OVS - Latest NewsTrue Faith

ഇറക്കിവിട്ട സത്യം.

ധ്യാനം അല്ല, അധ്യാസനമാണെന്ന്‌ ആദ്യമേ സൂചിപ്പിക്കട്ടെ!

1) പ്രജ്ഞാപരാധം.
ഇറക്കിവിട്ട സത്യം അലഞ്ഞു തിരിയുന്ന കാഴ്ചയാണ് വലിയ വെള്ളിയാഴ്ചയിൽ കാണുന്നത്. ഹന്നാൻ, കയ്യാപ്പാ, പീലാത്തോസ്, ഹെരോദാവ്‌, വീണ്ടും പീലാത്തോസ്. അവസാന നിമിഷം വരെ ഉദ്വേഗജനകമായ എത്ര നീതിപീഠങ്ങൾ… നീതിയുടെ കൈകൾ ബന്ധിതമായാൽ സത്യം പെരുവഴിയിലാണെന്ന് പണ്ടേ പഠിപ്പിച്ചവൻ ക്രിസ്തുവാണ്. നീതിയെ പിടിച്ചുകെട്ടിയവർക്ക് അനീതി കൂലിയായി കിട്ടിയത് പിൽക്കാല ചരിത്രം.

ഇനി എന്തായിരുന്നു ആക്ഷേപം അഥവാ പെറ്റീഷൻ?. ഏതു കാരണത്താലായിരുന്നു ക്രിസ്തു പിടിക്കപ്പെട്ടത്? സാക്ഷികളുടെ വായ് അടഞ്ഞ പല പൊളികളും യഹൂദകോടതിയിൽ ആരോപിക്കപ്പെട്ടു (വി.മത്താ 26.60).

ദൈവപുത്രൻ ചമയുന്നു എന്നൊരു ആരോപണമുണ്ടായി (എങ്കിലേ ദൈവദൂഷണത്തിൻ്റെ വകുപ്പിൽ യഹൂദശിക്ഷയുള്ളൂ). റോമൻ കോടതിയിലെത്തിയപ്പോൾ മറ്റൊരു തരത്തിലായി അത്‌, യഹൂദന്മാരുടെ രാജാവ്! (രാജ്യദ്രോഹക്കുറ്റം റോമൻവകുപ്പിൽ). ആർപ്പുകൾക്കിടയിൽ പ്രതി ഭാഗത്തുനിന്നും ഒരൊറ്റ ന്യായീകരണ ശബ്ദംപോലും ഉയരാതിരുന്നിട്ടും സത്യത്തിൻ്റെ മുഖം തിരിച്ചറിയാൻ പീലാത്തോസിനെ കഴിഞ്ഞു. ”ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല…” നമസ്കാരക്രമത്തിൽ പീലാത്തോസ് ഓർക്കപ്പെടുന്നത് കാലഗണനയുടെ പേരിലാണെങ്കിലും ഈ ധർമ്മത്തിൻ്റെ പിൻബലവുമുണ്ടെന്നാണ് എളിയ പക്ഷം – വിശ്വാസപ്രമാണം.

ഇവിടെ കാതലായ ഒരു വസ്തുത യുണ്ട്. ആദർശങ്ങൾ പുറത്തേക്ക് എത്തി നോക്കുന്നതിനേക്കാൾ എളുപ്പമാണ് ആക്ഷേപങ്ങൾക്ക് അതിർത്തി ഭേദിക്കാൻ. സത്യം ചെരുപ്പിടുമ്പോൾ കള്ളം മൈലുകൾ താണ്ടും എന്ന് വകഭേദം.

മാന്യതയുടെ അലക്കിത്തേച്ച കവണികളും പരദൂഷണത്തിൻ്റെ അദൃശ്യവിഴുപ്പുകളും പേറി ജൈത്രയാത്ര തുടരുന്നവർ ഇന്നും കയ്യാപ്പായുടെ അരമനകളിൽ കെട്ടിക്കിടക്കുന്ന മാലിന്യത്തിലെ മശകങ്ങൾ… പ്രജ്ഞാപരാധം (അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റ്) എന്നല്ലാതെന്ത് ന്യായം ?

