാതൊരു ബന്ധവും ഇല്ലായിരുന്നു.
8. ഈ ലേഖനത്തിൽ പറഞ്ഞ യാതൊരു കാര്യങ്ങളുമായും മലങ്കര സഭക്ക് ചരിത്രബന്ധമില്ല. ഈ പറഞ്ഞ പിതാക്കന്മാരെ മലങ്കര സഭ ബഹുമാനിക്കുന്നത് സുറിയാനി സഭയുമായുള്ള ബന്ധത്തിൽ വന്നതുകൊണ്ടും, മിയാഫിസൈറ്റ് ഓർത്തഡോൿസ് വിശ്വാസം കടം എടുത്തത് കൊണ്ടും മാത്രമാണ്.

9. ചരിത്രപരമായി, യാക്കോബിൻ്റെ വിശ്വാസം പിന്തുടർന്നതിനാൽ സുറിയാനി സഭയെ യാക്കോബായ എന്ന പേരിലാണ് അറിയപ്പെടുന്നത്. യാക്കോബായ എന്ന പേര് പോലും മലങ്കര സഭയിലേക്കു സുറിയാനി മെത്രാൻ മാർ ഇറക്കുമതി ചെയ്ത ഒരു വസ്തു മാത്രമാണ്. യാക്കോബ് ബുർദ്ദാനയുമായി മലങ്കരസഭക്ക് ചരിത്രപരമായ ഒരു ബന്ധവുമില്ല. അതുമാത്രമല്ല യാക്കോബിൻ്റെ തക്സ ഉപയാഗിക്കുന്നതിനാലാണ് യാക്കോബയാക്കാർ എന്ന പേരുപോലും മലങ്കര സഭക്ക് കൈവന്നത് എന്ന് കോടതിയുടെ പരാമർശം പോലും ഉണ്ടായിട്ടുള്ളതാണ്.

10. എല്ലായ്‌പോഴും സുറിയാനി സഭ അന്ത്യോഖ്യൻ അപ്പസ്തോലിക കൈവെപ്പിൻ്റെ കറകളഞ്ഞ സാധുത മലങ്കരയിൽ പ്രചരിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. എന്നാൽ, അവരുടെ സഭാ ചരിത്രത്തെക്കുറിച്ച് പറയുമ്പോൾ, അവർ പല ചരിത്ര സത്യങ്ങളും മനപൂർവം അവഗണിക്കുന്നു:
a)പാത്രിയർക്കീസ് മോർ സേവേറിയോസ് മത വിദ്വേഷം പ്രചരിപ്പിച്ച കുറ്റത്തിനുള്ള ശിക്ഷ അതീജിവിക്കാൻ നാടുവിട്ട വ്യക്തിയായിരുന്നു. സുറിയാനി സഭ തള്ളിക്കളയുന്ന ഒരു തീവ്ര യൂട്ടീഷ്യൻ വിഭാഗത്തിൻ്റെ ഭാഗവും കൂടിയായിരുന്നു കുറച്ചുനാൾ മോർ സേവേറിയോസ്
b) രാജ്ഞിയാകുന്നതിന് മുമ്പ് തിയോഡോറ ഒരു നർത്തകിയും നടിയുമായിരുന്നു. അവർ സുറിയാനി സഭയെ അവരെക്കൊണ്ടാവുന്നവിധത്തിൽ സംരക്ഷിക്കുകയും അതിനെ പ്രധാന രക്ഷാധികാരിയായി മാറുകയും ചെയ്തു.
c) ബർന്നബാസും പൗലോസും പത്രോസ് വരുന്നതിനു എത്രയോ മുൻപ് അന്ത്യോഖ്യയിലെത്തിയിരുന്നു.
d) സുറിയാനി സഭ നിലനിൽക്കാൻ കാരണം തന്നെ തിയോഡോറയുടെ ആവശ്യപ്രകാരം വഴിക്കപ്പെട്ട യാക്കോബ് ബുർദാനയുടെ പ്രവർത്തനങ്ങൾ കൊണ്ടാണ്.
e) പലതവണ അപ്പോസ്തോലിക പാരമ്പര്യം പല കാരണങ്ങളാൽ മുടങ്ങിപ്പോവുകയും, മുറിയപ്പെടുകയും ചെയ്ത ഒരു സഭയും കൂടിയാണ് അന്ത്യോഖ്യൻ സുറിയാനി സഭ.

