EditorialOVS - Latest News

ലോകത്തിനു മാതൃകയായി കേരളം വീണ്ടും…

എഡിറ്റോറിയൽ:
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അത്യാധുനിക ലോകത്തിനു ഭാവനയിൽ പോലും സങ്കൽപ്പിക്കാൻ കഴിയാത്ത ആഴത്തിലുള്ള പ്രതിസന്ധിയിലാണ് വികസന – വിക്വസര – അവികിസിത രാജ്യങ്ങളൊക്കെയും. വിജ്ഞാനത്തിലും, സമ്പത്തിലും, സാങ്കേതിക വിദ്യയിലും, കൃതിമ സുരക്ഷിത ബോധത്തിലും വിശ്വസിച്ചിരുന്ന മനുഷ്യർ അതിസൂക്ഷ്മമായ ഒരു വൈറസിന് മുന്നിൽ ഒരു മൂന്നാം ലോകമഹായുദ്ധത്തിൽ എന്നപോലെ ഇന്ന് ഭീതിയോടെയും, ഉത്കണ്ഠയോടെയും അടച്ചു പൂട്ടിയിരിക്കുന്നു. പരിമിതികളും, പരിധികളുമില്ലാതെ രാജ്യങ്ങളും അതിലെ പൗരന്മാരും മത്സരബുദ്ധിയോടെയും, ചൂഷണ മനോഭാവത്തോടെയും, ആർത്തിയോടെയും മതിമറന്നു അടരാടിയപ്പോൾ, തിരിച്ചറിവിനായി ഒരു വൈറസ് വേണ്ടി വന്നു. അതേ, ഈ അതിവേഗ ലോകത്തിനു ഒരു നിശ്ചലത അനിവാര്യമായിരുന്നു എന്ന് പ്രകൃതി നമ്മെ ഓർമിപ്പിക്കുന്നു (Yes , The world needs a break). കോവിഡ് -19 എന്ന വുഹാൻ കൊറോണ വൈറസ് ലോകമൊക്കെയും അതിവേഗം അദൃശ്യമായി സഞ്ചരിച്ചപ്പോൾ അത് നമ്മുടെ രാജ്യത്തും, കേരളത്തിലുമെത്തി. ഇവിടെയാണ് ഈ മഹാ വിപത്തിനെ കൃത്യമായി കണ്ടെത്തി, പിന്തുടർന്ന് സാധ്യമായ എല്ലാ കരുത്തോടെയും നേരിട്ട് വിജയിക്കുന്ന മലയാള നാട് ഇന്ന് ദേശ വ്യത്യസമില്ലാതെ ഓരോ കേരളീയനെയും അഭിമാനത്തോടെ ലോകത്തിനു മുന്നിൽ ഒരിക്കൽ കൂടെ നിർത്തുന്നു. പരിമിതമായ സാഹചര്യങ്ങൾക്കുള്ളിലും, നേരിടുന്ന രാഷ്ട്രീയ അവഗണനയ്ക്കിടയിലും നമ്മുടെ കേരളം ലോകത്തിനു ആശ്ചര്യമായി, ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായി ആരോഗ്യരംഗത്തു സുവർണ കിരണങ്ങളോടെ ശോഭിക്കുന്നത്, ഇന്നലെവരെ കേരളത്തിനെ മോശമായി പറഞ്ഞിരുന്ന വിദേശ മലയാളികളെയും, ഉത്തരേന്ത്യൻ മാധ്യമങ്ങളെയടക്കം സകല ദോഷദൃക്കുകളുടെയും വായടിപ്പിക്കുന്നതാണ്.

A leader is one who knows the way, goes the way, and shows the way. (John Calvin Maxwell – American Author & Speaker)

