കോട്ടയം ചെറിയപള്ളിയിലെ ചുമര്‍ചിത്രങ്ങളുടെ വീണ്ടെടുപ്പ് കേരളത്തിന് അഭിമാനം: ഡോ. എം. വേലായുധന്‍ നായര്‍

കോട്ടയം: കോട്ടയം ചെറിയപള്ളിയിലെ ചുവര്‍ചിത്രങ്ങളുടെ സംരക്ഷണം പൂര്‍ത്തിയാക്കിയ പ്രക്രിയ കേരളത്തിന് തികഞ്ഞ മാതൃകയാണന്ന് ലോകപ്രശസ്ത പുരാവസ്തു സംരക്ഷക വിദഗ്ദന്‍ ഡോ. എം. വേലായുധന്‍ നായര്‍.

നാലു നൂറ്റാണ്ടോളം പഴക്കമുള്ള ലോകപ്രശസ്തമായ ചവര്‍ചിത്രങ്ങളെ അതിന്റെ പുരാവസ്തു മൂല്യം മനസിലാക്കി ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമാണ് പുനരുദ്ധരിച്ചത്. അന്തര്‍ദേശീയ മാനദണ്ഡങ്ങളനുവസരിച്ചുള്ള ഇത്തരമൊരു ചുവര്‍ചിത്ര പുനരുദ്ധാരണം കേരളത്തില്‍ ആദ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ പുനരുദ്ധരിച്ചതുപോലും ശാസ്ത്രീയമായി ആയിരുന്നില്ല. പക്ഷേ കോട്ടയം ചെറിയപള്ളിയിലെ മദ്ബഹാ ചിത്രങ്ങളുടെ പുനരുദ്ധാരണം തികച്ചും അന്തര്‍ദേശീയ നിലവാരമനുസരിച്ചാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ചുവര്‍ ചിത്രസംരക്ഷണവുമായി ബന്ധപ്പെട്ട് കോട്ടയം ചെറിയപള്ളിയില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരാവസ്തു പ്രാധാന്യമുള്ള ചുവര്‍ചിത്രങ്ങള്‍ക്ക് അശാസ്ത്രീയമായ പുനരാലേഖനം മൂലം നശീകരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മദ്ബഹയിലെ അമൂല്യമായ ഈ ചിത്രങ്ങള്‍ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിന് ചെറിയപള്ളി ഭരണസമിതി നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചുവര്‍ചിത്ര പുനരുദ്ധാരണത്തിന് ദേശീയ അംഗീകാരമുള്ള ജിജുലാലും സംഘവുമാണ് അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ശ്രമകരമായ ഈ പ്രക്രിയ പൂര്‍ത്തീകരിച്ചത്. ഇതാണ് കേരളം ഇനി മാതൃകയാക്കേണ്ടത്. അദ്ദേഹം അഭിപ്രായപ്പെട്ടു.

ചുമര്‍ചിത്ര സംരക്ഷണമടക്കം പുരാവസ്തു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നടത്തുന്നതിനും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനുമായി നമ്മുടെ നാട്ടില്‍ നിലവില്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നും പുരാവസ്തു സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഗൗരവമായി പഠിപ്പിക്കുന്നതിനായി സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെറിയ പള്ളി വികാരി ഫാദര്‍. പി. എ. ഫിലിപ്പ് മോഡറേറ്ററായിരുന്ന സെമിനാറില്‍ പള്ളികളിലെ ചുവര്‍ചിത്രങ്ങളുടെ സൗന്ദര്യശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ച് പ്രൊഫ. ജോര്‍ജ് മേനാച്ചേരി വിവരിച്ചു. ഡല്‍ഹി ജാമിയ മില്ലിയ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മാത്യു ജോസഫ് ചെങ്ങളവന്‍, ഡോ. പോള്‍ മണലില്‍, ഡോ. എം. കുര്യന്‍ തോമസ്, പള്ളിക്കോണം രാജീവ് സഹവികാരിമാരായ ഫാ..യൂഹാനോന്‍ ബേബി, ഫാ. ജോസഫ് കുര്യന്‍ വട്ടക്കുന്നേല്‍, ട്രസ്റ്റി ജേക്കബ് മാത്യു മുട്ടുംമ്പുറം, അനൂപ് ജേക്കബ് ഉപ്പൂട്ടില്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.

ഡോ. എം. വേലായുധന്‍ നായര്‍, ഡോ. ഹേമചന്ദ്രന്‍, ഡോ. ബിനുമോള്‍ ടോം, ഡോ. എം. കുര്യന്‍ തോമസ്, സി. എം. സിറിയക്ക്, പള്ളിക്കോണം രാജീവ് എന്നിവരങ്ങുന്ന വിദഗ്ദ സമതിയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയത്.

കോട്ടയത്തിന്റെ സാസംസ്‌കരിക പൈതൃകം അനാവരണം ചെയ്യുന്ന കോട്ടയം ചെറിയപള്ളി മ്യൂസിയം ഉടന്‍ യാഥര്‍ത്ഥ്യമാകുമെന്നു വികാരി ഫാദര്‍. പി. എ. ഫിലിപ്പ് അറിയിച്ചു.

 

പഴയമയുടെ പുതുമ നിലനിര്‍ത്തി കോട്ടയം ചെറിയപള്ളി