OVS - ArticlesOVS - Latest News

പുരോഹിതന്‍ പാളയത്തിനു പുറത്തു ചെല്ലേണം…

ലോകം ഇന്നു പകച്ചു നില്‍ക്കുകയാണ്. എന്തെന്ന് ഇന്നുവരെ കൃത്യമായി അറിയാത്ത കോറോണാ വൈറസിൻ്റെയും കോവിഡ് 19 രോഗബാധയുടേയും മുമ്പില്‍ ഇന്ന് നിസഹായമായി തരിച്ചു നില്‍ക്കുന്നതുപോലെ ഒരുപക്ഷേ ഈ ലോകത്തെ ആരും ഇതിനുമുമ്പ് കണ്ടിട്ടില്ല. 75 മുതല്‍ 200 ദശലക്ഷം വരെ ആളുകളെ കൊന്നൊടുക്കിയതും, ക്രിസ്തുവര്‍ഷം 1347 മുതല്‍ 1351 വരെ നീണ്ടു നിന്നതുമായ ബ്ലാക്ക് ഡെത്ത് എന്ന പ്ലേഗ് ബാധ പോലും ഇത്രയും ഭീകരത മനുഷ്യരാശിക്ക് ഉണ്ടാക്കിയിട്ടില്ല. ഒരുപക്ഷേ വിവരസാങ്കേതിക വിദ്യയും വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങളും വര്‍ത്തമാനകാലത്തിനു തത്തുല്യമായി അന്നു വികസിക്കാതിരുന്നതാകാം കാരണം.

മലയാളികളുടെ ഇടയില്‍ ഉണ്ടാകുന്ന സാധാരണ ദുരന്തങ്ങള്‍ക്ക് വിരുദ്ധമായി ഈ കൊറോണക്കാലം ആള്‍ദൈവങ്ങളുടേയും അത്ഭുത രോഗശാന്തിക്കാരുടേയും വയറ്റത്തടിച്ചു. വരുവാനിരിക്കുന്ന മഹാമാരിയേപ്പറ്റി വര്‍ഷങ്ങള്‍ക്കുമുമ്പ് തനിക്ക് മുന്‍കൂട്ടി വെളിപാടു കിട്ടിയിരുന്നു എന്ന രീതിയിലുള്ള ചില ആള്‍ദൈവങ്ങളുടെ വെളിപ്പടുത്തലുകള്‍ സ്വന്തം തീവൃഭക്തന്മാരപ്പോലും വിശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. താന്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ ഏക മദ്ധ്യസ്ഥന്‍ എന്നു പ്രചരണം നടത്തി/നടത്തിച്ച്, ശൂന്യതയില്‍നിന്നും ചുരുങ്ങിയ സമയംകൊണ്ടു കോടീശ്വരന്മാരായ ന്യൂജന്‍ ഉപദേശിമാര്‍ക്കും ഇക്കാലത്ത് ക്ലച്ചുപിടിക്കാനായില്ല. വേദവാക്യങ്ങള്‍ എടുത്ത് നാക്കുകൊണ്ട് അമ്മാനമാടി വീണ്ടും കീശ വീര്‍പ്പിക്കാന്‍ കൊറോണ അവര്‍ക്ക് അവസരം കൊടുത്തില്ല എന്നതാണ് സത്യം. രോഗശാന്തി നല്‍കുന്ന മലയാള വാരിക വിരിച്ചുകിടന്നിട്ടോ അരച്ചുകഴിച്ചിട്ടോ കൊറോണ ബാധ മാറിയ വീരവാദങ്ങള്‍ ഇതുവരെ ഇല്ല; ഇനി വരാനിരിക്കുന്നതേ ഉള്ളു. പക്ഷേ അതെത്രകണ്ടു വിജയിക്കുമെന്നു കണ്ടറിയണം.

ഏറ്റവും നഷ്ടം പറ്റിയത് അളാംപ്രതി വേല ചെയ്യുന്നവര്‍ക്കാണ്. ആര്‍ക്കെങ്കിലും രോഗമോ പ്രയാസമോ വന്നാല്‍ തപ്പിപ്പിടിച്ച് വീടുകയറി ആശ്വസിപ്പിച്ച് അവസാനം മാലയും വളയും ഊരിച്ച് ഓലക്കുഴിയില്‍ മുക്കി സ്വയം ആദായപ്പെടുത്തുന്നവര്‍ക്കും ഈ കൊറോണക്കാലം പ്രയോജനം ചെയ്തില്ല. രോഗം ബാധിച്ചവര്‍ ക്വാറന്റൈനിലാവുകയും ആദായവില്പനക്കാര്‍ ലോക്ക്ഡൗണിൻ്റെ വിലക്കിലാവുകയും ചെയ്തതോടെ ഈ മേഖലയിലെ വിപണനസാദ്ധ്യത തീര്‍ത്തും ഇല്ലാതായി.

ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഇനി പള്ളിയും പട്ടക്കാരനും വേണ്ടന്നും, ദൈവവുമായി നേരിട്ട് ഹോട്ട്‌ലൈന്‍ ബന്ധം മാത്രം മതിയെന്നും ഇന്റര്‍നെറ്റ്ദ്വാരാ പ്രചരിപ്പിച്ച് മാര്‍ക്കറ്റ് നിലനിര്‍ത്താന്‍ ഇക്കൂട്ടര്‍ ഭഗീരഥപ്രയത്‌നം നടത്തുന്നുണ്ട്. പക്ഷേ പ്രതികരണം തികച്ചും മോശമാണന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഒരുപടികൂടെ കടന്ന്, സത്യ പെന്തക്കോസ്ത് വിശ്വാസത്തെ പുശ്ചിച്ചതിൻ്റെ ശിക്ഷയാണ് കൊറോണാ വൈറസ് ബാധ എന്ന തരത്തിലുള്ള പ്രചാരണവും തകൃതിയായി നടക്കുന്നുണ്ട്. ആളാംപ്രതി വേലക്കാരെയെയും ഏക മദ്ധ്യസ്ഥന്മാരെയും പൊളിച്ചടുക്കുന്ന ഒരു മലയാള സിനിമാ സമീപകാലത്ത് ഇറങ്ങിയത്രെ. ഈ മഹാപാതകത്തിനു കിട്ടിയ ശീക്ഷയാണ് കൊറോണ ബാധയെന്നും പ്രചരിപ്പിക്കുന്നുണ്ട്. ‘ഠ’ വട്ടത്തിലുള്ള കേരളത്തില്‍ കേവലം 3.3 കോടി ജനങ്ങളുടെ മാതൃഭാഷയായ മലയാളത്തില്‍ ഇറങ്ങിയ ഒരു സിനിമക്ക് ആറ് ഭൂഖണ്ഡങ്ങളേയും ശിക്ഷിക്കുന്നത്ര ക്രൂരനാണോ ദൈവം എന്ന ചോദ്യം ഇവര്‍ക്കു പ്രസക്തമല്ല. സിനിമയാണെങ്കിലും സത്യം പറയുന്നത് ശിക്ഷാര്‍ഹമാണോ എന്ന ചോദ്യം ഇത്തരക്കാരോട് ചോദിച്ചിട്ട് കാര്യവുമില്ല.

ഇവരടക്കം നാവുകൊണ്ട് ഇരപിടിക്കുന്ന ജീവികളുടെ അടുത്ത ദര്‍ശനവിശേഷം കൊറോണായുടെ വേദപുസ്തക അടിത്തറയാണ്. നോസ്ത്രദാമസിൻ്റെ പ്രവചനങ്ങള്‍പോലെ വേദപുസ്തകത്തിലെ വാക്യശകലങ്ങള്‍ ചികഞ്ഞെടുത്ത് കൂട്ടിയൊട്ടിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ക്കുപോലും വേദപുസ്തകത്തില്‍ മൂലം കണ്ടെത്തിയ വീരന്മാരുണ്ട്! തങ്ങള്‍ പ്രിയം വെച്ച വെളിപാടു പുസ്തകത്തിന് ഉപരിയായി പുതിയ നിയമം, പഴയ നിയമം ഇവയെ ഒക്കെ ഇരപിടിയന്മാര്‍ ഇതിനു കൂട്ടുപിടിക്കുന്നുണ്ട്. ഉത്തരകൊറോണക്കാലത്തെ തങ്ങളുടെ പ്രസംഗ വിപണിക്ക് അടിത്തറ സൃഷ്ടിക്കാനാണ് വേദവാക്യങ്ങള്‍ ആദായമാക്കുന്നവരുടെ ഇത്തരം പ്രചരണങ്ങള്‍ എന്നാണ് ഈ ലേഖകൻ്റെ പക്ഷം. എന്നാല്‍ പകര്‍ച്ചവ്യാധികളെക്കുറിച്ചും അവയ്‌ക്കെതിരെ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളേക്കുറിച്ചുമുള്ള വേദപുസ്തക നിര്‍ദ്ദേശങ്ങള്‍ ഇതഃപര്യന്തം ആരും പ്രതിപാദിച്ചു കണ്ടില്ല.

