മലങ്കരസഭയ്ക്ക് ഉണ്ടായിരിക്കേണ്ട തിരിച്ചറിവും ബോധ്യവും, കടന്നുപോകേണ്ട പാതയും

ഏത്സ മൂഹത്തിലും ഭിന്നതയും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. വ്യക്തിപരമായ ഇടപെടലുകളിലൂടെയും മധ്യസ്ഥ ചർച്ചകളിലൂടെയും ഭിന്നതകൾ പരിഹരിക്കാൻ സാധിച്ചില്ല എങ്കിൽ, ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ പിന്നീടുള്ള എക പോംവഴി നീതിന്യായപീഠമായ കോടതിയെ സമീപിക്കുക എന്നത് മാത്രമാണ്. ഇരുഭാഗത്തിന്റെയും വാദങ്ങൾ വിശദ്ധമായി കേൾക്കുന്ന കോടതി പക്ഷപാതരഹിതമായി നീതിയുക്തമായ ഉത്തരവ് പുറപ്പെടുവിക്കും. ആ ഉത്തരവ് ഏവരും അംഗീകരിക്കുകയും അത് പ്രാവർത്തികമാക്കാൻ അധികാരപ്പെട്ട ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് കാലവിളംമ്പം കൂടാതെ ആയത് നടപ്പിലാക്കുകയും ചെയ്യും. ഇതാണ് ഒരു ജനാധിപത്യരാജ്യത്തിൽ സംഭവിക്കുന്നതും പൗരന്മാർ ഭരണാധികാരികളിൽ നിന്നും പ്രതിക്ഷിക്കുന്നതും.നീതിയുക്തവും പക്ഷപാതരഹിതവുമായ ഈ നടപടി ഒരു പൗരാധിപത്യ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമാധാനപൂർവ്വമായ സഹവർത്തിത്വത്തിനും ഏറെ ആവശ്യമാണ്.എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ഥമായി നീതി നടപ്പാക്കലിനോടുള്ള കൗശലപൂർണ്ണമായ ഒരു സമീപനമാണ് മലങ്കര സഭയുടെ കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നീതിന്യായ പീഠത്തിന്റെ ഉത്തരവുകൾ നടപ്പിലാക്കാൻ അധികാരപ്പെട്ട ഗവൺമെന്റ് അത് നടപ്പിലാക്കാതെ കള്ളനും പോലീസും കളിക്കുന്നു. നീതിനിഷേധിക്കപ്പെട്ടവർ എന്ന് കോടതി കണ്ടെത്തിയ സമൂഹത്തിന് ഒപ്പം നിന്ന് അവർക്ക് നീതിനടപ്പിലാക്കി കൊടുക്കാതെ അനധികൃതർ എന്ന് ന്യായപീഠം വിലയിരുത്തിയ വിഘടിത സമൂഹത്തിന്റെ ഒപ്പം ചേർന്ന് അവരുടെ രാജ്യദ്രാഹ – കിരാത പ്രവർത്തനങ്ങൾക്ക് കൊടിപിടിക്കുന്നു. വോട്ടുബാങ്കും, ലഭ്യമായ പാർട്ടിഫണ്ടിന്റെ നന്ദിയുമാണ് ഈ പ്രവർത്തിയിലൂടെ ഭരണവർഗ്ഗം കാട്ടുന്നതെന്ന പൊതുസമൂഹത്തിന്റെ വിലയിരുത്തലിനെ ചുമ്മാതള്ളികളയുക സാധ്യമല്ല.തന്മൂലം സഭാതർക്കം കൂടുതൽ വഷളാവുകയും സമാധാനപൂർണ്ണതയ്ക്ക് കാലവിളംമ്പം ഉണ്ടാവുകയും ചെയ്യുന്നു. ഈ അവസരത്തിൽ ചില കാര്യങ്ങളെകുറിച്ചുള്ള വ്യക്തമായ അറിവും ബോധ്യവും നമുക്ക് ഉണ്ടാകണ്ടത് നമ്മുടെ നിലനിൽപ്പിനും പോരാട്ടത്തിനും വളർച്ചയ്ക്കും ആവശ്യമാണ്.