നമ്മുടെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, കേരളത്തിൻ്റെ പ്രിയങ്കരിയായ ആരോഗ്യമന്ത്രി ശ്രീമതി. ഷൈലജ ടീച്ചറും മുന്നിൽ നിന്ന് നയിക്കുകയും, ആരോഗ്യ പ്രവർത്തകരും, പോലീസും, ഭക്ഷ്യ – പൊതുവിതരണ വകുപ്പും രാപകൽ ഭേദമന്യേ അദ്ധ്വാനിച്ചുമാണ് കേരളത്തെ ഈ കൊടിയ വിപത്തിൽ നിന്നും രക്ഷിച്ചു നിർത്തുന്നതും, രാജ്യം മുഴുവനും അടച്ചു പൂട്ടി ഇരിക്കുമ്പോഴും വറുതിയില്ലാതെ ജീവിക്കാൻ കേരളത്തിന് കരുത്താക്കുന്നതും. കൊറോണ മൂലമുള്ള മരണനിരക്കിലും, രോഗ നിർണ്ണയ പരിശോധനയിലും, രോഗം പടരാതെ തടയുന്നതിലും, പ്രായമായവരെയും, വിദേശികളെയുമടക്കം മികച്ച രീതിയിൽ ചികിത്സിക്കുന്നതിലും, അന്യസംസ്ഥാന തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പു വരുത്തുന്നതിലുമടക്കം കേരളം അസൂയാവഹമായ നേട്ടമാണ് കൈവരിച്ചത്. അത്യാധുനിക സമ്പന്ന രാജ്യങ്ങളും, ഇന്ത്യയിലെ മറ്റു വ്യവസായ സംസ്ഥാനങ്ങളുമൊക്കെയും കൊറോണ വൈറസിന് മുന്നിൽ അടിയറവ് പറയുമ്പോഴാണ് കേരളം ഒരു മാതൃകയായി ലോകത്തിനു മുന്നിൽ നിവർന്നു നിൽക്കുന്നത്. ഇന്ത്യയിൽ ജീവിത നിലവാരത്തിലും, ഹ്യൂമൻ ഇൻഡക്സിലും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന്, പതിറ്റാണ്ടുകളായി കേരളം വിവിധ സർക്കാരുകളുടെ കീഴിൽ ആർജിച്ച ആരോഗ്യ – വിദ്യാഭാസ – പൊതുവിതരണ ശൃംഖലയുടെ കരുത്തും, ആഴവും, നാം അഭിമുഖീകരിക്കുന്ന ഓരോ പ്രതിസന്ധിയിലും വലിയ സഹായകമാണ്. എങ്കിലും നിപ്പാ വൈറസ് കാലഘട്ടത്തിലും, പ്രളയ പ്രതിസന്ധിയിലും നാം അനുഭവിച്ച ദീർഘവീക്ഷണവും , കരുതലും, പ്രതിരോധവും അതിലും തീക്ഷ്ണമായി ഇപ്പോഴും നാം അനുഭവിക്കുകയും, ആശങ്കകളില്ലാതെ ജീവിക്കാനും കഴിയുന്നുണ്ടെങ്കിൽ അതിന് ഒരേയൊരു അവകാശി ജനാഭിമുഖ്യമുള്ള നമ്മുടെ സർക്കാരും അതിൻ്റെ മികച്ച നേതൃതവുമാണ്.

“If your actions inspire others to dream more, learn more, do more and become more, you are a leader. (John Quincy Adams – 6 th president of the United States from 1825 to 1829).

കേരളത്തെ, ലോകത്തിനു മാതൃകയായി ഈ പോരാട്ടത്തിൽ വിശ്രമില്ലാതെ നയിക്കുന്ന മുഖ്യമന്ത്രി ശ്രീ .പിണറായി വിജയനെയും, ആരോഗ്യമന്ത്രി ശ്രീമതി. ഷൈലജ ടീച്ചറെയും മുക്തകണ്ഠം പ്രശംസിക്കാനും, നന്ദി പറയാനും ഈ അവസരം ഉപയോഗിക്കുന്നു. ഒപ്പം നമ്മുടെ ആരോഗ്യ രംഗത്ത് സൈന്യത്തെ പോലെ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സിംഗ് ജീവനക്കാർ, വിവിധ ആരോഗ്യ പ്രവർത്തകർ, ക്ലീനിങ് സ്റ്റാഫ്, ജനത്തെ നിയന്ത്രിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുന്ന പോലീസ് ഡിപ്പാർട്ട്മെന്റ് എന്നിവരോടുമുള്ള സ്നേഹവും ഐക്യദാർഢ്യവും അറിയിക്കുന്നു. ബഹുമാനപ്പെട്ട സർക്കാരിൻ്റെയും , പോലീസ് – ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിക്കാനും അവരെ ആവുംവിധം സഹായിക്കാനും പൊതുജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

സാമൂഹിക ക്ഷേമത്തിൻ്റെയും, ആരോഗ്യ പരിപാലനത്തിൻ്റെയും പേരിൽ “ദൈവത്തിൻ്റെ സ്വന്തം നാട്” എന്ന വിളിപ്പേരുള്ള നമ്മുടെ കേരളവും, മലയാളിയും ഒരു “മികച്ച ബ്രാൻഡായി” വീണ്ടും ലോകത്തിനു മുന്നിൽ തെളിയിക്കപ്പെടുകയാണ്. ഇവിടെ നാം, മലയാളികൾ മത – ജാതി – രാഷ്ട്രീയ ഭേദമന്യേ ഒന്നായി ഈ വിപത്തിനെ തടയാൻ ഭരണകൂടത്തിന് ഒപ്പം പ്രവർത്തിക്കുന്നത് പോലെ തന്നെ, കേരളത്തിൻ്റെ നന്മയും, സവിശേഷതകളും, സാധ്യതകളും ലോകത്തിനു ആവുംവിധം പരിചയപെടുത്താൻ ഈ അവസരം നന്നായി ഉപയോഗിക്കണം എന്നും അഭ്യർത്ഥിക്കുന്നു. നാം ഓരോരുത്തരും കേരളത്തിൻ്റെ പ്രചാരകരായി സ്വയം മാറേണ്ട സമയമാണ്, കാരണം കോവിഡാനന്തര കാലത്തിൽ കേരളത്തിനും, മലയാളികൾക്കും വലിയ സാധ്യതകളും, വിപണി മൂല്യവും ഉണ്ടാകും. നാം ഓരോരുത്തരും ലോകത്ത് എവിടെയായാലും, ഏതെങ്കിലും തരത്തിൽ അതിൻ്റെ ഗുണഭോക്താവായിത്തീരും എന്ന് തിരിച്ചറിയുക.

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ
13 .04 .2020