EditorialOVS - Latest News

ആശാനു ഒന്ന് പിഴച്ചാലും, എന്നും പിഴക്കരുത്.

ഓ വി എസ്‌  എഡിറ്റോറിയൽ :
എന്നിൽ വിശ്വസിക്കുന്നു ഈ ചെറിയവരിൽ ഒരുത്തനു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്‍റെ കഴുത്തിൽ വലിയൊരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്‍റെ ആഴത്തിൽ താഴ്ത്തി കളയുന്നത് അവന്നു നന്ന്. ഇടർച്ച ഹേതുവായി ലോകത്തിനു അയ്യോ കഷ്ടം; ഇടർച്ച വരുന്നതു ആവശ്യം തന്നെ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം. നിന്‍റെ കൈയോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞു കളയുക. രണ്ടു കൈയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗനിയിൽ വീഴുന്നതിനേക്കാൾ അംഗ ഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നത് നിനക്ക് നന്ന്” .(വി.മത്തായി 18 : 6 – 8)

പൊതു സമൂഹത്തിൽ കഴിഞ്ഞു പോയ ചില ആഴ്ചകളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട പൗരോഹത്യ നിരയിലെ കളങ്കിത സംഭവങ്ങളുടെ വെളിച്ചത്തിൽ മലങ്കര സഭയിൽ അടിമുതൽ മുടിവരെ ഒരു സ്വയം വിമർശനത്തിനും, ശക്തമായ തിരിച്ചറിവുകൾക്കും, തിരുത്തൽ നടപടികൾക്കും ഉതകുന്ന തരത്തിൽ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പ്രസിദ്ധീകരിക്കുന്ന സദുദ്ദേശപരവും, ക്രിയാത്‌മകവുമായ വിമർശനങ്ങൾ മലങ്കര സഭാ ഒന്നാക്കെ ഏറ്റെടുത്തതിൽ ഞങ്ങൾ കൃതാർത്ഥരാണ്. വിശ്വാസ സമൂഹതലത്തിലും, അൽമായ – ആത്മീയ സംഘടനാ തലത്തിലും ഉണ്ടാകേണ്ട തിരിച്ചറിവുകൾക്കും, വരുത്തേണ്ട തിരുത്തൽ നടപടികൾക്കും ശേഷം മലങ്കര സഭയുടെ അനുഗൃഹീത പിതാക്കന്മാർ അടങ്ങുന്ന പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് മുതൽ നൂറുക്കണക്കിന് നിർമല പുരോഹിത സ്രേഷ്ടരും അടങ്ങുന്ന പരിശുദ്ധ സഭയുടെ പുരോഹിത തലത്തിലെ തെറ്റായ നടപടികൾക്കും, കളങ്കിതർക്കും എതിരെ ഞങ്ങളുടെ ആശയങ്ങൾ പ്രാർത്ഥനയോടെ കൂടെ അച്ചിൽ നിരത്തുമ്പോൾ, ഞങ്ങളുടെ കണ്ണുകൾ മലങ്കര സഭ എന്ന നീറ്റലിൽ നന്നേ നനയുന്നുണ്ട്, ഹൃദയം പതിവിൽ കവിഞ്ഞു സ്പന്ദിക്കുന്നുണ്ടെങ്കിലും, വിശുദ്ധ മാർത്തോമയുടെ നസ്രാണി പൗരുഷം എന്ന കലർപ്പില്ലാതെ പൈതൃകം സിരകളിൽ ഇരയ്ക്കുന്നതു കൊണ്ട് കൈകൾ ഒട്ടുമേ വിറയ്ക്കുന്നില്ല. ഞങ്ങൾ അക്ഷരങ്ങളിൽ കൊളുത്തുന്ന ശുദ്ധീകരണത്തിന്‍റെ, ശക്തീകരണത്തിന്‍റെ അഗ്നിനാവുകൾ മലങ്കര സഭ ഒന്നാക്കെ തീക്കടലായി വൈകാതെ ആളി പടരും.

