OVS - ArticlesOVS - Latest News

കോവിഡാനന്തര സഭ ?

പ്രിയരേ, ലോകം കോവിഡ് ഭീതിയിൽ നിസ്സഹായമായി നിൽക്കുമ്പോൾ കുടിൽ മുതൽ കൊട്ടാരം വരെ ഇത:പര്യന്തം ഉണ്ടായിട്ടില്ലാത്ത കടുത്ത ആശങ്ക ആണ്. അമേരിക്കയും യൂറോപിയൻ സമ്പന്ന രാഷ്ട്രങ്ങളും ഉൾപ്പെടെ ലോകത്തെ മിക്ക രാജ്യങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും അനിശ്ചിതത്വത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. മാസങ്ങളോളം രാജ്യം അടച്ചുപൂട്ടുന്ന അതീവ ഗുരുതരമായ പ്രതിസന്ധിയാണിത്. കാർഷിക ഉല്പാദനവും വ്യാവസായിക ഉല്പാദനവും അവശ്യ സർവീസുകൾ ഒഴികെയുള്ള സേവന രംഗങ്ങളും നിശ്ചലമായിരിക്കുന്നു. 700 കോടിയോളം വരുന്ന ലോകജനസംഖ്യയെ തീറ്റിപ്പോറ്റാനുള്ള ഭക്ഷ്യ ഉൽപാദനം എങ്ങനെ ഉണ്ടാവുമെന്ന് എല്ലാവരും ആശങ്കപ്പെടുന്നു.

ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുവാൻ പോകുന്നത് ഭാരതം പോലുള്ള വികസ്വരരാഷ്ട്രങ്ങളെയാണ്. ആഭ്യന്തര ഉത്പാദനം തുലോം ചുരുക്കമായ നമ്മുടെ കേരളത്തിൻ്റെ ഭാവി ഒരു ചോദ്യ ചിന്ഹമാണ്. കേരളത്തിൻ്റെ റവന്യൂ പ്രധാനമായും മദ്യവിൽപനയിൽ നിന്നും ലോട്ടറി വില്പനയിൽ നിന്നും ആണ്. ഈ രണ്ടു വരുമാന മാർഗങ്ങളും ഇപ്പോൾ അടഞ്ഞിരിക്കുകയാണ്. അടുത്ത മാസം സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനില്ലാതെ ഖജനാവ് കാലിയായിരിക്കുന്നു. കേരളത്തിലെ ഭക്ഷ്യഉല്പാദനം എത്രയെന്നു നമുക്ക് അറിയാം. തമിഴ്‌നാട്ടിൽ നിന്നോ ആന്ധ്രയിൽ നിന്നോ ഭക്ഷ്യ വസ്തുക്കൾ എത്തിയില്ലെങ്കിൽ കേരളം പട്ടിണിയാകും. കേരളത്തെ താങ്ങി നിറുത്തിയിരുന്ന വിദേശ പണത്തിൻ്റെ ഒഴുക്കും ഏറെക്കുറെ നിലക്കുന്ന മട്ടാണ്. 17 ലക്ഷത്തിൽ അധികം വരുന്ന പ്രവാസി മലയാളികളുടെ ഭാവി പ്രവചനാതീതമാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടേക്കാം. അനേകം പേർ കേരളത്തിൽ തിരിച്ചെത്താനാണ് സാധ്യത. കേരളത്തിൻ്റെയും ഭാരതത്തിൻ്റെയും തൊഴിൽ മേഖല വലിയ പ്രതിസന്ധിയെ നേരിട്ടേക്കും. 1930-നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നമുക്ക് മുൻപിൽ ഉള്ളത് എന്ന് അന്താരാഷ്ട്ര നാണ്യനിധി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകജന സംഖ്യയുടെ 30 ശതമാനത്തിൽ അധികം പട്ടിണിയിൽ ആകും എന്നും ആധികാരിക റിപ്പോർട്ടുകൾ വന്നുകൊണ്ടിരുന്നു. തികഞ്ഞ സാമ്പത്തിക അച്ചടക്കത്തിൻ്റെയും ചെലവ് ചുരുക്കലിൻ്റെയും നാളുകളാണ് ഇനി നമുക്ക് മുൻപിൽ ഉള്ളത്‌. പുതിയ ഒരു യുഗം തന്നെ ആരംഭിക്കുകയാണ്. “കോവിഡനന്തര ലോകം” എന്ന പുതിയ ലോകത്തേക്കാണ് ലോക്ക്ഡൌൺ കഴിഞ്ഞു നാം പ്രവേശിക്കുന്നത്. സാമ്പത്തിക /സാമൂഹ്യ /സാംസ്‌കാരിക / രാഷ്ട്രീയ മേഖലകളിൽ വൻമാറ്റങ്ങൾ ആണ് നമ്മെ കാത്തിരിക്കുന്നത്. മത വിശ്വാസങ്ങളെയും ആചാരങ്ങളെയും കൊറോണ ബാധിക്കുവാൻ പോകുന്നത് ഏതു വിധത്തിലാകുമെന്നു പ്രവചിക്കുക വയ്യ. ഒന്ന് ഉറപ്പിക്കാം, മത വിശ്വാസങ്ങളെയും ഇതുവരെ തുടർന്ന് വന്ന ചില സമ്പ്രദായങ്ങളെയും ഈ ചരിത്ര സംഭവം ആഴത്തിൽ തന്നെ സ്വാധീനിക്കും.

