നാവുകൊണ്ട് ഇരപിടിക്കുന്നവരും ഉത്തരകൊറോണാക്കാലവും

ശനിപാതം, ഇടിത്തീ വീഴുക എന്നൊക്കെ കേട്ടിട്ടേ ഉള്ളു. പക്ഷേ മലങ്കര സഭയില്‍ ചിലരെങ്കിലും അത് അനുഭവിച്ചറിഞ്ഞത് ലോകമെങ്ങും പടര്‍ന്നുപിടിച്ച കൊറോണോ വൈറസ് ബാധയും അതേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ എന്ന സഞ്ചാര നിയന്ത്രണവും വന്നപ്പോഴാണ്. അതും വലിയ നോമ്പിൻ്റെ രണ്ടാം പകുതിയില്‍! ഒരൊറ്റ വര്‍ഷത്തെ ബംബര്‍ സീസണാണ് ചിലര്‍ക്കു അടിയോടെ പോയത്.

ചിലര്‍ ആരെന്നു മനസിലായില്ലേ? പ. സഭയില്‍ നാവുകൊണ്ട് ഇരപിടിക്കുന്ന ഒരിനം ജീവികളാണ്. പൊതുസമൂഹത്തില്‍ കണ്‍വന്‍ഷന്‍ പ്രാസംഗികര്‍ എന്നാണ് ഈ കുപ്പായധാരികള്‍ അറിയപ്പെടുന്നത്. ലോകമെങ്ങും വിശിഷ്യാ, മൂന്നു നോമ്പ്, വലിയനോമ്പ് കാലങ്ങളില്‍, പറന്നുനടന്ന് വേദവാക്യങ്ങള്‍ തങ്ങള്‍ക്ക് ആദായമാക്കുന്നവര്‍. ഒരു വര്‍ഷം മുമ്പേ നേരിട്ടും ഏജന്റുമാര്‍ മുഖാന്തിരവും ബുക്കിംഗ് സ്വീകരിക്കുന്നവര്‍. ഒഴിവു സമയങ്ങളില്‍ തങ്ങള്‍ക്ക് അധിക വരുമാനത്തിനും നിലവാരമില്ലാത്ത ചെറുകിട ഇരപിടിയന്മാര്‍ക്കുമായി സമീപകാലത്ത് നാട്ടില്‍ ഏര്‍പ്പെടുത്തിയ നോമ്പുകാല പ്രാര്‍ത്ഥനാ സംഗമങ്ങളും വടികുത്തിപ്പോയി. ഇക്കൊല്ലത്തെ ടാര്‍ജറ്റ് എത്തിക്കാനുള്ള കച്ചവടം മുച്ചൂടും മുടിഞ്ഞു. ഉപോല്‍പ്പന്നമായ ധ്യാനങ്ങളും സ്വാഹഃ. പൂര്‍ണ്ണ വ്യാപാരനഷ്ടം!

നിലവാരം എന്നു പറഞ്ഞത് വി.കെ.എന്‍. എന്ന മലയാള ഹാസ്യ സാമ്രാട്ടിൻ്റെ കഥാപാത്രമായ ഇട്ടൂപ്പ് മുതലാളി എന്ന തൃശൂര്‍കാരനായ പുസ്തകപ്രസാധകനും സര്‍വോപരി നസ്രാണിയും ആയ പണ്ഡിത പാരാവാരത്തിൻ്റെ മലയാള നോവലുകളെക്കുറിച്ചുള്ള വിശകലനെത്തെ അധിഷ്ടിതമാക്കിയാണ്. ഇട്ടൂപ്പ് മുതലാളിയുടെ നിഗമനത്തില്‍ മലയാള നോവലുകള്‍ എല്ലാം ത്രികോണങ്ങളാണ്. അതായത് ത്രികോണ പ്രേമങ്ങളുടെ കഥകള്‍. അദ്ദേഹം ഇത്തരം നോവലിസ്റ്റുകളില്‍ സ്റ്റാന്‍ഡാര്‍ഡ് ഉള്ള ഉള്ളതും ഇല്ലത്തതുമായവരെ ഇപ്രകാരം നിര്‍വചിച്ചിട്ടുണ്ട്.

