പുത്തൻകുരിശ് പള്ളി:- ചരിത്രത്തിൻ്റെ ഏടുകളിലൂടെ
നാനാജാതി മതസ്ഥരുടെയും പുത്തൻകുരിശ് ദേശത്തിനു മുഴുവനും അനുഗ്രഹത്തിൻ്റെയും കാലവറയായി സ്ഥിതി ചെയ്യുന്ന മലങ്കര സഭയുടെ പുണ്യ പുരാതന ദേവാലയങ്ങളിൽ ഒന്നുമായ പുത്തൻകുരിശ് സെന്റ്. പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് സുറിയാനി പള്ളിയെ കുറിച് അല്പം ചരിത്രം.
പുത്തൻകുരിശ് എന്ന് ഇന്ന് അറിയപ്പെടുന്ന ഈ പ്രദേശത്തെ ക്ര്യസ്ത്യാനികളിൽ അധികവും കോലഞ്ചേരി പള്ളി ഇടവകക്കാർ ആയിരുന്നു. ആ പള്ളിയിലെ ഒരു പെരുന്നാൾ ദിവസം പ്രദക്ഷിണം ഇവിടെ വന്നപ്പോൾ ഇപ്പോൾ നമ്മുടെ പള്ളി ഇരിക്കുന്ന സ്ഥാനത്ത് ഒരു മരക്കുരിശ് സ്ഥാപിച്ചു കാലക്രമേണ ആ കുരിശ് സ്ഥാപിച്ച സ്ഥലവും പരിസര പ്രദേശങ്ങളും പുത്തൻകുരിശ് എന്ന പേരിൽ അറിയപ്പെട്ടു . AD 1816 കുംഭം 2-ആം തീയതി പരിശുദ്ധന്മാരായ മാർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിൽ ഇവിടെ ഒരു ദേവാലയം കൂദാശ ചെയ്യപ്പെടുകയും അങ്ങിനെ ഒരു പുതിയ ഇടവക രൂപം കൊള്ളുകയും ചെയ്തു. ഈ ഇടവകയുടെ ആദ്യ വികാരി വന്ദ്യ കണ്ണേത്ത് ശീമാൻ കത്തനാർ ആയിരുന്നു. ഈ ദേശത്തെ ആദ്യ പട്ടക്കാരനും അദ്ദേഹം ആയിരുന്നു. 1876-ൽ മുളന്തുരുത്തിയിൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ ഈ ഇടവകയെ പ്രതിനിധീകരിച്ചു വന്ദ്യ കണ്ണേത്ത് ശീമാൻ കത്തനാർ ബഹു വാളിയാൽ കുര്യാക്കോ കുര്യാക്കോ കണ്ണേത്ത് ഇട്ടൻ വർക്കി എന്നിവർ പങ്കെടുത്തതായി ചരിത്ര രേഖകളിൽ കാണുന്നു.
1959-ൽ പണികൾ ആരംഭിച്ചു 1966-ൽ ഇന്ന് കാണുന്ന രീതിയിൽ ദേവാലയം പുനർ നിർമ്മിക്കപ്പെട്ടു. അതിനു നേതൃത്വം നൽകിയത് ചെറുവുള്ളിൽ ബഹു. സി എം തോമസ് അച്ചൻ ആയിരുന്നു. വന്ദ്യ മൊതൽ പത്രോസ് കത്തനാർ, വന്ദ്യ കണ്ണേത്ത് എബ്രഹാം കത്തനാർ, വന്ദ്യ ചെറുവുള്ളിൽ എബ്രഹാം കത്തനാർ തുടങ്ങിയവരും സഹകരിച്ചു. 1966 ഫെബ്രുവരി മാസം 14-ആം തീയതി മലങ്കര സഭയുടെ നാലാം കാതോലിക്കാ ആയിരുന്ന പരിശുദ്ധ ബസേലിയോസ് ഔഗേൻ ബാവയുടെ കാർമികത്വത്തിൽ ദേവാലയം കൂദാശ ചെയ്യപ്പെട്ടു.
ഈ ദേവാലയത്തിലെ വടക്കു വശത്തെ ത്രോണോസ് മാർ യൂഹാനോൻ മംദനയുടെ നാമത്തിലും തെക്കുഭാഗത്തെ ത്രോണോസ് മാർ തോമശ്ലീഹായുടെ നാമത്തിലും ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പഴയ പള്ളിയുടെ വടക്കേ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന മാർ കുര്യാക്കോസ് സഹദായുടെ തിരുശേഷിപ്പ് പള്ളി പുതുക്കി പണിതപ്പോൾ പള്ളിയുടെ വടക്കേ മുറിയിൽ പ്രത്യേകം തയ്യാറാക്കിയ കബറിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി.
