എന്താണ് മലങ്കര സഭാതര്‍ക്കം ?

പള്ളിത്തര്‍ക്കം സഭാതര്‍ക്കം എന്നൊക്കെ നിരന്തരം മാദ്ധ്യമങ്ങളിലൂടെ കേള്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലെ ബഹുഭൂരിപക്ഷം പൊതുസമൂഹത്തിനും സഭാതര്‍ക്കം എന്താണെന്നതില്‍ വലിയ ധാരണ ഒന്നുമില്ലാത്തവരാണ്. എന്താണ് മലങ്കര സഭാതര്‍ക്കം?. എന്താണ് സഭാതര്‍ക്കത്തിൻ്റെ ചരിത്രം? മലങ്കര സഭാതര്‍ക്കത്തെ കുറിച്ച് മനസിലാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പം ദൈര്‍ഘ്യമേറിയതാണെങ്കിലും ഈ ലേഖനം മുഴുവന്‍ വായിക്കുക.

യേശുക്രിസ്തു തൻ്റെ ഉയര്‍ത്തെഴുന്നേല്‍പിനു ശേഷം ശിഷ്യന്മാരെ ഭൂലോകത്തിൻ്റെ സര്‍വ അതിര്‍ത്ഥികളിലും പോയി ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുവാന്‍ നിയോഗിച്ചാക്കി. അപ്രകാരം ശിഷ്യന്മാര്‍ ക്രിസ്തുമത പ്രചരണത്തിനായി വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. പത്രോസ് അന്ത്യോഖ്യയിലും, മാര്‍ത്തോമ സ്ളീഹാ ഭാരതത്തിലും ക്രൈസ്തവ വിശ്വാസ പ്രചരണം നടത്തി എന്നാണ് വിശ്വസിക്കപ്പെടുന്നത്.

അങ്ങനെ പരിശുദ്ധ മാര്‍ത്തോമ സ്ളീഹായാല്‍ ഭാരതത്തില്‍ ജന്മമെടുത്ത ക്രൈസ്തവ സഭയാണ് മലങ്കര സഭ. ക്രൈസ്തവ സഭയുടെ നിയമ സംഹിതയെ ‘കാനോന്‍’ എന്നാണ് വിളിക്കുന്നത് . അംഗീകരിക്കപ്പെട്ട പൊതുകാനോനുകള്‍ പ്രകാരം എല്ലാ അപോസ്തോലിക ക്രൈസ്തവ സഭകളും തുല്യമാണ്. എല്ലാ അപോസ്തോലിക ക്രൈസ്തവ സഭകളുടെയും അദ്ധ്യക്ഷന്മാരും തുല്യ സ്ഥാനികളാണ്. ഒരാള്‍ ഒരാള്‍ക്ക് മുകളിലോ താഴെയോ അല്ല. എല്ലാവര്‍ക്കും ഒരേ അധികാരമാണുള്ളത്. എന്നാല്‍ ചരിത്രപരമായ ചില കാരണങ്ങളാല്‍ സഭാദ്ധ്യക്ഷന്മാരെ സമന്മാരില്‍ ഒന്നാമന്‍ രണ്ടാമന്‍ എന്നൊക്കെ തരം തിരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും തുല്യ അധികാരമാണ്. തുല്യരില്‍ ഒന്നാമന്‍ രണ്ടാമന്റെ മേല്‍സ്ഥാനിയോ കീഴ്സ്ഥാനിയോ അല്ല. ഇരുവര്‍ക്കും കാനോനികമായി തുല്യ അധികാരമാണ്.

ഇനി വിഷയത്തിലേക്ക് വരാം. അന്ത്യോഖ്യന്‍ സഭയുടെ തലവനെ മലങ്കര സഭയുടെ തലവനോട് താരതമ്യപ്പെടുത്തിയാല്‍ അന്ത്യോഖ്യന്‍ സഭയുടെ തലവന്‍ (അന്ത്യോഖ്യ പാത്രിയർകീസ്) മലങ്കര സഭയുടെ തലവനേക്കാള്‍ (മലങ്കര മെത്രാപോലീത്ത) തുല്യരില്‍ മുന്‍പനാണ്. അതിനര്‍ത്ഥം മലങ്കര സഭാ തലവന്‍ അന്ത്യോഖ്യ പാത്രികീസിന്റെ കീഴ്സ്ഥാനി ആണെന്നോ പുറകില്‍ ആണെന്നോ അല്ല. മലങ്കര സഭയുടെ മേല്‍ മലങ്കര സഭാതലവനെ മറികടന്ന് യാതൊരു അധികാരവും പ്രയോഗിക്കാന്‍ അന്ത്യോഖ്യ പാത്രിയർകീസിന് കഴിയുകയുമില്ല.

