ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ – 2019; ശ്രീ. ടി. ടി ജോയി പിറവം

കോട്ടയം: മലങ്കര സഭയിലെ ഉത്തമ നസ്രാണികളെ ആദരിക്കുന്നതിനായി ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ – OVS ഏർപ്പെടുത്തിയ ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്‌ക്കാരത്തിൻ്റെ, മൂന്നാമത് അവാർഡിന് വ്യവസായിയും, പിറവം സെന്റ് മേരീസ് ഇടവകാംഗമായ “ലക്‌നോ ജോയ്” എന്നറിയപ്പെടുന്ന ശ്രീ. ടി. ടി ജോയിയെ ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ ജനറൽ ബോഡി തിരഞ്ഞെടുത്തു.

മലങ്കര സഭയുടെ പിറവം വലിയ പള്ളിയുടെ അവകാശസ്ഥാപനത്തിനായി നീണ്ട 18 വർഷത്തെ അദ്ദേഹത്തിൻ്റെ വിശ്രമില്ലാതെ നിയമപോരാട്ടത്തിന് ശുഭ പര്യവസാനമായി 2018 ഏപ്രിൽ 18-ന് ബഹു. സുപ്രീം കോടതി പഴുതുകളില്ലാതെ, പിറവം വലിയ പള്ളി മലങ്കര സഭയുടെ ഭരണഘടനാനുസ്രതം ഭരിക്കേപെടണ്ട ഇടവകയാണ് എന്ന് തീർപ്പെഴുതി. ബഹു. സുപ്രീം കോടതി വിധിയുണ്ടായിട്ടും തീരെ ചെറുതല്ലാത്ത ഒന്നര വർഷത്തെ ക്ഷമാപൂർവ്വമായ കാത്തിരിപ്പിനൊടുവിൽ, സമാധാനപ്പൂർവ്വമായ സഹനസമരവും, ബഹു. ഹൈക്കോടതിയുടെ അടിയന്തര ഇടപെടലകളും മൂലം, 2019 സെപ്റ്റംബർ 26-നു പിറവം വലിയപള്ളിയെ വിഘടിത സംഘത്തിൽ നിന്നും ഒരു അക്രമത്തിനും, അനിഷ്ട സംഭവങ്ങൾക്കും ഇട നൽകാതെ മലങ്കര സഭയോട് വീണ്ടും കൂട്ടിചേർത്തത്തിൽ ശ്രീ. ലക്‌നോ ജോയിയുടെ നേതൃത്വവും, പരിശ്രമവും സമാനതികളില്ലാത്ത ചരിത്ര സംഭവമായി മലങ്കരയിൽ എക്കാലവും സമരിക്കപ്പെടും. പിറവം പള്ളിയുടെ കേസ് നടത്തിപ്പ് മുതൽ സമർത്ഥമായ വിധി നടത്തിപ്പ് വരെയുള്ള ജീവൻ പോലും പണയം വെച്ചുള്ള ഉജ്വല പോരാട്ടത്തിനാണ് അദ്ദേഹത്തെ അവാർഡിനായി തിരഞ്ഞെടുത്തത്.