അലഞ്ഞുതിരിയുന്ന (Nomadic) സമൂഹത്തില്‍നിന്നും മനുഷ്യരാശി സംസ്‌കൃത രൂപം പ്രാപിച്ച് സ്ഥിരവാസം ഉറപ്പിക്കുന്ന കാര്‍ഷിക (Agarian) സമൂഹത്തിലേയ്ക്ക് മാറുന്ന കാലം മുതല്‍ പകര്‍ച്ചവ്യാധികള്‍ (Epidermic) അവരുടെ ഭീഷണി ആയിരുന്നു, യഹൂദ സമൂഹത്തിൻ്റെ മുമ്പിലെ ഏറ്റവും ഭീകരമായ (ഒരു പക്ഷേ അവര്‍ക്കറിയാവുന്ന ഏക) ഭീകര പകര്‍ച്ചവ്യാധി ആയിരുന്നു കുഷ്ഠരോഗം. സമ്പര്‍ക്കത്തിലൂടെയാണ് കുഷ്ഠരോഗം രോഗം പകരുന്നത് എന്ന വ്യക്തമായ ധാരണയും അനുഭവത്തിലൂടെ അവര്‍ സ്വായത്തമാക്കിയിരുന്നു.

മിസ്രേം (ഈജിപ്ത്) പ്രവാസത്തിനു ശേഷം വാഗ്ദത്തഭൂമിയായ കനാനില്‍ ആവാസകേന്ദ്രങ്ങളുണ്ടാക്കി താമസം ഉറപ്പിക്കാന്‍ ഉള്ള യാത്രാമദ്ധ്യേ ആണ് പുതിയ ആവാസഭൂമിയില്‍ യഹൂദര്‍ അനുസരിക്കേണ്ട നിയമങ്ങള്‍ രൂപപ്പെടുന്നത്. കുഷ്ഠരോഗികളെ സംബന്ധിച്ചും മോശൈക നിയമങ്ങള്‍ (Mosaic law) നിര്‍മ്മിക്കപ്പെട്ടു. ലേവ്യ പുസ്തകം 13-ാം അദ്ധ്യായത്തില്‍ കുഷ്ടരോഗം ബാധിച്ചാല്‍ എന്തു ചെയ്യേണം എന്നു വിവരിക്കുന്നുണ്ട്.

…ഒരു മനുഷ്യൻ്റെ ത്വക്കിന്മേല്‍ തിണര്‍പ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ടത്തിൻ്റെ വടു കണ്ടാല്‍ അവനെ പുരോഹിതനായ അഹറോൻ്റെ അടുക്കലോ അവൻ്റെ പുത്രന്മാരില്‍ ഒരുവൻ്റെ അടുക്കലോ കൊണ്ടുവരേണം. പുരോഹിതന്‍ ത്വക്കിന്മേല്‍ ഉള്ള വടു നോക്കണം…. ആയി കണ്ടാല്‍ അത് കുഷ്ടരോഗ ലക്ഷണം. പുരോഹിതന്‍ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം… ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേയ്ക്കു അകത്താക്കി അടയ്ക്കണം. ഏഴാംദിവസം പുരോഹിതന്‍ അവനെ നോക്കണം. വടു ത്വക്കിന്മേല്‍ പരക്കതെ, കണ്ട സ്ഥിതിയില്‍ നില്‍ക്കുന്നു എങ്കില്‍ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേയ്ക്കു അകത്താക്കി അടയ്ക്കണം. ഏഴാംദിവസം പുരോഹിതന്‍ അവനെ വീണ്ടും നോക്കേണം. വടു മങ്ങിയതായും ത്വക്കിന്മേല്‍ പരക്കാതെയും കണ്ടാല്‍ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവന്‍ എന്നു വിധിക്കേണം….അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം… (ലേവ്യ. 13: 1 – 6)

ഇതൊക്കെത്തന്നെയാണ് കൊറോണാബാധയടക്കമുള്ള പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ ഇന്നു ആധുനിക ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍. യഹൂദര്‍ക്ക് രാജാവോ ഭരണസംവിധാനമോ ഇല്ലാതെ നേതൃത്വവും നിയമപാലനവും പുരോഹിതരില്‍ മാത്രം നിക്ഷ്പിതമായിരുന്ന കാലത്താണ് ഈ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതെന്ന് ഓര്‍ക്കണം. ഇന്നു രോഗനിര്‍ണ്ണയവും അനന്തര നടപടികളും നടത്തുന്നത് വിദഗ്ദ ഭിഷഗ്വരന്മാരും ആരോഗ്യവകുപ്പും ആണന്നുമാത്രം.

ആദ്യഘട്ട നിരീക്ഷണത്തില്‍ കുഷ്ഠരോഗം സ്ഥിതീകരിച്ചാല്‍ തുടര്‍നടപടികളും മോശൈക ന്യായപ്രമാണം നിര്‍ണ്ണയിച്ചിട്ടുണ്ട്. കുഷ്ഠം സ്ഥിതീകരിക്കാനുള്ള വിശദമായ നടപടിക്രമങ്ങളും ഇവിടെ വിവരിച്ചിട്ടുണ്ട്. ദീര്‍ഘമായ ആ പ്രക്രിയ പൂര്‍ത്തിയാക്കി കുഷ്ഠരോഗി എന്നു സ്ഥിതീകരിച്ചാല്‍ അനന്തര നടപടികളും ലേവ്യ പുസ്തകം വിവരിക്കുന്നു.

…വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം. അവൻ്റെ തല മൂടാതിരിക്കണം. അവന്‍ മേല്‍ച്ചുണ്ട് മറച്ചുപിടിച്ചുകൊണ്ട് അശുദ്ധന്‍ അശുദ്ധന്‍ എന്നു വിളിച്ചുപറയുകയും വേണം. അവനു രോഗമുള്ള കാലം മുഴുവനും അവന്‍ അശുദ്ധനായി ഇരിക്കേണം; അവന്‍ അശുദ്ധന്‍ തന്നെ: അവന്‍ തനിച്ചു പാര്‍ക്കേണം; അവൻ്റെ പാര്‍പ്പു പാളയത്തിനു പുറത്തായിരിക്കണം… വസ്ത്രത്തിലോ. ഊടിലോ… വടു പരന്നിരുന്നാല്‍ ആ വടു കഠിനകുഷ്ഠം തന്നെ… അതു തീയിലിട്ടു ചുട്ടുകളയേണം…(ലേവ്യ. 13: 45 – 55)

കുഷ്ഠരോഗത്തിനു ചികിത്സയൊന്നും ഇല്ലായിരുന്ന അക്കാലത്ത് അതു ഭേദമാവുക എന്നത് അപൂര്‍വമായിപ്പോലും തികച്ചും സ്വാഭാവികമായി മാത്രം സംഭവിക്കാവുന്ന ഒന്നായിരുന്നു. ഈ സാഹചര്യത്തില്‍ പൊതു സമൂഹത്തിൻ്റെ സുരക്ഷയ്ക്കാണ് നിയമം മുന്‍തൂക്കം കൊടുത്തത്. രോഗിയെ പാളയത്തില്‍നിന്നും പുറത്താക്കി, അവൻ്റെ വസ്ത്രാദികളും ചുട്ടുകളഞ്ഞ്, ഇതരര്‍ക്കു രോഗം പകരാനുള്ള സാദ്ധ്യത പരമാവധി ഒഴിവാക്കി. എന്നാല്‍ അവര്‍ക്ക് പൊതുസമൂഹത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നില്ല. പക്ഷേ അശുദ്ധന്‍ അശുദ്ധന്‍ എന്നു സ്വയം വിളിച്ചുപറഞ്ഞ് അവര്‍ സാമൂഹിക അകലം ഉറപ്പുവരുത്തേണ്ടിയിരുന്നു. പൊതുസമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ പരിമിതാംഗങ്ങള്‍ മാത്രമുള്ള രോഗബാധിതര്‍ക്ക് മാത്രമായിരുന്നു സാമൂഹിക അകലം പാലിക്കുവാനുള്ള ബാദ്ധ്യത എന്നതു മാത്രമായിരുന്നു വര്‍ത്തമാനകാല നടപടികളുമായി ഈ നിബന്ധനകള്‍ക്കുള്ള വ്യത്യാസം. ഒരു ഭവനത്തില്‍ ആര്‍ക്കെങ്കിലും കുഷ്ഠരോഗ ലക്ഷണം കണ്ടാല്‍ ഭവനാധിപന്‍ അധികാരികളെ അറിയിക്കണമെന്നും ന്യായപ്രമാണം നിര്‍ദ്ദേശിക്കുന്നുണ്ട്. (ലേവ്യ. 14: 37 – 42)

കുഷ്ഠം ഭേദമായവര്‍ വീണ്ടും പുരോഹിതനില്‍നിന്നും രോഗവിമുക്തി സാക്ഷ്യം നേടണം. ഇതിനുള്ള നടപടിക്രമവും മോശൈക നിയമത്തിലുണ്ട്.

…കുഷ്ഠരോഗിയുടെ ശൂദ്ധീകരണ ദിവസത്തില്‍… അവനെ പുരോഹിതൻ്റെ അടുക്കല്‍ കൊണ്ടുവരേണം. പുരോഹിതന്‍ പാളയത്തിനു പുറത്തു ചെല്ലേണം. കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതന്‍ കണ്ടാല്‍… കുഷ്ഠശുദ്ധീകരണം കഴിയാനുള്ളവൻ്റെ മേല്‍ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കുകയും… ശുദ്ധീകരണം കഴിയുന്നവന്‍ വസ്ത്രം അലക്കി രോമം എല്ലാം ക്ഷൗരം ചെയ്യിച്ചു വെള്ളത്തില്‍ കുളിക്കണം. ഏന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും. അതിൻ്റെ ശേഷം അവന്‍ പാളയത്തില്‍ ചെന്നു തൻ്റെ കൂടാരത്തിനു പുറമേ ഏഴുദിവസം പാര്‍ക്കണം. ഏഴാം ദിവസം അവന്‍ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കണം. ഇങ്ങനെ അവന്‍ സകല രോമവും ക്ഷൗരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തില്‍ കഴുകകുകയും വേണം. എന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും…. (ലേവ്യ. 14: 1 – 9)