ഇനി മലങ്കര സഭാതര്‍ക്കത്തിന്റെ ചരിത്രത്തിലേക്ക് വരാം. AD 1911-ല്‍ അന്ത്യോഖ്യ പാത്രികീസ് ആയിരുന്ന അബ്ദുള്ള പാത്രിയർകീസ് കേരളത്തിലേക്ക് വരികയും മലങ്കര സഭയുടെ സ്വത്തിന്റെ മേല്‍ തനിക്ക് ഭൗതീക അധികാരമുണ്ട് എന്ന് സമ്മതിക്കുന്ന ഒരു സമ്മതപത്രം ഒപ്പിട്ടു നല്‍കണം എന്ന് മലങ്കര സഭാതലവനോടും മലങ്കര സഭയിലെ മറ്റു മെത്രാന്മാരോടും ആവശ്യപ്പെടുകയും ചെയ്തു. ഒന്നുരണ്ടു മെത്രാന്‍മാര്‍ ഇത് സമ്മതിച്ചു എങ്കിലും മലങ്കര സഭയുടെ തലവനായിരുന്ന മലങ്കര മെത്രാപോലീത്ത ഇപ്രകാരം ഒരു സമ്മതപത്രം ഒപ്പിട്ടു നല്‍കാനാവില്ല എന്ന് ശക്തമായി അബ്ദുള്ള പാത്രികീസിനെ അറിയിച്ചു. കലി പൂണ്ട പാത്രിയർകീസ് മലങ്കര മെത്രാപോലീത്തായെ തല്‍സ്ഥാനത്ത് നിന്ന് സസ്പെന്റ് ചെയ്തതായി പ്രഖ്യാപിക്കുകയും തനിക്ക് സമ്മതപത്രം നല്‍കാം എന്നു സമ്മതിച്ച ഒരു മെത്രാനെ മലങ്കര മെത്രാപോലീത്ത ആയി പകരം നിയമിക്കുകയും ചെയ്തു.

ഇവിടെ ആണ് മലങ്കര സഭാതര്‍ക്കം ആരംഭിക്കുന്നത്. ഈ പ്രശ്നത്തില്‍ മലങ്കര മെത്രാപോലീത്തായെ അനുകൂലിച്ചവര്‍ ”മെത്രാന്‍കക്ഷിക്കാര്‍” എന്നും പാത്രിയർകീസ് ബാവായെ അനുകൂലിച്ചവര്‍ ‘‘ബാവാ കക്ഷിക്കാര്‍’‘ എന്നുമായി രണ്ടു വിഭാഗം മലങ്കര സഭയില്‍ ഉടലെടുത്തു.

മലങ്കര മെത്രാപോലീത്തായെ സസ്പെന്റ് ചെയ്യാനുള്ള അധികാരം പാത്രിയർകീസ് ബാവായ്ക്ക് ഇല്ല എന്ന് മെത്രാന്‍കക്ഷിക്കാരും പാത്രിയർകീസ് ബാവാക്ക് അതിനുള്ള അധികാരമുണ്ടെന്ന് ബാവാകക്ഷിക്കാരും വാദിച്ചു. തര്‍ക്കം അങ്ങനെ കോടതി വ്യവഹാരത്തിലേക്ക് നീണ്ടു. 1913 -ല്‍ വട്ടിപ്പണം കേസ് എന്ന പേരില്‍ വിഷയം തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ വരെ ഈ കേസ് എത്തി. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 1928 -ല്‍ തിരുവിതാംകൂര്‍ ഹൈക്കോടതി ഈ കേസില്‍ അന്തിമ വിധി പറഞ്ഞു. മലങ്കര സഭയുടെ തലവനെ മുടക്കാന്‍ പാത്രിയർകീസ് ബാവാക്ക് അധികാരം ഇല്ല എന്നും. പുതുതായി പാത്രിയർകീസ് ബാവാ നിയമിച്ച മലങ്കര മെത്രാന്റെ നിയമനം കാനോനികമായി സാധുവല്ല എന്നും കോടതി വിധിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരത്തിന്റെ പരിസമാപ്തിയില്‍ മെത്രാന്‍കക്ഷി കോടതിയില്‍ വിജയം നേടി.

1928-ലെ കോടതി വിധിയോടെ മലങ്കര സഭയിലെ ബാവാകക്ഷി അപ്രസക്തമായി. കോടതിയില്‍ വിജയം നേടിയ മെത്രാന്‍കക്ഷി 1934 -ല്‍ മലങ്കര സഭയില്‍ പാത്രിയർകീസ് ബാവായുടെയും മലങ്കര മെത്രാപോലീത്തായുടെയും അധികാരം എന്തെന്ന് വ്യക്തമായി നിര്‍വചിക്കുന്ന സഭാഭരണഘടന പാസാക്കി. 1934 ഭരണഘടന പ്രകാരം പാത്രിയർകീസ് ബാവാക്ക് മലങ്കര സഭയുടെ മേല്‍ ഭൗതീക അധികാരങ്ങള്‍ ഒന്നും ഇല്ല എന്ന വസ്തുത സഭയുടെ ഭരണഘടന മൂലം തന്നെ ഉറപ്പിക്കപ്പെട്ടു.

1950-ല്‍ ഭാരതം സ്വതന്ത്ര റിപബ്ളിക് ആയപ്പോള്‍ വ്യവസ്ഥാപിത കോടതികളും സ്ഥാപിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ അതുവരെ നിലനിന്നിരുന്ന പരമോന്നത കോടതി ആയിരുന്ന തിരുവിതാംകൂര്‍ ഹൈക്കോടതിയുടെ വിധി അപ്രസക്തമാവുകയും തോറ്റു പോയ പാത്രിയർകീസ് വിഭാഗത്തിന് പുതിയ കേസു/ വ്യവഹാരങ്ങള്‍ തുടങ്ങുന്നതിനുള്ള സാദ്ധ്യതകള്‍ തുറന്നു കിട്ടുകയും ചെയ്തു. 1934 ഭരണഘടനയുടെ സാധുത ചോദ്യം ചെയ്ത് പാത്രിയർകീസ് വിഭാഗം കോടതിയെ സമീപിച്ചു. ഈ കേസില്‍ 1958 -ല്‍ ഭാരതത്തിന്റെ പരമോന്നത നീതിപീഢത്തിന്റെ ചീഫ് ജസ്റ്റിസ് ഉള്‍പെടുന്ന 5 അംഗ ഭരണഘടന ബെഞ്ച് ഇരുപക്ഷത്തിന്റെയും വാദം വിശദമായി കേട്ട ശേഷം 1934 ഭരണഘടന സാധുവാണെന്നും മലങ്കര സഭ ഒന്നാണെന്നും രണ്ടു കക്ഷികളും ഭരണഘടന അംഗീകരിച്ച് മുന്നോട്ടു പോകണമെന്നും സുപ്രീം കോടതി വിധിയുണ്ടായി. ഈ വിധിയുടെ പശ്ചാത്തലത്തില്‍ 1958-ല്‍ മലങ്കര സഭയിലെ ഇരുവിഭാഗവും പരസ്പരം ഒന്നായി മാറി കക്ഷിവഴക്കുകള്‍ അവസാനിപ്പിക്കുകയും 1934 ഭരണഘടന പ്രകാരം മലങ്കര സഭ ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയും ചെയ്തു.

നിര്‍ഭാഗ്യവശാല്‍ 1972-ല്‍ വീണ്ടും വിഘടനവാദം സഭയില്‍ തലപൊക്കുകയും പഴയ ബാവാകക്ഷി വീണ്ടും പുനരുജ്ജീവിക്കപ്പെടുകയും ഒരു പതിറ്റാണ്ടു കാലത്തെ സമാധാന കാലഘട്ടത്തിനു ശേഷം വീണ്ടും മലങ്കര സഭ കേസ് വ്യവഹാരങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. ഈ കേസും സുപ്രീം കോടതിയിലെത്തുകയും 1958-ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കണിച്ചു കൊണ്ട് 1995 -ല്‍ വീണ്ടും സുപ്രീം കോടതി വിധിയുണ്ടായി. മലങ്കര സഭയുടെ എല്ലാ പള്ളികളിലും 1934 ഭരണഘടന ബാധകമാണെന്നും മലങ്കര സഭ ഒന്നായി പോകണമെന്നും വിധി ഉണ്ടായി. ഈ വിധിയുടെ തുടര്‍നടപടിയുടെ ഭാഗമായി ഇരുപക്ഷവും ചേര്‍ന്ന് മലങ്കര സഭയുടെ ഉന്നതാധികാര സമിതിയായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പരുമലയില്‍ വിളിച്ചു കൂട്ടാന്‍ തീരുമാനമായി.

മലങ്കര സഭയുടെ പാര്‍ലമെന്റാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍. സഭയുടെ മെത്രാപോലീത്തമാരെയും സഭയുടെ തലവനായ മലങ്കര മെത്രാപോലീത്തായെയും തെരഞ്ഞെടുക്കുന്നത് ഈ പാര്‍ലമെന്റ് കൂടി ബാലറ്റ് വോട്ടെടുപ്പിലൂടെ ആണ്. സഭയുടെ എല്ലാ ഭരണസംവിധാനത്തിന്റെയും അത്യുന്നത സമിതി ഈ പാര്‍ലമെന്റാണ്. മലങ്കര സഭയിലെ എല്ലാ മെത്രാപോലീത്തമാരും വൈദീകരും സഭയുടെ എല്ലാ ഇടവകകളില്‍ നിന്നും തെരഞ്ഞേടുക്കപ്പെടുന്ന അല്‍മായ പ്രതിനിധികളും ചേര്‍ന്നതാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ എന്ന പേരിലറിയപ്പെടുന്ന മലങ്കര സഭാ പാര്‍ലമെന്റ്. ഓരോ ഇടവകയുടെയും ആകെ കുടുംബങ്ങളുടെ എണ്ണം അനുസരിച്ചാണ് ആ ഇടവകക്ക് എത്ര പാര്‍ലമെന്റ് അംഗങ്ങളെ വരെ തെരഞ്ഞെടുക്കാം എന്ന് കണക്കാക്കപ്പെടുന്നത്. അല്‍മായര്‍ക്ക് 80 ശതമാനത്തോളവും 20 ശതമാനത്തോളം പുരോഹിതരും ആണ് മലങ്കര സഭയുടെ പാര്‍ലമെന്റില്‍ സാധാരണ വരുക.

1995-ലെ സുപ്രീം കോടതി വിധി അനുസരിച്ച് ഇരു പക്ഷത്തെയും ചേര്‍ത്ത് സഭയുടെ പാര്‍ലമെന്റ് വിളിച്ചു കൂട്ടുവാനും ആ പാര്‍ലമെന്റില്‍ വച്ച് രണ്ടു കക്ഷികളുടെയും പങ്കാളിത്തത്തോടെ മലങ്കര മെത്രാപോലീത്തായെ തെരഞ്ഞെടുക്കാനും തീരുമാനമായി. സുഗമമായും നീതിയുക്തമായും തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കാനായി സുപ്രീം കോടതിയുടെ നിരീക്ഷകനായി ജസ്റ്റിസ് മളീമഠിനെ സുപ്രീം കോടതി നിയോഗിക്കുകയും ചെയ്തു. 2002-ല്‍ ആണ് ഈ അസോസിയേഷന്‍ കൂടാന്‍ നിശ്ചയിച്ചത്. എന്നാല്‍ അസോസിയേഷന്‍ നടത്താന്‍ നിശ്ചയിച്ച ദിവസത്തിന് മുമ്പായി പാത്രിയർകീസ് വിഭാഗം ഈ അസോസിയേഷനില്‍ നിന്നും തെരഞ്ഞെടുപ്പു പ്രക്രിയകളില്‍ നിന്നും പിന്മാറികൊണ്ട് 2002-ല്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരില്‍ മലങ്കര സഭയില്‍ നിന്നും മാറി പുതിയൊരു സഭാ സംവിധാനത്തിനു രൂപം കൊടുക്കുകയും സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ടി സഭക്കായി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുകയും ചെയ്തു. ഈ ഭരണഘടന ആണ് 2002 ഭരണഘടന എന്ന പേരില്‍ അറിയപ്പെടുന്നത്. ബാവാകക്ഷി പിന്മാറിയെങ്കിലും നിശ്ചയിച്ച പ്രകാരം ജസ്റ്റിസ് മളീമഠിന്റെ നിരീക്ഷണത്തില്‍ തന്നെ പരുമലയില്‍ മലങ്കര അസോസിയേഷന്‍ നടക്കുകയും തെരഞ്ഞെടുപ്പില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതിയന്‍ ബാവ മലങ്കര സഭാതലവനായി ബാലറ്റ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജസ്റ്റിസ് മളീമഠ് തെരഞ്ഞെടുക്കപ്പു പ്രക്രിയയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

