OVS - Latest NewsOVS-Pravasi News

പ്രവാസികളെക്കുറിച്ചുള്ള കരുതല്‍ ഉണ്ടാവണം: പരിശുദ്ധ കാതോലിക്കാ ബാവാ

ലോകമാസകലം കൊറോണ വൈറസിൻ്റെ ഭീതിയില്‍ കഴിയുന്ന ഈ സമയത്ത് പല കാരണങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് തിരികെ വരാനുള്ള സാഹചര്യങ്ങള്‍ എത്രയും വേഗം സംജാതമാകുന്നതിനായി സര്‍വ്വശക്തനോട് നിരന്തരമായി പ്രാര്‍ത്ഥിണമെന്നും അവരെക്കുറിച്ച് കരുതല്‍ ഉണ്ടാവണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോവിഡ് 19 പ്രതിരോധനത്തിന്് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അത്യന്തം പ്രശംസനീയമാണ്. പ്രവാസി ക്ഷേമത്തിനും ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കുന്നതിനും അടിയന്തര പരിഗണന നല്‍കി സത്വര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിൻ്റെ മുഖഛായ തന്നെ മാറ്റുവാന്‍ തക്കവണ്ണമുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കു പ്രധാന കാരണം നമ്മുടെ പ്രവാസികളുടെ പ്രയത്‌നമാണ് എന്ന സത്യം എല്ലാവരും അഗീകരിക്കും. പലപ്പോഴും പ്രതികൂല സാഹചര്യങ്ങളില്‍ കഷ്ടതകളുടെ നടുവില്‍ നിന്നുകൊണ്ടാണ് നമ്മുടെ നാടിൻ്റെ സമഗ്ര വികസനത്തിനായി അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സാഹചര്യങ്ങള്‍ അനുകൂലമെന്ന് കേന്ദ്ര ഗവണ്‍മെന്റ് വിലയിരുത്തുന്ന സാഹചര്യത്തില്‍ എത്ര വിപുലമായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടി വന്നാലും കേരള ഗവണ്‍മെന്റ് അതിന് സന്നദ്ധമാണെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. ഇന്ന് കൊറോണയ്ക്ക് എതിരായ പ്രതിരോധത്തിനും ചികിത്സയ്ക്കും നമ്മുടെ നാട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു എന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍ അതിന്റെയെല്ലാം ഗുണം ലഭിക്കത്തക്ക വിധം, തിരികെ വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കുവാനും അവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും നമുക്ക് കടമയുണ്ട്. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ആവും വിധം സഹകരിക്കുവാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സന്നദ്ധമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.

ആശുപത്രികളും സ്ഥാപനങ്ങളും വിട്ടുനല്‍കുവാന്‍ സന്നദ്ധം’ -പരിശുദ്ധ ബാവാ