ശുദ്ധനാണന്ന പ്രഖ്യാപനത്തിനു ശേഷം സൗഖ്യമായവന്‍ ദേവാലയത്തിലെത്തി നിശ്ചിത വഴിപാടുകള്‍ കഴിക്കണമെന്നു ന്യായപ്രമാണം നിഷ്‌കര്‍ഷിക്കുന്നുണ്ട്. (ലേവ്യ. 14: 10 – 32) ശുദ്ധീകരണത്തിനുള്ള ഈ ന്യായപ്രമാണ നിബന്ധനകള്‍ പാലിക്കാനാണ് താന്‍ സൗഖ്യമാക്കിയ കുഷ്ഠരോഗിയോട് യേശുക്രിസ്തു: …പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചു, ജനത്തിനു സാക്ഷ്യത്തിനായി മോശ കല്പിച്ചതുപോലെ നിൻ്റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അര്‍പ്പിക്കുക… (ലൂക്കോ. 5; 14, മര്‍ക്കോ. 1: 40, മത്താ. 8: 3 – 4) കല്പിച്ചത്.

സൂക്ഷ്മ പരിശോധനയില്‍ ഇവയൊക്കയും തികച്ചും ഭൗതീകമായ നടപടിക്രമങ്ങള്‍ ആണന്നു കാണം. ഇവയൊക്കെത്തന്നെയാണ് കാലോചിതമായി പരിഷ്‌കരിച്ച് ഇന്ന് വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ അധികാരികള്‍ നിഷ്‌ക്കര്‍ഷിക്കുന്നതും. ഹമ്മുറാബി മുതലുള്ള ലോകത്തിലെ നിയമദാതാക്കളുടെ കല്പനകള്‍ പരിശോധിച്ചാല്‍ ഒരുപക്ഷേ പകര്‍ച്ചവ്യാധികളെപ്പറ്റി ഇതിനു സമാനമായ നിബന്ധനകള്‍ കണ്ടെത്താനാവും. മോശൈക നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന കാലത്ത് യഹൂദന്മാരുടെ ഇടയില്‍ ജനത്തെ പ്രതിനിധീകരിക്കുന്ന ഏക അധികാരിവര്‍ഗ്ഗമായ പുരോഹിതര്‍ രോഗസ്ഥിതി അവലോകനം ചെയ്യുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് അവരുടെ സ്ഥാനത്ത് ആധുനിക വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും ആരോഗ്യവകുപ്പും ആണെന്നു മാത്രം. രസകരമെന്നു പറയട്ടെ, ഈ ഭൗതീക നിബന്ധനകളെപ്പറ്റി വേദപുസ്തകത്തില്‍ കൊറോണ തിരയുന്നവര്‍ തികച്ചും നിശബ്ദരാണ്.

കാലചക്രം തിരിയുകയും പകര്‍ച്ചവ്യാധികളുടെ നിയന്ത്രണവും ചികിത്സയും പുരോഹിതാധിപത്യത്തില്‍നിന്നും രാഷ്ട്രീയ അധികാരസീമയിലേയ്ക്കു മാറ്റപ്പെടുകയും ചെയ്ത വര്‍ത്തമാനകാലത്ത് പ. സഭയ്ക്ക് ഇതില്‍ എന്താണ് പങ്കെന്ന ചോദ്യമുയര്‍ന്നേക്കാം. കുഷ്ഠം – വിശാലമായ അര്‍ത്ഥത്തില്‍ പകര്‍ച്ചവ്യാധി – സംബന്ധിച്ച് മോശൈക നിയമങ്ങളിലെ നിബന്ധനകളില്‍ ഭൗതീകമായ ഭാഗം മാത്രമാണ് രാജ്യാധികാരികള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുക. അതിന്‍ സമാനമായ ഇതര ഭാഗം – ആത്മീയം – പൂര്‍ത്തികരിക്കാനുള്ള ഉത്തരവാദിത്വം ഇന്നും പൂര്‍ണ്ണമായും പ. സഭയിലും പുരോഹിതവൃന്ദത്തിലും മാത്രം നിക്ക്ഷിപ്തമാണ്. ടി. നിയമപ്രകാരം ശുദ്ധീകരിക്കപ്പെട്ടവന്‍ ഭോജനയാഗം, അകൃത്യയാഗം, പാപയാഗം, ഹോമയാഗം, പ്രായശ്ചിത്തം മുതലായവ ദേവലയത്തില്‍ പുരോഹിതന്‍ മുഖാന്തിരം നടത്തേണം … എന്നാല്‍ അവന്‍ ശുദ്ധമുള്ളവനായിത്തീരും… (ലേവ്യ. 14: 10 – 20) ദരിദ്രര്‍ക്ക് ഇതില്‍ ഇളവ് നല്‍കാനും ന്യായപ്രമാണം അനുവദിക്കുന്നുണ്ട്. ഇത് സര്‍ക്കാരിനാവുന്ന കാര്യമല്ല. പ. സഭ തന്നെ ചെയ്യേണ്ടതാണ്.