‘…ത്രികോണത്തിൻ്റെ തല്ലാഡാ മ്മടെ സാഹിത്യത്തില്. ഇതിത്തന്നെ രണ്ട് ജാതി എഴുത്തുകാര്ണ്ട്. ഒരു വര്‍ഗ്ഗം, ച്ചിരി നിലവാരാന്ന് പറഞ്ഞ് ചന്ദനസോപ്പ്, കാച്ചിയ എണ്ണ, ഇഞ്ച, താളി, കശപിശ സങ്ങതികളുണ്ടല്ലോ, അതൊക്കെ കാച്ചും. ഈ ബാവനില്ലാത്ത തെണ്ടി ചുമ്മാ ത്രികോണം വരച്ചിടും. ആദ്യത്തോന്‍ സ്റ്റാന്‍ഡാര്‍ഡ്ള്ള എഴുത്തുകാരന്‍. രണ്ടാമത്തോന്‍ അതില്ലാത്ത തെണ്ടി. കാശ് രണ്ടെണ്ണത്തിനും കിട്ടും, ട്ടാ…’

ഒരാഴ്ച എന്ന കഥയില്‍ വ്യാഖ്യാനിക്കുന്ന ഈ ത്രികോണ പ്രേമത്തിൻ്റെ നിര്‍ദ്ധാരണം വര്‍ത്തമാനകാല കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ക്കും ചേരും. ഉചിതമായ ചേരുവകള്‍ മാറ്റി ചേര്‍ത്താല്‍ മാത്രം മതി. ഒന്നു രണ്ടു പ്രസംഗം ബോക്‌സ് ഓഫീസ് ഹിറ്റായാല്‍ മതി. കമ്മീഷന്‍ പറ്റുന്നവരോ അല്ലാത്തതോ ആയ ഏതാനും ഏജന്റുമാര്‍ കൂടി ഉണ്ടെങ്കില്‍ പിന്നങ്ങോട്ടു നിരന്തരം പറക്കാം. കാശുവാരാം നാട്ടിലുള്ളപ്പോള്‍ ദശലക്ഷങ്ങളുടെ വണ്ടിയില്‍ കറങ്ങാം. സഭയില്‍ എന്തെങ്കിലും ഒരു പോസ്റ്റ് ഒപ്പിച്ചെടുത്താല്‍ ആ പേരില്‍ വീണ്ടും നിരക്കുയര്‍ത്താം. നാട്ടിലെ ഇടവക വിട്ട് കറങ്ങി നടക്കുന്നതിനെ ചോദ്യം ചെയ്യുന്നവരെ തൊണ്ണൂറ്റൊമ്പതിനേയും മരുഭൂമിയില്‍ വിട്ടിട്ട് കാണാതെ പോയ ഒരു ആടിനെ തേടിപ്പോയ ഇടയൻ്റെ ഉപമ പറഞ്ഞ് വായടപ്പിക്കാം. എന്തായാലും ലക്ഷംലക്ഷം പിന്നാലെ വരും.

പക്ഷേ ഈ കറക്കംകൊണ്ട് ഒരു ആടിനെ എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞോ എന്നൊന്നും ചോദിക്കരുത്. അതൊക്കെ പുത്തന്‍കാവില്‍ കൊച്ചു തിരുമേനിയുടേയും ഒസ്താത്തിയോസ് തിരുമേനിയുടേയും ഒക്കെ കാലത്തോടെ കഴിഞ്ഞുപോയ പഴംകഥകള്‍. ഇപ്പോള്‍ പ്രതിവര്‍ഷ വെടിവഴിപാട്… കവറ്… അതുമതി.

പക്ഷേ ഇക്കൊല്ലം എല്ലാം പോയില്ലേ? കൊറോണാ വൈറസ് പരന്നതോടെ അതിൻ്റെ സാമൂഹ്യവ്യാപനം തടയാന്‍ ആദ്യം പ. പിതാവ് പള്ളികളില്‍ വി. കുര്‍ബാനയും നമസ്‌ക്കാരവും മാത്രം മതിയെന്നു കല്പിച്ചു. പിന്നാലെ കേരള സര്‍ക്കാര്‍ ദേവലയങ്ങളിലടക്കം ആള്‍ക്കുട്ടം നിരോധിച്ചു. അതിനു പിന്നാലെ കേന്ദ്ര ഗവര്‍ണ്മമെന്റ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു വീട്ടിലിരിക്കാന്‍ പറഞ്ഞു. അവര്‍ക്കൊക്കെ സാമൂഹിക പ്രതിബന്ധത ഉണ്ട്. സമ്മതിച്ചു. പക്ഷേ തൊഴില്‍രഹിതരായ ഈ പാവം പ്രസംഗത്തൊഴിലാളികളുടെ രോദനം അവരാരും ശ്രദ്ധിച്ചില്ല.

