OVS - ArticlesOVS - Latest News

മെത്രാപ്പോലീത്തായുടെ കത്ത്: അന്ത്യോഖ്യ പാത്രിയർക്കേറ്റും കിഴക്കിൻ്റെ കാതോലിക്കേറ്റും -2

പ്രത്യേകമൊരു ചരിത്ര സാഹചര്യത്തിലാണ് മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിക്കപ്പെട്ടത്. മലങ്കര സഭയിലെ കൂട്ടായ ആലോചനയുടെ ഫലമായിട്ടായിരുന്നില്ല ആ സ്ഥാപനം രൂപപ്പെട്ടത്. മലങ്കരയിൽ എത്തിയ പ. അബ്ദുള്ള പാത്രിയർക്കീസ് സഭയുടെ ഭൗതിക മേഖലയിൽ തൻ്റെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിച്ച് സഭയിൽ ഭിന്നത ഉണ്ടാക്കിയപ്പോൾ പാത്രിയർക്കീസിനെ എതിർത്ത വിഭാഗം മലങ്കര മെത്രാപ്പോലിത്ത വട്ടശ്ശേരിൽ മാർ ദിവന്നാസിയോസിൻ്റെ നേത്യത്വത്തിൽ തങ്ങളുടെ നിലനില്പിനും, അതിജീവനത്തിനുമായി ദീർഘവീക്ഷണത്തോടെ നടത്തിയ തന്ത്രപരമായ (Strategic) നീക്കമാണ് കാതോലിക്കേറ്റിൻ്റെ സ്ഥാപനത്തിന് കളം ഒരുക്കിയത്. ദീർഘകാലത്തെ സഭാ ചരിത്രത്തിൽ അനുഭവപ്പെടാത്ത സ്വാതന്ത്ര്യത്തിൻ്റെ ഒരു ആവശ്യബോധം സൃഷ്ടിക്കപ്പെടുകയും അത് വ്യവസ്ഥാപിതമായി നില നിൽക്കാൻ വഴി അന്വേഷിക്കുകയും ആയിരുന്നു കാതോലിക്കാ സ്ഥാപനത്തിൽ അന്നു നടന്നത്.

പത്രോസ് പാത്രിയർക്കീസ് മലങ്കരയിൽ വാഴിച്ച മെത്രാപ്പോലീത്താമാർ മിക്കവരും കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. മലങ്കര മെത്രാപ്പോലീത്ത ജോസഫ് ദിവന്നാസിയോസും വാർദ്ധക്യത്തിലെത്തി. അതുകൊണ്ട് 1908 ഫെബ്രുവരിയിൽ ചേർന്ന പള്ളി പ്രതിപുരുഷയോഗം വട്ടശ്ശേരിൽ ഗീവറുഗ്ഗീസ് റമ്പാനെയും, കൊച്ചുപറമ്പിൽ പൗലോസ് റമ്പാനെയും മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1908 മെയ് മാസത്തിൽ അവർ രണ്ടു പേരെയും മാർ അബ്ദുള്ള പാത്രിയർക്കീസ് യഥാക്രമം മാർ ദിവന്നാസിയോസ്, മാർ കൂറിലോസ് എന്ന പേരുകളിൽ യരൂശലേമിൽ വച്ച് മെത്രാപ്പോലീത്താമാരായി വാഴിച്ചു. 1909 -ൽ മാർ ദിവന്നാസിയോസിനെ മാർ ദിവന്നാസിയോസ് V -ൻ്റെ മരണശേഷം മലങ്കര മെത്രാപ്പോലീത്തായായി അവരോധിച്ചു. കൂട്ടു ട്രസ്റ്റിമാർ കോനാട്ട് മാത്തൻ മല്പാനും സി. ജെ. കുര്യനുമായിരുന്നു. ഭരണകാര്യങ്ങളിൽ തങ്ങളെ മലങ്കര മെത്രാപ്പോലീത്ത അവഗണിക്കുന്നു എന്ന ചിന്ത കൂട്ടുട്രസ്റ്റിമാർക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് മലങ്കര മെത്രാപ്പോലീത്തായും സഹട്രസ്റ്റിമാരും തമ്മിൽ രമ്യതയിൽ ആയിരുന്നില്ല.

ഈ സന്ദർഭത്തിലാണ് അന്ത്യോഖ്യാപാത്രിയർക്കീസ് മാർ അബ്ദുള്ള മലങ്കര സന്ദർശനത്തിനെത്തിയത്. കൂട്ടു ട്രസ്റ്റിമാർ പാത്രിയർക്കീസിൻ്റെ സൗഹൃദം നേടി മലങ്കര മെത്രാപ്പോലീത്തായെ പാഠം പഠിപ്പിക്കുവാൻ ഈ അവസരം ഉപയോഗപ്പെടുത്തി. 1889-ലെ റോയൽ കോടതി വിധി പ്രകാരം അന്ത്യോഖ്യാ പാത്രിയർക്കീസിന് മലങ്കരയിൽ ലൗകിക രംഗത്ത് നിയന്ത്രണശേഷി ഇല്ല എന്ന് വിധിച്ചിരുന്നു. മാനേജിംഗ് കമ്മിറ്റിയുടെ അംഗീകാരത്തോടെ സഭയിലെ ഭൗതീകാധികാരം പിടിച്ചെടുക്കുവാൻ പാത്രിയർക്കീസ് അനുകൂലികൾ നടത്തിയ ശ്രമം പരാജയപ്പെട്ടു. അതുകൊണ്ട് പള്ളികളിൽ നിന്നും, മേല്പട്ടക്കാരിൽ നിന്നും ഉടമ്പടി വാങ്ങി ലൗകീക അധികാരം നേടിയെടുക്കാൻ കൂട്ടു ട്രസ്റ്റിമാർ പാത്രിയർക്കീസിൻ്റെ മേൽ സമ്മർദ്ദം ചെലുത്തി. മാർ ദിവന്നാസിയോസ് ഇതിന് വഴിപ്പെടില്ല എന്നറിഞ്ഞാണ് അവർ ആ നീക്കം നടത്തിയത്. പാത്രിയർക്കീസിന് അധികാരഭ്രമം ഉണ്ടായിരുന്നതുകൊണ്ട് കൂട്ടു ട്രസ്റ്റിമാരുടെ ഉപദേശത്തിന് വഴങ്ങി. പല പള്ളികളിൽ നിന്നും ഇത്തരം ഉടമ്പടികൾ എഴുതി വാങ്ങി. മാർ ദിവന്നാസിയോസ് അത്തരം ഒരു ഉടമ്പടി എഴുതി കൊടുക്കുവാൻ തയ്യാറായില്ല.