ചരിത്രത്തിലെ പാഠം: കത്തോലിക്കാ സഭയുടെ കൈയ്യേറ്റങ്ങൾ-മലങ്കരയുടെ നഷ്ട ദേവാലയങ്ങൾ മലങ്കര സഭയുടെ ഇരുപത്തിയഞ്ചോളം ദേവാലയങ്ങൾ 1665 മുതൽ സിറോ മലബാർ കത്തോലിക്ക സഭ അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. അന്നത്തെ നീതിന്യായ വ്യവസ്ഥകളുടെ പരാജയവും,പറങ്കി-റോമൻ ബന്ധത്തിന്റെ ഭീഷണിയും,ചില നസ്രാണികളുടെ അതിരുകടന്ന റോമൻ വിധേയത്വവും മൂലം ഇവ തിരിച്ച് പിടിക്കാൻ മലങ്കര സഭയ്ക്ക് സാധിച്ചില്ല.പിന്നീട് ഒരിക്കലും അത്രകണ്ട് അതിനായ് ശ്രമിച്ചിട്ടുമില്ല. പറങ്കികൾ വച്ചുനീട്ടിയ കൊഴിക്കട്ടകാശും സ്ഥാനമാനവും സ്വീകരിച്ച് മറുകണ്ടം ചാടിയ പറമ്പിൽ ചാണ്ടി കത്തനാരെ(സീറോ മലബാറിന്റെ ആദ്യ തദ്ദേശീയ മെത്രാൻ)പോലുള്ളവർക്ക് പ്രധാനം തങ്ങളുടെ നിലനിൽപ്പും വളർച്ചയുമായിരുന്നു. അതിനായ് ആളുകളെ കൂടെകൂട്ടാൻ പണം ഒഴുക്കാനും അന്നത്തെ സഭാ തലവനായ മഹാനായ മാർതോമാ ഒന്നാമൻ മലങ്കര മെത്രാപ്പോലീത്തയ്ക്കും അദേഹത്തോടൊപ്പം നിന്നവർക്കും എതിരായി സ്ഥാനന്യൂനത ഉൾപ്പെടെ ഉള്ള അപവാദ പ്രചരണങ്ങൾ പറഞ്ഞ് പരത്താനും ചാണ്ടി മെത്രാനും കൂടെ ഉള്ള റോമാ സുറിയാനിക്കാർക്കും യാതൊരു മടിയും ഇല്ലായിരുന്നു.തൻമൂലം ജനങ്ങളിൽ ഒരു ചെറു പങ്കിനെയും അവരിലൂടെ പള്ളികളെയും തങ്ങളുടെ കൂടെ ചേർക്കാൻ പഴയകൂറ്റുകാർ എന്ന് തെറ്റായി സംബോധന ചെയ്യപ്പെടുന്ന യഥാർഥ പുത്തൻകൂറിന് സാധിച്ചു. അങ്ങനെ കത്തോലിക്കാ സഭ കൈയ്യേറിയ ഈ പുരാതന പള്ളികൾ എല്ലാം ഇന്ന് മലങ്കരയുടെ നഷ്ട ദേവാലയങ്ങളുടെ ഗണത്തിൽ ആയിതീർന്നിരിക്കുന്നു.ഇനി അവയെ തിരിച്ച് പിടിക്കാൻ സാധിക്കുമോ? ആവോ അറിയില്ല.

