കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളി കോടതി അലക്ഷ്യ കേസ് എറണാകുളം ജില്ലാ കളക്ടർ 25 ന് ഹാജരാകണം.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട കോതമംഗലം മാർത്തോമൻ ചെറിയപള്ളിയെ സംബന്ധിച്ചുള്ള കോടതി ഉത്തരവുകൾ നടപ്പാക്കിയേതീരു എന്ന് ഹൈക്കോടതി അസന്നിദ്ധമായി വ്യക്തമാക്കി. 1995 -ലെയും 2017 -ലെയും ബഹു. സുപ്രീം കോടതി വിധികൾ ഈ പള്ളിക്ക് ബാധകമാണെന്നും തുടർന്ന് രണ്ടു വട്ടം കേരള ഹൈക്കോടതി ആവർത്തിച്ച് വിധി പ്രഖ്യാപിക്കുകയും അതിൻമേലുള്ള റിവിഷൻ പെറ്റീഷനുകൾ രണ്ടുവട്ടം തള്ളുകയും ചെയ്ത സാഹചര്യത്തിൽ ഇപ്പോൾ വിധി പ്രഖ്യാപിച്ച ഹൈക്കോടതി ഉത്തരവ് അന്തിമമാണെന്നും അത് എങ്ങനെ നടപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്ന പ്രകാരം നടപ്പാക്കണമെന്നും സ്റ്റേറ്റ് അറ്റോർണിയോട് കോടതി വ്യക്തമാക്കി. 2019 ഡിസംബർ 3-ന് പുറപ്പടുവിച്ച ഈ ഉത്തരവ് കഴിഞ്ഞ 3 മാസമായി നടപ്പാക്കാതിരിക്കുന്നത് സർക്കാരിനും സ്‌റ്റേറ്റ് അറ്റോർണിക്കും നാണക്കേട് ഉളവാക്കുന്നതല്ലേ എന്നും കോടതി വാക്കാൽ പരാമർശിച്ചു. ഇത്തരം പെറ്റീഷനുകളിൽ എന്ത് ഉത്തരുവകൾ ഉണ്ടാകുമെന്ന് മനസ്സിലാക്കേണ്ടി ഇരുന്നതല്ലേ എന്നും അതനുസരിച്ച് എന്തുകൊണ്ട് പ്രവർത്തിച്ചില്ല എന്നും കോടതി വാക്കാൽ പരാമർശിച്ചു. കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിന് കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ ഇരുകൂട്ടർക്കും അത് കോടതിയെ ധരിപ്പാക്കെമെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയെ കക്ഷി ആക്കി വിളിച്ച് വരുത്തണമെങ്കിൽ അതിനും തയ്യാറാണെന്ന് കോടതി വ്യക്തമാക്കി.
അതു കൊണ്ട് കോടതി ഉത്തരവ് നടപ്പാക്കത്തതിന്റെ കാരണങ്ങൾ എറണാകുളം ജില്ലാ കളക്ടർ S സുഹാസ് ഫെബ്രവരി 25-ന് കോടതിയിൽ നേരിട്ട് എത്തി ബോദ്ധ്യപ്പെടുത്തണമെന്നും ഉത്തരവിട്ടു. കൂടുതൽ തുടർ നടപടികൾക്കായി കേസ്സ് 25/02 / 2020 ലേക്ക് മാറ്റി. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ. S ശ്രീകുമാർ, അഡ്വ റോഷൻ. ഡി. അലക്സാണ്ടർ എന്നിവർ ഹാജരായി.