പാത്രിയർക്കീസ് തൻ്റെ കൂട്ടു ട്രസ്റ്റിമാരുടെ ഉപദേശപ്രകാരം തൻ്റെ പേരിൽ നടപടി എടുക്കും എന്ന് മാർ ദിവന്നാസ്യോസ് കണക്ക് കൂട്ടിയില്ല. മാർ അബ്ദുള്ള മെത്രാപ്പോലീത്തയായിരുന്നപ്പോൾ പരി. പത്രോസ് ത്രിതിയൻ പാത്രിയർക്കീസിൻ്റെ കൂടെ മലങ്കരയിൽ വന്നിരുന്നു. പാത്രിയർക്കീസ് തിരിച്ച് പോയ ശേഷവും മാർ അബ്ദുള്ള ഗ്രീഗോറിയോസ് ഇവിടെ പണപിരിവുമായി സഞ്ചരിക്കുകയായിരുന്നു. അക്കാലത്ത് വട്ടശ്ശേരിൽ റമ്പാനുമായി അദ്ദേഹം നല്ല സൗഹൃദത്തിലായിരുന്നു. തിരിച്ചു വരാൻ വൈകിയപ്പോൾ ഗ്രീഗോറിയോസ് അബ്ദുള്ളായെ തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ട് പത്രോസ് പാത്രിയർക്കീസ് എഴുതിയത് വട്ടശ്ശേരിൽ റമ്പാനായിരുന്നു. അതുകൊണ്ട് പാത്രിയർക്കീസിൻ്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിലും തൻ്റെ പേരിൽ നടപടിക്കൊന്നും ഒരുങ്ങില്ല എന്ന് മാർ ദിവന്നാസിയോസ് ധരിച്ചു. എന്നാൽ മാത്തൻ മല്പാൻ്റെയും സി. ജെ. കുര്യൻ്റെയും സമ്മർദ്ദത്തിൽ അധികാര പ്രിയനായിരുന്ന പാത്രിയർക്കീസ് മോർ ദിവന്നാസിയോസിനെ മുടക്കി. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ശിക്ഷാനടപടി. അതോടെ സഭയിൽ ഭിന്നത ആയി. എന്നാൽ കാതോലിക്കേറ്റിൻ്റെ സ്ഥാപനത്തിന് മലങ്കര സഭയിലെ ഈ ആഭ്യന്തരകലാപം വഴി തെളിയിച്ചു എന്നത് സഭയുടെ ഭാവിക്ക് ഗുണകരമായ ഒരു പരിണാമം ആയിരുന്നു എന്ന് വിലയിരുത്താം.

1911-ൽ ബാലിശമായ ആരോപണങ്ങൾ ഉന്നയിച്ച് അബ്ദുള്ള പാത്രിയർക്കീസ് മാർ ദിവന്നാസിയോസിനെ മുടക്കി. ഈ മുടക്കിനെ അതിജീവിക്കുന്നതിനു വേണ്ടി ദിവന്നാസിയോസ് പക്ഷം ആസൂത്രിത ശ്രമം ആരംഭിച്ചു. രാഷ്ട്രീയ അംഗീകാരം നഷ്ടപ്പെട്ടതിനെ തുടർന്ന് ടർക്കിയിൽ കഴിഞ്ഞിരുന്ന മാർ അബ്ദുൽ മശിഹാ പാത്രിയർക്കീസിനെ കേരളത്തിൽ എത്തിച്ചു. മാർ ദിവന്നാസിയോസിനെ പിന്തുണച്ചതുകൊണ്ട് മാർ അബ്ദുള്ള ഭദ്രാസന ഭരണത്തിൽ നിന്നും നീക്കം ചെയ്തിരുന്ന കണ്ടനാട് ഇടവകയുടെ മാർ ഈവാനിയോസിനെ അദ്ദേഹം 1912 സെപ്തംബർ 15-ാം തീയതി നിരണം പള്ളിയിൽ വെച്ച് ബസേലിയോസ് പൗലോസ് 1 എന്ന പേരിൽ കാതോലിക്കയായി വാഴിച്ചു. അങ്ങനെ നിലച്ചു പോയിരുന്ന കാതോലിക്കേറ്റ് ഇവിടെ സ്ഥാപിതമായതോടെ മലങ്കര സഭയുടെ പദവി ഉയരുകയും അന്ത്യോഖ്യാ പാത്രിയർക്കേറ്റുമായ ബന്ധത്തിൽ ഗുണപരമായ പരിണാമം സിദ്ധിക്കുകയും ചെയ്തു.

കാതോലിക്ക വാഴ്ചയുമായി ബന്ധപ്പെട്ട് അന്ത്യോഖ്യ പാത്രിയർക്കീസ് പുറപ്പെടുവിച്ച രണ്ട് പൊതു കല്പനകളാണ് കാതോലിക്കേറ്റിൻ്റെ സ്ഥാനം, അധികാരം, ചുമതലകൾ ഇവ സംബന്ധിച്ച് വ്യക്തത നൽകുന്ന ആധികാരിക രേഖകൾ. അവയിൽ ഒന്നാം കല്പന കാതോലിക്ക വാഴ്ച കഴിഞ്ഞ് വൈകാതെ 1912 സെപ്തംബർ 17-ാം തീയതിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടാമത്തെത് പാത്രിയർക്കീസ് ഇവിടെ നിന്ന് തിരിച്ചു പോകുന്നതിനു മുമ്പായി ഫെബ്രുവരി 19-ന്‌ പുറപ്പെടുവിച്ചു. ഇവ രണ്ടും സമുദായ കേസിൽ Ex. A13, A14 ആയി ഹാജരാക്കിയിട്ടുണ്ട്. അവയുടെ അടിസ്ഥാനത്തിലാണ് കാതോലിക്കേറ്റിൻ്റെ സ്ഥാനാധികാരങ്ങളെ വിലയിരുത്തുന്നത്.

ഒന്നാം കല്പനയുടെ ഉള്ളടക്കം
1). കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയായി മാർ ഈവാനിയോസിനെ ബസേലിയോസ് പൗലോസ് എന്ന പേരിൽ കാതോലിക്ക / മഫ്രിയാനയായി വാഴിച്ചിരിക്കുന്നു.
2). ഇന്ത്യയിലും മറ്റുമായി വ്യാപരിച്ചിരിക്കുന്ന മാർതോമാശ്ലീഹായുടെ സിംഹാസനത്തിലേക്കാണ് അദ്ദേഹത്തെ അവരോധിച്ചിരിക്കുന്നത്.
3). സഭയുടെ വിശ്വാസ പ്രകാരം സഭാ ജീവിതം ക്രമീകൃതമായി നടത്തുന്നതിന് ഇതിൻ്റെ സ്ഥാപനം അനിവാര്യമായി തീർന്നിരിക്കുന്നു.
4). സഭയുടെ പാരമ്പര്യങ്ങളും ആല്മീക നൽവരങ്ങളും സംരക്ഷിച്ച് നിലനിർത്തുക ഇത് വഴി സാധ്യമായി വന്നിരിക്കുന്നു. മേല്പട്ടക്കാരെ വാഴിക്കുക, മൂറോൻ കൂദാശ നിർവ്വഹിക്കുക, എന്നീ കാര്യങ്ങൾ ഈ സ്ഥാപനത്തിൽ നിക്ഷിപ്തമാണ്. കാതോലിക്ക മലങ്കര സഭയുടെ തലവനും പിതാവും ഇടയനുമായിരിക്കുന്നതാണ്.
5). അതായത് , മലങ്കര സഭയ്ക്ക് പരാശ്രയം കൂടാതെ സ്വയമായും സ്വതന്ത്രയായും ആത്മീക – വൈദിക ശുശ്രൂഷകൾ നടത്തിക്കൊണ്ട് പോകുവാനുള്ള സംവിധാനമാണ് കാതോലിക്കേറ്റ് സ്ഥാപനത്തോടെ നിലവിൽ വന്നത്. ഇത് വരെ പാത്രിയർക്കീസ് മാത്രം മലങ്കരയിൽ നടത്തി വന്നിരുന്ന ചുമതലകൾ കാതോലിക്കേറ്റിന് ഇത് വഴി കൈമാറി.

രണ്ടാം കല്പനയിൽ സ്ഥാപനത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ, എങ്ങനെ ഈ സ്ഥാപനം തുടർന്ന് പ്രവർത്തിക്കുവാനുള്ള ക്രമീകരണങ്ങൾ, കാതോലിക്കേറ്റും പാത്രിയർക്കേറ്റുമായുള്ള ബന്ധം എന്നീ വിഷയങ്ങളാണ് പ്രമേയങ്ങൾ.
1). സഭ അതിൻ്റെ വിശ്വാസത്തിലും, പരിശുദ്ധിയിലും നിലനിർത്തുക എന്നതാണ് കാതോലിക്കേറ്റിൻ്റെ സ്ഥാപനം വഴി യാഥാർത്ഥ്യമാകുന്നത്.
2). കാതോലിക്ക മറ്റ് മേല്പട്ടക്കാരുമായി സഹകരിച്ച് സഭയ്ക്ക് ആവശ്യമായ എല്ലാ ആത്മീക ക്രമീകരണങ്ങളും നിർവ്വഹിക്കേണ്ടതാണ്.
3). കാതോലിക്കായുടെ മരണശേഷം കാനോൻ അനുശാസിക്കുന്ന പ്രകാരം അവശേഷിക്കുന്ന മേല്പട്ടക്കാർ ചേർന്ന് പുതിയ കാതോലിക്കായെ വാഴിക്കേണ്ടതുണ്ട്.
4). കാനോൻ നിർദ്ദേശപ്രകാരം കാതോലിക്കായും, മേപ്പട്ടക്കാരും ചേർന്ന് വി. മൂറോൻ കൂദാശ നടത്തേണ്ടതാണ്.
5). അന്ത്യോഖ്യാ സിംഹാസനത്തിൽ ഇപ്പോൾ അനധികൃതമായി ഒരാൾ (usurper) കടന്നു കൂടിയിട്ടുണ്ട് എങ്കിലും ആ സിംഹാസനവുമായുള്ള ബന്ധം നിലനിർത്തണം. സംസർഗ്ഗത്തിൽ നിലനിന്ന് സൗഹൃദം പാലിക്കേണ്ടതാണ്.