ഞാൻ ഇത്രയും എഴുതിയത് ലോകത്തു സംഭവിക്കുവാൻ പോകുന്ന അഭൂതപൂർവമായ മാറ്റങ്ങൾ സംബന്ധിച്ച് ഒരു സഭയായി നാം ഏതു വിധത്തിൽ ഒരുങ്ങേണം എന്ന് ചൂണ്ടിക്കാണിക്കുവാനാണ്. കോവിഡ് അനന്തര സഭ എന്ന ചിന്തകൾ നമ്മിൽ ഇപ്പോഴേ ഉണ്ടാവുകയും അതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും വേണം. മാറുന്ന ലോകത്തിൻ്റെ ഗതിക്കു അനുസരിച്ചു ഒഴിച്ച് കൂടാനാവാത്ത എന്തൊക്കെ മാറ്റങ്ങളാണ് സഭയിൽ ഉണ്ടാവേണ്ടത് എന്ന് ആലോചിച്ചു തുടങ്ങാം. മനുഷ്യ ജീവിതത്തിൻ്റെ സമസ്‌ത മേഖലകളെയും പിടിച്ചുലയ്ക്കുന്ന ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ സഭയിലും ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിൻ്റെയും അലകൾ ഉയരണം. സഭയുടെ പൊതുവായ കാര്യം എടുത്താൽ ഈ വർഷം ആരംഭിക്കുവാനോ വികസിപ്പിക്കുവാനോ വിഭാവനം ചെയ്യപ്പെട്ടിരുന്ന പല പദ്ധതികളും പൂർണമായോ ഭാഗികമായോ ഉപേക്ഷിക്കേണ്ടി വരും. സഭയുടെ പ്രധാന വരുമാന സ്രോതസ്സായ കാതോലിക്കാ ദിനപ്പിരിവ് ഒരു പൈസപോലും സമാഹരിക്കാനോ അയക്കാനോ സാധിച്ചിട്ടില്ല. കാതോലിക്കാദിനം തന്നേ ആചരിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇത് ഒരു ഉദാഹരണം മാത്രം. ഇതൊക്കെ പ്രതീക്ഷിച്ചു അവതരിക്കപ്പെട്ട സഭാ ബഡ്‌ജറ്റ്‌ പോലും ആ നിലയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കില്ല. ഇത് സഭയുടെ പൊതുവായ കാര്യമാണെങ്കിൽ, ഇടവകകളുടെ കാര്യം അതിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒട്ടു മിക്ക ഇടവകകളിലും 2020 -21 ലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുക്കുവാൻ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുത്തവർക്കു തന്നേ ചാർജ് ഏൽക്കുവാനും കഴിഞ്ഞിട്ടില്ല. ഈ വർഷത്തെ ഇടവക ഭരണം സംബന്ധിച്ച് ഈ അനിശ്ചിതത്വം നിലനിൽക്കുന്നു. ലോക്ക് ഡൗണും നിയന്ത്രണങ്ങളും ഒക്കെ മാറ്റി ദേവാലയങ്ങളിൽ ആരാധന പൂർവസ്ഥിതിയിൽ എന്ന് നടത്താൻ കഴിയും എന്നു പോലും ഒരു നിശ്ചയവും ഇല്ല. ഇന്നത്തെ സ്ഥിതിയിൽ ജൂൺ മാസം വരെയെങ്കിലും അതിനുള്ള സാധ്യത കാണുന്നില്ല . അപ്പോൾ പിന്നെ ഈ സാമ്പത്തിക വർഷത്തേക്കുള്ള ആസൂത്രണവും നടപ്പാക്കലും ഒക്കെ ഏതു വിധത്തിലാകുമെന്നു പറയുക വയ്യ. എങ്കിലും ഇടവകകൾ ഈ വർഷം (ഈ വർഷവും മുന്നോട്ടും) ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എഴുതുന്നു.

