EditorialOVS - Latest News

പറയാതെ വയ്യ- OVS Editorial

മലങ്കര സഭ പ്രതിനിധിസംഘം നടത്തിയ റഷ്യൻ പര്യടനം:- അംഗീകരിക്കപ്പെടേണ്ടതും നിശിതമായി വിമർശിക്കപ്പെടേണ്ടതുമായ വസ്തുതകൾ.

സെപ്റ്റംബർ ഒന്ന് മുതൽ അഞ്ച് വരെ  പരിശുദ്ധ കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ നടന്ന ചരിത്രപരമായ റഷ്യൻ സഭാ സന്ദർശനം, 90 വർഷങ്ങൾ പിന്നിടുന്ന ഇൻഡോ – റഷ്യൻ ഓർത്തഡോക്സ്‌ സഭകളുടെ സഹകരണത്തിനും പരസ്പരം ഐക്യത്തിനും പുതിയ ഒരു മുഖം നൽകി. മലങ്കര സഭയുടെ സ്വയം ശീർഷകത്വവും, അപ്പോസ്തോലിക പാരമ്പര്യവും, ചരിത്രപ്രസക്തിയും വിദേശ സഭകൾ ഏത് നിലയ്ക്കാണ് അംഗീകരിക്കുന്നത് എന്നതിന് ഒരു ദൃഷ്ടാന്തം കൂടിയായി മലങ്കര സഭയ്ക്ക് ലഭിച്ച പ്രൗഢ ഗംഭീരമായ വരവേൽപ്പ്. അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളോവാസ് തിരുമേനിയുടെ അധ്യക്ഷതയിലുള്ള മലങ്കര സഭയുടെ Ecumenical Relations Department രണ്ട് വർഷകാലം നടത്തിയ പരിശ്രമങ്ങളുടെ ഫലമായിരുന്ന നീണ്ട നാല്പത് വർഷങ്ങൾക്കു ശേഷമുള്ള പരിശുദ്ധ റഷ്യൻ പാത്രിയർക്കീസുമായി നടന്ന അനുഗൃഹീത കൂടികാഴ്ച. അനുഗ്രഹീതവും വിജയപ്രദവുമായ പരിശുദ്ധ കാതോലിക്ക ബാവായുടെ റഷ്യൻ ഓർത്തഡോക്സ്‌ സഭാ സന്ദർശനത്തിന് വഴി ഒരുക്കിയ ഏവരേയും ഹൃദയപൂർവ്വം അനുമോദിക്കുന്നു. ഓറിയന്റൽ ഓർത്തഡോക്സ്‌ സഭകൾക്ക് സമാന്തരമായി മറ്റ് ബൈസാന്റിയൻ ഓർത്തഡോക്സ്‌ സഭകളുമായി കൂടെ മലങ്കര സഭയുടെ സഹകരണവും ഐക്യവും വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കൂടുതൽ വിദേശ സഭകളിലേക്ക് വി. മാർത്തോമാ ശ്ലീഹായുടെ മലങ്കര സഭയെയും അതിൻ്റെ പരിശുദ്ധ പിതാവിനെയും ആനയിക്കാൻ മലങ്കര സഭയുടെ External Churches Department -ന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. വട്ടക്കുന്നേൽ ബാവയ്ക്ക് ശേഷം മലങ്കര സഭയുടെ PAN-Orthodox സംസർഗ്ഗത്തിൽ വിപ്ലവകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന പരിശുദ്ധ ബാവ തിരുമേനിയ്ക്കു തുടർന്നും അതിനു സാധ്യമാകട്ടെ എന്ന് ഓരോ മലങ്കര നസ്രാണിയും ആശിക്കുന്നു.