ഇന്നത്തെ അവസ്ഥ: സിറിയൻ സഭയുടെ കൈയ്യേറ്റശ്രമങ്ങൾ -വിഘടിത വിഭാഗവും സഭയിലെ ഇത്തിൾ കണ്ണികളും മലങ്കരയുടെ നഷ്ട ദേവാലയങ്ങളുടെ ഗണത്തിലേയ്ക്ക് വിഘടിത യാക്കോബായ വിഭാഗം അംഗബലത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ അനധികൃതമായി കൈവശംവച്ചിരിക്കുന്ന കുറച്ചധികം പള്ളികളെ കൂടി ചേർക്കാനുള്ള നിർദേശവും ശ്രമവും സമ്മർദ്ദത്തിന്റെയും,സമാധാനത്തിന്റെയും,സമവായത്തിന്റെയും പേരിൽ നേത്യത്വനിരയിലും (സഭാ സമിതിഅംഗങ്ങൾ,കമ്മറ്റിക്കാർ etc), പ്രാമുഖ്യ-പണ്ഡിത നിലയിലുമുള്ള പലരും ഇന്ന് മുന്നോട്ടുവയ്ക്കുന്നതായി അറിയുന്നു. പരമോന്നത നീതിപീഠത്തിന്റെ നിശ്ചയങ്ങളെ പോലും കാറ്റിൽ പറത്തികൊണ്ട് ഈ പരി.സഭയ്ക്ക് ലഭ്യമായ നീതിയേയും ദേശീയ അംഗീകാരത്തെയും ചരിത്ര സാക്ഷ്യത്തെയും നശിപ്പിക്കുക എന്നതിന്റെ ഭാഗമായി മാത്രമേ ഈ ശ്രമങ്ങളെ വിലയിരുത്താൻ സാധിക്കു.

സമാധാനകാംക്ഷികളും അങ്ങനെ അഭിനയിക്കുന്നവരുമായ മെത്രാന്മാർക്കും, വൈദീകർക്കും,അത്മായകാർക്കും പലതും പറയുകയും എഴുതുകയും ക്രിസ്തീയയുടെ പേര് പറഞ്ഞ് സഭാ നേത്യത്വത്തേയും സഭാതലവനെയും സമ്മർദ്ദത്തിലാക്കുകയും ചെയ്യാം. അവരുടെ അഭിപ്രായയങ്ങളുടെയും നിഷ്പക്ഷതയുടെയും പേരിൽ പൊതു സമൂഹത്തെയും കൂടെ നിർത്താൻ സാധിക്കും.എന്നാൽ അന്തസും ചരിത്രബോധവുമുള്ള ഒറ്റ നസ്രാണിപോലും ഇവരുടെ വിഘടിത-കലക്ക പ്രവർത്തനങ്ങൾക്ക് കുട പിടിക്കില്ല.അവന് പ്രധാനം നസ്രാണി സഭയും സഭയുടെ ചരിത്രത്തിന്റെയും വ്യാപ്തിയുടെയും അടയാളങ്ങളായ ദേവാലയങ്ങളുമാണ്.

ഇത്തിൾകണ്ണിയായി സഭയിൽ നിൽക്കുന്ന ചിലർക്ക് പ്രധാനം നീതിയുടെ പൂർത്തികരണമോ,സത്യത്തിന്റെ വിജയമോ, മാർതോമ്മായുടെ പുരാതന സഭയുടെ നിലനിൽപ്പോ-ശാശ്വതസമാധാനമോ,ചരിത്രസാക്ഷ്യമോ അല്ല. നേരെ മറിച്ച് വ്യക്തിപരമായ നേട്ടവും അഭിനന്ദവും ചിലരോടുള്ളകുശുമ്പും അസൂയയുമാണ് ഇവരിൽ പലരേയും നയിക്കുന്നത്.മലങ്കര സഭയാകുന്ന പെറ്റമ്മയിൽ നിന്ന് ആമാതാവിന്റെ മക്കളാകുന്ന ഇടവക പള്ളികളെ വിദേശബന്ധത്തിന്റെയും ക്രിസ്തീയ സാഹോദര്യത്തിന്റെയും പേരിൽ അകറ്റി മാറ്റുന്ന പ്രക്രിയയ്ക്ക് (വിദേശത്തെ പോറ്റമ്മയ്ക്ക്? കീഴിലാകുന്ന പ്രക്രിയയ്ക്ക്) ഇവർ കുടപിടിക്കുന്നു എന്നതാണ് സത്യം. ഈകൂട്ടർ സഭയിലൂടെ വളർന്നവരും സഭയിലൂടെ നേട്ടമുണ്ടാക്കിയവരും സഭ തളർന്നാലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നവരുമാണ്. ഇവർക്ക് സഭയെക്കാൾ പ്രധാനം മറ്റു പലതുമാണ്. സഭ തങ്ങൾക്ക് വളരാനും സ്വന്തം നിലപാടുകൾ പ്രാവർത്തികമാക്കുന്നതിനുള്ള ഒരു സ്ഥാപനം മാത്രം.ഇത് 2000വർഷത്തെ ചരിത്രം പേറുന്ന ഭാരതത്തിന്റെ ഏക ദേശീയ സഭയാണെന്നും ഒരു ചെറിയ കുരിശടിപോലും നഷ്ടപ്പെടുന്നത് വലിയ നഷ്ട്ടമാണെന്നും ഉള്ള ചരിത്ര പാഠം(1663-65കാലത്ത് സീറോമലബാർ സമൂഹത്തിന്റെ കടന്നുപോക്ക്) പലതിന്റെയും പേരിൽ അവർ വിസ്മരിക്കുന്നു.