ഈ കല്പനകൾ പ്രകാരം മേല്പട്ടവാഴ്ച, മൂറോൻ ശുദ്ധീകരണം എന്നിവ നടത്തുവാനും തുടർന്ന് വരുന്ന കാലങ്ങളിൽ കാതോലിക്കയെ വാഴിക്കുവാനുള്ള സ്വാതന്ത്ര്യവും അവകാശവും സ്ഥാനവും ആണ് കാതോലിക്കേറ്റിന് നൽകിയിരിക്കുന്നത്. ഇതെല്ലാം കാതോലിക്കയുടെ വ്യക്തിപരമായ അധികാരമല്ല. എന്നാൽ കാതോലിക്കേറ്റ് സ്ഥാപിതമായതോടെ ഈ അധികാരങ്ങൾ ഉള്ള സ്വതന്ത്ര സംവിധാനമായി മലങ്കര സഭ ഉയർത്തപ്പെടുകയായിരുന്നു. കാതോലിക്കേറ്റ് സ്ഥാപനത്തോടെ മലങ്കര സഭ പൂർണ്ണവും സ്വയംപര്യാപ്തവും ആയി. അതുകൊണ്ട് കാതോലിക്കയുടെ മരണശേഷം പുതിയ കാതോലിക്കയെ വാഴിക്കുന്നതിന് പാത്രിയർക്കീസും കാതോലിക്കയും ആവശ്യമില്ല പ്രത്യുത കാതോലിക്കേറ്റ് ആയ മലങ്കര സഭ അത് നിർവ്വഹിക്കുന്നു. അതിനെ പ്രതിനിധീകരിച്ച്‌ മെത്രാപ്പോലീത്താമാർ തെരഞ്ഞെടുപ്പിനും വാഴ്ചയ്ക്കും നേതൃത്വം നൽകുകയാണ്.

ഈ കല്പനകളുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ കാതോലിക്കേറ്റിൻ്റെ അധികാര – അവകാശ – സ്വഭാവങ്ങൾ കോടതി പിന്നീട് ശരി വെയ്ക്കുന്നുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് ഭരണഘടനയിൽ കാതോലിക്കേറ്റിൻ്റെ സവിശേഷ ചുമതലകളും മലങ്കര സഭയും അന്ത്യോഖ്യ പാത്രിയർക്കേറ്റുമായ ബന്ധവും നിർവ്വചിക്കുന്നത്. അതായത് കാതോലിക്കേറ്റ് എന്ന പ്രസ്ഥാനം രൂപം കൊണ്ടതും പ്രവർത്തിക്കുന്നതും ഈ കല്പനയുടെ മാനദണ്ഡത്തിലാണ്. കല്പനകളിൽ കിഴക്കിൻ്റെ കാതോലിക്ക എന്ന പദത്തിൻ്റെ അസാന്നിധ്യവും മഫ്രിയാന എന്ന വാക്കിൻ്റെ സാന്നിധ്യവും സ്ഥാപിക്കപ്പെട്ട കാതോലിക്കേറ്റിൻ്റെ സ്ഥാനമഹിമ കുറയ്ക്കുന്നില്ല. കാരണം നല്കപ്പെട്ട അധികാരങ്ങൾ കാനോനിക കാതോലിക്കേറ്റിൻ്റെതാണ്. നൽകിയ തലക്കെട്ടിൻ്റെ (title) അടിസ്ഥാനത്തിൽ സ്ഥാനത്തിൻ്റെ മഹിമ വിലയിരുത്തുവാനാവില്ല. കൊടുത്തിരിക്കുന്ന ചുമതലകൾ ആണ് title -ൻ്റെ വില നിർണ്ണയിക്കുന്നത്. മാർ അബ്ദുൾ മശിഹായുടെ കല്പനകൾ വിവക്ഷിക്കുന്നത് പരിപൂർണ്ണ സ്വതന്ത്രമായ കാതോലിക്കേറ്റ് ആണ്. അതിൻ്റെ പ്രവർത്തനത്തിൽ അന്ത്യോഖ്യാ പാത്രിയർക്കീസിന് യാതൊരു ഇടപെടൽ – നിയന്ത്രണ സാധ്യതയ്ക്കുള്ള പഴുതുകളും നൽകുന്നില്ല. അന്നത്തെ പാത്രിയർക്കീസ് വിഭാഗം കാതോലിക്കേറ്റിനെ എതിർത്തതിൻ്റെ ഒരു കാരണവും ഇതുതന്നെ ആയിരുന്നു.