വരുംദിവസങ്ങളില്‍ പൂര്‍ണ്ണമായും വിട്ടുമാറിയില്ലെങ്കിലും കൊറോണാവ്യാധിയുടെ തീവൃത അവസാനിക്കും. ഉത്തര കൊറോണക്കാലത്ത് പ. സഭ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. കുറെ പ്രസംഗങ്ങളോ ധ്യാനങ്ങളോ ആത്മ തപനങ്ങളോ നടത്തിയിട്ട് പ. സഭയ്‌ക്കോ സഭാംഗങ്ങള്‍ക്കോ യാതോരു പ്രയോജനവും ഇല്ല.

ലോകത്തുള്ള ജനങ്ങള്‍ മുഴുവനും പകര്‍ച്ചവ്യാധിയുടെ സംശയ നിഴലിലാണ് എന്ന നിലപാടാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. അത്തരമൊരു നിലപാടു തന്നെ മോശൈക നിയമപ്രകാരം പ. സഭയും സ്വീകരിക്കണം. രോഗസൗഖ്യം പ്രാപിച്ചവരും രോഗം ബാധിക്കാതെ രക്ഷപെട്ടവരും ദേവാലയത്തിലെത്തി സ്‌തോത്രയാഗം അര്‍പ്പിക്കുവാനും അവരുടെ പ്രായശ്ചിത്തവും വഴിപാടുകളും ബലിപീഠത്തിങ്കല്‍ കൊണ്ടുവരാനും പ. സഭ മുന്‍കൈ എടുക്കണം. അതിനായി ന്യായപ്രമാണം നിഷ്‌കര്‍ഷിക്കുന്നതുപോലെ …പുരോഹിതന്‍ പാളയത്തിനു പുറത്തു ചെല്ലേണം…(ലേവ്യ. 14: 3). അതായത് ഉത്തര കൊറോണാ കാലത്ത് വൈദീകര്‍ സമയബന്ധിതമായി ഇടവകയിലെ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിക്കണം. ദേവലയങ്ങളില്‍ മുടങ്ങിയ പൂജകളും പെരുന്നാളുകളും പൂര്‍ത്തീകരിക്കണം. ദേശത്തുനിന്നും മഹാമാരി ഒഴിഞ്ഞു പോയതിന് സ്‌തോത്രയാഗം ആയി നിശ്ചിത ദിവസങ്ങള്‍ എല്ലാ പള്ളികളിലും നിത്യ കുര്‍ബാന അര്‍പ്പിച്ചാല്‍ അതു തീര്‍ച്ചയായും അനുഗ്രഹപ്രദമായിരിക്കും. ആ കാലത്ത് മുഴുവന്‍ സഭംഗങ്ങളും പാപമോചനം പ്രാപിച്ച് വി. കുര്‍ബാന അനുഭവിക്കവാന്‍ പ. സഭ നിര്‍ദേശിക്കുകയും പുരോഹിതര്‍ ഉത്സാഹിക്കുകയും വേണം. ക്രിയാത്മകമായ അജപാലനദൗത്യം പ. സഭ പ്രവര്‍ത്തിപഥത്തിലെത്തിക്കേണ്ടത് ഇപ്പോഴാണ്.