നസ്രാണികളുടെ നിലപാണ് സഭയുടെ നിലപാട്-നീതിപീഠത്തിന്റെ ഉത്തരവ് മലങ്കര സഭയെന്ന പുരാതന ഭാരത സഭയ്ക്കവകാശപ്പെട്ട ഒരു ദേവാലയവും സ്ഥാപക-ജംഗമ-വസ്തുക്കളും നഷ്ടപ്പെടാതെ തിരിച്ച് പിടിക്കണം എന്നുതന്നെയാണ് ഓരോ നസ്രാണിയും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവും ഇതുതന്നെയാണ്. മലങ്കരസഭ സ്ഥാപിതമായ കാലം തൊട്ട് വിഘടിത വിഭാഗം വേർപിരിഞ് പോകുന്ന 1970-72കാലംവരെ സ്ഥാപിതമായ ഒരു ദേവാലയവും വസ്തുക്കളും നഷ്ടപ്പെടുന്നത് അംഗീകരിക്കുക സാധ്യമല്ല. വിഘടിത വിഭാഗക്കാർ ഭൂരിപക്ഷമായി നിൽക്കുന്നതോ നൂറുശതമാനം അവർ മാത്രമുള്ളതോ ആയ ദേവാലയങ്ങളും ഇതിൽ പെടാം. അവ പോലും നഷ്ടപ്പെടാനൊ ഭൂരിപക്ഷത്തിന്റെ പേരിൽ വിഘടിത വിഭാഗത്തിന് വീതം വച്ച് നൽകാനോ ഇടയാവരുത്. സമാധാനത്തിനുള്ള എളുപ്പവഴി,കമ്മറ്റി തീരുമാനം,സമവായശ്രമത്തിന്റെ ഭാഗം,പൊതു സമൂഹത്തിന്റെ നിർദ്ദേശം എന്നൊന്നും പറഞ്ഞ് മലങ്കര സഭയ്ക്ക് അവകാശപ്പെട്ട ഒരിഞ്ച് ഭൂമിയോ ഒരു കുരിശടിപോലുമോ വിട്ടുകൊടുക്കുക സാധ്യമല്ല. അത് ചരിത്രത്തോടും, പിതാക്കന്മാരോടും,വരുന്ന തലമുറയോടും ചെയ്യുന്ന മഹാപാതകമാണ്.

ഒരു പക്ഷെ ഈ ദേവാലയങ്ങളും മറ്റും തിരിച്ച് പിടിക്കാൻ കാലം ഏറെ വേണ്ടിവരും. വെയിലും മഴയും അപമാനവും സഹിക്കേണ്ടതായി വരും.എങ്കിലും ദൈവത്തിൽ ശരണംവച്ച് സത്യത്തിന്റെ പാതയിൽ നീതിയുക്തമായ് അധ്വാനിച്ചാൽ മലങ്കരയ്ക്ക് സഭയ്ക്ക് അവകാശപ്പെട്ട എല്ലാ പള്ളികളും തിരിച്ച് പിടിക്കാൻ സാധിക്കും. ഇതിനെതിരായുള്ള ഒരു നിർദേശവും നസ്രാണി സമൂഹത്തിലെ ചുണകുട്ടികൾക്ക് അംഗീകരിക്കുക സാധ്യമല്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് സഭയിൽ ആഭ്യന്തര പ്രശ്നങ്ങളും വിള്ളലുകളും സൃഷ്ടിക്കാനെ ഇടയാക്കു.

