OVS - Latest NewsTrue Faith

“പെസഹ ധ്യാനം”

ജീവനായകാ, എനിക്കായി മുറിക്കപ്പെട്ട അപ്പമായി സമർപ്പിച്ച അങ്ങയെ ഞാൻ സ്തുതിക്കുന്നു. അങ്ങയുടെ കൈകളിൽ ഇരിക്കുവാൻ ഭാഗ്യം ലഭിച്ച അപ്പക്കഷണത്തിനായി അദ്ധ്വാനിച്ചവരെ ഞാൻ അനുസ്മരിക്കുന്നു. ഗോതമ്പ് ചെടിക്കായി രാപ്പകൽ അദ്ധ്വാനിച്ച കർഷകർ, വെയിലത്തും മഴയിലും ജോലി ചെയ്തവർ, കൊയ്ത്തുകാർ, പാകം ചെയ്തവർ ഇവരൊക്കെ എൻ്റെ മനതാരിലൂടെ കടന്നുപോകുന്നു. അവരുടെ അദ്ധ്വാനം അങ്ങയുടെ കൈകളിൽ ഇരിക്കുന്നത് കാണുവാൻ പോലും ഭാഗ്യം ലഭിച്ചില്ലെങ്കിലും അവർ അനുഭവിച്ച ആത്മ നിർവൃതി എത്രയോ ശ്രേഷ്ഠമായിരിക്കും. അതുവരെയുള്ള അവരുടെ അദ്ധ്വാനത്തിന് ലാഭരഹിതമായ ഒരു ലാഭമാണല്ലോ അങ്ങ് നൽകിയത്. എൻ്റെ ദൈവമേ, ബലഹീനരായ ഞങ്ങൾ ഒത്തിരി അദ്ധ്വാനിക്കുന്നു, പരിശ്രമിക്കുന്നു, എന്നിട്ടും കുറവുള്ളവർ ആയ ഞങ്ങളുടെ അദ്ധ്വാനവും പരിശ്രമവും അങ്ങയുടെ കൈയിലെ അപ്പമാകാനുള്ള പക്വതയും ശ്രേഷ്ഠതയും കൈ വരാത്തതിനെ ഓർത്തു ഞാൻ ദുഃഖിക്കുന്നു. ജീവനായകാ, ഭൗതീകമായി ധാരാളം ഞാൻ നേടിയില്ലെങ്കിലും എൻ്റെ അദ്ധ്വാനത്തെ അങ്ങേക്ക് തൊടുവാനുള്ള അനുഭവമാക്കി തീർക്കേണമേ. സ്നേഹനാഥാ, അങ്ങയുടെ ബലിവസ്തുവിനായി അദ്ധ്വാനിച്ച ഒരുപാട് വ്യക്തിത്വങ്ങളെ ഞാൻ മറന്നു. ഭൗതികതയുടെ ആധിക്യത്തിനിടയിൽ സമർത്ഥരുടെ പുറംമോടികൾക്ക് നടുവിൽ ഓർക്കേണ്ടവരെ ഞാൻ ഓർക്കാതെ പോയി. സമൂഹത്തിൻ്റെ നന്മയ്ക്കായി അദ്ധ്വാനിക്കുന്ന അടിസ്ഥാന വർഗ്ഗങ്ങളെ, ദരിദ്രരെ, കർഷകരെ, കഠിനാദ്ധ്വാനികളെ അർഹിക്കുന്ന പ്രാധാന്യത്തോടെ ഓർത്തിട്ടില്ല. ഭക്തിയുടെ ആഘോഷത്തിനിടയിൽ കാര്യസാധ്യത്തിനായി ആലങ്കാരിക വാക്കുകൾ കൊണ്ട് പലരെയും പുകഴ്ത്തിയിട്ടുണ്ട്. പ്രതിസന്ധികളിൽ ജീവിക്കുന്നവർ, നിസ്സാരരെന്ന് തള്ളിയവർ, യഥാർത്ഥത്തിൽ കണ്ണുനീരിൽ കുതിർന്ന ജീവിതാനുഭവം കൊണ്ട് ലോക നന്മയ്ക്കായുള്ള അപ്പം ചുടുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ലല്ലൊ. എനിക്കുവേണ്ടി പ്രാർത്ഥിച്ച, നിന്ദനം സഹിച്ച് നൊമ്പരം ഏറ്റവർ തങ്ങളുടെ നിലവിളിയാൽ അങ്ങയുടെ കൈകളിൽ ഏൽപ്പിച്ച അപ്പത്തെ അങ്ങ് മാനിച്ചതിനാലാണ് എൻ്റെ ജീവിത തന്ത്രികൾ സ്വരം മുഴക്കുന്നത് എന്ന തിരിച്ചറിവ് എനിക്ക് തരണമേ.

