റഷ്യയിലെ മോസ്‌കോയിൽ വെച്ച് നടന്ന കാതോലിക്കാ-പാത്രയർക്കീസ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ

മോസ്‌കോ: റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ സിറിൽ പാത്രയർക്കീസ് ബാവയും (His Holiness Kirill, Patriarch of Moscow and All Russia) കിഴക്കിന്റെ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് II കാതോലിക്കാ ബാവയും 03.09.2019 -ൽ റഷ്യയിലെ മോസ്‌കോയിൽ സ്ഥിതിചെയ്യുന്ന റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ ആസ്ഥാനമായ ‎Danilov Monastery ൽ വെച്ച് കൂടിക്കാഴ്ച നടത്തി. 1976 നു ശേഷം ഇതാദ്യമായിട്ടാണ് ഇരു സഭകളുടെയും തലവന്മാർ റഷ്യയിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നത്.

റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ ഔദ്യോഗിക ക്ഷണപ്രകാരം മലങ്കരയിൽ നിന്നെത്തിയ പ്രതിനിധി സംഘത്തിലുള്ള, അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളവാസ് (Chairman of the Department for External Church Relations of the Malankara Church), അഭിവന്ദ്യ യൂഹാനോൻ മാർ ദിയസ്കോറോസ് (Secretary of the Holy Synod of the Malankara Church), ഫാദർ എബ്രഹാം തോമസ് (Secretary of the Department for External Church Relations of the Malankara Church), ഫാദർ അശ്വിൻ ഫെർണാണ്ടസ് (Head of the Protocol Service of the Holy Catholicos), ഫാദർ ജിസ് ജോൺസൻ (Personal Secretary of the Holy Catholicos), ജേക്കബ് മാത്യു (Church Managing Committee member), കെവിൻ ജോർജ് കോശി (Head of Communication Services, External Church Relations Department, Malankara Church), Dr  ചെറിയാൻ ഈപ്പൻ (Representative of the Malankara diaspora in Russia.) എന്നിവർ ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ ഭാഗത്തു നിന്നും സഭയുടെ DECR ചെയർമാൻ Metropolitan Hilarion (Head of the Moscow Patriarchate Department for External Church Relations), Voskresensk യുടെ മെത്രാപ്പോലീത്തയായ Dionisy (Deputy Chancellor of the Moscow Patriarchate),DECR വൈസ് ചെയർമാൻ Archimandrite Philaret (Bulekov), Hieromonk Stephan Igumnov (DECR secretary for inter-Christian relations), R. Akhtamkhanov (DECR Secretariat for inter-Christian relations) എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 

റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ ആസ്ഥാനത്തു നടന്ന മീറ്റിങ്ങിൽ, സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ സിറിൽ പാത്രയർക്കീസ് ബാവ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വാഗതം ആശംസിക്കുകയും, 1988-ൽ മെത്രാപോലിത്ത ആയിരുന്ന സമയത്ത് പരിശുദ്ധ കാതോലിക്കാ ബാവ റഷ്യൻ ജനത ഓർത്തഡോക്സ്‌ വിശ്വാസം സ്വീകരിച്ചത്തിന്റെ 1000-ആം വാർഷികാഘോഷത്തിൽ പങ്കെടുത്ത വിവരം അനുസ്മരിക്കുകയും ചെയ്തു. ആ ആഘോഷത്തോടെ സോവിയറ്റ് ശക്തിയുടെ പീഡനത്തിന്റെയും അടിച്ചമർത്തലിന്റെയും യുഗം അവസാനിച്ചു എന്നും റഷ്യൻ ജനതയുടെ പ്രബുദ്ധതയിൽ ഏർപ്പെടാനും, അന്നത്തെ സോവിയറ്റ് യൂണിയന്റെ വിശാലമായ ദേശങ്ങളിൽ ക്രിസ്തുവിന്റെ സന്ദേശം വഹിക്കാനും പുതിയ അവസരങ്ങൾ തുറന്നു എന്നും പരിശുദ്ധ പാത്രയർക്കീസ് പറഞ്ഞു. ആ സംഭവത്തിനു ശേഷം റഷ്യൻ സഭയിൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടാകുകയും, പ്രത്യേകിച്ച് മുപ്പതിനായിരത്തോളം ദേവാലയങ്ങൾ പുനർനിർമ്മിക്കുകയും ചെയ്തു. സഭയുടെ പുനരുദ്ധാരണം അന്നത്തെ സോവിയറ്റ് യൂണിയന്റെ പ്രദേശത്താണ് നടന്നത്, റഷ്യ, ഉക്രെയ്ൻ, കസാക്കിസ്ഥാൻ, മാൾഡോവ, അസർബൈജാൻ, മധ്യേഷ്യ, ബാൾട്ടിക്സ് എന്നീ ജനാതിപത്യ പ്രദേശങ്ങളിൽ ഇത് തുടർന്നു, പരിശുദ്ധ പാത്രയർക്കീസ് ബാവ കൂട്ടി ചേർത്തു.

റഷ്യയിലെ ആളുകൾ ഇന്ത്യയെ പുരാതന കാലം മുതൽക്കേ പ്രത്യേക താൽപ്പര്യത്തോടെയാണ് പരിഗണിച്ചതെന്നും, സാഹസികരായ ആളുകൾ കാൽനടയായി ഇന്ത്യയിലേക്ക് സഞ്ചരിച്ച ശേഷം റഷ്യയിൽ മടങ്ങിയെത്തി, അവർ സന്ദർശിച്ച രാജ്യത്തെ അനുഭവങ്ങൾ കെട്ടുകഥ പോലെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുമായിരുന്നു.  ഇന്ത്യയിൽ വളരെ ശക്തമായ ഒരു ക്രിസ്തീയ സമൂഹമുണ്ടെന്നും, ചില പാശ്ചാത്യ ദൗത്യങ്ങളുടെ ഫലമായി ഈ സമൂഹം ഉയർന്നുവന്നിട്ടില്ലെന്നും ക്രിസ്തുമതത്തിന്റെ ആരംഭം മുതൽ തന്നെ അപ്പോസ്തലിക പാരമ്പര്യം നിലവിലുണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു. വിശുദ്ധ മാർത്തോമാ സ്ലീഹായാണ് ഇന്ത്യയിലെ സഭ സ്ഥാപിച്ചത്. അതിനാൽ പരസ്പര താൽപ്പര്യവും, അടുത്ത ബന്ധം പുലർത്താനുള്ള പരസ്പര ആഗ്രഹവും എല്ലായ്പ്പോഴും അവിടുത്തുകാർക്കുണ്ടായിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

1851-ൽ ഇന്ത്യൻ ക്രിസ്ത്യാനികൾ റഷ്യൻ ഓർത്തഡോക്സ് സഭയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചുവെങ്കിലും അക്കാലത്ത് നടന്ന യുദ്ധങ്ങൾ ഈ സംരംഭത്തെ വികസിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞു. 1931 ൽ റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ  വൈദിക സന്യാസിയായ Andronik കേരളത്തിലെത്തി പതിനെട്ട് വർഷം അവിടെ താമസിച്ചു. റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ സ്മരണയ്ക്കായി അദ്ദേഹം പണികഴിപ്പിച്ച ചാപ്പലിനൊപ്പം അദ്ദേഹത്തിന്റെ പേരും മലങ്കര സഭ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്കറിയാം, ഇരുപതാം നൂറ്റാണ്ടിൽ റഷ്യൻ ഓർത്തഡോക്സ് സഭ സഹിച്ച പീഡനത്തിന്റെ വർഷങ്ങളിൽ, മോസ്കോ പാത്രിയാർക്കേറ്റും മലങ്കര സഭയും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാൻ എല്ലാ പ്രതിസന്ധികളും നേരിട്ടിട്ടും അദ്ദേഹം വളരെയധികം കാര്യങ്ങൾ ചെയ്തു. 1961-ൽ ​​ന്യൂഡൽഹിയിൽ വെച്ച് നടന്ന , വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ (WCC) മൂന്നാം പൊതുസമ്മേളനത്തിൽ റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഒരു സംഘവും ഉണ്ടായിരുന്നു. ആ അവസരത്തിൽ റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ മെത്രാപ്പോലീത്തന്മാരായ Nikodim of Leningrad, Novgorod എന്നിവർ മലങ്കര സന്ദർശിക്കുകയും മലങ്കര ഓർത്തഡോൿസ് സഭയുമായി നല്ല ബന്ധം പുലർത്തുകയും ചെയ്തു. തിരികയെത്തിയ അവർ, റഷ്യൻ ഓർത്തഡോക്സ് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലങ്കര സഭയുടെ പ്രതിനിധികൾക്ക് പരിശീലനം നൽകണമെന്ന് നിർദ്ദേശിച്ചു. ഈ സംരംഭം നടപ്പിലാക്കിയതായി നമുക്കറിയാം, ഒരുപക്ഷേ വലിയ തോതിലല്ല, പരിശുദ്ധ പാത്രയർക്കീസ് അനുസ്‌മരിച്ചു.