1968 ജൂൺ 28 -നു ശ്രീ. ടി .ടി തോമസിൻ്റെയും, അമ്മിണി തോമസിൻ്റെയും മകനായ ജനിച്ച ശ്രീ. ടി. ടി ജോയി, തൻ്റെ വിദ്യാഭാസത്തിന് ശേഷം കുടുംബത്തിൽ നിന്ന് തന്നെയുള്ള സ്വാധീനം മൂലം കച്ചവടത്തിൻ്റെ വഴിയിലേക്ക് തിരിഞ്ഞു. ചെറുപ്പംമുതലേ പലതരം കച്ചവട ഉദ്യമങ്ങൾ നിരന്തരം പരീക്ഷിച്ചും പരാജയപ്പെട്ടും സമർത്ഥനായ പോരാളിയായി രൂപാന്തരപ്പെട്ട അദ്ദേഹം, തൻ്റെ സ്ഥിരോത്സാഹം കൊണ്ടും ക്ഷമയോടെയുള്ള കഠിനാധ്വാനം കൊണ്ടും ഇന്ന് കോടികൾ വാർഷിക വിറ്റുവരവുള്ള “ലക്‌നോ കെമിക്കൽസ്” എന്ന സ്ഥാപനം പടുത്തുയുർത്തി. ഒരു കറതീർന്ന സോഷ്യലിസ്റ്റായ തൻ്റെ പിതാവ് നാട്ടിലെ സ്ഥിതി വിശേഷങ്ങളെ എപ്പോഴും സോഷ്യലിസ്റ്റ് മണ്ണായ “ലക്‌നൗ” വിനോട് താരതമ്യപ്പെടുത്തുക വഴി ചാർത്തി കിട്ടിയ “ലക്‌നോ” എന്ന വട്ട പേര് തന്നെ അദ്ദേഹം തൻ്റെ കമ്പനിക്ക് നല്കുക വഴി, ആക്ഷേപങ്ങളെ പോലും അനുമോദനങ്ങളാക്കി തീർക്കുന്ന അപൂർവ്വ ശൈലി സ്വായത്തമാക്കി. വിഘിടിത ശക്തി കേന്ദ്രമായ പിറവത്തു തൻ്റെ സഭാ സ്നേഹം കൊണ്ടും, ഇടവകയുടെ നിയമ പോരാട്ടത്തിലെ നേതൃത്വം കൊണ്ടും നിരവധി ഒറ്റപെടുത്തലകളും, പരിഹാസങ്ങളും, ഭീഷണികളും നേരിട്ടപ്പോഴും വ്യകതി ജീവിതത്തിലെ കനൽ ചവിട്ടിയ വഴികളും, കയ്പ്പേറിയ അനുഭവ സമ്പത്തുമാണ് അദ്ദേഹത്തെ ആത്മാർത്ഥയോടും, ആത്മസംയമനത്തോടും എന്നും മുന്നോട്ടു നയിച്ചിരുന്നത്. ഒരു കച്ചവടക്കാരനോ, വ്യവസായിയോ എടുക്കാത്ത ഒരു വലിയ റിസ്കായിരുന്നു തൻ്റെ ബിസിനസ് സാധ്യതകളെ പലതരത്തിൽ പ്രതികൂലമായ ബാധിക്കുന്ന പിറവത്തെ സഭാ സംബന്ധമായ അദ്ദേഹത്തിൻ്റെ വർഷങ്ങൾ നീണ്ട സുധീര നിലപാടുകൾ. 2018 ഏപ്രിലിലെ ബഹു. സുപ്രീം കോടതിയുടെ വിധിക്കു ശേഷവും മലങ്കര സഭയുടെ അഭിമാനമായ പിറവം പള്ളിയിൽ പ്രവേശിക്കുന്നതു നീണ്ടുപോയപ്പോൾ സഭാമക്കളിൽ നിന്ന് തന്നെയുണ്ടായ ആക്ഷേപങ്ങളും, ആരോപണങ്ങളും അദ്ദേഹത്തെ തെല്ലും തളർത്തുകയോ, പിൻതിരിപ്പിക്കുകയോ ഉണ്ടായില്ല. എന്നാൽ കഥാന്ത്യത്തിൽ ക്ഷമയും, സഹനവുമാണ് വിജയത്തിൻ്റെ മൂലകാരണങ്ങൾ എന്ന് അദ്ദേഹം ഒരിക്കൽ കൂടെ തെളിയിച്ചു. കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിനു എതിരെ അദ്ദേഹം സാമൂഹിക പ്രതിബദ്ധതയിലൂന്നി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. ശ്രീമതി. സാനി ജോയിയാണ് അദ്ദേഹത്തിൻ്റെ സഹധർമ്മിണി. ഓസ്‌ട്രേലിയയിൽ ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ് വിദ്യാർത്ഥിനിയായ ലാക്‌സി ജോയി, പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന ജാക്‌സി ജോയി എന്നിവർ മക്കളാണ്.

കോവിഡ് -19 രോഗത്തിൻ്റെ ബുദ്ധിമുട്ടേറിയ കാലത്തിനു ശേഷം വരുന്ന ഉചിതമായ വേദിയിൽ നടക്കുന്ന OVS വാർഷിക പബ്ലിക് മീറ്റിംഗിൽ വെച്ച് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്കാരവും, ക്യാഷ് അവാർഡും നല്കി മലങ്കര സഭയ്ക്ക് വേണ്ടി ശ്രീ. ടി.ടി ജോയിയെ OVS പ്രസ്ഥാനം ആദരിക്കും.

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