കാതോലിക്ക സ്ഥാപന വാഴ്ചയ്ക്ക് ശേഷം പാത്രിയർക്കീസിൻ്റെ നടപടി അസാധുവാക്കി പ്രഖ്യാപിക്കുന്നതിനായി പാത്രിയർക്കീസ് പക്ഷം നല്കിയ തർക്കം കോടതിയിൽ പരിഗണനയ്ക്ക് വന്നു. അതിൽ ഉന്നയിക്കപ്പെട്ട വാദങ്ങൾ:
1). മാർ അബ്ദുൽ മിശിഹാ പാത്രിയർക്കീസ് സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടിരുന്നു. അതു കൊണ്ട് അദ്ദേഹത്തിൻ്റെ കാതോലിക്ക സ്ഥാപന വാഴ്ച നിയമ – ക്രമ വിരുദ്ധമാണ്.
2). കാതോലിക്കയെ വാഴിച്ചെങ്കിലും കാതോലിക്കേറ്റ് സ്ഥാപിച്ചു എന്ന വിഷയം കൃത്യമായി കല്പനയിൽ പറയുന്നില്ല.
3). അബ്ദുൽ മിശീഹ നീക്കപ്പെട്ട ശേഷം മാർ അബ്ദുള്ള സ്ഥാനമേറ്റു. അദ്ദേഹത്തിൽ നിന്നാണ് മാർ ദിവന്നാസിയോസ് മേല്പട്ട സ്ഥാനം നേടിയത്. അതുകൊണ്ട് അദ്ദേഹം തന്നെ മാർ അബ്ദുൽ മിശിഹായെ പുറത്താക്കിയതും പുതിയ പാത്രിയർക്കീസിനെ വാഴിച്ചതിൻ്റെ സാധുതയും അംഗീകരിച്ചതാണ്. എന്നാൽ കാതോലിക്ക വാഴ്ച ഈ അംഗീകരിച്ച വസ്തുതയുടെ നിരാകരണമാണ്. അതു കൊണ്ട് വാഴ്ചയ്ക്ക് സാധൂകരണം ഇല്ല
4). അബ്ദുൽ മിശിഹായെ നീക്കം ചെയ്ത് മാർ അബ്ദുള്ളയെ വാഴിച്ചതും വ്യക്തിപരമായി മാർ ദിവന്നാസിയോസ് മാത്രം അംഗീകരിച്ച കാര്യമല്ല. മലങ്കര സഭ അത് അംഗീകരിച്ചതാണ്. അതു കൊണ്ടാണ് വട്ടശ്ശേരി ഗീവർഗീസ് റമ്പാനെയും കൊച്ചുപറമ്പിൽ പൗലോസ് റമ്പാനെയും സഭ മാർ അബ്ദുള്ളയുടെ അടുക്കൽ വാഴ്ചയ്ക്കായി അയച്ചത്. അതു കൊണ്ട് കാതോലിക്ക സ്ഥാപനം അകാനോനികമാണ്.
5). സ്ഥാനത്തു നിന്ന് ഒരു മേല്പട്ട സ്ഥാനി നീക്കപ്പെടുന്നതോടെ ഭരണപരവും വൈദികവും ആത്മീകവുമായ നല്‌വരങ്ങൾ നൽകുന്ന അനുഷ്ഠാന നിർവ്വഹണ കഴിവ് നിർവീര്യമാകുന്നു (impotent). അതു കൊണ്ട് മാർ അബ്ദുൽ മിശിഹായുടെ കാതോലിക്ക സ്ഥാപനം ക്രമവിരുദ്ധവും (irregular) അസാധുവും (invalid) ആകുന്നു.

ചുരുക്കത്തിൽ പാത്രിയർക്ക സ്ഥാനത്ത് നിന്ന് കൊടുത്ത സ്ഥാനം അനധികൃതവും ക്രമവിരുദ്ധവും വാങ്ങിയത് അവസരവാദപരവും അധാർമ്മികവും കാനോൻ വിരുദ്ധവും ഫലപ്രദമല്ലാത്തതും ആകുന്നു എന്നായിരുന്നു കോടതി പരിഗണിച്ച തർക്ക വാദങ്ങൾ. ഈ ആക്ഷേപ വാദങ്ങളുടെ പിന്നാമ്പുറം പരിശോധിക്കേണ്ടിയിരിക്കുന്നു.

1895-ൽ പാത്രിയർക്കീസ് മാർ പത്രോസ് തൃതിയൻ കാലം ചെയ്തപ്പോൾ തെരഞ്ഞെടുപ്പ് ഉണ്ടായി. മരണശേഷം 7 മാസം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിൽ 9 മേല്പട്ടക്കാർ സന്നിഹിതരായിരുന്നു. അബ്ദുൽ മശിഹാ യൂലിയോസ് പാത്രിയർക്കീസ് ആയി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് മെത്രാപ്പോലീത്താമാർ കത്ത് വഴി തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പിന്തുണ നൽകുകയും ചെയ്തിരുന്നു. മാർ അബ്ദുള്ള ഗ്രീഗോറിയോസ് ആ സുന്നഹദോസിൽ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിനെതിരെ സുൽത്താൻ അഹമ്മദ് ഹമീദിൻ്റെ അടുക്കൽ അദ്ദേഹം പരാതി കൊടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് നടപടികൾ ന്യായമായി നടത്തപ്പെട്ടു എന്ന് ബോധ്യപ്പെട്ട സുൽത്താൻ 1895 ഏപ്രിൽ മാസം പത്തൊൻപതാം തീയ്യതി പാത്രിയർക്കീസിനെ അംഗീകരിച്ച് ഫിർമാൻ (അധികാര പത്രം) പുറപ്പെടുവിച്ചു.