തന്റെ മുൻഗാമിയായിരുന്ന ആയിരുന്ന അലക്സി രണ്ടാമൻ (HH Aleksy II Patriarch of Moscow and all Russia) പാത്രയർക്കീസ് ബാവ 1965-ൽ മലങ്കര സഭ സന്ദർശിക്കുകയും, സഭയുടെ കീഴിലുള്ള കോട്ടയം പഴയ സെമിനാരിയുടെ 150-ആം വാർഷിക ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്ത കാര്യം സിറിൽ പാത്രയർക്കീസ് സൂചിപ്പിച്ചു. 1976-ൽ താൻ ലെനിൻഗ്രാഡ് തിയോളജിക്കൽ അക്കാദമിയുടെ റെക്ടറായിരുന്ന കാലത്ത് റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ അതിഥിയായി കിഴക്കിന്റെ കാതോലിക്കാ ഭാഗ്യസ്മരണാർഹനായ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് I കാതോലിക്കാ ബാവ അദ്ദേഹം ചുമതലവഹിക്കുന്ന ദേവാലയത്തിലേക്ക് എഴുന്നള്ളിയതിനു സാക്ഷ്യം വഹിച്ച കാര്യവും സിറിൽ പാത്രയർക്കേസ്‌ പരാമർശിച്ചു. 1977 ൽ തന്റെ മുൻഗാമിയായ പിമെൻ പാത്രിയർക്കീസ് (HH Pimen I Patriarch of Moscow and all Russia) ​​ഇന്ത്യ സന്ദർശിക്കുകയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും പ്രസിഡന്റ് എഫ്. അഹമ്മദിനെയും സന്ദർശിക്കുകയും ചെയ്തു. റഷ്യൻ സഭയുടെ ഉഭയകക്ഷി ബന്ധത്തിലെ വളരെ പ്രധാനപ്പെട്ട മറ്റൊരു സംഭവമായിരുന്നു അത്. ഡിപ്പാർട്ട്മെന്റ് ഫോർ എക്സ്റ്റേണൽ ചർച്ച് റിലേഷൻസ് മേധാവിയായിരുന്ന അദ്ദേഹം 2006-ൽ ഇന്ത്യ സന്ദർശിച്ച് ദില്ലി, ചെന്നൈ, കേരളം എന്നിവിടങ്ങളിൽ എത്തിയ കാര്യവും വളരെ കൃത്യതയോടെ തന്നെ കൂടികാഴ്ചയിൽ സൂചിപ്പിച്ചു.

മോസ്കോയിലെ മലങ്കര Diaspora പ്രതിനിധി ഡോ. ചെറിയൻ ഈപന്റെ പ്രവർത്തനത്തെ പരിശുദ്ധ പാത്രിയർക്കീസ് ​​ വിശേഷിപ്പിച്ചത്, ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമായിട്ടാണ് . “Loving Kindness” എന്ന അദ്ദേഹത്തിന്റെ പുസ്തകം മലയാള ഭാഷയിലേക്ക് വിവർത്തനം ചെയ്തതിനെ ഒരു ചരിത്ര സംഭവമായി കണക്കാക്കുന്നതായി പരിശുദ്ധ പാത്രയർക്കീസ് ബാവ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത ഡോ. ഈപന്റെ മഹത്തായ പ്രവർത്തനത്തിന് പാത്രയർക്കീസ് നന്ദിയും പ്രകാശിപ്പിച്ചു.

മറുപടി പ്രസംഗത്തിൽ പരിശുദ്ധ കാതോലിക്കാ ബാവ, മലങ്കര പ്രതിനിധി സംഘത്തിന് ലഭിച്ച ഊഷ്മളമായ വരവേൽപ്പിനും, ആതിഥ്യങ്ങൾക്കും നന്ദി രേഖപ്പെടുത്തി. നീണ്ട നാല്പതു വർഷങ്ങൾക്ക് ശേഷം നടത്തുന്ന ചരിത്രപരമായ കൂടികാഴ്ചയ്ക്ക് അനുഭാവ പൂർവം മുൻകൈയെടുത്ത പരിശുദ്ധ സിറിൽ പാത്രയർക്കീസ് ബാവയ്ക്ക് കാതോലിക്കാ ബാവ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. 1988-ൽ, റഷ്യൻ ജനത ഓർത്തഡോക്സ്‌ വിശ്വാസം സ്വീകരിച്ചത്തിന്റെ 1000 ആം വാർഷികാഘോഷത്തിൽ പങ്കെടുത്ത അനുഭവവും ബാവ യോഗത്തിൽ അനുസ്മരിച്ചു. ഇരു സഭകളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിനും, പരസ്പര സന്ദർശനങ്ങൾക്കും മെത്രാപോലിത്തമാരായ മലങ്കര സഭയുടെ പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയും, റഷ്യൻ സഭയുടെ നിക്കോഡിം തിരുമേനിയും വഹിച്ച പങ്കിനെക്കുറിച്ചും ബാവ സൂചിപ്പിച്ചു.

