OVS - Latest NewsTrue Faith

കർതൃദിനങ്ങൾ ലോക്ക്ഡൗൺ ആകുമ്പോൾ

ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിൽ ആയിരുന്നു ഞായറാഴ്ച മിക്ക വൈദികരും. വിശുദ്ധ ത്രോണോസിൽ ചുംബനം നൽകി മടങ്ങിയ ഒരു വൈദികനും ആഗ്രഹിക്കാത്ത ഒരു സാഹചര്യം.

ഇങ്ങനെ വീട്ടിൽ ഇരുന്ന് ഞായറാഴ്ച ആരാധനയ്ക്ക് പകരം പ്രാർത്ഥിക്കേണ്ട അവസ്ഥ ഉണ്ടായപ്പോഴാണ് രോഗികളായും പ്രായാധിക്യമുള്ളരായും ഉള്ള ഒട്ടേറെ വിശ്വാസികളെ കുറിച്ച് കാതലായ ഒരു ചിന്ത ഉടലെടുത്തത്. ദൈവാലയം അന്യമായപ്പോഴാണ് അങ്ങനെയുള്ളവരെ പറ്റി ചിന്തിച്ചത് എന്ന വിമർശനവും സ്വീകരിക്കുന്നു. എന്തായാലും കർതൃദിവസം ഭവനങ്ങളിൽ നമസ്കരിക്കുവാൻ നമുക്കൊരു ക്രമം അനിവാര്യമല്ലേ?.

വിശുദ്ധകുർബാന ഇല്ലാത്ത ദിനങ്ങളിൽ യാമപ്രാർത്ഥനകൾ പൂർത്തീകരിച്ച ശേഷം ‘നിൻ മാതാവ് വിശുദ്ധന്മാർ… (കുർബ്ബാന ക്രമം പരസ്യമായ ഒന്നാം ഭാഗം) പാടി, കൗമാ ചൊല്ലി, വിശ്വാസപ്രമാണത്തോടെ അവസാനിപ്പിക്കുന്ന രീതിയാണ് സാധാരണയായുള്ളത്. ചിലയിടങ്ങളിൽ രഹസ്യ പ്രാർത്ഥനകൾ കൂടി ചൊല്ലാറുണ്ട്.

എന്നാൽ വിശുദ്ധ കുർബാന ക്രമത്തിലെ മറ്റു പരസ്യ ഭാഗങ്ങൾ സന്ദർഭോചിതമായി നമുക്ക് ഉപയോഗിച്ചുകൂടേ?. ആധികാരികമായ ഒരു പ്രസ്താവന ഒന്നുമല്ല ഈ പറയുന്നത്, അതിനാളുമല്ല. സൂചനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു എന്നു മാത്രം.

യാമപ്രാർത്ഥനകൾക്ക് ശേഷം പഴമ വായന സമയത്തെന്ന പോലെ എല്ലാവർക്കും ഇരുന്ന് വേദഭാഗങ്ങളായ അനുതാപ സങ്കീർത്തനങ്ങൾ, (അധ്യായങ്ങൾ -6, 32, 38, 51, 102, 129, 142) ആ ദിവസത്തെ പ്രത്യേക വേദവായനാ ഭാഗം, (വേദവായനാകുറിപ്പ്) വിശുദ്ധ കുർബാനയെ സ്മരിക്കുന്ന വേദഭാഗം (1കോരി. 11) ഇവകൾ വായിക്കാവുന്നതല്ലേ?.

തുബ്ദേനുകൾ (കുർബ്ബാനക്രമം- പരസ്യഭാഗം, മൂന്നാം അധ്യായം പേജുകൾ 193-197) വളരെ അർത്ഥ പൂർണ്ണമായി ഭവനത്തിൽ ഈ ദിനം ഉപയോഗിക്കാം. കാരണം അത് മുഴുവൻ മധ്യസ്ഥ പ്രാർത്ഥനകൾ ആണ്. ആറാം തുബ്ദേനിൽ മാത്രമാണ് ഈ പരിശുദ്ധ മദ്ബഹാ, ഈ പള്ളി… എന്നൊക്കെ സൂചനകൾ. സാർവ്വലൗകിക പ്രാർത്ഥനകൾ എന്ന നിലയിൽ അങ്ങനെ തന്നെയോ, അല്ലെങ്കിൽ എല്ലാ മദ്ബഹകളിൽ നിന്നും എല്ലാ പള്ളികളിൽനിന്നും എന്നാക്കിയും ചൊല്ലാം.