പത്രോസ് തൃതിയൻ പാത്രിയർക്കീസിൻ്റെ കാലത്ത് സിറിയായിൽ ഹോംസ് ഭദ്രാസനത്തിൻ്റെ ചുമതല നിർവ്വഹിച്ചിരുന്ന അബ്ദുള്ള ഗ്രീഗോറിയോസിനെ ഭദ്രാസനത്തിൽ വിഭാഗീയത സൃഷ്ടിച്ചതിൻ്റെ പേരിൽ പാത്രിയർക്കീസ് നീക്കം ചെയ്തിരുന്നു. പകരക്കാരനായി മോർ ഗ്രീഗോറിയോസിനെക്കാൾ 20 വയസ്സ് ഇളപ്പമുണ്ടായിരുന്ന മാർ അബ്ദുൾ മശിഹായെ വാഴിച്ച് ഭദ്രാസന ചുമതല ഏൽപ്പിച്ചു. അതുകൊണ്ട് അന്നു മുതൽ അബ്ദുള്ളായ്ക്ക് അബ്ദുൽ മിശിഹായോട് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. പാത്രിയർക്കീസ് മാർ അബ്ദുള്ളായെ പ്രിന്റിംഗ് പരിശീലനം നേടുവാനും പ്രിന്റിംഗ് പ്രസ്സ് വാങ്ങുവാനുമായി ഇംഗ്ലണ്ടിലേക്ക് അയച്ചു. അദ്ദേഹം തിരിച്ചു വരുവാൻ ഉത്സാഹിച്ചില്ല. പത്രോസ് തൃതിയൻ പാത്രിയർക്കീസ് ഇന്ത്യയിലേക്ക് പോരുവാൻ ഇംഗ്ലണ്ട് വഴി വന്നപ്പോൾ അബ്ദുള്ള ഗ്രീഗോറിയോസിനെയും കൂട്ടിയാണ് പോന്നത്. ഇവിടെ നിന്നും പാത്രിയർക്കീസ് തിരിച്ച് പോയിട്ടും മാർ അബ്ദുള്ള ഗ്രിഗോറിയോസ് തിരിച്ചു പോയില്ല. അദ്ദേഹം വട്ടശ്ശേരിൽ ഗീവർഗ്ഗീസ് റമ്പാനുമായി സൗഹൃദത്തിൽ മലങ്കരയിൽ ചുറ്റി സഞ്ചരിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ട് പാത്രിയർക്കീസ് കത്തെഴുതിയത് വട്ടശ്ശേരിൽ മൽപ്പാനായിരുന്നു. തിരിച്ചു ചെന്നപ്പോൾ പാത്രിയർക്കേറ്റിന് സമീപമുള്ള ആമീദ് (ഡയർ ബക്കർ) ഭദ്രാസനത്തിൻ്റെ ചുമതല നൽകി. 1895-ൽ തൻ്റെ ശത്രു ആയ മാർ അബ്ദുൾ മശിഹ യൂലിയോസ് പാത്രിയർക്കീസ് ആയി വാഴിക്കപ്പെട്ടപ്പോൾ മാർ അബ്ദുള്ള സഭ വിട്ട് ഫ്രഞ്ച് കോൺസുലേറ്റിൻ്റെ സഹായത്തോടെ കത്തോലിക്കാ സഭയിൽ ചേർന്ന് ഹോംസ് ഭദ്രാസനത്തിൻ്റെ കത്തോലിക്കാ മെത്രാനായി. എങ്കിലും സുറിയാനി സഭയിലെ കാര്യങ്ങൾ അദ്ദേഹം നിരീക്ഷിച്ചുകൊണ്ടിരുന്നു.

മോർ അബ്ദുൾ മശിഹാ പാത്രിയർക്കാ സ്ഥാനത്ത് വന്ന കാലം മുതൽ ടർക്കിയിൽ ക്രിസ്ത്യാനികൾ വളരെ അപകടകരമായ അന്തരീക്ഷത്തിലാണ് കഴിഞ്ഞു കൂടിക്കൊണ്ടിരുന്നത് ടർക്കിയിൽ ക്രിസ്തീയ പീഡനം ശക്തമായി. ആയിരക്കണക്കിന് സുറിയാനിക്കാർ കൊല്ലപ്പെട്ടു. ക്രിസ്തീയ ഗ്രാമങ്ങളിൽ കൂട്ടക്കൊല അരങ്ങേറി. ഇതിന് തടയിടാൻ പുതിയ പാത്രിയർക്കീസിന് കാര്യമായി ഒന്നും സാധിച്ചില്ല. അധികാരികളെ കണ്ട് പ്രശ്ന പരിഹാരം ഉണ്ടാക്കുവാനായി അദ്ദേഹം ഇസ്താംബൂളിൽ പോയി മാസങ്ങളോളം അവരുമായി ചർച്ചയും കൂടിക്കാഴ്ചയും നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഒന്നും ഉണ്ടായില്ല. ഈ പീഡന കാലത്ത് അദ്ദേഹത്തിന് കാര്യമായി ഒന്നും സാധിക്കാതെ വന്നതുകൊണ്ട് ജനങ്ങൾക്കിടയിൽ അസ്വസ്ഥതയും പാത്രിയർക്കീസിൻ്റെ കാര്യശേഷിയിൽ മതിപ്പ് കുറവും ഉണ്ടായി. ഈ സമയം മാർ അബ്ദുള്ള സുറിയാനി സഭയിലെ ചില മെത്രാൻമാരുമായി ബന്ധപ്പെട്ട് തിരിച്ചു വരുന്നതിന് ശ്രമം ആരംഭിച്ചു. അങ്ങനെ ഗ്രിഗോറിയോസ് അബ്ദുള്ള വീണ്ടും രംഗപ്രവേശം നടത്തി. 1904 ജൂലൈ 4ാം തീയതി സുൽത്താനെക്കൊണ്ട് മാർ അബ്ദുൽ മിശിഹായുടെ ഫിർമാൻ പിൻവലിപ്പിച്ചു. ഇതിൽ ടർക്കിയിൽ വിശ്വാസികൾ അസ്വസ്ഥരായെങ്കിലും രാഷ്ട്രീയ നേതൃത്വത്തിൻ്റെ തീരുമാനത്തിന് തടയിടുവാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ക്രമീകൃതമായ ഒരു സുന്നഹദോസ് കൂടി പാത്രിയർക്കീസിനെ നീക്കം ചെയ്യുകയായിരുന്നില്ല. അതു കൊണ്ട് കാനോനികമായി അദ്ദേഹം പുറത്താക്കപ്പെട്ടിരുന്നില്ല. സ്ഥാനം ഒഴിവാക്കാൻ മാർ അബ്ദുൽ മിശിഹാ തയ്യാറായതുമില്ല. 1905-ൽ അമീദിലെ മെത്രാനായി മാർ അബ്ദുള്ള തിരിച്ചെത്തുകയും തുടർന്ന് അദ്ദേഹത്തെ പാത്രിയർക്കിസായി തിരഞ്ഞെടുത്ത് വാഴിക്കുകയുമായിരുന്നു. അദ്ദേഹം പാത്രിയർക്കീസ് ആയത് സംബന്ധിച്ച് മലങ്കരയിലും അറിയിപ്പ് കിട്ടുകയും ഇവിടെ കാര്യം പ്രസിദ്ധികരിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് വട്ടശ്ശേരിൽ ഗീവർഗീസ് റമ്പാന്നും കൊച്ചുപറമ്പിൽ പൗലോസ് റമ്പാനും ഇവിടെ നിന്ന് പോയി യരുശലേമിൽ വെച്ച് അബ്ദുള്ള പാത്രിയർക്കീസിൽ നിന്നും മെത്രാപ്പോലീത്തമാരായി വാഴിക്കപ്പെട്ടത്.