അക്കാദമിക് മേഖലയിൽ സഹകരണം വളർത്തിയെടുക്കുവാനും, മലങ്കര സഭയ്ക്കായി ഐക്കൺ-ചിത്രകാരന്മാരെയും, ഗായകസംഘത്തെ പരിശീലിപ്പിക്കാനും, റഷ്യൻ സന്യാസത്തിന്റെ അനുഭവം പങ്കിടുവാനും മലങ്കര സഭ പ്രതിനിധി സംഘത്തിനു വേണ്ടി, അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളവാസ് മെത്രാപോലിത്ത റഷ്യൻ ഓർത്തഡോക്സ്‌ സഭയുടെ സഹകരണം യോഗത്തിൽ ആവശ്യപ്പെട്ടു. പരസ്പര തീർത്ഥാടനം നടത്താനും, സമ്മർ ഇൻസ്റ്റിറ്റ്യൂട്ടുകൾ സംഘടിപ്പിക്കാനും, അക്കാദമിക് കോൺഫറൻസുകളിൽ വിദഗ്ധരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും നിർദ്ദേശിച്ചു. ഈ കാര്യങ്ങൾ സാധ്യമാക്കുന്നതിനും, ഉഭയകക്ഷി ബന്ധം ഏകോപിപ്പിക്കുന്നതിനും ഒരു സംയുക്ത പ്രവർത്തക സംഘം രൂപീകരിക്കാൻ പരിശുദ്ധ കാതോലിക്കാ ബാവ യോഗത്തിൽ നിർദ്ദേശിച്ചു.

ഇരു സഭയുമായുള്ള ഉഭയകക്ഷി ബന്ധത്തിനായി ക്രിയാത്മക നിർദേശങ്ങൾ നിർദ്ദേശിച്ചതിന് പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സിറിൽ പാത്രയർക്കീസ് നന്ദി പ്രകാശിപ്പിച്ചു. സാമൂഹ്യ സേവനങ്ങളുടെ സഹകരണം വികസിപ്പിക്കുന്നതിനുള്ള ഒരു നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. മോസ്കോ ഹോസ്പിറ്റലിലെ സെന്റ് അലക്സിസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, ഇത് സന്ദർശിക്കാൻ മലങ്കര പ്രതിനിധി സംഘത്തെ അദ്ദേഹം ക്ഷണിച്ചു. സാമൂഹിക, യുവജന, വിദ്യാഭ്യാസ മേഖലകളിലെ ഇടവകകളുടെ സജീവമായ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു, അത്തരം പ്രവർത്തനങ്ങളിലൂടെയാണ് ആളുകൾ സഭയിലേക്ക് ആകർഷിക്കപ്പെടുകയും അവരുടെ സജീവ അംഗമാകുകയും ചെയ്യുന്നതെന്ന് പരിശുദ്ധ പാത്രയർക്കീസ് ബാവ യോഗത്തിൽ പറഞ്ഞു.

ഉഭയകക്ഷി ബന്ധം ഏകോപിപ്പിക്കുന്നതിനായി ഒരു കമ്മറ്റി രൂപീകരിക്കാനുള്ള പരിശുദ്ധ കാതോലിക്കാ ബാവായുടെ നിർദ്ദേശത്തിനു പരിശുദ്ധ കിറിൽ പാത്രയർക്കീസ് ബാവ പിന്തുണ അറിയിച്ചു. യോഗാവസാനം ഇരു വിഭാഗങ്ങളും കൂടിക്കാഴ്ചയുടെ സ്മരണ നിലനിർത്തുന്നതിനായി പരസ്പരം സൂചകങ്ങൾ കൈമാറി.

Editorial desk: Orthodox Vishvaasa Samrakshakan

റഷ്യൻ ഓർത്തഡോക്സ് പാത്രയർക്കീസിൻ്റെ ക്ഷണം സ്വീകരിച്ച് പരിശുദ്ധ കാതോലിക്കാ ബാവ മോസ്‌കോയിൽ

 

Facebook
error: Thank you for visiting : www.ovsonline.in