കലഹങ്ങളിലും വ്യവഹാരങ്ങളിലും നിർഭാഗ്യവശാൽ തളച്ചിടപ്പെട്ട മലങ്കര സഭയുടെ ക്ഷീണം മുതലെടുത്തു, ഇന്നലത്തെ മഴയിൽ കിളിർത്ത പുത്രി സഭകളും, സഹോദര സഭകളും വ്യാജ ചരിത്ര നിർമ്മതി വഴിയും, കൗശല പ്രചാരണങ്ങൾ വഴിയും അർഹതയില്ലാത്ത പല സ്ഥാനങ്ങളും, അംഗീകാരങ്ങളും മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും, പൊതുസമൂഹത്തെ മൂഢരാക്കിയും നേടി മുന്നേറുമ്പോൾ, മലങ്കര സഭയ്ക്ക് ലഭിക്കുന്ന ആഗോള സ്വീകാര്യതയെ സഭാ സംവിധാനങ്ങൾ വേണ്ടപോലെ ഉപയോഗിക്കാതെ നിഷ്ക്രിയരായി നിൽക്കുന്നത് മലങ്കര നസ്രാണികൾക്കു പൊറുക്കാനാകാത്ത പിഴയാണ്. ഇത് മലങ്കര സഭയുടെ തിരഞ്ഞെടുക്കപെട്ട നേതൃതത്തിൻ്റെ ഗുരുതര കെടുകാര്യസ്ഥതയും, അനാസ്ഥയുമാണ്‌ സൂചിപ്പിക്കുന്നത്. പരിശുദ്ധ ബാവായുടെ റഷ്യൻ സന്ദർശനം ഉൾപ്പെടെ നടത്തിയിട്ടുള്ള എല്ലാ ചരിത്രപ്രധാനമായ യാത്രകളുടെ വിവരണങ്ങളും, സഭയുടെ നീതിയുടെ പോരാട്ടത്തിന് ശക്തി പകരുന്ന പ്രചാരണങ്ങളും, ബോധവല്കരണവും പൊതുസമൂഹത്തിനും, വിശ്വാസി ലക്ഷങ്ങൾക്കും എത്തിച്ചത് ovsonline എന്ന വെബ്‌സൈറ്റും, മറ്റു അനൗദ്യോഗിക വെബ് പോർട്ടലുകളും, സോഷ്യൽ മീഡിയ ഗ്രൂപ്പകളും മാത്രമാണ്. ഇവിടെയാണ് സഭ, സഭയുടെ നേതൃത്വം എന്ത് ചെയ്യുകയാണ് എന്ന് ഗൗരവകരമായ ചോദ്യം സഭയുടെ മുകൾ തട്ടിന് നേരെ ഉയരുന്നത്.

എന്താണ് സഭാ നേതൃത്തിൻ്റെ ഉത്തരവാദിത്വം? വർഷാവർഷം 700 കോടി രൂപയുടെ വാർഷിക പദ്ധതി പ്രഖ്യാപിക്കുന്ന സഹ്രസ കോടികളുടെ ആസ്തിയുള്ള മലങ്കര സഭയ്ക്ക് കൃത്യമായ ഒരു വെബ്സൈറ്റ് അപ്‌ഡേഷനോ, പ്രവർത്തന സജ്ജമായ ഒരു ന്യൂസ് പോർട്ടലോ പോലും ഈ അത്യാധുനിക കാലഘട്ടത്തിൽ ഇല്ല എന്നത് ലജ്ജാകരവും കുറ്റകരവുമായ അനാസ്ഥയായാണ്. സഭയുടെയോ പരിശുദ്ധ കാതോലിക്കാ ബാവായുടെയോ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ഒന്ന് അനക്കാൻ പോലും സർവ്വയിടത്തും ഇടിച്ചു കൂടി നടക്കുന്ന ഒരാൾക്കും നേരമില്ല. Gregorian TV, Catholicate News പോലുള്ള സഭയുടെ ഔദ്യോഗിക മീഡിയ പോർട്ടലുകൾ ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ട് പോകുന്നതിൽ സഭയുടെ ഉത്തരവാദിത്വപ്പെട്ട ഭാഗങ്ങളിൽ നിന്ന് ഫലപ്രദമായ പ്രവർത്തങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല. കേരളത്തിലെ നവ ഈർക്കിൽ പ്രസ്ഥാനങ്ങളും, ഇതര ക്രൈസ്തവ സഭകളുടെ പബ്ലിക് റിലേഷൻസും, മീഡിയ മാനേജ്‌മെന്റും നടത്തുന്നത് എങ്ങനെയെന്ന് കണ്ണ് തുറന്നു കാണുക. മലങ്കര സഭയുടെ റഷ്യൻ സന്ദർശനത്തിന് റഷ്യൻ സഭയുടെ മാധ്യമങ്ങളും, റഷ്യൻ പൊതുമാധ്യമങ്ങളും നൽകിയ പ്രാധാന്യവും, കേരളത്തിലെ മലയാള മനോരമയിലെ അര കോളം വാർത്തയും ഒന്ന് താരതമ്യം ചെയ്യുക, നാണമില്ലാത്ത നേതൃത്വമേ !!