പരിശുദ്ധ പരുമല തിരുമേനി വിശുദ്ധ നാട് സന്ദർശിച്ചപ്പോൾ അവിടെ നിന്നും അദ്ദേഹം കൊണ്ടുവന്നതാണ് സഹദായുടെ തിരുശേഷിപ്പ്. അതു മലേക്കുരിശ് ദയറായിൽ സ്ഥാപിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു എങ്കിലും അതു ഒരു ഇടവക പള്ളി അല്ലാത്തതിരുന്നത് കൊണ്ടു പുത്തൻകുരിശ് പള്ളിക്ക് നൽകുകയാണ് ഉണ്ടായതു. കണ്ടനാട് ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്തയും മലങ്കര സഭയുടെ പ്രഥമ കാതോലിക്കായും ആയിരുന്ന മുറിമറ്റത്തിൽ തിരുമേനി ആണ് തിരുശേഷിപ്പ് ഇവിടെ കൊണ്ടു വന്നു സ്ഥാപിച്ചത്. തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന കബറിടം അനേകരുടെ അഭയ കേന്ദ്രം ആണ്. സഹദായുടെ പ്രാർത്ഥനയിൽ അഭയപ്പെട്ടതിനാൽ പ്രത്യേക അനുഗ്രഹങ്ങൾ ലഭിച്ചവരുടെ അനുഭവ സാക്ഷ്യങ്ങൾ അനവധി ആണ്. മക്കൾ ഇല്ലാതെ ദുഖത്തിൽ കഴിഞ്ഞിരുന്ന പല ദമ്പതിമാരും സഹദായുടെ മദ്ധ്യസ്ഥതയാൽ സന്താന സൗഭാഗ്യം ലഭിച്ചു സന്തോഷിക്കുവാൻ ഇടവന്നിട്ടുണ്ട്. പലരും തങ്ങളുടെ കുഞ്ഞുങ്ങളെ ഈ പള്ളിയിൽ കൊണ്ടുവന്നു മാമോദിസ മുക്കി കുര്യാക്കോസ് എന്നോ യുലൂത്തി എന്നോ പേരിടാറുണ്ട്.
കുരിശിൻ തോട്ടികൾ
ഈ ദേവാലയത്തിന് അഞ്ച് കുരിശിൻ തൊട്ടികൾ ആണ് ഉള്ളത്
1. സെന്റ് മേരീസ് കുരിശിൻ തൊട്ടി
2. മാർ ഗീവർഗീസ് സഹദായുടെ നാമത്തിൽ ഉള്ള കുരിശിൻ തൊട്ടി
3. മാർ ഇഗ്നാത്തിയോസ് കുരിശിൻ തൊട്ടി
4. മാർ കുര്യാക്കോസ് സഹദാ കുരിശിൻ തൊട്ടി
5. മാർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിൽ ഉള്ള കുരിശിൻ തൊട്ടി.
പരേതരായ കണ്ണേത്ത് വന്ദ്യ എബ്രഹാം കത്തനാർ വന്ദ്യ ശീമാൻ കത്തനാർ, വന്ദ്യ അപ്രേം കത്തനാർ, മൊതൽ പത്രോസ് കത്തനാർ, ചെറുവുള്ളിൽ വന്ദ്യ എബ്രഹാം കത്തനാർ, വന്ദ്യ വാലയിൽ എബ്രഹാം കോർഎപ്പിസ്‌കോപ്പ എന്നിവർ ഈ ഇടവകയിൽ ശുശ്രൂഷകൾ അർപ്പിച്ചവർ ആണ്. ഇതിൽ വന്ദ്യ വാലയിൽ എബ്രഹാം കോർഎപ്പിസ്‌കോപ്പ അച്ചൻ നീണ്ട 25 കൊല്ലം ഈ ഇടവകയിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. വന്ദ്യ അച്ചൻ്റെ ഓർമകളെ പ്രത്യേകം സ്മരിക്കുന്നു. കൂടാതെ പരിശുദ്ധ സഭയുടെ മാനേജിങ് കമ്മിറ്റി അംഗം വന്ദ്യ ഫാ. ഡോ. ഓ പി വർഗീസ് അച്ചൻ വന്ദ്യ ഫാ സഖറിയാ ചിറ്റേത്തുപാറയിൽ വന്ദ്യ ഫാ ജോസ് തോമസ് പൂവത്തുങ്കൽ എന്നിവരും ഈ ദേവാലയത്തിൽ ശുശ്രൂഷകൾ അർപ്പിച്ചവർ ആണ്.
