OVS - Latest NewsTrue Faith

തിരുപിറവിയിലെ തിരിച്ചറിവുകൾ

നിറയെ പ്രതീക്ഷകളും നിറവയറുമായി ഒരു കന്യക തൻ്റെ ജീവിത പങ്കാളിയുമായി വീടുകൾ കയറിയിറങ്ങുകയാണ്. തൻ്റെ ഉദരത്തിൽ വസിക്കുന്ന ദൈവപുത്രന് ജന്മം നൽകാൻ ഇടം തേടിയുള്ള യാത്ര. പള്ളിയറകളും പട്ടുമെത്തകളും അവർക്ക് മുന്നിൽ അടയ്ക്കപ്പെട്ടു. മണിമന്ദിരങ്ങളുടെ വാതിലുകൾ കൊട്ടി അടയ്ക്കപ്പെടുന്ന ശബ്ദത്തിൻ്റെ പാശ്ചാത്തലത്തിൽ അല്പം ഇടം തേടിയ അവരുടെ യാത്ര ചെന്നുനിന്നത് കാലിത്തൊഴുത്തിൽ ആണ്. അവിടെ സ്വർഗീയ വിശുദ്ധിയിൽ നിന്ന് ദൈവത്തിൻ്റെ ഏകപുത്രൻ മനുജനായി പിറന്നു. സഹസ്രാബ്ദങ്ങളുടെ ആകാശങ്ങളിൽ സമാധാനത്തിൻ്റെ അക്ഷര കൂട്ടുകൊണ്ട് ദൈവം എഴുതിയ നീതിയാണ് അവിടെ പൂർത്തിയായത്.

ഇടം കിട്ടാതെപോയ ശിശു ഏവർക്കും ഇടം നൽകാൻ രക്ഷകൻ ആയി പിറന്നത് രക്ഷാചരിത്രത്തിൻ്റെ പ്രാരംഭം ആയിരുന്നു. വിജ്ഞാനികളെ ഒരു വശത്ത് നിർത്തുമ്പോൾ ആരും പരിഗണിക്കാത്ത ആട്ടിടയരെ മറുവശത്ത് തുല്യസ്ഥാനത്ത് തന്നെ അവൻ ചേർത്ത് നിർത്തി. ഇങ്ങനെ സർവ്വർക്കും രക്ഷയുടെ അത്താണി ആയി അവൻ ജനിച്ചതിൻ്റെ അനുസ്മരണത്തിലുടെ ഉള്ള തീർഥാടനം ആണ് യൽദോയുടെ നാളുകൾ. വംശവേഷ വിത്യാസം ഇല്ലാതെ ആഘോഷിക്കുന്ന തിരുപ്പിറവിയുടെ നാളുകൾ പകർന്ന് നൽകുന്നത് ചില ചിന്തകളുടെ ഉടച്ചുവാർക്കലാണ് . ക്രിസ്തുവിൻ്റെ ജീവിതം അത്രയും കാണിച്ച് നൽകുന്നത് മാറ്റി നിർത്തിയവരെ ചേർത്ത് നിർത്തുന്ന മാതൃകയാണ്. കല്ലടാവ് മുതൽ ക്രൂശ് വരെ അവൻ ആ മാതൃകയെ പിന്തുടരുന്നുണ്ട്. നിറഭദങ്ങളുടെയും വിദ്വേഷങ്ങളുടെയും കാലത്ത് അവൻ്റെ ജനനം പകർന്ന് നൽകുന്നത് ഒരുമയുടെ പാഠങ്ങളാണ്. രക്ഷകൻ വരുന്നത് തിരസ്കരിക്കപ്പെടുന്നവന് രക്ഷ നൽകാനാണ് എന്ന തിരിച്ചറിവിലാണ് നിസ്സഹായൻ്റെ ആനന്ദമായി ഈ പെരുന്നാൾ മാറുന്നത്. എല്ലാ വാക്കുകൾക്കും അർഥത്തിൻ്റെ ആത്മാവായി പിറക്കുന്നവന് ഇടമാകണം നമ്മുടെ ഹൃദയം. അവൻ്റെ ജനനം ആത്മാവിൻ്റെ ഉണർവ്വാകുമ്പോൾ മാത്രമാണ് നാം ധരിച്ചിരിക്കുന്ന നാമത്തിന് അർത്ഥ തലങ്ങൾ നൽകാൻ നാം യോഗ്യരാകൂ.

ക്രിസ്തുവിൻ്റെ ജനനം പങ്കുവയ്ക്കുന്നത് തിരിച്ചറിവിൻ്റെ അനുഭവമാണ്. ലോകരക്ഷകൻ്റെ തിരുപ്പിറവി ചില മാറ്റങ്ങളുടെ തുടക്കമാണ്. അവൻ പിറവിയെടുത്തത് സുഖലോലപതയുടെ നടുവിലേക്കോ പ്രശസ്തിയുടെ പടവുകളിലേക്കോ ആയിരുന്നില്ല. മറിച്ച് ചില പരിമിതികളുടെ നടുവിലേക്ക് ആയിരുന്നു. അപ്രകാരം അവൻ്റെ ജനനം തന്നെ ചില ചേർത്തുവേക്കല്ലിൻ്റെ അനുഭവം ആണ്. നോമ്പിൻ്റെ പാതയിലൂടെ നടന്നു യൽദോയുടെ വലിയ ദിനത്തിൽ എത്തുമ്പോൾ അവൻ്റെ നന്മകളെ ആവോളം നമ്മിലേക്ക് ഉൾക്കൊള്ളുവാൻ കഴിയണം. അതിനുള്ള തയാറെടുപ്പ് ആകണം ഇനിയുള്ള ദിനങ്ങൾ.

ബേത്ലഹേം എന്ന വാക്കിന് അപ്പത്തിൻ്റെ വീട് എന്നാണ് അർത്ഥം. അവിടെ പിറന്നവനെ ജീവൻ്റെ അപ്പമായി നാം സ്വീകരിക്കണം. സ്വർഗ്ഗീയ നാഥനെ ഉള്ളിൻ്റെ നിഴലായി പ്രാപിക്കുവാൻ തിരുപ്പിറവിയുടെ നാളുകളിൽ ഹൃദയത്തെ ഒരുക്കാം..