OVS - Latest NewsOVS-Kerala News

കട്ടച്ചിറ പള്ളിയില്‍ സംസ്‌കരിച്ചത് അജ്ഞാത മൃതദേഹം: അന്വേഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ

മാവേലിക്കര : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡിസംബര്‍ 6ന് പുലര്‍ച്ചെ നടന്ന സംഭവം അതി ഗുരുതരമെന്ന് ഓര്‍ത്തഡോക്‌സ് സഭ. സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാകണമെന്നും ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു.

ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറയില്‍ നിന്നും വ്യക്തമാകുന്നത് പ്രകാരം ഡിസംബര്‍ 6, വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ഓടു കൂടി ഒരു സംഘം ആളുകള്‍ പള്ളി സെമിത്തേരിയുടെ ഗേറ്റ് തകര്‍ത്ത് അകത്തു പ്രവേശിക്കുകയും ആരുടെയോ ഒരു മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതുമാണ്. മൃതദേഹം ആരുടേത് എന്ന് വ്യക്തമല്ല. അജ്ഞാതമായ ഒരു മൃതദേഹം ഇരുട്ടിന്റെ മറവില്‍ സംസ്‌കരിക്കുന്നത് അതി ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. സംഭവത്തെ പറ്റി പോലിസ് അടിയന്തിരമായി അന്വേഷണം നടത്തണം. മൃതദേഹം ആരുടേത് എന്ന് ഉറപ്പുവരുത്തണം. ഇല്ലാത്തപക്ഷം അജ്ഞാത മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ആളുകള്‍ യാതൊരു തെളിവുകളും കൂടാതെ പള്ളി സെമിത്തേരികളില്‍ മറവ് ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഇത് ഗുരുതര ക്രിമിനല്‍ കുറ്റമാണ്. പള്ളി സെമിത്തേരികളില്‍ സംസ്‌കരിക്കുന്ന മൃതദേഹങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കേണ്ടത് അതാതു പള്ളി വികാരിമാരുടെ ഉത്തരവാദിത്തമാണെന്നിരിക്കെ ഇരുട്ടിന്റെ മറവില്‍ അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കും.’ കട്ടച്ചിറ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോണ്‍സ് ഈപ്പന്‍ വ്യക്തമാക്കി.

സംസ്‌കാരം നടത്തുന്നത് സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട് നേരത്തെ തന്നെ സഭ വ്യക്തമാക്കിയിട്ടുള്ളതാണ്. രാജ്യത്തെ പരമോന്നത കോടതിയുടെ വിധി അനുസരിച്ച് അതാത് പള്ളികളിലെ നിയമാനുസൃത വികാരിമാരുടെ നേതൃത്വത്തില്‍ സഭ വിശ്വാസികളുടെ സംസ്‌കാരം നടത്താന്‍ ഓര്‍ത്തഡോക്‌സ് സഭ സദാ സന്നദ്ധവുമാണ്. ഈ അവസരത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഓര്‍ത്തഡോക്‌സ് സഭയുമായി സംസ്‌കാരത്തെ സംബന്ധിച്ച് ധാരണ ഉണ്ടാക്കി എന്ന് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സത്യ വിരുദ്ധവും, പ്രതിഷേധാത്മകവുമാണ്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് റവന്യൂ പോലിസ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.