2). ചെറു മുള്ളെങ്കിലും…
40 തികയാത്ത പെരുംചാട്ടയുടെ അടി നൽകി വിട്ടയയ്ക്കാനായിരുന്നു ആദ്യ ഉത്തരവ്. പടയാളികളുടെയും സഹചരൻമാരുടെയും കൈത്തരിപ്പ് തീർത്ത ശേഷമാണ് ആണ് ഇങ്ങനെ ഒരു വിധിയെന്നും ഓർക്കുക. നീളം കുറഞ്ഞ കുറ്റിയിൽ കെട്ടി ഒരു മൃഗത്തെപ്പോലെ താഴ്ത്തി നിർത്തും കുറ്റിയിൽ തട്ടി ഒരു അടിപോലും പാഴാകരുതെന്ന് സാരം. തീർന്നില്ല ഉമിനീരുകൊണ്ട് അന്ധന് വെളിച്ചം പകർന്നവന് തുപ്പലിൻ്റെ ആട്ട്. സ്നേഹപ്രകടനത്തിന് കൽപ്പിച്ചു നൽകിയ കവിളിൽ നിർദ്ദയപ്രഹരങ്ങൾ. ആദം മുതൽ ചെയ്ത പാപങ്ങളുടെ കണക്കെണ്ണി ഏറ്റെടുത്ത പീഡനപർവം. മുറിഞ്ഞൊലിച്ച ക്രിസ്തുശരീരം fb യിൽ പോസ്റ്റ് ചെയ്ത്, ‘മസാല പുരട്ടിയ കോഴി ‘എന്ന് ഒരു മിത്രം അടിക്കുറിപ്പോടെ എഴുതിയത് സഹതാപത്തോടെ അവഗണിക്കുന്നു. വായനയും പഠിപ്പും ഉള്ളവരെ അടിസ്ഥാനപരമായി ശ്രദ്ധിക്കാം. ”ക്രിസ്തു ജീവിച്ചിരുന്നു എങ്കിൽ കണ്ണീർ കൊണ്ടല്ല, ചങ്കിലെ ചോര കൊണ്ട് ഞാൻ ആ പാദങ്ങൾ കഴുകുമായിരുന്നു”. എന്ന് സ്വാമി വിവേകാനന്ദൻ.  (വിവേകാനന്ദ സാഹിത്യ സർവ്വം)

തങ്ങൾക്ക് പൂമെത്തകൾ ഒരുക്കുവാൻ ക്രിസ്തു ഇങ്ങനെയൊക്കെ സഹിച്ചു എന്ന് തെറ്റായി വാദിക്കുന്നവരുണ്ട്. ഒാർക്കണം ഇതൊരു വഴിയാണ്-ക്രിസ്തുമാർഗം. കുന്തമേറ്റിട്ടും ഇഴഞ്ഞിഴഞ്ഞ് ദിനങ്ങൾ നീക്കി മൈലാപ്പൂരിൽ പുണ്യമൃതി നേടിയ മാർത്തോമാ മാർഗം. സ്തോത്രം പറഞ്ഞു ക്ഷീണിച്ച വായ്കൾക്ക് അവധി കൊടുത്തു ഒരു ചെറിയ മുള്ളെങ്കിലും കൊള്ളാൻ കാലമായി. കഴിഞ്ഞ 50 ദിവസത്തെ നോമ്പിൻ്റെ സഹയാത്ര ക്രിസ്തുവിനൊപ്പം ആയിരുന്നില്ലേ? നാവുകൾക്കും രുചികൾക്കും അയ്യോ കഷ്ടം എന്ന് വിലപിക്കുന്ന കാലം വരുന്നു!

3). അനിഷ്ടസത്യങ്ങൾ
പറുദീസ പരസ്യമായി പ്രഖ്യാപിച്ചു നൽകിയിട്ടും പേരിന് പോലും ഒരു ചാപ്പൽ സ്ഥാപിക്കപ്പെടാതെ പോയവനാണ് വാമഭാഗത്തെ കള്ളൻ. ചോര കണ്ടുമടുത്തവൻ ഞെട്ടിയത് രക്തച്ചാലുകൾ കണ്ടിട്ടായിരുന്നില്ല, പെരുങ്കള്ളന് (ബറബാസ്) സ്വാതന്ത്ര്യം കൊടുത്തും നീതിജ്ഞനെ അവമതിക്കുന്ന ഭരണകൂടഭീകരത കണ്ടിട്ടാണ്. കൊതുകിനെ അരിച്ചും ഒട്ടകത്തെ വിഴുങ്ങിയും… പ്രിയപ്പെട്ട തെറ്റുകൾക്ക് പരിവേഷം ചാർത്തിയും അനിഷ്ടസത്യങ്ങളെ പടിയടച്ചുപിണ്ഡം വെച്ചും നാം മുന്നോട്ട്… വലതുഭാഗത്തെ കള്ളൻ അവസാനമായി ചെയ്ത മോഷണം കൂടി അടിവരയിട്ടു ഓർക്കണം. ആരുമറിയാതെ ക്രിസ്തുവിൻ ഹൃദയം മോഷ്ടിച്ചു കളഞ്ഞു. ഹാ! അങ്ങനെയൊരു കള്ളനെങ്കിലും ആയാൽ മതിയായിരുന്നു.

