OVS - Latest NewsOVS-Kerala News

വിശ്വാസ തീരമായ പരുമലയിൽ പരിശുദ്ധൻ്റെ കബറിടം വണങ്ങി ആയിരങ്ങൾ.

പരുമല: വിശ്വാസ തീരമായ പരുമലയിൽ പരിശുദ്ധൻ്റെ കബറിടം വണങ്ങി ആയിരങ്ങൾ. പരിശുദ്ധ പരുമല തിരുമേനിയുടെ 117-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന റാസയിൽ മലങ്കര സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. ഇന്നലെ പുലർച്ചെ മുതൽ പദയാത്രയായി വിവിധയിടങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തിയിരുന്നു. പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിന്നുള്ള പദയാത്രാ സംഘം രാത്രി എത്തി.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സഭയിലെ മെത്രാപ്പോലീത്തമാർ വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്‌വ് നൽകി. കുറിയാക്കോസ് മാർ ക്ലിമ്മീസ്, സഖറിയാസ് മാർ അന്തോണിയോസ്, ഡോ.യാക്കോബ് മാർ ഐറേനിയസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ്, ഡോ.യൂഹാനോൻ മാർ തേവോദോറസ്, ജോഷ്വാ മാർ നിക്കോദീമോസ്, യാക്കോബ് മാർ ഏലിയാസ്, എന്നിവർ വിശ്വാസികളെ ആശീർവദിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സെമിനാരി മാനേജർ ഫാ. എം. സി. കുര്യാക്കോസ് എന്നിവർ റാസയ്ക്ക് നേതൃത്വം നൽകി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് പ്രസംഗിച്ചു.

പള്ളിയുടെ പടിഞ്ഞാറ് വാതിലിലൂടെ ഇറങ്ങിയ റാസയിൽ നൂറുകണക്കിന് പൊൻവെള്ളി കുരിശുകളും മുത്തുക്കുടകളുമേന്തി തീർഥാടകർ അണിനിരയായി നിന്നു. പടിഞ്ഞാറുഭാഗത്തെ കുരിശടിയിലെത്തി വടക്കേ വാതിലിലൂടെ പള്ളിയിൽ പ്രവേശിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥന നടന്നു.

പെരുന്നാൾ ദിനമായ ഇന്ന് 8.30-ന് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ മൂന്നിന്മേൽ കുർബാന നടക്കും. 12-ന് എംജിഒസിഎസ്എം സമ്മേളനം. 2-ന് റാസ 3-ന് കൊടിയിറക്ക്.

തീർഥാടക വാരം സമാപനം
ക്രിസ്തുവിനെ ഉൾക്കൊണ്ട പരിശുദ്ധനായ പരുമല തിരുമേനി നമുക്ക് മാതൃകയായി തീരണമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. പരുമല തീർഥാടക വാരാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവാ. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. സഖറിയാ മാർ അന്തോണിയോസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഫാ.ഡോ.എം.ഒ.ജോൺ, ഫാ.എം.സി.കുര്യാക്കോസ് ഫാ.ജോൺ മാത്യു, ബിജു ഉമ്മൻ, ഫാ.എം.സി.പൗലോസ്, ഡോ.എം.കുര്യൻ തോമസ്, സൈമൺ കെ. വർഗീസ്, ജി.ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

ഉപവാസ ധ്യാനം
നന്മയിലൂടെ മാത്രം മനുഷ്യനെ കാണാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ഡോ. ജോസഫ് മാർ ദിവന്നാസിയോസ്. അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ ധ്യാനവും മധ്യസ്ഥ പ്രാർഥനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗീവർഗീസ് മാർ കൂറിലോസ്, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ബിജു മാത്യു പ്രക്കാനം, ഫാ.ജോൺ കെ.വർഗീസ് കൂടാരത്തിൽ, സനാജി ജോർജ് എന്നിവർ പ്രസംഗിച്ചു.

അഖണ്ഡ പ്രാർഥന സമാപിച്ചു
ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അഴിപ്പുരയിൽ നടന്നുവന്ന 144 മണിക്കൂർ അഖണ്ഡ പ്രാർഥന സമാപിച്ചു. പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. ഡോ.ജോസഫ് മാർ ദിവന്നാസിയോസ് സന്ദേശം നൽകി. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, വൈസ് പ്രസിഡന്റ് ഫാ.വർഗീസ് ടി.വർഗീസ്, ജനറൽ സെക്രട്ടറി ഫാ.അജി കെ. തോമസ്, ജോജി പി.തോമസ്, ഫാ.എം. വർഗീസ് തോമസ്, മത്തായി ടി. വർഗീസ്, സോഹിൽ വി. സൈമൺ, എൽജോ സി. ചുമ്മാർ, മനു തമ്പാൻ, ഡോ.നിതിൻ കുര്യാക്കോസ്, അജീഷ് ചീരൻ, കെവിൻ റെജി ടോം എന്നിവർ പ്രസംഗിച്ചു.

സ്നേഹത്തിന്‍റെ നിറദീപം ; പരിശുദ്ധനായ പരുമല തിരുമേനി..!