അവിടംകൊണ്ടും പ. സഭയുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. കുഷ്ഠരോഗം ബാധിച്ച/സംശയിച്ച ഭവനങ്ങള്‍ രോഗശാന്തിക്കു ശേഷം പുരോഹിതന്‍ സന്ദര്‍ശിച്ച് നിശ്ചിത ക്രമം അനുസരിച്ച് ഭവനം ശുദ്ധീകരിക്കണമെന്ന് ന്യായപ്രമാണം അനുശാസിക്കുന്നു. (ലേവ്യ. 14: 48 – 53) ഇന്ന് സകല ഭവനങ്ങളും കൊറോണ ബാധിച്ച/സംശയിച്ചവയാണ്. അതിനാല്‍ത്തന്നെ അവയെല്ലാം ശുദ്ധീകരിക്കപ്പെടേണ്ടതുമാണ്. ഉത്തര കൊറോണക്കാലത്ത് തീര്‍ച്ചയായും എല്ലാ ഇടവകകളിലെ എല്ലാ ഭവനങ്ങളും സമയബന്ധിതമായി കൂദാശ ചെയ്യുവാന്‍ പ. സഭ മുന്‍കൈ എടുക്കണം. വേണമെങ്കില്‍ സമയം ലാഭിക്കാന്‍ മുമ്പ് ബ്രഹ്മവാര്‍ കൊങ്കിണി സമൂഹം ചെയ്തിരുന്നതുപോലെ ഭവന കൂദാശക്രമത്തിലെ ഏവന്‍ഗെലിയോനും ജലശുദ്ധീകരണവും വരെയുള്ള ഭാഗങ്ങള്‍ പള്ളിയില്‍വെച്ച് പൊതുവായി നടത്തി ആ വെള്ളം ഉപയോഗിച്ച് ശുശ്രൂഷയുടെ ബാക്കി ഭാഗം ഓരോ ഭവനത്തിലും പൂര്‍ത്തീകരിക്കാം. ഇത്തരമൊരു വിപുലമായ ഇടയ-അജ സമാഗമം ഉത്തര കൊറോണ കാലത്ത് പല കാരണങ്ങളാല്‍ അനിവാര്യമാണ്. അവയില്‍ ഒന്നു മാത്രം ചൂണ്ടിക്കാണിക്കട്ടെ.

കൊറോണാവ്യാധിയുടേയും ലോക്ക്ഡൗണിൻ്റെയും അനിവാര്യമായ പരിമിതികള്‍ പള്ളിയാരാധനകളേയും സണ്ടേസ്‌ക്കൂള്‍ അടക്കമുള്ള ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തേയും തടസപ്പെടുത്തി. ഈ വര്‍ഷത്തെ കഷ്ടാനുഭ ആഴ്ച ശുശ്രൂഷകളില്‍ പോലും ആരാധക സമൂഹത്തിന് പങ്കെടുക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ദൃശ്യ – വിവര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഈ ശുശ്രൂഷകളെ വീടുകളില്‍ അടച്ചിട്ടിരിക്കുന്ന വിശ്വാസികളില്‍ എത്തിക്കാന്‍ പ. സഭ ഒരു പ്രത്യേക അനുവാദം നല്‍കിയത്. പരുമല സെമിനാരിയില്‍ പ. പിതാവ് നടത്തിയ കര്‍മ്മങ്ങള്‍ മലങ്കരസഭതന്നെ മുന്‍കൈ എടുത്ത് ലോകമെങ്ങും എത്തിക്കുകയും ചെയ്തു.

ഒരുമാസത്തിലധികമായി പള്ളിയാരാധനകളില്‍നിന്നും അന്യരായി, കഷ്ചടാനുഭവ ആഴ്ച ശുശ്രൂഷകളില്‍ പങ്കെടുക്കാവനാവില്ലല്ലോ എന്ന വീര്‍പ്പുമുട്ടലില്‍ കഴിഞ്ഞ ലക്ഷങ്ങള്‍ക്ക് തീര്‍ച്ചയായും ഇത് ചെറിയൊരു ആശ്വാസമായിരുന്നു.

പക്ഷേ മുട്ടുശാന്തിക്കു നല്‍കിയ ഈ അനുവാദം പരക്കെ ദുരുപയോഗം ചെയ്തു എന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കരുത്. യാതൊരു അനുവാദവും കൂടാതെ നവമാദ്ധ്യമങ്ങളെ സ്വയവിപണനത്തിന് (self marketing) ഉപയോഗിച്ചിരുന്നവര്‍ ഇക്കാലത്ത് തകര്‍ത്താടി. സാദാ മൊബൈല്‍ഫോണ്‍ മുതല്‍ അത്യന്താധുനിക ഛായാ-ശബ്ദഗ്രഹണ സംവിധാനങ്ങള്‍ വരെ ഉപയോഗിച്ച് തങ്ങളുടെ സ്വര്‍ഗ്ഗീയ സ്വരം ഈ തക്കംനോക്കി പുറത്തു വിട്ടവരുണ്ട്. ഫാന്‍സ് ക്ലബ്ബുകളും മാലാഖമാരുടെ നാദവും ഇല്ലാത്തവരില്‍ പലരുംപോലും ഈ കെണിയില്‍ പെട്ടുപോയി. അടുത്തപടിയായി ചിലയിടങ്ങളിലെങ്കിലും സണ്ടേസ്‌ക്കൂളും ഒ.വി.ബി.എസും ഒക്കെ ഓണ്‍ലൈനാക്കി.