4). മനമറിഞ്ഞ് മറിയം
അമ്മയ്ക്ക് മുന്നേ മകൻ കടന്നുപോകുന്ന അഭിശപ്ത നിമിഷമായിരുന്നു അമ്മയുടേത്. പരസ്യശുശ്രൂഷയ്ക്ക് ക്രിസ്തു പുറപ്പെട്ടു പോകുന്നതിൻ്റെ തലേദിവസം മറിയയുടെ ആത്മസംയമനത്തോടെയുള്ള കിടക്ക വിരിയ്ക്കൽ, ഭക്ഷണം വിളമ്പൽ, എന്നീ ചെയ്തികളും നാളെ മുതൽ തൻ്റെ മകൻ പൊതുസ്വത്താണെന്ന ബോധവും… എഴുതിയത് കെ.പി. കേശവമേനോനാണ്. ഇവിടെയും സ്ഥിതചിത്തയായി മറിയം. കുരിശിൻ്റെ വഴിയിൽ മാടപ്രാവിനെപ്പോലെ കരയുന്ന മറിയയുടെ വിലാപകാവ്യം പുരോഹിതൻ ചൊല്ലുമ്പോൾ നെടുവീർപ്പിടാത്തവർ ആരുണ്ട്? സ്നേഹത്തിൻ്റെ കണ്ണീരും ആത്മ ധൈര്യത്തിൻ്റെ ആലോചനകളുമായി പിന്നെയങ്ങോട്ട് പെന്തിക്കോസ്തി വരെ ശിഷ്യ സമൂഹത്തിന് തലയാളായി, ക്രിസ്ത്യാനികളുടെ ആദിരൂപമായി (Prototype) വി. മറിയം. വചനമാം ദൈവത്തെ ഗർഭത്തിൽ രൂപപ്പെടുത്തിയ അമ്മ, വലിയ വെള്ളിയാഴ്ചയിലെ മഹനീയധ്യാനം തന്നെയാണ്.

5). ഒരനുഭവം വേണം.
വൈകിയെത്തിയ വിവേകമാണ് ശതാധിപൻ്റേത്. ഒടുവിലെങ്കിലും തിരിച്ചറിഞ്ഞവൻ. ശേഷിയുള്ള 100 പടയാളികളുടെ തലവനാണയാൾ. അനുഭവംകൊണ്ട് തിരിച്ചറിയുന്നവൻ അന്വേഷിയാണ്. ശുഭകരമായ തുടക്കം. ഇടവക രജിസ്റ്ററിലെ പേരിൻ്റെ ആനുകൂല്യത്തിൽ സ്വർഗ്ഗരാജ്യം പ്രതീക്ഷിച്ചിരിക്കുന്നവർക്ക് ഒരു തിരിച്ചടിയാണീ ഭാഗം. നിങ്ങളിൽ 100 പാളിച്ചകൾ ഉണ്ടെങ്കിലും ഒരു അനുഭവം ഉണ്ടാകാൻ കൊതിയോടെ കർത്താവ് കാത്തിരിക്കുന്നുണ്ട്. (ഫില .20)

6). കുരിശു ചമയ്ക്കുന്ന…
വിശുദ്ധ നഗരം ഇന്ന് ഒരു കച്ചവട ഭൂമികൂടിയാണ്. പക്ഷേ ചില കാഴ്ചകൾ ഹൃദയസ്പർശിയാണ് തലയോട്ടികൾ കൊണ്ട് നിറഞ്ഞ കൊലക്കളം (തലയോടിടം) വിശുദ്ധ നഗരമായത് ആകാശത്തേയും ഭൂമിയേയും യോജിപ്പിച്ച ഒരു കുരിശിൻ്റെ ആദർശത്തിലാണ്. ഇനി മനുഷ്യപുത്രൻ സമാഗതമാകുമ്പോൾ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന അടയാളവും കുരിശു തന്നെ (വി.മത്തായി. 24: 30)

കുരിശു ധരിച്ചവരും (സന്യാസികൾ) കുരിശിനു കീഴെ ഒരുമിച്ചു കൂടിയവരും (പള്ളിയിൽ കൂടുന്ന വിശ്വാസികൾ) വിശുദ്ധരായിത്തീർന്ന കാഴ്ചയാണ് പണ്ടുണ്ടായിരുന്നത്. വിശുദ്ധിയെ മറന്നും മറെച്ചും കുരിശുകൾ ആയി തുടരാതിരിക്കാം.

കേവലം 24 മണിക്കൂർ ഉള്ള ഒരു വെള്ളിയാഴ്ച മറ്റേത് ദിവസത്തേക്കാളും വലുതാകുന്നത് ആ ദിനം മനുഷ്യരാശിയ്ക്കു നൽകിയ വിശാലമായ മാർഗ്ഗത്തെ മുൻനിർത്തിയാകുന്നു. വലിയ വെള്ളിയാഴ്ച എന്ന പ്രയോഗം മലങ്കരയുടെ പാരമ്പര്യത്തിൽ സജീവമാണ്.

പാഠഭേദങ്ങൾ ഒന്നുമില്ല. ഈ വലിയ വെള്ളിയാഴ്ച കുരിശിൻ്റെ വഴിയിൽ പങ്കെടുക്കാൻ നാമുണ്ടാവില്ല. പക്ഷേ ഈ മഹാത്യാഗത്തെ പ്രതി ഒരു ഊടുവഴിയെങ്കിലും തുറക്കാൻ ധൈര്യമുണ്ടോ എന്നതാണ് കാതലായ ചോദ്യം?

-മുകളിലച്ചൻ
frthomasp@gmail.com