അത്യന്താധുനിക വിവര സാങ്കേതിക വിദ്യ ഇത്രയധികം വികസിക്കുകയും കീഴ്ത്തട്ടുവരെ അത് വ്യാപിക്കുകയും ചെയ്ത വര്‍ത്തമാനകാലത്ത് ഫെയ്‌സ്ബുക്ക്, വാട്ട്‌സ്അപ്പ്, യുട്യൂബ് മുതലായ മാദ്ധ്യമങ്ങളിലൂടെ വചനശുശ്രൂഷ നടത്തി തങ്ങളുടെ ഇടയധര്‍മ്മം നിവര്‍ത്തിച്ചുകൂടെ എന്ന് ചില മണ്ടന്മാര്‍ ചോദിച്ചേക്കാം. ഇതിൻ്റെയൊന്നും മുതലാളിമാര്‍ കവര്‍ തരികയില്ലല്ലോ? പിന്നെന്തിനു മിനക്കെടണം? ഏതായാലും ഒരു സീസണ്‍ മൊത്തം പോയി. നഷ്ടം ലക്ഷങ്ങളുടെ. ആരു സഹിക്കും?

ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിനു വളം എന്നൊരു മലയാളം പഴഞ്ചൊല്ല് ഉണ്ട്. പ്രസംഗത്തൊഴിലാളികളുടെ വായ്ക്കരി വീണപ്പോള്‍ നാവുകൊണ്ട് ഇരപിടിക്കുന്ന മറ്റൊരിനം ജീവികള്‍ക്ക് അല്പായുസായിരുന്നെങ്കിലും ഒരു ചാകര വീണുകിട്ടി. സ്വര്‍ഗ്ഗീയ സ്വരം, ദൈവീകശബ്ദം മുതലായ വിശേഷണങ്ങളോടെ വി. കുര്‍ബാനയും ഹൂത്തോമ്മായും ഒക്കെ നവമാദ്ധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുന്ന ജീവികള്‍. ഇവരില്‍ ഒരു നല്ല പങ്ക് മെത്രാന്‍ സ്ഥാനാര്‍ത്ഥികളാണന്നാണ് പിന്നാമ്പുറ സംസാരം. പോസ്റ്റിനു ലൈക്കടിക്കാനും ഷെയര്‍ ചെയ്യാനും ഇവര്‍ക്കൊക്കെ സിനിമാ താരങ്ങളേപ്പോലെ സ്ഥിരം ഫാന്‍സ് ക്ലബുമുണ്ട്. കൊറോണാ പടര്‍ന്നതോടെ ഇവരൊക്കെ വസന്ത പെരുനാളിലേയ്ക്ക് കാല്‍ മാറ്റിചവിട്ടി. ശ്രൂതിമധുരമായ ശബ്ദത്തില്‍ ദൈവമേ അനുഗ്രഹിക്ക… എന്ന വസന്ത പെരുന്നാളിൻ്റെ പ്രദക്ഷിണ ഗീതത്തിൻ്റെ തിരതള്ളലായിരുന്നു നവമാദ്ധ്യമങ്ങളില്‍ കഴിഞ്ഞ കുറെ ദീവസം. കൂട്ടത്തില്‍ പകര്‍ച്ച വ്യാധികളുടെ കാലത്തെ അപേക്ഷയും.

