ഓർത്തഡോക്സ് സഭ പ്രതിഷേധ സമ്മേളനം 17-ന്

കോട്ടയം: ഓർത്തഡോക്സ് സഭാ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് 17നു കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വടക്കൻ മേഖലാ സമ്മേളനം ചേരും. പലയിടങ്ങളിലും അക്രമം നടന്നിട്ടും സംസ്ഥാന സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായും, അക്രമങ്ങൾക്ക് സർക്കാരിന്റെ മൗനാനുവാദമുണ്ടോ എന്നു സംശയിക്കുന്നതായും സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമങ്ങൾക്കെതിരെ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഭാംഗങ്ങളെയും സഭാ സ്ഥാപനങ്ങളെയും ആക്രമിക്കുന്നതിൽ പ്രതിഷേധിച്ച് ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകത്ത് ഇന്നലെ യോഗം ചേർന്നു. ദേവലോകത്തെ അരമനപ്പള്ളിയുടെ മുന്നിലുള്ള കുരിശടി, അയർക്കുന്നം തൂത്തൂട്ടി മാർ ഗ്രിഗോറിയസ് പള്ളിയുടെ കുരിശടി എന്നിവയ്ക്കു നേരെ രണ്ടു ദിവസമായി ആക്രമണമുണ്ടായി. ആക്രമണങ്ങൾ തുടരുന്നതിൽ സർക്കാരിനെതിരെ ശക്തമായ വിമർശനം ഓർത്തഡോക്സ് സഭ ഉന്നയിച്ചു . മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം – കോട്ടയം സെൻട്രൽ ഭദ്രാസനപ്പള്ളി പ്രതിപുരുഷന്മാരുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ദേവലോകത്തു ചേർന്ന യോഗത്തിലും അതിനു മുന്നോടിയായി സഭാ ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിലും സർക്കാർ നിലപാടിലും പള്ളികൾ ആക്രമിക്കപ്പെടുന്നതിലുമുള്ള പ്രതിഷേധവും വിമർശനവും ഉയർന്നു.

മലങ്കര സഭാമക്കൾ സ്ഥിരമായി അവഹേളിക്കപ്പെടുന്നു, അക്രമികൾക്കു ശിക്ഷ നൽകണം, സർക്കാരിന്റെയും ഉന്നത അധികാരികളുടെയും ഒത്താശയോടെയാണ് അക്രമം ന‌ടക്കുന്നത്. അയോധ്യ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു പറയുന്ന മുഖ്യമന്ത്രി ഓർത്തഡോക്സ് സഭയ്ക്കു ലഭിച്ച സുപ്രീം കോടതി വിധിയെപ്പറ്റി മൗനം പാലിക്കുന്നു എന്നും യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. യോഗത്തിൽ സഭാ വക്താവ് ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, ഫാ. എ.വി വർഗീസ് ആറ്റുപുറം, മാനേജിങ് കമ്മിറ്റിയംഗം റോണി വർഗീസ് ഏബ്രഹാം, ഫാ. ജോൺ ശങ്കരത്തിൽ എന്നിവർ പ്രസംഗിച്ചു.

കുരിശടികൾക്കു നേരെ ആക്രമണം: അന്വേഷണം തുടങ്ങി

കോട്ടയം ∙ ഓർത്തഡോക്സ് സഭ ദേവലോകം അരമനപ്പള്ളിയുടെ മുന്നിലുള്ള കുരിശടി, തൂത്തൂട്ടി മാർ ഗ്രിഗോറിയസ് പള്ളി കുരിശ് എന്നിവയ്ക്കു നേരെ നടന്ന അക്രമങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിനു കോട്ടയം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ നിർമൽ ബോസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ദേവലോകം അരമനയ്ക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സംശയമുള്ള ഏതാനും പേരെ സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നുണ്ട്. ഞായറാഴ്ച രാത്രി 11.30-നാണു ദേവലോകത്ത് ആക്രമണം. 12.30-നാണ് 8 കിലോമീറ്റർ അകലെ തൂത്തൂട്ടിയിൽ അക്രമം. 2 അക്രമങ്ങളും ഒരേ സംഘമാണോ ചെയ്തതെന്നു സംശയിക്കുന്നതായി ഡിവൈഎസ്പി ആർ.ശ്രീകുമാർ പറഞ്ഞു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ആറടി മണ്ണിൻ്റെ പിന്നിലെ കൗശലവും സാധ്യതകളും