OVS - ArticlesOVS - Latest News

1934-ലെ ഭരണഘടന അച്ചടിച്ച രേഖയാണ്. അതിനു കൈയെഴുത്ത് കോപ്പി ഇല്ല.

“അതിനേക്കാളോ അതിനൊപ്പമോ പഴക്കമുള്ള എന്തെങ്കിലും വ്യാജ കൈയെഴുത്തു പ്രതി കൊണ്ടു വന്നിട്ടും കാര്യമില്ല”

1929-ൽ മലങ്കര മെത്രപൊലീത്ത പരിശുദ്ധ വട്ടശ്ശേരി തിരുമേനി സഭാ ഭരണഘടന ഉണ്ടാക്കാൻ ശ്രീ ഒ. എം ചെറിയാൻ്റെ നേതൃത്വത്തിൽ സബ് കമ്മിറ്റി ഉണ്ടാക്കുകയും വിശ്വാസികൾ ഉൾപ്പെടെ ഉള്ളവരുടെ പ്രൊപ്പോസൽ സ്വീകരിക്കുകയും അതു എല്ലാം ക്രോഡീകരിച്ചു 34-ൽ കരട് പ്രസിദ്ധികരിക്കുകയും അതിൻ്റെ എല്ലാം കോപ്പി പള്ളികൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വട്ടശേരിൽ തിരുമേനി കേരള കേസരി പത്രത്തിൽ പേര് വച്ച് പരസ്യം ചെയ്ത് അഭിപ്രായങ്ങൾ ക്ഷണിച്ചു. എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ചു 1934 ഡിസംബർ 26-നു എം.ഡി സെമിനാരിയിൽ കൂടിയ അസോസിയേഷൻ ആ സഭാ ഭരണഘടന അംഗീകരിക്കുകയും അതു നടപ്പിൽ വരുത്തുകയും ചെയ്തു. ഇതാണ് ഭരണഘടനയുടെ നിർമ്മാണ ചരിത്രം.

അതായത് 1934 ഡിസംബർ 26-നു കോട്ടയം M.D സെമിനാരിയിൽ കൂടിയ മലങ്കര അസോസിയേഷൻ ഏകകണ്ഠമായി പാസാക്കിയ ഭരണഘടനയാണ് മലങ്കര സഭയുടെ ഭരണഘടന അഥവാ 34-ലെ ഭരണഘടന. 58-ലെ സുപ്രീം കോടതി വിധിയിൽ കൃത്യമായി ഈ വസ്തുത പറയുന്നുണ്ട്. ഈ ഭരണഘടന അടിസ്ഥാനമാക്കിയാണ് ബഹു. സുപ്രീം കോടതി 58-ലും 95-ലും 2002-ലും 2017 -ലും 2018 -ലും വിധി പുറപ്പെടുവിച്ചത്.

യാക്കോബായക്കാർ 1938-ൽ കോട്ടയം ജില്ലാക്കോടതിയിൽ (OS 111) കൊടുത്ത കേസാണ് ഒന്നാം സമുദായക്കേസ്. കേസിലെ പ്രധാന വാദം ഈ ഭരണഘടനയും അത് പാസാക്കിയ അസോസിയേഷനും അസാധുവാണെന്ന് പ്രഖ്യാപിക്കണം എന്നായിരുന്നു. അതാണ് ചെലവ് സഹിതം തള്ളി 1958-ൽ സുപ്രീം കോടതി വിധി കൽപ്പിച്ചത്. ഭരണഘടന സാധുവാണന്ന് അസന്നിഗ്ധമായി സുപ്രീം കോടതി പ്രഖ്യാപിച്ചതാണ്. 1000 കോപ്പികൾ അച്ചടിച്ച ആ ഭരണഘടനയെ ആധാരമാക്കിയാണ് കേസുകൾ നടന്നത്. അല്ലാതെ ആരെങ്കിലും വല്ല നോട്ടീസിൻ്റെ പുറകിലോ വീടിൻ്റെ ഭിത്തിയിലോ റെയിൽവേ പ്ലാറ്റ്ഫോമിലോ എഴുതിവച്ചതിനെ അടിസ്ഥാനപ്പെടുത്തിയല്ല.