സ്വയം പ്രദര്‍ശിപ്പിക്കാനുള്ള വ്യഗ്രതയും സ്വന്തം ശബ്ദത്തോടു പ്രേമം തോന്നുന്ന സ്വയംപ്രേമം അഥവാ ഒരുതരം നാര്‍സിസസവും മാത്രമായിരുന്നു ഇത്തരം ജീവികളുടെ ചേതോവികാരം എന്നായിരുന്നു ഈ ലേഖകൻ്റെ ധാരണ. അടുത്ത കാലത്താണ് ഇത് അതിവിശാലമായ സാദ്ധ്യതകള്‍ ഉള്ള ഒരു വ്യാപാര മേഖലയാണന്ന് ഈ ലേഖകന് മനസിലായത്. മണ്ടന്‍ മാപ്പിളയെ പറ്റിച്ച് വിവാഹം, മാമോദീസാ, ഭവനകൂദാശ തുടങ്ങിയ പ്രോഗ്രാമുകള്‍ പിടിച്ച്, തടിച്ച കവറുകള്‍ സംഘടിപ്പാക്കാനുള്ള വിപണന-പരസ്യ തന്ത്രം!

ശ്രൂതിമധുരമായ സ്വരം കേള്‍ക്കാന്‍ ഇമ്പമുണ്ട്. സമ്മതിച്ചു. പക്ഷേ അതു മാത്രമേ ദൈവം കേട്ട് ഉത്തരം നല്‍കുകയുള്ളോ? പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്നതുപോലുള്ള ചിലരുടെ ശബ്ദവും ദൈവം തമ്പുരാൻ്റെ ദാനമാണ്. അവരാരും പ്രാര്‍ത്ഥിച്ചാല്‍ അദ്ദേഹം ചെവിക്കൊള്ളുുകയില്ലേ? ഈ ലേഖകന് ഇന്നും മനസിലാകാത്ത ഒരു വിഷയമാണിത്.

ലോക്ക് ഡൗണ്‍ വിലക്ക് വീഴുകയും ഹാശാ ശുശ്രൂഷകള്‍ നിയമം അനുവദിക്കുന്ന പരിമിതാംഗങ്ങളെ വെച്ച് മാത്രം നടത്തിയാല്‍ മതി എന്നു പ. സഭ തീരുമാനം എടുക്കുകയും പ. പിതാവ് ആത് കല്പിക്കുകയും ചെയ്തതോടെ ശ്രുതിമധുര ജീവികള്‍ക്ക് ലോട്ടറി അടിച്ചപോലായി. തങ്ങളുടെ ഹാശാവാര ശുശ്രൂഷകള്‍ വെബ് കാസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങളുടെ തിരക്കിലായിരുന്നു അവര്‍ പോയവാരം. വെറുതെ തെറ്റിദ്ധരിക്കരുത്. സ്വന്ത മഹത്വത്തിനല്ല കേട്ടോ? ഇടവകാംഗങ്ങളുടെ ആത്മീയ പോഷണം ഉദ്ദേശിച്ചു മാത്രമാണേ!

പക്ഷേ അവരുടെ തലയിലും വെള്ളിടി വീണു. പരുമല സെമിനാരിയില്‍ പരമ്പരാഗത യാമങ്ങളിലും സമയത്തും പ. പിതാവ് നടത്തുന്ന ഹാശാവാര ശുശ്രൂഷകള്‍ കേബിള്‍ ടി.വി. വഴി തത്സമയ സംപ്രേഷണം നടത്തുമെന്ന അറിയിപ്പും അതിൻ്റെ സമയക്രമവും പരുമല സെമിനാരിയില്‍ നിന്നും പ്രസിദ്ധീകരിച്ചുകളഞ്ഞു! മാപ്പിള ആണെങ്കില്‍ ദുഃഖവെള്ളിയാഴ്ചയെങ്കിലും പള്ളിയില്‍ പോകുമെന്നാണ് വെയ്പ്പ്. പ. പിതാവിൻ്റെ കല്പനയും രാജ്യത്തിൻ്റെ നിയമവും മൂലം ഇക്കൊല്ലം അതുപോലും സാധിക്കാനാവില്ലല്ലോ എന്നോര്‍ത്ത് വീര്‍പ്പുമുട്ടിയിരുന്നവര്‍ക്ക് ആശ്വാസം പകരുന്ന ഒരു വിജ്ഞാപനം ആയിരുന്നു അത്. കുറഞ്ഞപക്ഷം മദ്ധ്യതിരുവിതാംകൂറിലുള്ളവര്‍ക്കെങ്കിലും വലിയ ടി.വി. സ്‌ക്രീനില്‍ പരുമലയിലെ ഹാശാവാര ശുശ്രൂഷകള്‍ കാണാം. ലോകമെങ്ങും ഗ്രീഗോറിയന്‍ ടി.വി.യുടെ വെബ് കാസ്റ്റ് വഴിയും. കഴിഞ്ഞ മെത്രാന്‍ വാഴ്ചകളും വി. മൂറോന്‍ കൂദാശയും തത്സമയ സംപ്രേഷണം വീട്ടിലിരുന്നു കണ്ട പതിനായിരങ്ങള്‍ക്ക് അതിൻ്റെ സുഖമറിയാം. ഇക്കൊല്ലം പള്ളിയില്‍ പോകാനോ ഹാശാ ശുശ്രൂഷകളില്‍ നെരിട്ട് സംബന്ധിക്കാനോ സാദ്ധ്യമല്ലാത്ത സ്ഥിതിയില്‍ വിശ്വസികള്‍ ആശ്രയിക്കുക ഈ സംപ്രേഷണത്തെ ആയിരിക്കും. ശ്രുതിമധുര ജീവികളുടെ കാര്യം കട്ടപ്പുക!