സഭയുടെ പി. ആർ ഡിപ്പാർട്മെൻറ് എന്നാൽ ഏകാംഗ പി.ആർ.ഒ മാത്രമാക്കാതെ, സാങ്കേതിക പരിജ്ഞാനവും, പത്രപ്രവർത്തന പരിശീലനവുമുള്ള ഊർജസ്വലരായ യുവാക്കളെ ഉപയോഗിച്ചു കൊണ്ട് വാർത്തകളും, ആശയങ്ങളും, ചരിത്രങ്ങളും പ്രചരിപ്പിക്കാൻ കഴിയുന്ന ഒരു ശക്തമായ മീഡിയ ഡിപ്പാർട്മെൻറ് തന്നെ ഉണ്ടാകണം. സഭയുടെ പി.ആർ.ഒ എന്ന് നിലയ്ക്കുള്ള പ്രവർത്തനം സഭയുടെ കേസ്സു സംബന്ധമായ വിഷയങ്ങൾക്ക് മാധ്യമങ്ങളിൽ ഒരു പരിധിവരെ ഫലപ്രദമാണെങ്കിലും, പൂർണ്ണ സംതൃപ്‌തി നൽകാൻ തക്ക പ്രാപ്തിയുള്ളതല്ല. മലങ്കര സഭയുടെ മീഡിയ സെൽ അധ്യക്ഷൻ എന്നത് ഉന്നത പദവി നാട്ടുകാർക്ക് ഇടയ്ക്ക് ചിരിക്കാൻ വാർത്തയുണ്ടാക്കാനുള്ളതല്ല, സഭയ്ക്ക് ആവശ്യമുള്ള വാർത്തകളും, വിഷയങ്ങളും കൃത്യസമയത്തു മാധ്യമങ്ങൾ വഴി ശക്തമായി പ്രചരിപ്പിക്കുക എന്നുള്ളതാണ് എന്ന ബാലപാഠം മനസിലാക്കണം. നിരന്തരം പരാജയപ്പെടുന്ന നിഷ്ക്രിയ മാധ്യമ വിഭാഗത്തിന് ഒപ്പം വിമർശന വിധേയമാക്കേണ്ട ഒരു തലമാണ് മലങ്കര സഭയുടെ പരിതാപകരമായ Data Resources & Management. മലങ്കര സഭയ്ക്കു ഇന്നും പൂർണ്ണ അർത്ഥത്തിൽ ബോധ്യമാക്കാത്ത ഒരു ആവശ്യകതയാണ് വിവരങ്ങളും, രേഖകളും കൃത്യമായി സൂക്ഷിക്കുക എന്നത്. കഴിഞ്ഞ 10 കൊല്ലും മുൻപ് നടന്ന പല നിർണ്ണായക കൂടികാഴ്ചകളുടെയും, ചരിത്ര സംഗതികളുടെയും പോലും ഒരു അവേശിഷിപ്പും ഇന്ന് സഭാ കേന്ദ്രത്തിൽ അന്വേഷിച്ചാൽ ഉണ്ടാകില്ല. പല വിവരങ്ങളും, ചരിത്ര പ്രാധാന്യമുള്ള രേഖകളും പൂർണ്ണമായും മലങ്കര സഭയ്ക്ക് നഷ്ട്ടപ്പെട്ടു കഴിഞ്ഞു. സഭയുടെ പല ചരിത്ര രേഖകളും, തെളിവുകളും പല വ്യകതികളുടെയും സ്വകാര്യശേഖരത്തിൽ ഇടം പിടിച്ചത് കൊണ്ട് അവരുടെ സ്വാർത്ഥ കാലത്തിന് അപ്പുറം ഇതെല്ലാം വിസ്‌മൃതിയിലാകും. ഇവിടെയാണ് മലങ്കര സഭയ്ക്ക് “ഡാറ്റാ റിസോഴ്സ്സ് മാനേജ്മെൻറ്” എന്ന് ഒരു ശക്തമായ വകുപ്പ് ഉണ്ടാകേണ്ടത്തിൻ്റെ ആവശ്യകതയുള്ളതും, അതിൻ്റെ കീഴിൽ ആധുനികമായ ഒരു ഡിജിറ്റൽ ലൈബ്രറി വഴി സഭയുടെ ചരിത്ര തെളിവുകളും, ആധികാരിക രേഖകളും കൃത്യമായി ശേഖരിച്ചു ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ചു സംരക്ഷിക്കേണ്ടതും. അതിന് സഭാ കേന്ദ്ര ഓഫീസ് ഉപജാപകസംഘങ്ങളിൽ നിന്നും മോചിപ്പിച്ച് കാര്യക്ഷമതയുള്ള മനുഷ്യ വിഭവ ശേഷിയും സാങ്കേതിക സംവിധാനങ്ങളും വഴി അടിമുടി സ്മാർട്ട് സംവിധാനമാകണം. മുകളിൽ പറഞ്ഞ വിഷയങ്ങൾ നടപ്പിൽ വരുത്താൻ സഭയുടെ മാനേജിങ് കമ്മിറ്റിയും, വിശ്വാസി സമൂഹവും വിമർശനബുദ്ധിയോടെ ശക്തമായി ഇടപെടണം എന്ന് OVS അഭ്യർത്ഥിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്: ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