വിഘടിത വിഭാഗത്തിന്റെ മുമ്പിലുള്ള വഴികൾ – പാത്രിയർക്കാഭക്തർ ചെയ്യേണ്ടത് ഇന്നത്തെ യാക്കോബായ വിഭാഗത്തിൽ ഉൾപ്പെട്ടു നിൽക്കുന്നവർക്ക് മാത്യുസഭയാകുന്ന മലങ്കര സഭയിലേയ്ക്ക് മടങ്ങിവരാം.  1934ലെ ജനാധിപത്യപൂർണ്ണമായ ഭരണക്രമം അംഗീകരിച്ച് വൈദേശിക ആധിപത്യങ്ങൾക്ക് കീഴ്പ്പെടാതെ ഈ സഭയിലെ അംഗമായി പഴയതുപോലെ സ്വതന്ത്രരായി തുടരാൻ സാധിക്കും. പരി.സഭാ നേതൃത്വവും അതാണ് ആഗ്രഹിക്കുകയും നിർദേശിക്കുകയുo ചെയ്യുന്നത്. സമാധാനത്തിനുള്ള എറ്റവും നല്ല മാർഗ്ഗവും അതാണ്.

ലബനോനിലെ പാത്രിയർക്കീസുമായുള്ള ബന്ധത്തിൽ (അന്ത്യാഖ്യ ബന്ധത്തിൽ) തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എക പോംവഴി മലങ്കര സഭയുടെ പള്ളികളും മറ്റ് സ്ഥാപക ജംഗമ വസ്തുക്കളും ഉപേക്ഷിച്ച് or പുത്തൻകുരിശിലെ വിഘടിത വിഭാഗം ചെയ്തതുപോലെ യഥാർഥ അവകാശിയെ ഏൽപ്പിച്ച് വേറെ പള്ളികൾ വച്ച് അന്ത്യാഖ്യാ ബന്ധം തുടരുക എന്നത് മാത്രമാണ്.അതല്ലാതെ നീത്യന്യായ കോടതിയുടെ ഉത്തരവിനെ വെല്ലുവിളിച്ച് പള്ളികൾക്ക് മുമ്പിലും മറ്റും സമരം ചെയ്യുന്നതുകൊണ്ടൊ,അപവാദപ്രചരണങ്ങൾ കൊണ്ട് മലങ്കര സഭാ നേത്യത്വത്തെ അപമാനിക്കുന്നതുകൊണ്ടൊ, ഒഴിഞ്ഞും തെളിഞ്ഞും ആക്രമണങ്ങൾ അഴിച്ച് വിടുന്നതുകൊണ്ടൊ,മൃതശരീരം വച്ച് വില പേശുനാടകങ്ങൾ നടത്തുന്നതുകൊണ്ടൊ ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ല.ഇന്നല്ലങ്കിൽ നാളെ കോടതി വിധി എല്ലാ ദേവാലയങ്ങളിലും നടപ്പായിരിക്കും.കാരണം ഇത് നീതിക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ജനാധിപത്യ രാജ്യമാണ്.

ദൈവസ്നേഹവും,സഭാസ്നേഹവും, രാജ്യസ്നേഹവും ഉള്ളവരാണ് മലങ്കര നസ്രാണികൾ. നമ്മുടെ പിതാക്കന്മാർ വി.മാർതോമ്മാശ്ലീഹായുടെ സിംഹാസനത്തിൽ ഉപവിഷ്ടരായിരുന്ന പുണ്യപിതാക്കന്മാരുടെ കൽപ്പനകൾ പ്രമാണിച്ച് സത്യത്തിന്റെ പാതയിൽ മുന്നോട്ടു പോയതുപോലെ, ദൈവരാജ്യത്തിന്റെ സത്യപാതയിൽ നമുക്കും അണിനിരക്കാം.ദൈവം തന്റെ ദിവ്യസമാധാനം കൊണ്ടും ഐക്യ- പുരോഗതി കൊണ്ടും തന്റെ പരിശുദ്ധ സഭയേയും നമ്മെയും നിറയ്ക്കട്ടെ.

Source: The Malankara Untold

error: Thank you for visiting : www.ovsonline.in