മാർ അബ്ദുള്ളയെ സംബന്ധിച്ച് കത്തോലിക്ക ചരിത്രകാരൻ ഫോർട്ട് സ്ക്യൂ അദ്ദേഹത്തിൻ്റെ The Lesser Eastern Churches എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. അതിൻ പ്രകാരം 1896-ൽ അദ്ദേഹം കത്തോലിക്ക സഭയിൽ ചേർന്ന് ഹോംസിൽ മെത്രാനായെന്നും പിന്നീട് കോഴ കൊടുത്ത് സുറിയാനി സഭയിൽ പാത്രിയർക്കീസായി എന്നുമെല്ലാമാണ്. ഇന്ത്യയിലെ കാതോലിക്ക വാഴ്ചയുടെ പശ്ചാത്തലം അറിയുവാൻ വേണ്ടിയാണ് ഈ വിവരണം ആവശ്യമായി വന്നത്. ഈ വിഷയം കോടതിയിൽ വന്നു. മാർ അബ്ദുൽ മിശിഹായെ ഔപചാരിക സുന്നഹദോസ് കൂടി കാനോനികമായി നീക്കം ചെയ്തു എന്നതോ അദ്ദേഹം സ്ഥാനത്യാഗം ചെയ്തുവെന്നോ കോടതിയിൽ രേഖാപൂർവ്വം സ്ഥാപിക്കുവാൻ പാത്രിയർക്കീസ് കക്ഷി പരാജയപ്പെട്ടു. അതുകൊണ്ട് പാത്രിയർക്കാ ആസ്ഥാനത്ത് അധികാരം പിടിച്ചെടുക്കൽ ആസൂത്രിതമായി നടന്നതാണ് എന്ന് കോടതി മനസ്സിലാക്കി. അതായത് ഭരണത്തിലിരുന്ന പാത്രിയർക്കീസിനെ നിയമാനുസൃതം നീക്കം ചെയ്യാതെ മറ്റൊരാളെ പകരം പ്രതിഷ്ഠിക്കുകയായിരുന്നു എന്ന ധാരണയാണ് കോടതിക്ക് കിട്ടിയത്. കാനോനികമായി നീക്കം ചെയ്യാതിരുന്നതുകൊണ്ട് മറ്റൊരു പാത്രിയർക്കീസ് വാഴിക്കപ്പെട്ടിരുന്നാലും അദ്ദേഹം ചെയ്യുന്ന സഭാ നടപടികൾക്ക് സാധുത ഉണ്ട് എന്ന് കോടതി കണ്ടെത്തുകയായിരുന്നു. ആ സാഹചര്യത്തിൽ കാതോലിക്കേറ്റ് സ്ഥാപനവും കാതോലിക്കാ വാഴ്ചയും തുടർന്ന് പാത്രിയർക്കീസ് പുറപ്പെടുവിച്ച കൽപ്പനകളും എല്ലാം സാധുവായി അംഗീകരിക്കപ്പെട്ടു. നില നിന്നിരുന്ന ഒരു കാനോനിക സ്ഥാനത്തേക്കുള്ള ഒഴിവിലായിരുന്നു വാഴ്ച. അതുകൊണ്ട് അതിന് ഒരു സുന്നഹദോസിൻ്റെ തീരുമാനവും ആവശ്യമായിരുന്നില്ല.

ഒന്നാം കാതോലിക്ക സ്ഥാനത്ത് വന്ന് മാസങ്ങൾക്കുള്ളിൽ 1913 മെയ് മൂന്നാം തീയ്യതി കാലം ചെയ്തു. തുടർന്ന് 1925 വരെ ആ സ്ഥാനത്തേക്ക് മാറ്റാരേയും വാഴിച്ചില്ല. 1925-ൽ ഗീവർഗ്ഗീസ് മാർ പീലക്സീനോസിനെ കാതോലിക്കയായി വാഴിച്ചു. 1928 ഡിസംബർ 17-ന്‌ അദ്ദേഹവും വിട പറഞ്ഞു. 1929-ൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസിനെ ബസേലിയോസ് ഗീവർഗ്ഗീസ് II എന്ന പേരിൽ കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തി. അദ്ദേഹത്തിൻ്റെ ഭരണകാലത്ത് 1958-ൽ കാതോലിക്കേറ്റിൻ്റെ സ്ഥാപനം അംഗീകരിച്ചു കൊണ്ട് സുപ്രിം കോടതിയിൽ നിന്ന് ഉത്തരവ് ഉണ്ടായി.