11. മാർക്കോസിൻ്റെ സഭയായ കോപ്റ്റിക് സഭയുടെ കൈവപ്പാണ് സുറിയാനി സഭയുടെ നിലനിൽപ്പിനു തന്നെ കാരണമായ യാക്കോബ് ബുർദ്ദാനക്ക് നൽകപ്പെട്ടത്. അപ്പോൾ മാർക്കോസിൻ്റെ കൈവെപ്പും സുറിയാനി സഭക്ക് ഉണ്ട്. ഇതുപോലെ മലങ്കര സഭക്ക് ഒരു കാലഘട്ടത്തിൽ സുറിയാനി സഭയുടെ കൈവെപ്പ് നല്കപ്പെടാനുള്ള സാഹചര്യം ഉണ്ടായി. അതുമാത്രമല്ല റോമൻ സാമ്രാജ്യത്തിനു പുറത്തു വളർന്നു വന്ന മലങ്കര സഭയുടെ വിശ്വാസ ഭരണ രീതികൾ സുറിയാനി സഭയിൽനിന്നും തികച്ചും വത്യസ്തമായിരുന്നു. അതുകൊണ്ടു തന്നെയാണ് പന്ത്രണ്ടു പട്ടക്കാർ ചേർന്നു മാർത്തോമാ ഒന്നാമനെ വാഴിച്ചത് മലങ്കര സഭയെ സംബന്ധിച്ച് കാനോനികമായ ഒരു സംഭവായി മാറിയത്. സുറിയാനി പിതാക്കന്മാർ മലങ്കരയിൽ വന്നപ്പോൾ ഇവിടുണ്ടയിരുന്ന തദ്ദേശീയ സഭക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാൻ മുൻപോട്ടു വന്നു. മലങ്കര സഭയുടെ പിതാക്കന്മാരുടെ നിഷ്ക്കളങ്കത ഒന്ന് കൊണ്ട് മാത്രമാണ് സുറിയാനി സഭ ഇവിടെ വേരുപിടിച്ചത്‌.

12. പൗരസ്ത്യ പാശ്ചാത്യ സുറിയാനി (ചർച്ച് ഓഫ് ഈസ്റ്റ്, സുറിയാനി സഭകൾ എന്നിവ യഥാക്രമം) നുകങ്ങളും, ലത്തീൻ നുകവും വരുന്നതിനു എത്രയോ മുൻപ് പന്തേനിയോസും, കോസ്മോസും, തെയോഫിലോസ് ദി ഇന്ത്യനും, ജോൺ ഓഫ് മൊണ്ടേക്കറിവിനോയും, ജോർഡന്സ് കറ്റലാനിയും, ജോൺ ഡി മാറിഗ്നോല്ലിനീയും സന്ദർശിച്ച മലങ്കര സഭക്ക് പരമ്പര്യത്തത്തിനും, പൗരോഹിത്യയത്തിനും യാതൊരു കുറവുമില്ല എന്ന്‌ മലങ്കര നസ്രാണികൾ എങ്കിലും മനസിലാക്കണം.

സുറിയാനി സഭയുടെ”അറിയപ്പെടാത്ത”; രക്ഷാധികാരി
ലേഖനത്തിൽ സൂചിപ്പിക്കാത്ത ഒരു കാര്യം കൂടി പറയാം. ഇസ്ലാമിക കാലഘട്ടത്തിന് മുമ്പുള്ള ഗസ്സാനിഡ്സ് അറബ് ഗോത്ര രാജാവായിരുന്ന അൽ ഹരിത്ത് ജബാല എന്നൊരാൾ ഉണ്ടായിരുന്നു. ബൈസന്റൈൻ സാമ്രാജ്യത്തിൻ്റെ കിഴക്കൻ അതിർത്തിയിലാണ് ഈ ഗോത്രം വസിച്ചിരുന്നത്. ഹരിത്ത് ജബാല ഒരു തീവ്ര മോണോഫിസൈറ്റ് ക്രിസ്ത്യാനിയായിരുന്നു. സുറിയാനി സഭയെ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം വലിയൊരു പങ്ക്‌ വഹിച്ചു. ബൈസന്റൈൻ സാമ്രാജ്യത്തിൻ്റെ ശക്തമായ സഖ്യകക്ഷിയായ അദ്ദേഹം, തെക്കൻ സിറിയൻ അതിർത്തി സംരക്ഷിച്ചു പോരുന്നു. തൻ്റെ ഗോത്രത്തിനായി ഒരു ബിഷപ്പിനെ വാഴിച്ചു തരണമെന്ന് തിയോഡോറയോട് ആവശ്യപ്പെടുകയും അത് അദ്ദേഹത്തിന് അനുവദിച്ചു നൽകുകയും ചെയ്തു. തിയോഡോറയുടെ ഉത്തരവ് പ്രകാരം അലക്സാണ്ട്രിയയിലെ പോപ് തിയോഡോഷ്യസ് യാക്കോബ് ബുർദാനയെയും, തിയോഡോറിനെയും മെത്രന്മാരായി വാഴിച്ചു. ബുർദ്ദാന തൻ്റെ പരിശ്രമം കൊണ്ട് സുറിയാനി സഭയെ നിലനിർത്തി. ശെരിക്കും പറഞ്ഞാൽ അറബി ഗോത്രവർഗക്കാരനായ ഒരു രാജാവ് കാരണമാണ് എന്ന് സുറിയാനി സഭ നില്ക്കുന്നത് തന്നെ എന്ന് പറയേണ്ടി വരും. കാരണം പതിനഞ്ചു വർഷം ഒരു മുറിയിൽ മാത്രം താമസിച്ചിരുന്ന ബുർദാന മെത്രാൻ ആകാൻ കാരണം ഈ അറബി രാജാവാണ്. തലതൊട്ടപ്പൻ ഒരു അറബി രാജാവായതു കൊണ്ട് തന്നെ സുറിയാനി സഭയെ അറബി സഭയെന്നു വിളിക്കേണ്ടി വരും.