മലങ്കര സഭയുടെ പ്രശ്നബാധ്യത മേഖലകളിലെ കഷ്ടപ്പെടുന്ന വൈദികർക്ക് സംഭവിക്കാത്ത ധാർമ്മിക ഇടർച്ചയാണ് സ്വസ്ഥമായ ഭദ്രാസനങ്ങളിലും ബാഹ്യ കേരളത്തിലും ഒക്കെ ഉണ്ടാകുന്നത്. വൈദികവൃത്തി മെച്ചപ്പെട്ട ഉപജീവനത്തിനും, സ്വത്തു ശേഖരണതിനുമായി കരുതുന്ന കുറച്ചു ഗുണകെട്ട വൈദികർ എല്ലായിടവും ഉണ്ട്. പല വൈദികർക്കും ഇടവക ജനത്തെ കരുതാനും, അവരെ ഓർത്തഡോക്സ്‌ വിശ്വാസത്തിൽ പ്രബോധിപ്പിക്കാനുമൊന്നും താല്പര്യം ഇല്ലെങ്കിലും പള്ളികൾ പൊളിച്ചു പണിയാനും ആഡിറ്റോറിയം പണിയാനും ഒക്കെ വലിയ ഉത്സാഹമാണ്. തങ്ങളുടെ നേട്ടങ്ങളുടെ പട്ടികയിൽ പൊളിച്ചു പണിത മനോഹര പള്ളി സൗധങ്ങളുടെ കണക്ക് അഭിമാനപൂർവം പറയുന്നു വൈദികർ തങ്ങളുടെ സേവന കാലത്തു തങ്ങളുടെ പ്രവർത്തന ശൈലികൾ കൊണ്ട് എത്ര പേര് സഭ /ഇടവക വിട്ടു എന്നും നാൾ ഇതുവരെയുള്ള തങ്ങളുടെ ഇടവക ശ്രുഷൂശ കൊണ്ട് എത്രെ പേരെ ക്രിസ്തുവിലേക്കും, സഭയുടെ വിശ്വാസ സത്യങ്ങളിലേക്കും മടക്കി കൊണ്ട് വരാൻ കഴിഞ്ഞു എന്നും സ്വയം പരിശോധിക്കണം. നാൾ ഇതുവരെയുള്ള തങ്ങളുടെ ഇടവക അജപാലനം കൊണ്ട് മലങ്കര സഭയുടെ ഉത്തമ പൗരാഹിത്യ തലത്തിലേക്കും, സന്യാസ സമൂഹത്തിലേക്കും ഉചിതരായ ഒരു വ്യക്തിയെ എങ്കിലും കൊണ്ട് വരാൻ കഴിഞ്ഞില്ലെങ്കിൽ ഇതുവരെയുള്ള പ്രയത്‌നം വ്യർത്ഥമല്ലേ? നിങ്ങളുടെ പ്രവർത്തികൾ, ജീവിത ശൈലികൾ, തൻ പ്രമാണിത്തം, പക്ഷപാതിത്വ നിലപാടുകൾ ഒക്കെ ക്രിസ്തീയതെയ്ക്കും, മലങ്കര സഭയ്ക്കും എന്ത് സംഭാവനകൾ ചെയ്തിട്ടുണ്ട് എന്ന് സ്വയം ചിന്തിക്കുക. നിങ്ങളുടെ കൂട്ടത്തിലെ കളകളെ നിർബാധം, നിർദ്ദയം നീക്കുക വേഗത്തിൽ. ഏതു ഇടവക എടുത്താലും അടക്കവും ഒതുക്കവുമില്ലാതെ, വൈദികൻ എന്ന് ബഹുമാനമില്ലാതെ അച്ചന്മാരുടെ വട്ടം കറങ്ങുന്ന ചില സ്ത്രീകൾ കാണും, ഇവരെ നിയന്ത്രിക്കുക, അകറ്റി നിർത്തുക. വൈദികർ എപ്പോഴും പൊതു സമൂഹത്തിന്‍റെ സൂക്ഷമ നീരിക്ഷണത്തിനു വിധേയരാണ് എന്ന് ബോധ്യത്തിൽ ആവശ്യമായ ജാഗ്രതയും, സൂക്ഷ്മതയും, സുതാര്യതയും, ലാളിത്യവും വേണം പെരുമാറ്റങ്ങളിലും, ജീവിത ശൈലിയിലും .

ഓരോ നസ്രാണി ക്രിസ്തിയാനിയുടെയും അഭിമാനമാണ് അവരുടെ വൈദികരുടെ ഗുണമേന്മ. ക്രിസ്തുവിന്‍റെ പ്രതിപുരുഷരായി കാണപ്പെടുന്ന വൈദികർ അവരുടെ പ്രവർത്തനങ്ങളെയും, ജീവിത രീതികളെയും സ്വയം വിലയിരുത്തി ആവശ്യമെങ്കിൽ വേണ്ട തിരുത്തലക്കൾ വരുത്തി മുന്നോട്ടു പോകണം എന്ന് സമീപകാല സംഭവങ്ങൾ വിളിച്ചു പറയുന്നു. മലങ്കര സഭയുടെ നട്ടെല്ലും, ഭാവിയും ഒക്കെ ഞങ്ങളുടെ നൂറു കണക്കിന് വരുന്ന കാര്യപ്രാപിതയും ക്രിസ്തീയ മൂല്യങ്ങളുമുള്ള വൈദികരിലാണ്. ആയിരക്കണക്കിനു ഗുരുതുല്യരായ വൈദികരെ സംഭാവന ചെയ്തു മലങ്കര സഭ ഇപ്പോൾ ചില കളങ്കിത വൈദികരുടെ പേരിൽ നിരന്തരം അപമാനിക്കപെടുന്നു. ഇത് തീർത്തും ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു തള്ളാൻ കഴിയില്ല.

മലങ്കര സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരോട് എല്ലാ സ്നേഹവും, ആദരവും വെച്ച് കൊണ്ട് തന്നെ മലങ്കര സഭയിൽ അടിയന്തിരമായി വരുത്തേണ്ട മാറ്റങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങൾ വിനയപൂർവം പങ്ക്‌ വെയ്ക്കുന്നു. വിശ്വാസികൾ ഇത് ഏറ്റു എടുത്തു നടപ്പിലാക്കാൻ മുന്നിട്ടു ഇറങ്ങണം, കാരണം മലങ്കര സഭ വിശ്വാസികളുടെ സമ്പത്താണ്, പുരോഹിത വർഗം അതിൻ്റെ കാവൽക്കാർ മാത്രം.

മലങ്കര സഭയിലെ മെത്രാന്മാർക്കും, പുരോഹിതർക്കും ഒരു പൊതു “Code of Conduct” നടപ്പിൽ വരുത്താനും, അത് വിശ്വാസികൾക്ക് വേണ്ടി പരസ്യപ്പെടുത്താനും പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് തയാറാകണം. അഭിവന്ദ്യ മെത്രാന്മാരുടെ വിദേശ യാത്രയ്ക്ക് കൃത്യമായ മാനദണ്ഡവും, സഭാ അധ്യക്ഷന്‍റെ മുൻകൂർ അനുമതിയും നിർബന്ധമാക്കണം. വിദേശ രാജ്യങ്ങളിൽ മെത്രാന്മാർ സഭയുടെ ദേവാലയങ്ങളിലൊ, ഹോട്ടലകളിലോ താമസിച്ചു ഇനിയും വരാൻ ബാക്കിയുള്ള ആരോപണങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.

പരിശുദ്ധ കാതോലിക്ക ബാവായുടെ അധ്യക്ഷതയിൽ മലങ്കര സഭയ്ക്ക് ഒരു സ്ഥിര അച്ചടക്ക സമിതി ഉണ്ടാവുകെയും, സഭയുടെ വൈദികരെ പറ്റി ഏതെങ്കിലും ആരോപണങ്ങൾ ഉണ്ടാവുമ്പോൾ, കൃത്യമായ അത് പരിശോധിച്ചു, സമയബന്ധിതമായി കുറ്റക്കാരെ നിർദാക്ഷണ്യം ശിക്ഷിക്കണം.

വിശുദ്ധ ഹാശാ ആഴ്ചയിലും, ക്രിസ്തുമസ് ശശ്രൂഷയ്ക്കും പരിശുദ്ധ കാതോലിക്ക ബാവ കാതോലിക്കേറ്റ് കത്തീഡ്രലായ കോട്ടയം ഏലിയാ കത്തീഡ്രലിലോ, പഴയ സെമിനാരിയിലോ വി. ബലി അർപ്പിക്കണം. അതാണ് ഞങ്ങൾ മലങ്കര നസ്രാണികളുടെ അഭിമാനവും അന്തസും. വിശ്വാസികളുടെ വിവാഹം, മാമോദീസാ, വീട് കൂദാശ തുടങ്ങിയ കാര്യങ്ങളിൽ നിന്ന് പരിശുദ്ധ പിതാവ് കഴിയുന്നത്ര അകലം പാലിക്കണം. മലങ്കര മെത്രാപ്പോലീത്തായും, പൗരസ്ത്യ കാതോലിക്കയുമായ പരിശുദ്ധ പിതാവിനെ സഭയുടെ ആസ്ഥാനത്തു പോയി യതോചിതം കണ്ടു അനുഗ്രഹം പ്രാപിക്കാൻ ജാത്യാഭ്യാമാനികളായ പുതു തലമുറ തീർച്ചയായും തയ്യാറാകും .