1). പള്ളികളിൽ വരാൻപോകുന്ന സാമ്പത്തിക ഞെരുക്കം പരിഗണിച്ചു ഒരു ചെലവു ചുരുക്കൽ മോഡിലേക്ക് ഇടവകകൾ പോകണം. (വൈദീകരുടെ പുതിക്കിയ ശമ്പള സ്കെയിൽ പരി. ബാവാതിരുമേനി തൽക്കാലത്തേക്ക് മരവിപ്പിച്ചു എന്നത് അതിൻ്റെ ഒന്നാമത്തെ പടിയായി കാണണം)
2). അത്യാവശ്യമില്ലാത്ത എല്ലാ പിരിവുകളും ഇടവകകളിൽ നിറുത്തി വയ്ക്കണം.
3). കോവിഡ് അനന്തര സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടു ജീവിതം വഴിമുട്ടിയവർ, ചികിത്സക്ക് പണമില്ലാതെ കഷ്ടപ്പെടുന്നവർ മുതലായവരെ കരുതുന്ന, സഹായിക്കുന്ന സംവിധാനങ്ങൾ എല്ലാ ഇടവകകളിലും ഉണ്ടാകണം.
4). അടിയന്തരമായി ചെയ്തു തീർക്കേണ്ട നിർമാണങ്ങൾ ഒഴികെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കണം.
5). ഇടവക ഏതു പരിശുദ്ധൻ്റെ നാമത്തിൽ സ്ഥാപിച്ചിരിക്കുന്നുവോ ആ പരിശുദ്ധൻ്റെ പെരുന്നാൾ മാത്രം ആചരിക്കുക. അതും ഏറ്റവും ലളിതമായും അനാർഭാടമായും മാത്രം. മറ്റേതു പരിശുദ്ധൻ്റെയോ പിതാക്കന്മാരുടെയോ പെരുനാളോ ശ്രാദ്ധമോ വി. കുർബാന മധ്യേയുള്ള പ്രാർത്ഥനയും ധൂപാർപ്പണവും മാത്രമായി ചുരുക്കുക.
6). വിവാഹം, ശവസംസ്‌കാരം, മാമോദീസാ, വിവാഹനിശ്ചയം, അടിയന്തിരങ്ങൾ മുതലായവയോട് അനുബന്ധിച്ച ചടങ്ങുകൾക്ക് അനാവശ്യമായ ആൾക്കൂട്ടവും ആർഭാടവും ഒഴിവാക്കുവാൻ വിശ്വാസികളെ നിരന്തരമായി ബോധവൽക്കരണം നടത്തുക.
7). ആദിമ സഭയുടെ (അപ്പോസ്തോല പ്രവർത്തികളിൽ നാം വായിച്ചറിയുന്ന) ക്രിസ്തു കേന്ദ്രീകൃതമായ, ദൈവകേന്ദ്രീകൃതമായ ഒരു സംവിധാനമായി സഭ മാറുക. ആദിമ സഭയുടെ സത്യബോധത്തിലേക്കും വിശ്വാസതീഷ്ണത, സംഭ്രാതൃത്ത്വം, നൈർ മ്മല്യം എന്നിവയിലേക്കും തിരിച്ചു വരുവാൻ ശ്രമിക്കുക.
8). എല്ലാ തലങ്ങളിലും തികഞ്ഞ സാമ്പത്തിക അച്ചടക്കം പാലിക്കുക.
9). ന്യൂ ജനറേഷൻ കുട്ടികളെയും യുവ്വജനങ്ങളെയും സഭയിലേക്കു കൂടുതൽ ചേർത്ത് നിറുത്തുന്നതിനുള്ള വഴികൾ ആലോചിച്ചു നടപ്പിലാക്കുക. സഭ ഇനി മുന്പോട്ടു നയിക്കേണ്ടവർ അവരാണ്‌ .

(കോവിഡ് എന്ന മഹാമാരി ലോകചരിത്രം തന്നെ തിരുത്തി എഴുതുമ്പോൾ സഭയിൽ ഉണ്ടാവേണ്ട അനിവാര്യമായ ചില മാറ്റങ്ങൾ സംബന്ധിച്ച് ചില ചിതറിയ ചിന്തകൾ എഴുതിയെന്നു മാത്രം. ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്. ഈ ദിശയിലുള്ള സൃഷ്ടി പരമായ ചിന്തകളെയും അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നു )

സ്നേഹപൂർവ്വം,
പി. എ. ഫിലിപ്പ് അച്ചൻ , കോട്ടയം

പുതിയ ആകാശം, പുതിയ ഭൂമി !!!