അനുതാപ കീർത്തനം എന്ന നിലയിൽ ”അൻപുടയോനേ….” എന്ന ഗീതം പാടുന്നതിൽ (പേജ് 199) അപാകതയുണ്ടെന്ന് തോന്നുന്നില്ല. ഭവന കൂദാശകളുടെ പഴയ ക്രമത്തിലും ഈ ഗീതം കാണുന്നുണ്ട്. ഏറ്റവും അനുയോജ്യമായ ഒന്നായി ലുത്തിനിയായെ കാണണം. (പേജ് 202-205) വി. കുർബാനകളിൽ ചിലപ്പോൾ ഒന്നെങ്കിലും വായിക്കാറുണ്ട്. ഭവനത്തിലുള്ള ആരാധനാ ദിവസങ്ങളിൽ ഇത് മുഴുവൻ വായിക്കുന്നത് അനുഗ്രഹകരമാണ്.

മാതാവിനെയും വിശുദ്ധന്മാരെയും പരേതരെയും ഓർത്തുകൊണ്ട്. ‘‘മശിഹാ രാജോത്ഥാനത്താൽ…” എന്ന ഗീതം പാടുന്നത് നമ്മെ കൂടുതൽ സംസർഗ്ഗ ബോധമുള്ളവർ ആക്കും. (വി. കുർബാനക്രമം അനുബന്ധം 14. കുക്കിലിയോന് പകരം ചൊല്ലാവുന്ന ഗീതം.)

വിശ്വാസപ്രമാണവും കർതൃപ്രാർത്ഥനയും (സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…) ഒടുവിൽ നടത്തുന്നത് ആരാധനാപരമായ ഒരു സമാപ്തി തന്നെയാണ്.

യേശുനാമകീർത്തനം (കുറിയേലായിസോൻ, ഞങ്ങളുടെ കർത്താവേ ഞങ്ങളോട് കരുണ ചെയ്യണമേ…ഇത്യാദി ആവർത്തിച്ചു ചൊല്ലുന്നത്.) യാമപ്രാർഥനകൾക്ക് ശേഷമോ ഒടുവിലായോ ചൊല്ലുന്നത് അല്പനേരം കൂടി ധ്യാനനിമഗ്നരാകേണ്ടവർക്ക് വളരെ ഉപകാരപ്രദമാണ്.

വിശേഷ ദിവസങ്ങളുടെ പ്രാർത്ഥന, (പ്രാർഥനാ ക്രമം അഥവാ പാമ്പാക്കുട നമസ്കാരം പേജ് 46- 57). സാംക്രമിക രോഗങ്ങളുടെത് (ടി. ഗ്രന്ഥം 436-438) സഭാ ദിനം (ടി. ഗ്രന്ഥം 440-443) ഇതൊക്കെ കൂട്ടി ചേർക്കാവുന്നതുമാണ്.

എല്ലാ ഞായറാഴ്ചയും ഇങ്ങനെ ആയിരിക്കും എന്ന അർത്ഥത്തിലല്ല. ഞായറാഴ്ചകളിൽ ഭവനങ്ങളിൽ കഴിയുന്നവർക്ക് വേണ്ടിയെങ്കിലും ഇങ്ങനെയൊരു മാർഗ്ഗരേഖ ആരാധനയുടെ ഒരു ആത്മസംതൃപ്തി നൽകുമെന്നാണ് ലേഖകന്റെ പക്ഷം. അനുഭവതലത്തിൽ നിന്നുമാണ് ഈ കുറിപ്പ്. (ഗ്രന്ഥങ്ങളിലെ പേജുകൾക്ക് വിവിധ പതിപ്പുകളിൽ വ്യത്യാസം കണ്ടേക്കാം).

-ഫാ.തോമസ് പി. മുകളിൽ (മുകളിലച്ചൻ)