OVS - Latest NewsOVS-Kerala News

സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് ദൈവാലയ ശുശ്രൂഷകള്‍ ക്രമീകരിക്കണം: പരിശുദ്ധ  ബാവാ

ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയില്‍ നിന്ന് ലോകത്തെ രക്ഷിക്കണമെ എന്ന് കാരുണ്യവാനായ ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥന നിര്‍വിഘ്നം തുടരുവാന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി ഭാരതത്തിന്റെ ബഹു. പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണും, സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും നിയമപാലകരും നല്‍കുന്ന നിര്‍ദ്ദേശങ്ങളും എല്ലാ സഭാമക്കളും നിഷ്ഠയോടെ പാലിക്കണം. മറ്റുരാജ്യങ്ങളില്‍ വസിക്കുന്നവരും അതാതു പ്രദേശത്തെ ഭരണാധികാരികളുടെ ആഹ്വാനങ്ങള്‍ ഗൗരവമായി കണക്കാക്കണം. നാല്‍പതാം വെള്ളിയാഴ്ച മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെയുള്ള കാലം സഭയെ സംബന്ധിച്ച് അതിപ്രധാനമായ കാലഘട്ടമാകയാല്‍, മേല്‍ സൂചിപ്പിച്ച നിബന്ധനകള്‍ പാലിച്ചുകൊണ്ടുതന്നെ താഴെ പറയും വിധം പ്രസ്തുത കാലത്തെ ശുശ്രൂഷകള്‍ ക്രമീകരിക്കേണ്ടതാണ്.

1. വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ ശുശ്രൂഷകള്‍ നടത്തേണ്ടതാണ്.
2. അഭിവന്ദ്യ പിതാക്കന്മാര്‍ മെത്രാസന കേന്ദ്രങ്ങളിലെ ചാപ്പലുകളിലും അല്ലെങ്കില്‍ അവര്‍ ഇപ്പോള്‍ ആയിരിക്കുന്ന സ്ഥലത്തെ ദേവാലയങ്ങളിലും ബഹു. വൈദികര്‍ ഇടവകപള്ളികളിലും അവശ്യം വേണ്ട ശുശ്രൂഷകരുടെ മാത്രം (ആകെ 4 പേരില്‍ കൂടരുത്) പങ്കാളിത്തത്തോടെ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കേണ്ടതാണ്.
3. പ്രധാന കാര്‍മ്മികരും ശുശ്രൂഷകരും ഇക്കാലയളവില്‍ പള്ളിമുറിയില്‍ത്തന്നെ താമസിക്കുവാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതാണ്.
4. അഭിവന്ദ്യ പിതാക്കന്മാര്‍ പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കണം.
5. ഉചിതമായ സമയക്രമം പാലിച്ചുകൊണ്ട് ശുശ്രൂഷകള്‍ നടത്തേണ്ടതാണ്. പ്രദക്ഷിണങ്ങള്‍ ദൈവാലയത്തിനുള്ളില്‍ കാര്‍മ്മികനും ശുശ്രൂഷകരും ചേര്‍ന്ന് നടത്തിയാല്‍ മതിയാകും.
6. ഈ ദിവസങ്ങള്‍ പൂര്‍ണ്ണ സമയം പ്രാര്‍ത്ഥനാ നിമിഷങ്ങളായി മാറ്റുന്നതിന് കുടുംബങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇടവകകളിലെ ശുശ്രൂഷകള്‍ വിശ്വാസികള്‍ക്ക് വേണ്ടി ലൈവ് ആയി സംപ്രേഷണം ചെയ്യുന്നത് ഉചിതമായിരിക്കും. അല്ലാത്തപക്ഷം പരുമല പള്ളിപോലെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള തത്സമയ സംപ്രേഷണത്തില്‍ ഇടവകജനങ്ങള്‍ സജീവമായി പങ്കുചേരണം. ഭവനങ്ങളില്‍ നിന്നുകൊണ്ട് ആരാധനയില്‍ പങ്കാളികളാകുന്നവര്‍ ആരാധനാക്രമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പ്രാര്‍ത്ഥനകളിലും ആരാധനാഗീതങ്ങളിലും പങ്കെടുക്കണം. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ യാമപ്രാര്‍ത്ഥനകളും മറ്റും കുടുംബത്തിലുള്ള എല്ലാവരും ചേര്‍ന്ന് നടത്തുകയും, വേദവായനകള്‍ക്ക് കൂടുതല്‍ സമയം വിനിയോഗിക്കുകയും ചെയ്യണം.

ഉയര്‍പ്പ് പെരുനാള്‍ വരെയുള്ള ശുശ്രൂഷകള്‍ സംബന്ധിച്ച് പൊതുവായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നുവെങ്കിലും അതത് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും യാത്ര, മതപരമായ ചടങ്ങുകളുടെ നടത്തിപ്പ് എന്നിവയെക്കുറിച്ച് അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുവാനും മേല്‍ പരാമര്‍ശിച്ചിരിക്കുന്ന പൊതു നിര്‍ദ്ദേശങ്ങളോടു ചേര്‍ന്ന് അതത് ഭദ്രാസന മെത്രാപ്പോലീത്താമാര്‍ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുവാനും ഏവരും ശ്രദ്ധിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.

ആശുപത്രികളും സ്ഥാപനങ്ങളും വിട്ടുനല്‍കുവാന്‍ സന്നദ്ധം’ -പരിശുദ്ധ ബാവാ