മലങ്കരസഭയുടെ ഭരണ-ആത്മീക സ്വയംപര്യാപ്തത കാതോലിക്കേറ്റിൻ്റെ സ്ഥാപനത്തോടെ സൃഷ്ടിക്കപ്പെട്ടു. 1912-നു മുൻപ് പാത്രിയർക്കേറ്റിൽ നിക്ഷിപ്തമായിരുന്ന എല്ലാ ആത്മീക-വൈദീക അധികാരങ്ങളും കാതോലിക്കേറ്റിൽ നിക്ഷിപ്തമായി. അതിന് ആധാരം അബ്ദുൾ മശിഹാ പാത്രിയർക്കീസിൻ്റെ കല്പനകളും. അവയാകട്ടെ കാനോൻ നിർദ്ദേശങ്ങൾക്ക് അനുരൂപവും. 1958-ലെ സുപ്രീം കോടതി വിധിയിൽ ന്യായാധിപന്മാർ ഈ കാര്യം നിരീക്ഷിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയോടെ നിയമപരമായ തീരുമാനമായി. തുടർന്ന് പാത്രിയർക്കീസ് 1958-ൽ പരി. ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതിയനെ കാതോലിക്കയായി അംഗീകരിച്ചതോടെ 1912-ലെ കാതോലിക്ക സ്ഥാപനവും അബ്ദുൾ മശിഹാ പാത്രിയർക്കീസിൻ്റെ കൽപ്പനകളും സഭാ സംവിധാനത്തിലും പൂർണ്ണ പ്രാബല്യം നേടി. അതിൻ്റെ പശ്ചാത്തലത്തിൽ 1964-ൽ യാക്കോബ് ത്രിതിയൻ പാത്രിയർക്കീസ് കാതോലിക്കേറ്റിൻ്റെ ക്ഷണം സ്വീകരിച്ച് മലങ്കരയിൽ എത്തി കാതോലിക്ക വാഴ്ചയ്ക്ക് നേതൃത്വം നൽകിയതോടെ കാതോലിക്കേറ്റിൻ്റെ പേരിൽ ഉന്നയിക്കപ്പെട്ടിരുന്ന ആക്ഷേപങ്ങൾക്ക് അന്ത്യം വരികയും കാനോനിക കാതോലിക്കേറ്റായി സാർവ്വത്രികമായി അംഗീകരിക്കപ്പെടുകയും ചെയ്തു.

1964-ലെ കാതോലിക്കാ വാഴ്ചയ്ക്കു വന്നുചേർന്ന പാത്രിയർക്കീസ് കാതോലിക്കേറ്റുമായി ഉഭയ ഉടമ്പടി ഉണ്ടാക്കി. 1958-ൽ പരസ്പര സ്വീകരണത്തിനു് ശേഷവും ചില തർക്കങ്ങൾ പാത്രിയർക്കീസ് ഉയർത്തിയിരുന്നു. മർതോമ്മാശ്ലീഹായുടെ സിംഹാസനം എന്ന പ്രയോഗം, കാതോലിക്കായുടെ പേരോട് പരിശുദ്ധ എന്ന വിശേഷണം ഉപയോഗിക്കൽ എന്നിവയായിരുന്നു അവയിൽ ചിലത്. എന്നാൽ 1964-ലെ ഉടമ്പടി സൃഷ്ടിച്ചപ്പോൾ ഈ വിഷയങ്ങളൊന്നും ആലോചനക്ക് വേണ്ടി ഉന്നയിച്ചില്ല. പാത്രിയർക്കീസിൻ്റെയും കാതോലിക്കയുടെയും ഭരണസീമ മാത്രമായിരുന്നു വിഷയം. അബ്ദുൾ മശിഹ പാത്രിയർക്കീസിൻ്റെ കല്പനയിലും 1934-ലെ ഭരണഘടനയിലും ഈ കാര്യം ഉൾപ്പെട്ടിരുന്നില്ല. അതിർത്തി നിർണ്ണയത്തോടെ കാതോലിക്കേറ്റും പാത്രിയർക്കേറ്റുമായി കൃത്യമായ ഭരണാതിർത്തി ഉണ്ട് എന്നും അത് കടന്ന് ഭരണകാര്യങ്ങളിൽ അന്യോന്യം ഇടപെടരുത് എന്ന വസ്തുതയും ആണ് തീരുമാനമായത്. അതോടെ പാത്രിയർക്കേറ്റ് – കാതോലിക്കേറ്റ് എന്നീ സ്ഥാപനങ്ങളുടെ അധികാര പ്രയോഗം അതത് അതിർത്തിക്കുള്ളിൽ പരിമിതപ്പെടുത്തിയതായി ഈ ഉഭയ ഉടമ്പടിയിലൂടെ സമ്മതിക്കുകയായിരുന്നു. അതിർത്തി കടന്ന് അധികാരപ്രയോഗ സാധ്യതയില്ലാത്ത രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി ഇവ പരിണമിച്ചു. ഇത് ഇവയുടെ അന്യോന്യ ബന്ധം വ്യക്തമാക്കുകയും ചെയ്തു.

അതുവരെ മലങ്കര സഭയുടെ ചരിത്രത്തിൽ ഉണ്ടായതായി കാണാത്ത ഒരു സ്വാശ്രയ ബോധം സഭയിൽ ഉണ്ടായതാണ് കാതോലിക്കേറ്റിൻ്റെ സ്ഥാപനത്തിനും നിലനില്പിനും ഇടയായത്. നിർഭാഗ്യവശാൽ ഒരു ഭിന്നതയുടെ പശ്ചാത്തലത്തിൽ അത് നിലവിൽ വന്നതുകൊണ്ട് തുടക്കത്തിൽ അത് സഭയുടെ ഐക്യത്തിനും പൊതുവായ വളർച്ചയ്ക്കും വേണ്ടവിധം ഉപയോഗപ്പെട്ടില്ല എന്നു മാത്രം. എന്നാൽ ഭിന്നതയിൽ ആരംഭിച്ച കാതോലിക്കേറ്റ് 1964-ലെ കാതോലിക്ക വാഴ്ചയോടെ മലങ്കര സഭയുടെ ഐക്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും പ്രതീകമായിത്തീർന്നു.

സസ്നേഹം
ക്രിസ്മസ്- നവവൽസരാശംസകൾ
അത്താനാസ്യോസ് തോമസ് മെത്രാപ്പോലീത്ത

(തുടരും)

മെത്രാപ്പോലീത്തയുടെ കത്ത്: അന്ത്യോഖ്യാ പാത്രിയർക്കേറ്റും കിഴക്കിൻ്റെ കാതോലിക്കേറ്റും – 3