ഈ പ്രവണതയ്ക്ക് ശാശ്വതമായി തടയിട്ടേ പറ്റൂ. കാരണം, വി. കുര്‍ബാന അടക്കമുള്ള കൂദാശകളിലും, സണ്ടേസ്‌ക്കൂളിലും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലും തങ്ങളുടെ ഭൗതീക സാന്നിദ്ധ്യം (physical presence) ആവശ്യമില്ലന്നും, നവമാദ്ധ്യമങ്ങള്‍ വഴിയുള്ള സമ്പര്‍ക്കം തങ്ങളെ വിശ്വാസിയായും സഭാംഗമായും നിലനിര്‍ത്തും എന്നൊരു മിത്ഥ്യാധരണ പുതുതലമുറയുടെ മനസില്‍ പതിയാന്‍ ഇതു കാരണമാകും. ഉപ്പോളം വരികില്ല ഉപ്പിലിട്ടത് എന്ന് ഇക്കാര്യത്തില്‍ പറഞ്ഞു മനസിലാക്കുക ബുദ്ധിമുട്ടാണ്.

സ്വര്‍ഗ്ഗീയ സ്വരങ്ങള്‍ ശ്വാശ്വതമായി നിരോധിക്കുക മാത്രമാണ് കരണീയം. ഒരു പള്ളിപ്പെരുന്നാളോ, പള്ളികൂദാശയോ, വ്യക്തികളുടെ സ്വകാര്യ ചടങ്ങുകളായ വിവാഹം, മാമോദീസ, വീടുകൂദാശ, മരണം മുതലായവയും, പട്ടംകൊട പോലും വെബ്കാസ്റ്റ് ചെയ്യുന്നതുപോലെയല്ല പ്രതിവാരം ഒരോ പള്ളികളും വി. കുര്‍ബാന തല്‍സമയ സംപ്രേഷണം നടത്തുന്നത്. ആരാധന സൗകര്യമില്ലാത്തവര്‍ക്കും ആരോഗ്യപരമായ കാരണങ്ങളാല്‍ പള്ളിയിലെത്താന്‍ സാധിക്കാത്തവര്‍ക്കും താല്‍ക്കാലിക ആശ്വാസമേകാന്‍ ഞായറാഴ്ചകളില്‍ പരുമലയില്‍നിന്നുള്ള ഒരു സംപ്രേഷണം മാത്രമായി പരിമിതപ്പെടുത്തണം.

ഉത്തരകൊറോണാക്കാലത്തെ പ്രസാദകാലമായി വേണം കാണാന്‍. പല കാരണങ്ങളാല്‍ പള്ളിയില്‍നിന്ന് അകന്നവരെ മടക്കി കൊണ്ടുവരാനുള്ള കര്‍മ്മ പദ്ധതികള്‍ ആവഷ്‌ക്കരിക്കണം. ഇതിന് വൈദീക നേതൃത്വവും കത്തനാരുമാരുമാണ് മുന്‍കൈ എടുക്കേണ്ടത്. അവൈദിക ഭരണസംവിധാനത്തിന് ഇതിനെ പിന്തുണയ്ക്കാന്‍ മാത്രമെ സാദ്ധ്യമാവു. ഉത്തരകൊറോണാക്കാലത്ത് …കര്‍ത്താവിൻ്റെ ഭവനത്തിലേയ്ക്കു നാം പോകുന്നു എന്ന് അവര്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു… (സങ്കീ: 121:1 പെശീത്ത) എന്നത് എല്ലാ നസ്രാണിയുടേയും മുദ്രാവാക്യമായി മാറുന്ന കര്‍മ്മപദ്ധതിയാണ് ഉണ്ടാവേണ്ടത്.

കരച്ചിലും പിഴിച്ചിലും അല്ല ഉത്തര കൊറോണാ കാലത്ത് (post CORONA period) പ. സഭയ്ക്കാവശ്യം. മറിച്ച് ശുഭാപ്തിവിശ്വസത്തോടെയുള്ള …ഊര്‍ശ്ലേമിൻ്റെ മതിലുകളെ പണിയേണമേ…(സങ്കീ. 51: 18) എന്ന പ്രാര്‍ത്ഥനയും, …നാം എഴുനേറ്റ് പണിയുക… (നെഹ. 2: 18) എന്ന ആഹ്വാനവുമാണ് സഭ ഇപ്പോള്‍ ഉയര്‍ത്തേണ്ടത്. സൃഷ്ടിയുടെ പ്രസാദാത്മക സുവിശേഷമാണ് പ. സഭയ്ക്ക് ഇന്നാവശ്യം. അതാണ് ഉത്തരകൊറോണാ കാലത്ത് പ. സഭ പ്രഖ്യാപിക്കേണ്ടതും നടപ്പിലാക്കേണ്ടതും.

ഡോ. എം. കുര്യന്‍ തോമസ്
(മലങ്കരസഭാ മാസിക, മെയ് 2020)