സ്നേഹ നായകാ, പഴയനിയമ പെസഹായുടെ മാറ്റൊലികൾ മുഴങ്ങിക്കൊണ്ടിരുന്ന സമയത്ത് “ശ്ലീഹന്മാരെ വിളിച്ച്‌ പെസഹാ ഒരുക്കുവാൻ ആവശ്യപ്പെട്ട അങ്ങയെ ഞാൻ ധ്യാനിക്കുന്നു”. എവിടെ ഒരുക്കും എന്ന സംശയം ഉണ്ടായിട്ടും അങ്ങ് പറഞ്ഞതുപോലെ പോകുവാനും കൽപ്പിച്ച മാളിക കണ്ടെത്തുവാനും അവർക്ക് സാധിച്ചല്ലോ?. മറുചോദ്യം ഉയർത്താതെ അങ്ങയുടെ ശിഷ്യർ പോയതിനെ പ്രാർത്ഥനയോടെ ഞാൻ ഓർക്കുന്നു. ശിഷ്യർക്കറിയാത്ത, പേര് വെളിപ്പെടുത്താത്ത ഗൃഹസ്ഥനോട് അങ്ങേയ്ക്ക് ഉണ്ടായിരുന്ന സ്വാതന്ത്ര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. ആ മനുഷ്യൻ വിരിച്ച് ഒരുക്കിയ മാളിക കാണിച്ചു തരുമെന്ന് അങ്ങേക്ക് തികഞ്ഞ വിശ്വാസത്തോടെ പറയുവാൻ സാധിച്ചല്ലോ?. എൻ്റെ ശ്ലീഹന്മാരുമായി പെസഹാ ഭക്ഷിക്കുവാനുള്ള ശാല എവിടെയെന്ന് തികഞ്ഞ സ്വാതന്ത്ര്യത്തോടെ ആരായുവാനും അങ്ങ് തയ്യാറായല്ലോ?. ജീവനായകാ ഞങ്ങളോട് തികഞ്ഞ സ്വാതന്ത്ര്യത്തോടെ ചോദിപ്പാനും വിശ്വസിപ്പാനും അങ്ങേക്ക് തോന്നുന്ന രീതിയിലുള്ള ജീവിതാനുഭവം തരേണമേ. എനിക്ക് അങ്ങയിൽ വിശ്വാസവും സ്വാതന്ത്ര്യവുമുള്ള പ്രകാരം അതെ സ്വാതന്ത്ര്യവും വിശ്വാസവും അങ്ങേക്ക് നൽകുവാൻ എന്നെ പ്രാപ്തനാക്കേണമേ. “അബ്ബാ പിതാവേ” എന്ന പുത്രത്വത്തിൻ്റെ ആത്മാവിനെ തന്നവനെ, നിനക്കായി വിരിച്ചൊരുക്കപ്പെട്ട മാളികയായി എന്നെ തീർക്കേണമേ. അങ്ങേക്കായി ഒരുക്കപ്പെടുവാനായി കുത്തഴിഞ്ഞുകിടക്കുന്ന എൻ്റെ ജീവിത ശാലയെ ക്രമീകരിക്കേണമേ. അലങ്കരിക്കുവാനുള്ള എല്ലാ വസ്തുതകളും അങ്ങ് തന്നിട്ടുണ്ടെങ്കിലും പാപാസക്തികളെന്നിൽ വരുത്തിക്കൂട്ടിയ ബലഹീനതകൾ മൂലം പലതും സ്ഥാനം മാറികിടക്കുന്നു. അങ്ങ് തന്നെ ക്രമീകരിക്കേണമേ. ആഡംബര ശാലകൾ ഞങ്ങൾ പണിഞ്ഞെങ്കിലും വാതിലിൽ മുട്ടുന്ന അങ്ങേക്കായി ഒരു മുറി, അല്പം സമയം, പണം, ബുദ്ധി ഇവ മാറ്റി വയ്ക്കാതെ പോയതിൽ പശ്ചാത്തപിക്കുന്നു.

