Outside KeralaOVS - Latest News

ചെന്നൈയില്‍ പ്രതിഷേധ സമ്മേളനം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭക്ക് 2017 ജൂലൈ 3-ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയും അതിനുശേഷം നിരന്തരം വിവിധ കോടതികളും അനുവദിച്ചു നല്‍കിയ അര്‍ഹമായ നീതി കേരള സര്‍ക്കാര്‍ നിഷേധിക്കുന്നതിനെതിരെ മദ്രാസ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22 ഞായറാഴ്ച ചെന്നൈ ബ്രോഡ് വേ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പ്രതിഷേധ സമ്മേളനം നടത്തപ്പെട്ടു. പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ചുടുനിണത്താല്‍ പരിപാവനമായ ചെന്നൈ പട്ടണത്തില്‍ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ പുണ്യസ്മരണയില്‍ മലങ്കര നസ്രാണികള്‍ ഒത്തുകൂടി. സമ്മേളനത്തില്‍ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും, ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനി മുഖ്യസന്ദേശം നല്‍കി.

പരിശുദ്ധ സഭയില്‍ ഇടര്‍ച്ച ഉണ്ടാക്കുന്നവര്‍ക്ക് അനുതാപവും പശ്ചാത്താപവും ഉണ്ടാകുവാനും സമാധാനത്തിന്റെ ആത്മാവില്‍ ഏവരും ഒരുമിച്ച് മടങ്ങിവരുവാനും ആണ് മലങ്കരസഭ ആഗ്രഹിക്കുന്നത്. മലങ്കര സഭയില്‍ ഇപ്പോള്‍ രണ്ടു കക്ഷികളില്ല. തര്‍ക്കം സഭയിലല്ല പിന്നെയോ കോടതിയും സര്‍ക്കാരും തമ്മിലാണ്. സുപ്രീംകോടതി പുറപ്പെടുവിച്ച വിധികള്‍ പാലിക്കുവാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ലയെന്നതാണ് പ്രധാന പ്രശ്നം. അമ്മയെ മറന്നാലും അന്ത്യോഖ്യയെ മറക്കില്ലയെന്നതാണ് വിഘടിത വിഭാഗത്തിന്റെ മുദ്രാവാക്യം. അമ്മയെ മറക്കുന്നവന്‍ മനുഷ്യനാണെന്ന് പറയുന്നത് ലജ്ജാകരമാണ്.

ഇന്ത്യന്‍ ഭരണഘടനക്ക് വിധേയമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലിരിക്കുന്ന കേരള സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഭാരതത്തിന്റെ പരമോന്നത നീതിപീഠം വ്യക്തമായി പുറപ്പെടുവിച്ചിരിക്കുന്ന വിധികള്‍ പാലിക്കേണ്ടതില്ലെന്ന് പ്രസ്താവനയിറക്കുന്ന ഒരു ദുരവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്. മൈതമൈത്രി എന്ന പേരില്‍ ദല്ലാള്‍ പരിവേഷത്തില്‍ ഇറങ്ങിയിരിക്കുന്ന ചില സാമുദായികനേതാക്കന്മാരും നവോത്ഥാന പ്രഭുക്കന്മാരും ഇതിന്‍റെ വാലു പിടിച്ച് ഇറങ്ങിയിരിക്കുന്നത് അത്യന്തം ഖേദകരമാണ്. തോമാശ്ലീഹായുടെ മണ്ണില്‍ നിന്ന് സഭയുടെ മഹിമയ്ക്കായി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുവാന്‍ സഭാമക്കള്‍ തയ്യാറാകണം. ക്ഷമാപൂര്‍വ്വം നമുക്ക് കാത്തിരിക്കാം എന്ന് അഭിവന്ദ്യ തിരുമേനി തന്റെ സന്ദേശത്തില്‍ പറഞ്ഞു. സഭാമാനേജിംഗ് കമ്മിറ്റി അംഗം ഫാ. ഏബ്രഹാം ജേക്കബ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ഷിനു കെ. തോമസ് സ്വാഗതവും ഭദ്രാസന സെക്രട്ടറി ഫാ. ജിജി മാത്യു നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് മൈലാപ്പൂരിലേക്ക് തീര്‍ത്ഥാടന പദയാത്രയായി ഏവരും അണിനിരക്കുകയും സാന്തോം കത്തീഡ്രല്‍ ദേവാലയത്തില്‍ ധൂപാര്‍പ്പണം നടത്തുകയും എല്ലാവരും ചേര്‍ന്ന് സഭാപ്രതിജ്ഞ എടുക്കുകയും ചെയ്തു.

മലങ്കര സഭാചരിത്രം:- ചില സംശയങ്ങൾക്കുള്ള മറുപടി