കൊറോണാ ഭീഷണി ഇന്നല്ലങ്കില്‍ നാളെ മാറും. അതു കഴിയുമ്പോള്‍ മറ്റു ചില ഞാഞ്ഞൂലുകള്‍. തലപൊക്കും. ദൈവശിക്ഷയാണ്, അനുതാപം വേണം, താഴ്മവേണം. അതുകൊണ്ട് ആഘോഷങ്ങള്‍, പെരുന്നാള്‍, പ്രദക്ഷിണം, ഓര്‍മ്മദിനങ്ങള്‍ മുതലായവ നിരോധിക്കണം എന്നു ജല്പിച്ചുകൊണ്ട് ഭൂമിക്കു ഭാരമായ കുറെ വരട്ടു ദയറായിസ്റ്റുകള്‍ കളത്തിലെത്തും. പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രൊട്ടസ്റ്റന്റു മിഷണറിമാരും അന്ത്യോഖ്യന്‍ അഭയാര്‍ത്ഥികളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ഈ വിവരക്കേട് ഒന്നര നൂറ്റാണ്ടുമുമ്പ് മലങ്കര സഭ തള്ളിക്കളഞ്ഞതാണ്. ഈ വരട്ടു ദയറായിസ്റ്റുകള്‍ക്കുമുണ്ട് ചെറിയ തോതില്‍ ഫാന്‍സ് ക്ലബുകള്‍!

തീര്‍ച്ചയായും കൊറോണാക്കാലത്തിനുശേഷം പ. സഭയ്ക്ക് ഒരു പുനരുജ്ജീവനം ആവശ്യമാണ്. പക്ഷേ അതിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ടതും നേതൃത്വം കൊടുക്കേണ്ടതും നാക്കുകൊണ്ട് ഇരപിടിക്കുന്ന ജീവികളും വരട്ടു ദയറായിസ്റ്റുകളുമല്ല. ദയറായിസ്റ്റുകള്‍ എന്നു വിവക്ഷിക്കുന്നത് യഥാര്‍ത്ഥ സന്യാസികളെയല്ല; യഥാര്‍ത്ഥ സന്യാസികള്‍ ഇത്തരം വിവരക്കേട് ജല്‍പ്പിക്കാറില്ല, ഭാരമേറിയ ചുമടുകളെ കെട്ടി ജനത്തിൻ്റെ തലയില്‍ വയ്ക്കാറുമില്ല. കൊന്തയുരുട്ടിയും കയറുപിരിച്ചും രഹസ്യത്തില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകള്‍ തെരുവില്‍ കൂവിയുമല്ല സഭയെ പുനരജ്ജീവിപ്പക്കേണ്ടത്. അതൊക്കെ ദയറാവാസികള്‍ ചെയ്യട്ടെ. മറിച്ച് ഉത്കര്‍ഷയുടെ (Prosperity)-യുടെ പ്രവാചകന്മാരെയാണ് ഇന്ന് സഭയ്ക്കാവശ്യം. വിലാപങ്ങള്‍ പാടി നടക്കുന്നവരെയും രട്ടിലും വെണ്ണീറിലും കിടക്കാന്‍ മാത്രം ഉപദേശിക്കുന്നവരേയുമല്ല ഇന്നും നാളെയും സഭയ്ക്കാവശ്യം, മറിച്ച് ശക്തിയുടെ സന്ദേശം നല്‍കുന്ന യെശയ്യാവിനെ പോലെയുള്ളവരേയാണ്.

പ. പിതാവ് കഴിഞ്ഞദിവസം യെശയ്യാ പ്രവാചകനെ ഉദ്ധരിച്ചു: രക്ഷിക്കാന്‍ കഴിയാത്തവിധം യഹോവയുടെ കൈ കുറുകിയിട്ടില്ല: കേള്‍ക്കാന്‍ കഴിയാത്തവിധം അവൻ്റെ ചെവി മന്ദമായിട്ടുമില്ല. (59: 1) എന്ന് ഉദ്‌ബോധിപ്പിച്ചു. അതു വിശ്വസിക്കണം. യെശയ്യാവ് പറയുന്നു: അപ്പോള്‍ നിൻ്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിൻ്റെ മുറിവുകള്‍ക്ക് വേഗത്തില്‍ പൊറുതി വരും. നിൻ്റെ നീതി നിനക്കു മുമ്പായി നടക്കും. യഹോവയുടെ മഹത്വം നിൻ്റെ പിമ്പില്‍ സംരക്ഷണമായിരിക്കും. (58: 8) അദ്ദേഹം വീണ്ടും പറയുന്നു: എഴുനേറ്റു പ്രകാശിക്കുക; നിൻ്റെ പ്രകാശം വന്നിരിക്കുന്നു. യഹോവയുടെ തേജസും നിൻ്റെമേല്‍ ഉദിച്ചിരിക്കുന്നു (60: 1) ഈ പ്രസാദാത്മക (Optimistic) സന്ദേശമാണ് ഇനി പ്രാവര്‍ത്തികമാക്കേണ്ടത്.

ഉത്തര കൊറോണാക്കാലത്ത് പ്രസംഗത്തൊഴിലാളികളും ദയറായിസ്റ്റുകളും മാറി നില്‍ക്കട്ടെ. പകരം നമുക്ക് പള്ളികളിലേയ്ക്കു മടങ്ങാം. അവിടെ സങ്കീര്‍ത്തനക്കരന്‍ പറയുന്നതുപോലെ; കര്‍ത്താവിനെ അവൻ്റെ ശുദ്ധസ്ഥലത്തു സ്തുതിപ്പീന്‍. അവൻ്റെ ശക്തിയുടെ ആകാശത്തട്ടില്‍ അവനെ സ്തുതിപ്പീന്‍. അവൻ്റെ വല്ലഭത്വത്തില്‍ അവനെ സ്തുതിപ്പീന്‍. അവൻ്റെ ശ്രേഷ്ടതയുടെ ബഹുത്വത്തില്‍ അവനെ സ്തുതിപ്പീന്‍. കൊമ്പിൻ്റെ ശബ്ദത്താല്‍ അവനെ സ്തുതിപ്പീന്‍. തമ്പുരുകളാലും വീണകളാലും അവനെ സ്തുതിപ്പീന്‍. തപ്പുകളാലും ചതുരത്തപ്പുകളാലും അവനെ സ്തുതിപ്പീന്‍. മാധുര്യമുള്ള കമ്പികളാല്‍ അവനെ സ്തുതിപ്പീന്‍. നാദമുള്ള കൈത്താളങ്ങളാല്‍ അവനെ സ്തുതിപ്പീന്‍. ശബ്ദത്തീലും ആര്‍പ്പുവിളിയാലും അവനെ സ്തുതിപ്പീന്‍. എല്ലാ ശ്വാസവും കര്‍ത്താവിനെ സ്തുതിക്കട്ടെ. (150: 1-5 പശീത്ത)

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 04 ഏപ്രില്‍2020)

വല്യപള്ളീല്‍ വികാരിത്വവും ഊരുതെണ്ടെല്‍ ഉദ്യോഗവും!

error: Thank you for visiting : www.ovsonline.in