സ്നേഹനാഥാ, എൻ്റെ ജീവിതത്തിന് വഴിത്തിരിവും വെളിച്ചവും ആകേണ്ട വഴിത്താരകളിലേക്ക് എന്നെ നയിക്കേണമേ. ശ്ലീഹർക്കടയാളമായി ഒരുകുടം വെള്ളം ചുമന്നുകൊണ്ടുപോയവനേ കല്പിച്ചാക്കിയവനേ, എനിക്കായി കല്പിച്ചാക്കിയ അടയാളങ്ങളെ കാണാതെ പോയതോർത്ത് ഞാൻ ദുഖിക്കുന്നു. ജീവിതത്തിൽ ദുഖങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും പരാജയങ്ങളും ശിക്ഷകളും ഒക്കെ തിരുത്തലുകളായി അങ്ങ് തന്നെങ്കിലും അതിനിടയിൽ ഉള്ള വഴിത്താര കാണാൻ പറ്റാതെ പോയല്ലോ? ഞാൻ ആഗ്രഹിച്ച വഴികാട്ടികൾ സമ്പന്നരും ഉന്നതരും പണ്ഡിതന്മാരുമായിരുന്നു എന്ന് പശ്ചാത്താപത്തോടെ സമ്മതിക്കുന്നു. പലപ്പോഴും എൻ്റെ യാത്രക്ക് ധൃതി കൂടുതലാരുന്നുവല്ലോ? വെള്ളം ചുമന്ന് പതിയെ പോയ അങ്ങയുടെ അടയാളത്തോടൊപ്പം പതിയെ നടക്കുവാൻ എനിക്ക് സാധിച്ചില്ലല്ലോ? ധൃതികൂടിയ, കവർന്നെടുക്കുവാൻ ആഗ്രഹിക്കുന്ന, ലാഭവുമായി ജീവിക്കുന്നവരുടെ ഇടയിൽ എൻ്റെ ദൈവമേ, നീ ഏല്പിച്ച ആത്മീക കുടവുമായി, സഹനതയുമായി, പ്രാർത്ഥനയുമായി മന്ദം മന്ദം യാത്ര ചെയ്യുന്ന ആത്മീകരുടെ കാലടികളെ, വിശുദ്ധരുടെ പന്ഥാവുകളെ, നിർമലരുടെ വഴിത്താരകളെ പിന്തുടരുവാൻ എനിക്കിടയാകേണമേ. സിദ്ധരുടെ കാലടികൾ എന്നെ അങ്ങയുടെ വിരിച്ചൊരുക്കിയ സ്വർഗീയ മണിയറയിൽ എത്തിക്കുമെന്ന വിശ്വാസം എനിക്ക് നൽകേണമേ?. ആത്മ ജലവുമായി വരണ്ട മാനസങ്ങളെ, പ്രകൃതിയെ, ജീവജാലങ്ങളെ പോഷിപ്പിക്കുവാൻ ഇടയാകേണമേ. അങ്ങ് ശ്ലീഹർക്ക് നൽകിയ അപ്പത്തിൻ്റെ രുചിയും വീഞ്ഞിൻ്റെ മാധുര്യവും എൻ്റെ അധരങ്ങളെ പരിപക്വമാക്കേണമേ. തിരുശരീരങ്ങളെ വിശുദ്ധബലിയർപ്പണത്തിലൂടെ എനിക്ക് നല്കുന്നവനേ, ജീവനുള്ള ശരീരമായി, തിരുരക്തമായി എൻ്റെ അധരങ്ങളെ പോഷിപ്പിക്കുന്നവനെ, അങ്ങയുടെ നൊമ്പരവും വേദനയും എന്നെ പശ്ചാത്താപവിവശനാക്കേണമേ. ജീവനാഥാ, താലത്തിൽ കൈ മുക്കുവാൻ അനുവദിക്കുവാൻ അങ്ങ് സ്വാതന്ത്ര്യം നല്കിയവൻ അങ്ങയെ ഒറ്റികൊടുത്തല്ലോ?. സഭാ ജീവിതത്തിലൂടെയും എല്ലാ നന്മകളിലൂടെയും ആയുരാരോഗ്യത്തിലൂടെയും അങ്ങയുടെ അനുഗ്രഹത്തിൻ്റെ താലത്തിൽ നിന്ന് എല്ലാം നൽകിയിട്ടും എൻ്റെ ജീവിതാനുഭവങ്ങൾ അങ്ങയെ നൊമ്പരപ്പെടുത്തുന്നതിൽ ഞാൻ ദുഖിക്കുന്നു. അങ്ങയുടെ അനുഗ്രഹ താലത്തിൻ്റെ മൂല്യം മനസിലാക്കുവാനും എനിക്ക് സംഗതിയാക്കേണമേ.