സഭയിലെ കക്ഷി വഴക്കുകൾ മൂലം വളരെ യേറെ പ്രയാസങ്ങൾ അനുഭവിച്ച ഒരു ഇടവകയാണ് ഇതു. എന്നാൽ നമ്മുടെ കാവൽ പിതാക്കന്മാരായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും മാർ യൂഹാനോൻ മംദനയുടെയും മാർ തോമാശ്ലീഹായുടെയും മാർ കുര്യാക്കോസ് സഹദായുടെയും മോർത് യുലൂത്തി മാതാവിൻ്റെയും മലങ്കരയുടെ പരിശുദ്ധന്മാരായ പരുമല തിരുമേനിയുടെയും പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി യുടെയും അളവറ്റ മദ്ധ്യസ്ഥതയാൽ ഇന്ന് ഈ ദേവാലയത്തിലെ വഴക്കുകൾ എന്നെന്നേക്കുമായി തീരുകയും ഇടവക ജനങ്ങൾ ഒന്നടങ്കം ഒത്തുചേർന്നു ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.
ഇടവക ഭരണ സമിതി അംഗങ്ങൾ
റവ ഫാ ഡോ. തോമസ് ചകിരിയിൽ വികാരി
ശ്രീ ബാജി കെ ജോർജ് ട്രസ്റ്റി
ശ്രീ ഗ്ലാഡ്‌സൺ ചാക്കോ കുഴിവേലിൽ സെക്രട്ടറി
ശ്രീ ചെറിയാൻ വർഗീസ് കണ്ണേത്ത്
ശ്രീ ജോയ് വെട്ടുവേലിൽ
ശ്രീ എ ഐ തമ്പി അമ്പാട്ട്
ശ്രീ ബേബി കെ പോൾ കുഴിവേലിൽ
ശ്രീ കെന്നഡി എം ജോൺ മുറിമറ്റത്തിൽ
ശ്രീ ജിമ്മി എം എം മൊതൽ
ശ്രീ പോൾ കെ ജോർജ് കണ്ണേത്ത്
ശ്രീ കെ പി പത്രോസ് കുഴിവേലിൽ
ശ്രീ ജിഫി ജോർജ് പള്ളി പ്പുറം
ശ്രീ രാജീവ് ടി പി തച്ചുകുഴിയിൽ
ശ്രീ സാബു വർഗീസ് കണ്ണേ ത്ത്
ശ്രീ ജെയിൻ പീറ്റർ കുഴിവേലിൽ
ശ്രീ പേൾ കണ്ണേത്ത്
ശ്രീമതി സിനി ജിഫി പള്ളിപ്പുറം
ആത്മീയ സംഘടനകൾ
സണ്ടേസ്കൂൾ: പള്ളിയുടെ കീഴിൽ മാർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിൽ സണ്ടേസ്കൂൾ പ്രവർത്തിക്കുന്നു. പ്രധാന അധ്യാപകൻ ശ്രീ വി പി ജോയിയുടെ കീഴിൽ 14 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു
വനിതാ സമാജം: പള്ളിയുടെ അഭിമുഘ്യത്തിൽ മർത്ത മറിയം വനിതാ സമാജം പ്രവർത്തിക്കുന്നു. സെക്രട്ടറി ശ്രീമതി മേരിസ് ചുമ്മാർ ജോയിന്റ് സെക്രട്ടറി ആയി ശ്രീമതി സാറകുട്ടി ബേബി എന്നിവർ പ്രവർത്തിക്കുന്നു
യുവജന പ്രസ്ഥാനം: പള്ളിയുടെ അഭിമുഘ്യത്തിൽ യുവജനങ്ങൾക്ക് വേണ്ടി സെൻറ്. തോമസ് ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രവർത്തിക്കുന്നു. സെക്രട്ടറി ശ്രീ ജോർജ് ബാജി കണ്ണേത്ത് ട്രഷറർ ആയി ശ്രീ അബി ടി അമ്പാട്ട് എന്നിവർ പ്രവർത്തിക്കുന്നു. ഈ ഇടവക അംഗം ശ്രീ പേൾ കണ്ണേത്ത് യുവജന പ്രസ്ഥാനത്തിൻ്റെ കണ്ടനാട് വെസ്റ്റ് ഭദ്രാസന കമ്മിറ്റി അംഗം ആയും കേന്ദ്ര എക്സികുട്ടീവ് കമ്മിറ്റി അംഗം ആയും പ്രവർത്തിക്കുന്നു.