മലങ്കര സഭയില്‍ നിന്നും മാറി പുതിയ സംവിധാനം സ്ഥാപിച്ച ബാവാകക്ഷി 1995 കോടതി വിധിയില്‍ ഓരോ ഇടവക പള്ളികളും സ്വതന്ത്രമാണ് എന്നൊരു കണ്ടെത്തല്‍ ഉണ്ട് എന്ന് കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ട് ഇടവക പള്ളികള്‍ക്ക് ഭൂരിപക്ഷ അടിസ്ഥാനത്തില്‍ തങ്ങള്‍ ബാവാകക്ഷിയില്‍ നിക്കണോ മെത്രാന്‍കക്ഷിയില്‍ നില്‍ക്കണോ എന്ന് തീരുമാനിക്കാം എന്നും. ഭൂരിപക്ഷത്തിന് പള്ളിയും ന്യൂനപക്ഷത്തിന് അവരുടെ എണ്ണതിന് ആനുപാതികമായി പള്ളിയുടെ സ്വത്തും വീതിച്ച് നല്‍കി മലങ്കര സഭ രണ്ടായി പിരിയണം എന്ന വാദം ബാവാകക്ഷി ഉയര്‍ത്തി കൊണ്ട് കോടതിയെ സമിപിച്ചു. അങ്ങനെ ഓരോ പള്ളികള്‍ക്കു വേണ്ടി 2002 നു ശേഷം കേസുകള്‍ ഉണ്ടായി. ഇപ്രകാരം ഉണ്ടായ കേസുകളില്‍ ആദ്യം സുപ്രീം കോടതിയില്‍ നിന്നും വിധിയുണ്ടായത് എറണാകുളം ജില്ലയിലെ കോലഞ്ചേരി പള്ളിയുടെ കേസിലാണ്. ഈ കേസിലാണ് 2017-ല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.

വിധിയുടെ പ്രസക്ത ഭാഗം ഇപ്രകാരമാണ്

1) 1958, 1995 വിധികളില്‍ പറയുന്ന പോലെ 1934 ഭരണഘടന മലങ്കര സഭയുടെ എല്ലാ പള്ളികള്‍ക്കും ബാധകമാണ്
2) ഭൂരിപക്ഷ ന്യൂനപക്ഷ അടിസ്ഥാനത്തില്‍ മലങ്കര സഭയുടെ സ്വത്തുക്കള്‍ വീതം വക്കാന്‍ പാടില്ല കാരണം മലങ്കര സഭ ഒരു ട്രസ്റ്റാണ്.
3) ആര്‍ക്കും മലങ്കര സഭയില്‍ നിന്നും പുറത്തുപോകാന്‍ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ പള്ളിയോ പള്ളിസ്വത്തുക്കളോ കൊണ്ടുപോകാന്‍ പാടില്ല.
4) സുപ്രീം കോടതി മേല്‍നോട്ടത്തില്‍ നടന്ന 2002 മലങ്കര അസോസിയേഷന്‍ ബഹിഷ്കരിച്ചു കൊണ്ട് പാത്രിയർകീസ് വിഭാഗം പുതുതായി രൂപം കൊടുത്ത സഭാ സംവിധാനവും 2002 ഭരണഘടനയും സുപ്രീം കോടതി റദ്ദാക്കി.
5) മലങ്കര സഭ ഒരിക്കലും രണ്ടല്ല. വിശ്വാസപരമായ യാതൊരു ഭിന്നതയും ഇരുവിഭാഗത്തിനും തമ്മില്‍ ഇല്ല. ഭിന്നത ഉള്ളത് ഭരണപരമായ കാര്യത്തില്‍ മാത്രമാണ്. അതിനാല്‍ തന്നെ തങ്ങളുടെ വിശുദ്ധ മതത്തിന്റെ നന്മക്കായി ഇരുവിഭാഗത്തിനും ഒരു മേശക്കു ചുറ്റുമിരുന്ന് ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് ഒന്നായി ഒരു സഭയായി മുന്നോട്ടു നീങ്ങണം.

കോടതി വിധി മലങ്കര സഭയെ ശക്തവും ദൃഢവും ഐക്യപൂര്‍ണവും ആക്കട്ടേ. മലങ്കര സഭ രണ്ടല്ല ഒന്നാണ്. ശലോമോന്‍ രാജാവിന്റെ അടുത്ത് കുഞ്ഞിനു വേണ്ടി അവകാശവും പറഞ്ഞു വന്ന സ്ത്രീയുടെ മനോഭാവം പോലെ കുഞ്ഞിനെ രണ്ടായി കീറിയാലും എന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന മനോഭാവം വെടിയണം. നാളത്തെ പുലരി വിഭജനത്തിന്റെ ആല്ല ഐക്യത്തിന്റെ ആണെന്ന് നാം തിരിച്ചറിയണം.

Courtesy: Copied from Facebook 

error: Thank you for visiting : www.ovsonline.in