എൻ്റെ ദൈവമേ, നിങ്ങളിലൊരുവൻ എന്നെ ഒറ്റികൊടുക്കുമെന്നുള്ള അങ്ങയുടെ ശബ്ദം എല്ലാ ശിഷ്യരേയും ഒരുപോലെ വേദനിപ്പിച്ചുവല്ലോ?. “ഞാനോ ഞാനോ” എന്നുള്ള സ്വരം എന്നെ സ്പർശിക്കുന്നു. യൂദാ മൂലം മറ്റുള്ളവരും മനോവേദന അനുഭവിക്കുവാൻ ഇടയായതുപോലെ, നാഥാ, എൻ്റെ ബലഹീനതകളും കുറവുകളും അനേകം സാധുക്കളെ മനോവേദനയിൽ ആക്കുന്നതോർത്ത് വ്യസനിക്കുന്നു. ജീവനാഥാ, എൻ്റെ ബലഹീനതകൾ എൻ്റെ സമൂഹത്തിനും കുടുംബത്തിനും വ്യസനഹേതുവായി തീരരുതേ. “എൻ്റെ പിതാവിൻ്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതിയതായി കുടിക്കും നാൾ വരെ മുന്തിരിയുടെ ഭൗതീക രസം ഞാൻ അനുഭവിക്കുകയില്ല” എന്ന് പറഞ്ഞ് ആ ദിവ്യ വിരുന്നിൽ മുന്തിരി രസം ഉപേക്ഷിച്ച നാഥാ പാപിയായ എനിക്കായി ആണല്ലോ അങ്ങ് അതുപേക്ഷിച്ചത്‌ എന്ന ചിന്ത എന്നെ നൊമ്പരപ്പെടുത്തുന്നു. ബലഹീനനായ എന്നെ അങ്ങയുടെ ദിവ്യ രാജ്യത്തിൽ പന്തിക്കിരുത്തണമെന്ന് അങ്ങ് എന്തുമാത്രം ആഗ്രഹിക്കുന്നു. പിതാവത് അനുവദിക്കുവാനുള്ള അഭൗമീക പിടിവാശി അങ്ങ് ഇതിലൂടെ ഈ പാപിക്കുവേണ്ടി കാണിച്ചല്ലോ?.

എൻ്റെ ദൈവമേ, അങ്ങയെ മനസിലാക്കുന്നതിൽ എനിക്ക് കുറവ് പറ്റിപ്പോയി. ശീമോൻ്റെ വിശ്വാസം പോകാതിരിക്കുവാൻ പ്രാർത്ഥിച്ചവനെ… എനിക്കായി വീഞ്ഞിൻ്റെ രസം ഉപേക്ഷിച്ചവനെ… രക്ഷക്കായി സ്വജീവൻ വെടിഞ്ഞവനെ… ന്യായികരണത്തിനായി ഈ ബലഹീനന് ഒരു ഹേതുവുമില്ല. ഈ ലോകത്തിലെ ആസക്തികളുടെ വിരുന്നിനെ വെടിഞ്ഞ് അങ്ങയുടെ വിരുന്നിനായി കാത്തിരിക്കുവാൻ കൃപ നൽകേണമേ. ലോകവിരുന്നുകൾ സുഖാസക്തികൾ എന്നിൽ നിറക്കുന്നുവെങ്കിലും എൻ്റെ പൊന്നു നാഥാ, എനിക്ക് നിൻ്റെ വിരുന്ന് മതി. ലോക രുചികളെക്കാൾ അങ്ങയുടെ വിരുന്നിൻ്റെ ദിവ്യ രുചി എനിക്ക് നൽകേണമേ… പലതും ആസ്വദിച്ച എൻ്റെ നാവിന് യഥാർത്ഥ രുചി മുകുളങ്ങൾ നഷ്ടമായി. ദൈവമേ എൻ്റെ ജീവിതത്തിന് ദർശനവും ഭക്തിയും സഹനതയും നൽകി നഷ്ടമായ ആത്മഭാവം എന്നിൽ നിറക്കേണമേ.

ബെസലേൽ റമ്പാൻ