OVS - Latest NewsOVS-Kerala News

കട്ടച്ചിറ പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കി.

ആലപ്പുഴ: സഭാതര്‍ക്കം നിലനിന്നിരുന്ന കായംകുളം കട്ടച്ചിറ സെൻറ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കി. കനത്ത പോലീസ് സുരക്ഷയില്‍ ഓര്‍ത്തഡോക്‌സ് സഭ അംഗങ്ങൾ പള്ളിയില്‍ പ്രവേശിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം വികാരി ഉൾപ്പടെ 75 ആളുകൾ ആണ് ഇന്ന് പള്ളിയിൽ പ്രവേശിച്ചത്. പോലീസ് സഹായത്തോടെ സുപ്രീംകോടതി വിധി നടപ്പാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനെതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി സംഘടിച്ചെത്തി. പോലീസ് ഇവരെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

വിധി നടപ്പാക്കിയ സാഹചര്യത്തില്‍ പള്ളിയില്‍ ആരാധനാകര്‍മ്മങ്ങള്‍ ആരംഭിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ അറിയിച്ചു. പള്ളി വൃത്തിയാക്കിയ ശേഷം ഇന്നു വൈകിട്ട് ശുദ്ധീകരണ ശിശ്രൂഷയും സന്ധ്യാനമസ്ക്കാരവും നാളെ (ഞായറാഴ്ച) മുതല്‍ വിശുദ്ധ കുര്‍ബാനയും നടത്തുമെന്നും, വികാരിയും സഹായിയും പള്ളിയില്‍ തന്നെ താമസിക്കുമെന്നും അവര്‍ വ്യക്തമാക്കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇവര്‍ക്കുവേണ്ട സുരക്ഷ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി കനത്ത പോലീസ് കാവലും പള്ളിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീർഘ കാലം പൂട്ടി കിടന്ന പള്ളിയും പരിസരവും വൃത്തിയാക്കൽ നടപടികൾ പുരോഗമിക്കുന്നു .

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെതുടര്‍ന്ന് വിധി നടപ്പാക്കാനായിരുന്നില്ല. വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കട്ടച്ചിറ കേസ് വിധി വിശദാംശങ്ങൾ

കട്ടച്ചിറയിൽ സമാധാനത്തിൻ്റെ ഐക്യ കാഹളം മുഴങ്ങട്ടെ…