OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് സഭയിലെ ആധ്യാത്മിക ജീവിതം മാതൃക: റഷ്യൻ ആർച്ച് ബിഷപ്

പത്തനംതിട്ട :- ക്രൈസ്തവ മൂല്യത്തിൽ അടിസ്ഥാനപ്പെട്ട ആധ്യാത്മിക ജീവിതത്തിലൂടെ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ ലോകത്തിന് മാതൃകയാണെന്ന് റഷ്യൻ ഓർത്തഡോക്സ് സഭാ ആർച്ച് ബിഷപ് ലിയോണിഡ്. 20–ാം നൂറ്റാണ്ടിന്റെ മധ്യം മുതൽ തന്നെ റഷ്യൻ ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധം സജീവമായി നിലനിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ അങ്കണത്തിൽ നടക്കുന്ന മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷനിലെ നടുനോമ്പ് ദിവസം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു നോമ്പ് അനുതാപത്തിന്റെ ദിനങ്ങളായി തീരണമെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ ഡോ. സഖറിയാസ് മാർ നിക്കോളാവോസ് പറഞ്ഞു. അനുതപിച്ചു കരഞ്ഞപ്പോൾ ഇസ്രയേൽ ജനത്തെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ച ദൈവം സഭയെയും അനീതിയിൽ നിന്ന് വിടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു. ജോസഫ് സാമുവൽ കറുകയിൽ കോറെപ്പിസ്കോപ്പ വചന ശുശ്രൂഷ നടത്തി. ജീവിതത്തിൽ സന്തോഷം ഉണ്ടാകണമെങ്കിൽ ലഭിച്ചതിൽ തൃപ്തിയുള്ളവരും മറ്റുള്ളവരെ അംഗീകരിക്കുന്നവരും ആകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്,
ഡോ. ജോഷ്വ മാർ നിക്കോദീമോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം, വികാരി ഫാ. കെ.ജി.മാത്യു, വീണാ ജോർജ് എംഎൽഎ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്കു ശേഷം നടന്ന യോഗത്തിൽ ഡോ. ഏബ്രഹാം മാർ സെറാഫിം മുഖ്യ പ്രസംഗം നടത്തി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. വൈകിട്ട് ഫാ. നൈനാൻ വി.ജോർജ് വചന ശുശ്രൂഷ നിർവഹിച്ചു. ഇന്നു രാവിലെ 10ന് ധ്യാനം, 11ന് ഡോ. ഏബ്രഹാം മാർ സെറാഫിമിന്റെ കാർമികത്വത്തിൽ കുർബാന.