ബൈസന്റൈൻ, സിറിയക് ക്രിസ്ത്യാനിറ്റി, സഭ ചരിത്രം എന്നിവയെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രമുഖ ലോക പണ്ഡിതരുടെ പുസ്തകങ്ങളും ലേഖനങ്ങളും ആണ് ഇവിടെ ഉപയാഗിചിട്ടുള്ളത്. വിക്കിപീഡിയയോ ഡോക്യൂമെന്സോ, മലങ്കര സഭ പിതാക്കന്മാർ എഴുതിയ യാതൊന്നും ഇവിടെ ഉപയാഗിച്ചിട്ടില്ല. ഓസ്‌ഫോർഡ് പോലുള്ള സർവകലാശാല പ്രസിദ്ധീകരണങ്ങളാണ് പലതും. ഇതൊക്കെ ആർക്കും വായിച്ചറിയാവുന്ന കാര്യങ്ങളാണ്. പിന്നെ ഒരുകാര്യം കൂടി, ഇതൊക്കെ എഴുതിയവർക്ക് സുറിയാനി സഭയോട് വൈരാഗ്യം ഉണ്ടെന്ന്‌ മാത്രം പറയരുത്, പ്ളീസ്.

റെഫെറെൻസ്സ് പുസ്തകങ്ങൾ
* Missionary Stories and the Formation of the Syriac Churches by Jeanne- Nicole Mellon Saint-Laurent
* Procopius and the Sixth Century by Averil Cameron
* The History of the Decline and Fall of The Roman Empire, by Edward Gibbon
* Asceticism and Society in Crisis: John of Ephesus and the Lives of the Eastern Saints (Transformation of the Classical Heritage) by Susan Ashbrook Harvey.
* The Byzantine Empire: A Historical Encyclopedia edited by James Francis LePree and Ljudmila Djukic
* Conflict and Negotiation in the Early Church: Letters from Late Antiquity, Translated from the Greek, Latin, and Syriac by Bronwen Neil and Pauline Allen
* A House Divided: The Scandal of Christendom by Rudy Lopez
* A History of the Medieval Church: 590-1500 by Margaret Deanesly
* Dictionary of Christian Biography and Literature by Wace, Henry
* Count Marcellinus and his Chronicle by Brian Croke
* Biographical Dictionary of Christian Missions, edited by Gerald H. Anderson
* Incorruptible Bodies: Christology, Society, and Authority in Late Antiquity
(Volume 1) (Christianity in Late Antiquity) by Yonatan Moss
* A Multitude of All Peoples: Engaging Ancient Christianity’s Global Identity by Vince L. Bantu
* Ordination and episcopacy in the Severan-Jacobite church AD 518-c. 588 by
Simon Samuel
* A History of the Later Roman Empire From Arcadius to Irene (395 A.D. to
800 A.D

ലേഖനങ്ങൾ
* The Political and Social Conflict between Orthodox Christianity (Constantinople and Rome) and Eastern Monophysitism by Jayoung Che
* The Evolution of the Syrian Orthodox Church in the Pre-Islamic Period: From Greek to Syriac? by Fergus Millar
* Jacobs and Jacobites: The Syrian Origin of the Name and Its Egyptian Interpretations by Nikolai N. Seleznyov
*Theodora “the Believing Queen”: A study in Syriac Hypsographical Traditions by Susan A Harvey

Editor, TMUNT

അന്ത്യോക്യസും, അന്ത്യോക്യയായും, അന്ത്യോഖ്യൻ സഭയും: ചില ചിന്തകൾ