മലങ്കര സഭയ്ക്ക് ഒരു തനതായ ഭരണഘടന എന്നത് പോലെ പ്രൊട്ടസ്റ്റന്റ് ബൈബിളിന്‍റെ ഉപയോഗം നിർത്തി, “ഓർത്തഡോക്സ്‌ ബൈബിൾ” എന്ന് ആശയം പ്രാവർത്തികമാകണം.

⇒ സത്യ വിശ്വാസത്തെ (Orthodoxy) മറ്റു നൂതന വിശ്വാസങ്ങളിൽ നിന്നും, കത്തോലികവല്കരണത്തിൽ നിന്നും സംരക്ഷിച്ചു മലങ്കര സഭയുടെ എല്ലാ പ്രദേശത്തും പ്രചരിപ്പിക്കാൻ ആവശ്യമായ കൃത്യമായ പദ്ധതികൾ മലങ്കര സഭയുടെ ഓരോ ഭദ്രാസനകളും കേന്ദ്രീകരിച്ചു നടത്തപ്പെടണം. കഴിഞ്ഞ കാലങ്ങളിൽ സത്യ വിശ്വാസത്തെ മനസിലാക്കാതെ വഴി തെറ്റി പോയ വിശ്വാസികളുടെ കണക്കു ഒട്ടുമേ ചെറുതല്ല എന്ന് തിരിച്ചറിവിൽ അവരെ മടക്കി കൊണ്ട് വരുവാനും കൂടുതൽ ആളുകളെ ഓർത്തോഡോക്സിയിലേക്കു അടുപ്പിക്കാനും വേണ്ട പഠനങ്ങളും, പ്രവർത്തനങ്ങളും മലങ്കര സഭയുടെ ഭദ്രാസനങ്ങൾ ഏറ്റു എടുക്കണം.

മലങ്കര സഭയിൽ നിലനിൽക്കുന്ന “പ്രീ സെമിനാരി” രീതി നിർത്തലാക്കിയിട്ടു സെമിനാരിയിൽ നിന്നും പഠിച്ചിറങ്ങുന്ന ശെമ്മാശന്മാർക്കു 2 വർഷത്തെ നിർബന്ധിത “പോസ്റ്റ് സെമിനാരി” ചട്ടം വരുത്തണം. 25 -26 വയ്സുള്ള പാകതയില്ലാതെ അച്ചന്മാരെ ഇടവകയിലേക്കു അയക്കാതെ സഭയുടെ മിഷൻ ഫീൽഡ്, ദയറാ പ്രസ്ഥാനങ്ങൾ തുടങ്ങിയ മേഖലയിൽ ഉപയോഗിക്കണം.

അഭിവന്ദ്യ മെത്രാപ്പോലീത്തന്മാർ ആജീവനാന്തം ഒരു ഭദ്രാസനത്തിനു മാത്രമായി അവരുടെ സേവനങ്ങളെ വിട്ടു കൊടുക്കാതെ 5 വർഷം കൂടുമ്പോൾ ട്രാൻസ്ഫർ എന്ന് വിശ്വാസികളുടെ നിരന്തര ആവശ്യത്തിന് തയാറാകണം.

വിവാഹം, മരണം, മാമോദീസ, വീട് കൂദാശ തുടങ്ങിയ സമ്പന്ന വിശ്വാസികളുടെ സ്വകാര്യ ആവശ്യങ്ങൾക്ക് ഒരു നിയന്ത്രണവും ഇല്ലാതെ കേരളത്തിൽ തെക്കു വടക്കു പായാതെ ഭദ്രാസനത്തിലെ വൈദികർ, വിശ്വാസികൾ തുടങ്ങിയവരുടെ ക്ഷേമത്തിനും, ആത്മീയ പുരോഗതിക്കും വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കണം .

എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളായ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്കളുടെ പേരിൽ നടത്തുന്നു പിരിവകൾ നിർത്തി അത് മലങ്കര സഭയുടെ പൊതു സ്വത്താക്കി മാറ്റാൻ തയാറാക്കണം. മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്കേറ്റിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളുടെയും, ആതുരാലയങ്ങളുടെയും പട്ടിക വിശ്വാസികൾക്ക് വേണ്ടി മലങ്കര സഭയുടെ പ്രസിദ്ധികരണങ്ങൾ വഴി പ്രചരിപ്പിക്കണം.

ഗൾഫ്, അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ പിരിവുകൾ നിർത്തി, ഓരോ ഭദ്രാസനത്തിനും, അതിന്‍റെ ചാരിറ്റി പ്രോജെക്ടസിനും സ്വയം പരിയാപ്തതയ്ക്കു ആവശ്യമായ ദീർഘകാല നടപടികൾ കൈകൊള്ളണം.

മലങ്കര സഭാ വൈദികരുടെ നിയമനങ്ങൾ ആദ്യത്തെ 6 കൊല്ലം എങ്കിലും നിർബന്ധമായും അവരുടെ ഭദ്രാസനത്തിനു പുറത്തു കൊടുക്കാനും, ഗൾഫ് – യൂറോപ് – അമേരിക്ക മുതലായ മേച്ചിൽ പുറങ്ങളിലെ വൈദികർക്ക് ഈ സ്ഥലങ്ങളിൽ പരമാവധി 2 ടേൺ എന്ന് സംവിധാനം കർശനമായും നടപ്പിൽ വരുത്താനും തയാറാകണം .

മലങ്കര സഭയുടെ വൈദിക സെമിനാരികളിലെ അച്ചടക്ക വിഷയങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിക്കാനും, കളകളെ വെച്ച് വളർത്താതെ നിർദ്ദയം പറിച്ചു ഏറിയാനും ഇനിമേൽ മടിക്കരുത്. വൈദിക സെമിനാരിയിലും, ഹോസ്റ്റലിലും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മൊബൈൽ ഫോണിൻ്റെ ഉപയോഗം കർശനമായി നിരോധിക്കണം .

സമീപകാല സെമിനാരി ഉല്പന്നങ്ങളുടെ പൊതുനിലവാരം വളരെ ദയനീയവും. ദുസ്സഹവുമായിതിനാൽ സെമിനാരി അഡ്മിഷൻ എന്ന ആചാരം മൂന്ന് വർഷത്തിൽ ഒരിക്കിൽ ആക്കണം.

സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞു ഇറങ്ങിയാൽ പിന്നെ ഒരു തുടർ വിദ്യാഭ്യാസത്തിന്‍റെയും, അറിവ് പുതുക്കലിന്‍റെയും ആവശ്യമില്ല എന്ന് സ്ഥിതി മാറ്റി, ഒരു തുടർ വിദ്യാഭ്യാസ പദ്ധതിയായി 5 വർഷത്തിൽ ഒരിക്കൽ കോട്ടയം സെമിനാരി, നാഗപുർ സെമിനാരി എന്നിവിടങ്ങളിൽ വൈദികർക്കു കുറഞ്ഞത് 7 ദിവസമെങ്കിലുമുള്ള “നിർബന്ധിത” വൈദിക ക്യാമ്പും, കൗൺസിലിങ്ങും ഉണ്ടാകണം .

ഭദ്രാസന മെത്രാപ്പോലീത്തന്മാർ തങ്ങളുടെ കീഴിൽ വരുന്നു എല്ലാ ഇടവകകളിലും വർഷത്തിൽ ഒരിക്കിൽ എങ്കിലും മുൻകൂട്ടി അറിയിച്ചു വി.കുർബാന അർപ്പിച്ചു ജനത്തോട് സംവദിച്ചിരുന്ന പഴയ നന്മയുള്ള കാലഘട്ടങ്ങൾ തിരിക്കെ വരണം .

⇒ സെമിനാരി വിദ്യാഭ്യാസം ഇല്ലാതെ ഒരു വ്യകതിക്കു അഭിവന്ദ്യ മെത്രാപ്പോലീത്തമാർ പട്ടം കൊടുക്കും മുൻപ് തങ്ങളുടെ മാതൃ ഇടവകയിൽ നിന്നും നിർബന്ധമായും ഒരു സമ്മത പത്രം സമർപ്പിക്കേണ്ടേ സാഹചര്യം ഉണ്ടാകണം .

മെത്രാപ്പോലീത്തന്മാരുടെ ഡ്രൈവർമാർ, ഓഫീസ് ജീവനക്കാർ അടക്കമുള്ള വ്യകതികളെ തിരഞ്ഞെടുക്കുമ്പോൾ വേണ്ടത്ര ജാഗ്രത പുലര്ത്താനും സഭയുടെ ആചാര അനുഷ്ട്ടാനങ്ങളിൽ തല്പരരായ സഭാ വിശ്വാസികളെ മാത്രം പരിഗണിക്കാൻ കഴിയണം .

അഭിവന്ദ്യ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളിൽ ആർക്കെങ്കിലും എതിരെ ഏതെങ്കിലും ആക്ഷേപങ്ങൾ ഉണ്ടായാൽ അതിൽ കൃത്യമായി അച്ചടക്ക നടപടികൾ സ്വീകരിച്ചു എപ്പിസ്കോപ്പൽ സിനഡ് മാതൃക കാട്ടണം.

മലങ്കര സഭയുടെ വിദ്യാഭ്യാസ – ആതുര രംഗത്ത് വരുന്നു തൊഴിൽ നിയമനങ്ങൾ സുതാര്യമാക്കി, അഭ്യസ്ത വിദ്യരായ സഭ വിശ്വാസികൾക്ക് പ്രഥമ പരിഗണന കൊടുക്കണം. ഈ മേഖലയിൽ സഭയുടെ മാനേജിങ് കമ്മിറ്റിയെയും, ഗവേർണിംഗ് ബോഡിയെയും നോക്ക് കുത്തിയാക്കി നടത്തുന്ന അന്യായ നടപടികൾ അവസാനിപ്പിക്കണം.

മലങ്കര സഭയ്ക്ക് ഒരു പൊളിറ്റിക്കൽ സെൽ, പ്രൊഫഷണൽ സെൽ എന്നിവ അടിയന്തിരമായി രൂപീകരിക്കണം. നിലവിലുള്ള ലീഗൽ സെൽ മലങ്കര സഭയ്ക്ക് ആകമാനം പ്രയോജനവും, മാർഗ നിർദ്ദേശവും നൽകാൻ പ്രാപ്‌തമായ നിലയിൽ കൂടുതൽ കാര്യക്ഷമാക്കണം.

മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റിയെ കൂടുതൽ കാര്യകക്ഷമാക്കി പ്രവർത്തിപ്പിക്കാൻ പരിശുദ്ധ കാതോലിക്ക ബാവയും, സഭാ നേതൃത്വവും തയ്യാറാകണം. വിരമിച്ച സഭാ വിശ്വാസികളായ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നിയമജ്ഞർ, മറ്റു മികച്ച പ്രതിഭശാലികളായവരെ ഒക്കെ മലങ്കര സഭയ്ക്ക് വേണ്ടി വിവിധ തലത്തിൽ സമർത്ഥമായി ഉപയോഗിക്കാൻ കഴിയണം.

മലങ്കര സഭയ്ക്ക് പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് കരുത്തായി, പരിശുദ്ധ വട്ടശ്ശേരി തിരുമേനിയുടെ കാലഘട്ടത്തിലെ പോലെ സഭ സ്നേഹികളായ സുശകത്മായ ഒരു അൽമായ നേതൃനിരയെ വളർത്തിയെടുക്കണം. മലങ്കര സഭയുടെ ആത്മീയ സംഘടനകളെ കൂടുതൽ ശക്തിപ്പെടുത്തുകയും, അൽമായ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകേയും ചെയ്യണം.

ആധുനിക കാലത്തേ വെല്ലുവിളികളെ നേരിടാൻ, മലങ്കര സഭയ്ക്കു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇടപെടാൻ പ്രാപ്തരായ ജേർണലിസം കഴിഞ്ഞ സമർഥരായ സഭാ യുവാക്കളെ നിയമിച്ചു കൊണ്ട് ശക്തമായ ഒരു പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറ് അടിയന്തിരമായി ഉണ്ടാകണം.

മലങ്കര സഭയ്ക്ക് ഒരു ഡിജിറ്റൽ ലൈബ്രറിയും, ഡാറ്റ റിസോഴ്സ്സ് മാനേജുമെന്റും ഉണ്ടാകണം.

 

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