ബഹു. സുപ്രീം കോടതി പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്ത ആ ഭരണഘടന 1951-ലും 67-ലും 97-ലും 2006-ലും 2011-ലും ഭേദഗതി ചെയ്തു. ഏറ്റവും ഒടുവിൽ അങ്ങനെ ഭേദഗതി ചെയ്തതാണ് നിലവിലെ ഒറിജിനൽ ഭരണഘടന. അതിനെ ആധാരമാക്കിയാണ് 2017 -ൽ അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ചും 2018-ൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചും കേസ് കേട്ട് തീർപ്പാക്കിയത്. എല്ലാം കൃത്യമായ രേഖയിൻപ്രകാരം നടന്നതും മിനുട്സുകൾ രേഖപ്പെടുത്തിയതും സുപ്രീം കോടതിയിൽ ഉൾപ്പെടെ ഹാജരാക്കി അംഗീകാരം വാങ്ങിയതുമാണ്. അതിൻ്റെ സാധുതയെ ഇല്ലാതാക്കാൻ ഒരു വ്യാജരേഖയെക്കൊണ്ടും സാധിക്കുകയില്ല.

1913-ലെ ഉടമ്പടിയുമായാണ് പാത്രിയർക്കീസ് വിഭാഗം കോലഞ്ചേരി കേസിൽ എത്തിയത്. പഴക്കം നോക്കിയാൽ സഭാ ഭരണഘടനയെക്കാൾ രണ്ട് പതിറ്റാണ്ടിലധികം പഴക്കം. എന്താണ് പ്രയോജനമുണ്ടായത്? ഇത് തന്നെയാണ് ഇവിടെയും സംഭവിക്കുക. പഴക്കമോ കൈയെഴുത്ത് പ്രതിയെന്നതോ ഒന്നും പരിഗണനാർഹമല്ല കാരണം 34-ലെ ഭരണഘടന എന്താണെന്ന് കൃത്യമാണ് എന്നതു തന്നെ. 5 തവണ സുപ്രീം കോടതി ഇഴകീറി പരിശോധിച്ച് തീർപ്പ് കൽപ്പിച്ച ഭരണഘടന ഏതെങ്കിലും കൈയെഴുത്ത് പ്രതിയിൽ മുക്കാനാകില്ല. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ നിൽക്കുന്നവർ സാധുക്കളായ ജനങ്ങളെ കബളിപ്പിക്കുവാൻ കാട്ടിക്കൂട്ടുന്ന വിഭ്രാന്തികളെ നമ്മളെ പരിഗണിക്കേണ്ടതില്ല.

ആരുടെ എങ്കിലും കൈയിൽ കൈയെഴുത്തുപ്രതിയോ ഫോട്ടോസ്റ്റാറ്റ് കോപ്പിയോ ഉണ്ടെങ്കിൽ അവിടെ വച്ചേക്കട്ട്. നമ്മളെ അത് ബാധിക്കില്ല. നമ്മൾ പറയുന്നത് മലങ്കര സഭയുടെ ഭരണഘടനയെ അടിസ്ഥാനപ്പെടുത്തിയാണ്. അവരു ഹാജരാക്കുന്ന ഒന്നുമായും നമുക്ക് ബന്ധമില്ല. നമ്മുടെ സഭാ ഭരണഘടന (34-ലെ ഭരണഘടന) നമ്മൾ കോടതിയിൽ ഹാജരാക്കിയതും അതിൻപ്രകാരം തീർപ്പു കൽപ്പിച്ചതുമാണ്. കോടതി ഏത് നോക്കിയാണ് തീർപ്പ് കൽപ്പിച്ചതെന്ന് സംശയമുള്ളവർക്ക് 1958-ലേയോ 1995-ലെയോ 2017-ലെയോ സുപ്രീംകോടതി പരിഗണിച്ച എക്സിബിറ്റ് ലിസ്റ്റ് പരിശോധിച്ച് സംശയം ദൂരീകരിക്കാം. ബാക്കി ഉള്ളതൊന്നും നമുക്ക് ബാധകമല്ല; പഴക്കമുള്ളതോ പഴക്കമില്ലാത്തതോ വ്യാജനോ ഒന്നും നമുക്ക് അറിയേണ്ട ആവശ്യമില്ല.

ഇത് രണ്ടാം സമുദായക്കേസിൽ യാക്കോബായ വിഭാഗം കോടതിയിൽ തെളിവായി ഹാജരാക്കിയ,1934 ലെ, മലയാള മനോരമ പ്രസ്സിൽ അച്ചടിച്ച ഭരണഘടന

കടപ്പാട് :- D.R

മലങ്കര സഭാ ഭരണഘടന: അല്‍പം ചരിത്രം

മലങ്കര സഭയിലെ തർക്കം വിശ്വാസപരമല്ല: