പുത്തൻ കാവിൽ കൊച്ചു തിരുമേനിയുടെ കുന്നംകുളം പ്രസംഗം.

(1951 ഏപ്രിൽ 15 -നു വലിയ നോമ്പിലെ 36 – ആം ഞായറാഴ്ച കാതോലിക്ക ദിനം പ്രമാണിച്ചു നടന്ന മഹായോഗത്തിൻ്റെ കുന്നംകുളം പഴയ പള്ളിപ്പറമ്പിൽ വെച്ച് അഭി. പുത്തെൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി കല്പിച്ചരുളിയ അധ്യക്ഷ പ്രസംഗം.)

എത്രയും ചുരുങ്ങിയ സമയംകൊണ്ട് പ്രസംഗം അവസാനിപ്പിക്കണമെന്ന് പൊതുയോഗ ഭാരവാഹികൾ നിർബന്ധിച്ചിരിക്കയാൽ ഈ പ്രസംഗം നീട്ടുന്നില്ല. ദേഹത്തിനും ആരോഗ്യമില്ലാത്തതിനാൽ കഴിയും വേഗം പ്രസംഗം അവസാനിപ്പിക്കണമെന്ന് തന്നെയാണ് ഇടയ്ക്കിടയ്ക്ക ഉണ്ടായിക്കൊണ്ടിരിക്കുന്ന നെഞ്ചു വേദനയും ഉല്ബോധിപ്പിക്കുന്നത്. ഉച്ചത്തിൽ സംസാരിപ്പാൻ നിവൃത്തിയില്ലാതിരിക്കെ ഒരു മൈക്രോഫോണിൻ്റെ സഹായം ലഭിച്ചത് വളരെ ആശ്വാസമായി.

ബ. ശെമ്മാശൻ (Deacan P S Samuel B.Sc) കാതോലിക്കാ സിംഹാസനത്തെക്കുറിച്ചു ഒരു സംക്ഷിപ്ത വിവരണം ചരിത്രപരമായി നിങ്ങൾക്ക് തന്നു കഴിഞ്ഞു. പൗരസ്ത്യ ദേശത്തിൻ്റെ ഒന്നാമത്തെ മേല്പട്ടക്കാരൻ വി. മാർത്തോമ്മാ ശ്ലീഹായായിരുന്നു. അദ്ദേഹത്തിൻ്റെ പിൻഗാമികളായ മാർ ആദായിയും, മാർ ആഗായിയും എഡേസ്സാ ആസ്ഥാനമായി ഭരിച്ചു. അവരുടെ പിൻഗാമികളായ വി. മാറീ അന്നത്തെ ഗവണ്മെന്റിൽ നിന്നുണ്ടായ മർദ്ദനവും പീഡയും മൂലം തൻ്റെ ഭരണസ്ഥാനം എഡേസ്സായിൽ നിന്നും സെല്യൂക്കയിലേക്കു മാറ്റി. വി. മാറീയുടെ കാലശേഷം വി. അംബ്രോസിയോസും, അബ്രഹാമും, യാകോബും ക്രമമായി ഭരണം നടത്തിപ്പോന്നു. ഇങ്ങനെ സെലൂക്യ സിംഹാസനത്തിൽ ഭരിച്ചു വന്നിരുന്നവരെയെല്ലാം കിഴക്കിൻ്റെ ‘വലിയ മെത്രാപ്പാലീത്തന്മാർ’ ( റീശോ റാബോദ് കോഹനന്ദ് മദനഹോ) എന്ന് വിളിച്ചും പോകുന്നു.

എന്നാൽ വി. ആഹൂസ്, ആയൂബ് അന്ത്യോകയിലേക്കു മേല്പട്ട സ്ഥാനം ഏല്ക്കുവാൻ പോയപ്പോൾ അന്ന് പേർഷ്യയും അന്തോക്യയും തമ്മിലുള്ള പരസ്പ്പര വൈരം കൊണ്ട് ഈ വിശുദ്ധനെ പേർഷ്യൻ ഒറ്റകാരനാണെന്നു തെറ്റിദ്ധരിപ്പിച്ചു അന്തോക്യക്കാർ കൊല്ലുവാൻ ശ്രമിച്ചു. ദൈവകൃപയാൽ അദ്ദേഹം എങ്ങനെയോ രക്ഷപെട്ട ഊർശലേമിൽ പോയി പട്ടമേറ്റു. ഈ വിശുദ്ധനുണ്ടായ കഷ്ടതകളിൽ മനസ്സലിഞ്ഞ ഊർശലേമിൻ്റെ എപ്പിസ്കോപ്പന്മാർ സെലൂക്യ സിംഹാസനത്തിൻ്റെ സ്ഥിരതയ്ക്കായി (റീശ് റാബോദ് കോഹനന്ദ് മദന്ഹോ) കിഴക്കിൻ്റെ വലിയ മെത്രാപ്പോലീത്തയെ മേലാൽ കാതോലിക്ക എന്ന നാമകരണം ചെയ്യപ്പെടണമെന്നും പൗരസ്ത്യരിൽ ഏതെങ്കിലും ഒരു മെത്രാപോലിത്ത മരിച്ചാൽ ആ സ്ഥാനത്തേക്ക് ഒരു സ്ഥാനിയെ വാഴിക്കുവാൻ പൗരസ്ത്യർക്കു തന്നെ അധികാരമുണ്ടെന്നും അന്യരാജ്യങ്ങളിൽ പോയി പട്ടമേൽക്കേണ്ടതില്ലെന്നും പ്രസ്താവിക്കുന്ന ഒരു സ്ഥാത്തികോൻ ആഹൂദ് അയൂബ് വശം ഏല്പിച്ചു. ഇതനുസരിച്ചു വി. ആഹൂദ് ആയൂബ് തന്നെ ആയി ഒന്നാമത്തെ കാതോലിക്ക. ക്രിസ്താബദം 230-ൽ കാതോലിക്ക സിംഹാസനം ഇങ്ങനെ പൂർവ്വദേശത്തു സ്ഥാപിതമായി. ക്രിസ്താബദം 325-ൽ അതായതു ഒരു 95 കൊല്ലം കഴിഞ്ഞതിന് ശേഷം കൂടിയ നിഖ്യാ സുന്നഹോദോസ് യരുശലേം സ്ഥാത്തികൊനെ പ്രബലപ്പെടുത്തി. ഈ സംഭവമാണ് ഹൂദായ കാനോനിൽ സിദ്ധനായ ബാർ എബ്രായ എല്ലാവർക്കും കാണുമാറ് “നിഖ്യാ സുന്നഹദോസിൽ പാസ്സാക്കിയ നിയമങ്ങൾ” എന്ന തലകെട്ടിൽ എഴുതി ചേർത്തിട്ടുള്ളത്.

മേക്കോവൽഹാൽ (അന്ന് മുതൽക്കു ഇന്നുവരെയും ഇനിയും തുടർന്നും) കാതോലിക്ക എന്ന് കിഴക്കിൻ്റെ വലിയ മെത്രാപ്പോലീത്താ അറിയപ്പെടണം. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. റോമിലെയും, അലക്സാന്ത്രയായിലെയും, കുസ്തുന്തീനോസ്പോലീസിലേയും അല്ലാ നമ്മുടെ അന്ത്യോക്യയിലെയും പാത്രിയർക്കാ സിംഹാസങ്ങളുണ്ടാക്കുന്നതിനു ഒരു 94 വർഷം മുൻപ് തന്നെ പൗരസ്ത്യ ദേശങ്ങളിൽ ഈ കാതോലിക്ക സിംഹാസനം ഉണ്ടായി. പ്രിയരേ ആരെങ്കിലും നിങ്ങളുടെ ഈ കാതോലിക്ക എന്നുണ്ടായി എന്ന് ചോദിച്ചാൽ ഉടനെ പറഞ്ഞേക്കണം ,‘നിങ്ങളുടെ പാത്രിക്കിസ് ഉണ്ടായിതിനെക്കാൾ 94 കൊല്ലും മുൻപ് “ എന്ന്,

ഇപ്പോൾ ആബാലവൃദ്ധം ആരോട് ചോദിച്ചാലും പാത്രീയാർക്കീസിനെ എല്ലാവരും അറിയും. എന്നാൽ കാതോലിക്ക എന്ന വാക്ക് സാമാന്യർക്കു സുപരിചിതമല്ല. അതിനും കാരണങ്ങൾ ഉണ്ട്. അതും കൂടെ പറഞ്ഞു കൊണ്ട് പ്രസംഗം അവസാനിപ്പിച്ച് കളയാം. ഇന്ന് ഈ മൈക്കിന് പറ്റിയ പോലെ ഇടയ്ക്കിടയ്ക്ക് എൻ്റെ ശബ്ദത്തിനും ചില തകരാറുണ്ടാക്കുന്നുണ്ട്. എങ്കിലും പരിശുദ്ധ കാതോലിക്ക സിംഹാസനത്തെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ നിങ്ങൾ ഗ്രഹിക്കണമെന്നുള്ള എൻ്റെ ആഗ്രഹം എൻ്റെ നെഞ്ചു വേദനയെ നിസ്സാരമാക്കുന്നു. പാത്രിക്കിസിനേക്കാൾ 94 വർഷം മൂപ്പുള്ളതാണ് കാതോലിക്ക. പിന്നെ എന്ത് കൊണ്ട് ആ വാക്ക് നമ്മൾക്ക് സുപരിചതമല്ല. കാതോലിക്ക സിംഹാസനം 498-മാണ്ടുവരെ തുടർന്ന്. എന്നാൽ അവസാനത്തെ കാതോലിക്കാ നെസ്തോറിയനായത് മുതൽ വളരെക്കാലം കാതോലിക്ക ഉണ്ടായില്ല. തദവസരത്തിൽ പൗരസ്ത്യർ അന്ത്യോഖ്യ പാത്രിയർക്കിസിനെ ഈ വിവരം അറിയിച്ചു. അപ്പോൾ പാത്രിയർക്കിസ് നിഖ്യാ സുന്നഹദോസ് നിശ്ചയപ്രകാരം ‘നിങ്ങൾ തന്നെ കാതോലിക്കയെ വാഴിക്കുവീൻ‘ എന്നും കല്പിച്ചതലാതെ ഒരു സ്ഥാനിയെ അങ്ങോട്ട് അയക്കുവാനോ അല്ലെങ്കിൽ ത്ഹലൂപ്പാ വഴി വഴിക്കുവാനോ അല്ല മറുപടി നൽകിയത്. ഇങ്ങനെ പൗരസ്ത്യർ 629-ൽ കാതോലിക്കയെ വാഴിച്ചു. പിന്നീട് കുറെകാലത്തേക്കു കാതോലിക്കമാർ ഉണ്ടായില്ല. അതുകൊണ്ടാണ് കാതോലിക്കാമാരുടെ ലിസ്റ്റിൽ ചില കൊല്ലങ്ങളിൽ ആരുടെയും പേരുകൾ കാണാതിരിക്കുന്നതു. പാത്രിക്കിസന്മാരുടെ ലിസ്റ്റിലും ഇപ്രകാരം ചില വിടവുകൾ എല്ലാം കാണുന്നണ്ട്. പരിശുദ്ധ കാതോലിക്ക സിംഹാസനം പാത്രിയർക്കാ സിംഹാസനത്തെ അപേക്ഷിച്ചു കൂടുതൽ കാലം വൈധവത്തിന്നധീനമായി. അത് കൊണ്ട് കാതോലിക്ക നാമം അധികമായി കേൾപ്പാൻ സാധ്യമായില്ല. അതാണ് നമ്മുക്ക് ആ നാമം അധികമായി കേൾപ്പാൻ സാധ്യമായില്ല. അതാണ് നമ്മുക്ക് ആ നാമം സുപരിചിതമല്ലാതിരിക്കാൻ കാരണം. എന്നാൽ പാത്രയർക്കീസ് എന്ന നാമം നമ്മുടെയുള്ളിൽ കൂടുതൽ പതിയുകെയും ചെയ്തു. അത് എന്നു മുതൽക്കു ഒരു പാലൻകുന്നത്തു മെത്രാച്ചൻ മുതൽക്ക് പാലക്കുന്നത്തു മാർ മാത്യൂസ് അത്താനാസിയോസ് മെത്രാച്ചൻ അന്ത്യോക്യയിൽ ചെന്ന് സ്ഥാനമേറ്റു. അന്ന് മുതൽ അന്ത്യോക്യയുടെ ഭാരമേറിയ ഇരുമ്പു നുകം നമ്മുടെ പെടലിക്കും വീണു. പാത്രയർക്കീസ് എന്ന നാമം അതോടെകൂടി എല്ലാ പുസ്തകങ്ങളിലും പതിഞ്ഞു. ഇങ്ങനെ ഈ പാത്രയർകീസ് എന്ന പേര് നമ്മുക്ക് സുപരിചതമായി.

പ്രിയരേ, നാം ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. നമ്മുടെ സഭ വിശ്വസിക്കുന്നതായ മൂന്നു സുന്നഹോദോസുകളിൽ മലങ്കര സഭയുടെ പ്രതിനിധിയായി ഈ മലങ്കരയിൽ നിന്ന് വല്ലവനും പോയിരുന്നുവോ? അതിനെപ്പറ്റി വല്ലവനും അറിവുണ്ടോ? അവർ മലങ്കരസഭയെ സുന്നഹോദോസ്സിന്നു ക്ഷണിച്ചിട്ടുണ്ടോ? ഇല്ല. പിന്നെ നാം എങ്ങനെ ആ സുന്നഹോദോസുകൾ സ്വീകരിച്ചു. ചരിത്രം പഠിപ്പിച്ചു; നാം അത് വിശ്വസിച്ചു. ഒരിക്കിൽ ഒരു മനുഷ്യൻ തൻ്റെ മകന് രണ്ടര വയ്സുള്ളപ്പോൾ സിംഗപൂർക്കു പോയി. വളരെക്കാലത്തേക്കു അയാളെപ്പറ്റി യാതൊരു വിവരവുമുണ്ടായില്ല. അയാളുടെ മകൻ്റെ പരിപാലനം അയാളുടെ അനുജൻ ഏറ്റെടുത്തു. ആ മകൻ അവൻ്റെ ഇളയപ്പനെ സ്വപിതാവെന്നു ധരിച്ചു പോന്നു. ഏകദേശം 18 വർഷം കഴിഞ്ഞു സിംഗപൂരിൽ പോയ ആ മനുഷ്യൻ മടങ്ങിയെത്തി. 20 വയസായ തൻ്റെ മകനോട് ‘താനാണ് പിതാവ്‘ എന്നു പറഞ്ഞു. പക്ഷെ “നിങ്ങളല്ല എൻ്റെ പിതാവ്, ഇദ്ദേഹമാണ്” എന്ന ഇളയപ്പനെ ചൂണ്ടി കാണിച്ചു കൊണ്ട്. മകൻ വിസമ്മതിച്ചപ്പോൾ ഇളയപ്പനും യുവാവിനോട് അയാളുടെ ശരിയായ പിതാവ് സിംഗപ്പൂരിൽ നിന്നുവന്ന ആ ആൾ തന്നെയാണ് എന്നു പറഞ്ഞു. മകൻ വല്ലാതെ വിഷമിച്ചു. ഒടുവിൽ അവൻ വിശ്വസിച്ചു. സിംഗപൂരിൽ നിന്ന് വന്നവനാണ് തൻ്റെ പിതാവെന്ന്. പ്രിയരേ, ഈ ഒരു നില തന്നെയായിരുന്നു നമ്മുടേതും. കുറെക്കാലും മുൻപ് കാതോലിക്ക സിംഹാസനം ഉണ്ടായി. പാത്രിയർക്കാ സിംഹാസനം ഉണ്ടാകുന്നതിനും 94 കൊല്ലം മുൻപ്. അത് കുറെ കാലമായി ഇല്ലാതായിരിക്കുകയായിരുന്നു. സാക്ഷാൽ പിതാവായി നാം വേറെയാളെ ഇതുവരെ വിശ്വസിച്ചുപോന്നു. എന്നാൽ ഇപ്പോൾ നമ്മുടെ സാക്ഷാൽ പിതാവ് ആരാണെന്നു നാം സുവ്യക്തം മനസിലായി കഴിഞ്ഞു. നമ്മുടെ പിതാവ് ഇവിടെയുള്ള, ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കാതോലിക്ക സിംഹാസനത്തിൽ വാഴുന്ന ആ പുണ്യദേഹം തന്നെയാണ്. മാർ മാത്യൂസ് അത്താനാസിയോസ് ആണ് അന്ത്യോഖ്യ ബന്ധം മലങ്കരയിൽ സ്ഥാപിച്ചത്. അദ്ദേഹത്തിൻ്റെ ചില “കുസൃതികൾക്കു” ശേഷം അദ്ദേഹവും പരലോക പ്രാപ്തനായി. കാലങ്ങൾ കഴിഞ്ഞു പോയി. അന്ത്യോക്യയിൽ നിന്നും മുടുക്കുകളായ ബ്രഹ്മാസ്ത്രങ്ങൾ തെരുതെരെ മലങ്കരയിൽ ചുഴുറ്റികൊണ്ടിരുന്നു. അപ്പോഴായിരുന്നു കർമ്മധീരനും പണ്ഡിത ശിരോമണിയുമായ വട്ടശ്ശേരി മാർ ഗീവർഗീസ് ദിവന്നാസിയോസ് തിരുമേനിയുടെ ചങ്കിനു ഒരു അസ്ത്രം പതിച്ചത്. അദ്ദേഹം പഠിച്ച ആളല്ലേ? വട്ടശ്ശേരി തിരുമേനി ചോദിച്ചു, ‘എന്തിനാണ് എന്നെ മുടക്കിയത്” എന്നു, മറുപടിയോ നാം മുടക്കിയിരിക്കുന്നുവെന്നു മാത്രം.

പ്രിയരേ, ഒന്ന് ഓർത്തോളിൻ! പാത്രയർക്കീസിൽ നിന്ന് മാത്രമേ പട്ടമേൽകുവാൻ നിയമമുള്ളൂ എന്നു ഭാവനെയും പാത്രയർക്കിസിൻ്റെ എല്ലാ അധികാരപ്രമത്തകൾക്കും വട്ടശ്ശേരി തിരുമേനി വഴങ്ങിക്കൊടുത്തില്ല എന്ന നിരാശ കൊണ്ടുമാണ് പാത്രിയർക്കീസ് “നാം മുടക്കിയിരിക്കുന്നു” വെന്നു മാത്രം ധൈര്യമായി പറയുവാൻ മുതിർന്നത്. ഈ മണ്ണിൽ നിന്ന് മുളച്ചു വന്ന പഴയ സെമിനാരി സ്ഥാപകനായ പുലിക്കോട്ടിൽ തിരുമേനിയും, പുന്നത്ര, ചേപ്പാട് തിരുമേനിമാരും ഏതു പാത്രയർക്കീസിൽ നിന്നുമാണ് പട്ടമേറ്റു മലങ്കര മെത്രാപ്പോലീത്തന്മാരായി വാണതു? തൊഴിയൂർ ഇടവകയുടെ കിടങ്ങൻ മാർ പീലക്സിയോനോസാണ് അവരെ പട്ടം കെട്ടിയതു. ഇതൊന്നും ആ ശീമക്കാരൻ ബാവ മനസിലാക്കിയില്ല. അദ്ദേഹത്തിന് അത് അറിഞ്ഞുകൂടാ. അദ്ദേഹത്തിൻ്റെ അനുയായികൾക്ക് അത് അറിവുണ്ടായിട്ടും അവർ അത് മറന്നിരിക്കുമോ? ഇല്ല. കാനോനികമായ തിങ്കളാഴ്ചത്തെ നമസക്കാരത്തിൽ അവർ ചൊല്ലുന്നത് എന്താണ്.
“നെക്വൂൻ ഗെറ്മായുമെൻ കബറോ
ദാലോഹോ യൽദാസ്ബ് സുൽത്തോ
വെൻ മെസ്സപ്പാൽഗാനോ എസ്തേലേമെൻ
കശത്തോ വെൻഇസ്സ് ബെറയോൻ
പൂലാഗോ അംനെസ്തുർലഗീഹാനോ എസ്സ്റമേ.”
‘അമനെസ്തുർ ലഗീഹാനോ എസ്സ്റമേ’. നെസ്തോറിയരോട് കൂടി നരകത്തിൽ ഇടപ്പെടട്ടെ. നെസ്തോര്യർക്കു നരകമാണ് കൂലി എന്നു ഈ ഗീതത്തിൽ പറയുന്നു. എന്നാൽ അവരുടെ വിശ്വാസത്തെ സ്വീകരിക്കാതെ അവരുടെ പട്ടത്വത്തെ യാക്കോബായക്കാർ സ്വീകരിക്കുന്നു. എന്നാൽ പാത്രയർക്കിസിനെ മാത്രമേ മേൽപ്പട്ടം കൊടുപ്പാൻ അധികാരമുള്ളൂ എന്നും, അദ്ദേഹമാണ് പരമാധികാരിയെന്നും പാത്രയർക്കീസു ധരിച്ചു. മെത്രാൻപട്ടം ഏൽക്കുവാൻ ശീമയിൽ പോയാൽ മാത്രമേ സാധ്യമാകുകയുള്ളൂപോലും! നെസ്തോരിയറിൽ നിന്ന് പട്ടം ലഭിച്ചിട്ടുള്ള മേല്പട്ടക്കാർ പോലും സഭയിൽ ഉണ്ടായിട്ടുണ്ട്. കഷ്ടം! ഇവയെ സാധൂകരിക്കുന്ന അന്ത്യോഖ്യാ പാത്രയർക്കീസു ”തന്നിൽ നിന്ന് മാത്രമേ പട്ടമേൽകാവൂ” എന്നു ശഠിക്കുക്കയും, പട്ടമേറ്റവരുടെമേൽ ഇടതടവില്ലാതെ മുടുക്കുകൾ വർഷിക്കുകയും ചെയ്യുന്നു. ഇവയെ നാം സ്വീകരിക്കണം പോലും! ആ ഭാഗവും നാം വിടുന്നു. വട്ടശേരിൽ തിരുമേനിയെ മുടക്കു കല്പിച്ച ആ പാത്രയർക്കീസ് ആരായിരുന്നു? അദ്ദേഹത്തിൻ്റെ സ്വാഭാവം എന്തായിരുന്നു? അദ്ദേഹം എങ്ങനെ പാത്രയർക്കീസായി? ഇവയെക്കുറിച്ചു വിവരിക്കുവാൻ ഒട്ടും ആഗ്രഹമില്ല. ആരോഗ്യം അതിനു അനുവദിക്കുന്നുമില്ല. എന്നാൽ ഒന്നുമാത്രം നാം ഓർത്തിരിക്കണം. ഗവണ്മെന്റു അധികാരികൾക്ക് കൈകൂലികൊടുത്തു സാക്ഷാൽ പാത്രയാർക്കീസിൻ്റെ ഫർമാൻ പിൻവലിപ്പിച്ചതിനു ശേഷമാണ് ഒരു നാൾ സത്യസഭയെ ത്യജിച്ചു റോമസഭയിൽ ചേർന്ന ആ വന്ദ്യദേഹം പരിശുദ്ധ സിംഹാസനത്തിൽ വലിഞ്ഞു കയറിയിരുന്നത്. അതും വിട്ടേക്കട്ടെ?

വട്ടശേരിൽ തിരുമേനിയെ അന്യായമാക്കി മുടക്കി എന്ന സംഭവം മലങ്കരയെ ആകമാനം വിറകൊള്ളിച്ചു. വിദ്യാസമ്പന്നനും ഭകതശിരോമണിയുമായ ആ തിരുമേനിയും, മറ്റു മെത്രാപ്പോലീത്തന്മാരും, ഇടവകക്കാരും കൂടി അന്ത്യോഖ്യാ പാത്രയർക്കീസിൻ്റെ മലങ്കരയോടുള്ള കുതിരകയറ്റം നിർത്തുവാൻ പാത്രയർക്കീസിന് സമാധികാരമുള്ളതും, പാത്രയാർക്ക സിംഹാസനത്തെക്കാൾ 94 വയസ്സ് കൂടുതൽ പ്രായമുള്ളുതുമായ കാതോലിക്ക സിംഹാസനം മലങ്കരയിൽ പുനഃസ്ഥാപിക്കുവാൻ ഉറച്ചു. മൂന്നു മെത്രാപ്പോലീത്തന്മാർക്കു ഒരു പാത്രിയർക്കീസിനെയോ ഒരു കാതോലിക്കയോ വാഴിക്കുവാൻ അധികാരമുണ്ടെന്നും, എന്നാൽ കാതോലിക്കാ ജീവിച്ചിരിക്കുമ്പോൾ പാത്രയാർക്കീസിനെ പട്ടം കെട്ടുന്നതിന് കാതോലിക്കയെയും, പാത്രയർക്കീസ് ജീവിച്ചിരിക്കുമ്പോൾ കാതോലിക്കയെ പട്ടം കെട്ടുന്നതിന് പാത്രയാർക്കീസിനെയും അന്യോന്യം ക്ഷണിക്കണമെന്നുള്ള കാനോൻ നിബന്ധന അനുസരിച്ചു പൗരസ്ത്യരായ നാം സാക്ഷാൽ പാത്രീയാർക്കീസായ മാർ അബ്‌ദുൽ മിശിഹാ ബാവയെ ക്ഷണിക്കുകെയും, അങ്ങനെ കാതോലിക്ക വാഴ്ചയിൽ അദ്ദേഹത്തിൻ്റെ സാന്നിധ്യം നമ്മുക്ക് ഉണ്ടാക്കുകെയും ചെയ്തു. അങ്ങനെ പാത്രയർക്കിസിൻ്റെയും മറ്റു തിരുമേനിമാരുടെയും സഹകരണത്തിൽ കാതോലിക്ക സിംഹാസനം അന്ത്യോക്യയിൽ നിന്ന് മാറ്റി, ഇപ്പോൾ ഹോംസിലായി തീർന്നലോ. എഡേസ്സായിൽ ഉണ്ടായ കാതോലിക്കാ സിംഹാസനവും ഇപ്പോൾ മലങ്കരയിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടിരിക്കുയാണ്. മാർ ഒസ്താത്തിയോസ്സിനും, മാർ യൂലിയോസിനും മാർ അബ്‌ദുൽ മിശിഹാ ബാവ മുടക്കെപ്പെട്ട ആളാണെന്നു ഒരേ നിഗമനം ആസ്പദമാക്കി കൊണ്ട് മൊഴി കൊടുക്കുവാൻ സാധിച്ചിട്ടില്ലെങ്കിൽ, മാർ അബ്‌ദുൽമിശിഹാ ബാവ മുടക്കപ്പെട്ട ആളോ അല്ലയോ എന്ന് തെളിയിക്കുവാൻ നാമും കരുതുന്നില്ല. എങ്കിലും നിങ്ങൾ ഒന്ന് അറിഞ്ഞിരിക്കണം. വിശ്വാസവിപീരതം കൊണ്ടല്ലാതെ ഒരു പാത്രയാർക്കീസിനെ മുടക്കുവാൻ ആർക്കും അധികാരമില്ല. മാർ അബ്‌ദുൽ മിശിഹാ ബാവായുടെ വിശ്വാസവിപരീതം എന്തായിരുന്നുവെന്നു അന്തോഖ്യഭക്തന്മാർ തെളിയിക്കട്ടെ.

പ്രിയരേ! നാം അധികം പറയുന്നില്ല. നമ്മൾ തന്നെയാണ് ഈ പ്രയാസം എല്ലാം വരുത്തിക്കൂട്ടിയത്. ഞാൻ ഒരു ദിവസം മാർ യൂലിയോസ്‌ ബാവായുടെ അടുക്കൽ പോയിരുന്നു. നാമും അദ്ദേഹവും തമ്മിൽ വലിയ അടുപ്പുമാണ്. നാം മഞ്ഞിനകരയ്ക്കു പോയാൽ അദ്ദേഹം നമ്മുക്ക് കാപ്പി തരും. മറ്റാർക്കും കിട്ടിയില്ലെങ്കിലും നമ്മുക്ക് കണിശമാ. അദ്ദേഹം ബെഥേലിലും വരാറുണ്ട്. നാം അദ്ദേഹത്തോട് ചോദിച്ചു. ‘ആബൂനാ നിങ്ങളും ഞാനും തമ്മിൽ പട്ടത്വത്തിനു വ്യത്യാസം ഉണ്ടോ?’ അദ്ദേഹം പറഞ്ഞു. ‘അന്ത്യോഖ്യാ പാത്രയാർക്കീസും കാതോലിക്കായും നടത്തുന്ന പട്ടംകൊട ശുശ്രൂഷക്രമം ഒന്നുതന്നെയാണെങ്കിലും നിങ്ങളുടെ പട്ടം ശരിയല്ല !. ഞാൻ പറഞ്ഞു, ‘ഒട്ടും തന്നെ വ്യത്യാസമില്ല‘ . ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. ‘എന്നാൽ നിങ്ങളെ എന്താണ് ബാവായെന്നും എന്നെ മെത്രാനെന്നും ആളുകൾ വിളിക്കുന്നത്’. ‘ആളുകൾ വിളിക്കുന്നതിന്‌ ഞാനാണോ ഉത്തരവാദി’ എന്ന് പറഞ്ഞു കൊണ്ട് പച്ചച്ചിരി പുറത്തു പ്രകാശിപ്പിച്ചു. നമ്മുടെ അറിവില്ലായ്‍മ ആ പുഞ്ചിരിയിൽ അന്തർലീനമായിരിക്കുന്നു. ഏതെങ്കിലും ഒരു ചുവപ്പു വസ്ത്രധാരി ശീമയിൽ നിന്ന് മലങ്കരയിൽ വന്നാൽ നാം അവരെ വിളിക്കുകയാണ് ‘വാ- വാ‘ എന്ന്, ഏതൊരു ശീമമെത്രാൻ വന്നാലും വാവാ. ആ ‘വാവാ’ മാർ ഒസ്താത്തിയോസ്സിനും മാർ യൂലിയോസിനും സംബോധനയായി. യൂലിയോസ്‌ വാവാ.

നമ്മുക്ക് തന്നെ സ്വയാധികാരം ഉണ്ടെന്നും പാത്രിയർക്കാ സിംഹാസനത്തെക്കാൾ പഴക്കം കൂടിയതാണ് വിശുദ്ധ കാതോലിക്കാ സിംഹാസനം എന്നും നാം മനസ്സിലാക്കാതെ ശീമക്കാർ അവരുടെ അധികാരം മലങ്കരയിൽ ചെലുത്തുവാൻ പതുങ്ങി പതുങ്ങി വരുമ്പോൾ നാം അവരെ വാ-വാ എന്ന് സംബോധന ചെയ്തു സ്വീകരിക്കുന്നു. അങ്ങനെ ശീമയിലെ മെത്രാൻ മലങ്കരയിൽ ‘വാ-വാ‘ ന്മാർ ആയിത്തീരുന്നു. ഞാൻ മറ്റൊരു ദിവസം മാർ യൂലിയോസിനോട് ചോദിച്ചു “മഞ്ഞനിക്കര പഠിപ്പിക്കുന്ന കാനോൻ ഏതാണെന്ന്.” യൂലിയോസിൻ്റെ മറുപടി ഹൂദായകാനോൻ എന്നായിരുന്നു. ‘ആബൂനാ അതിൽ കാതോലിക്കയുടെ അധികാരത്തെക്കുറിച്ചു വായിച്ചിട്ടില്ലേ!‘. മറുപടിയില്ലാ; വെറും ഒരു പച്ചചിരി മാത്രം. പ്രിയരേ! കണ്ണുണ്ടായിട്ടും അവർ കാണുന്നില്ല. ചെവിയുണ്ടായിട്ടും കേൾക്കുന്നില്ല, പാവപ്പെട്ട മലങ്കര ജനങ്ങൾ എന്തറിഞ്ഞു!. അധികം ഏല്പിക്കപ്പെട്ടവരോട് അധികം ചോദിക്കും. അതിനാൽ കാനോൻ വ്യഖ്യാനിക്കുന്ന മേല്പട്ടക്കാർ തന്നെ വായിക്കട്ടെ, ചിന്തിക്കട്ടെ, പിന്നീട് ജനങ്ങളെ പഠിപ്പിക്കട്ടെ !

എൻ്റെ പ്രസംഗം ഞാൻ അവസാനിപ്പിക്കുന്നു. വളരെയധികം പറയണമെന്നു എനിക്ക് ആഗ്രഹുമുണ്ട്. എന്നാൽ ഒന്നുരണ്ടു കാര്യങ്ങൾ എന്നെ വിഷ്മപ്പെടുത്തുന്നു. ആ സ്ത്രീയുടെ തലയിൽ ഞാൻ പറയുന്ന ചരിത്രമൊന്നും കയറുന്നില്ല എന്ന് തോന്നുന്നു, താടിയിൽ കയ്യുംകുത്തി നിൽക്കുന്ന ആ നിൽപ്പ് കണ്ടാൽ. ഈ ചരിത്രം തുടർന്നാൽ വല്ല പുരുഷനും അപ്രകാരം തന്നെ ഇനി നിന്നേക്കും. രണ്ടാമതായി മൈക്ക് അതിൻ്റെ ജോലിയും നിർത്തി വെച്ചു. എൻ്റെ നെഞ്ചുവേദനയും വർധിപ്പിക്കുന്നു. പ്രിയരേ, നാം നാളെ കോട്ടയത്തേക്ക് പോകണമെന്നു ആഗ്രഹിക്കുന്നു. നിങ്ങൾ എനിക്ക് ചെയ്തുതന്ന സകല സാഹചര്യങ്ങൾക്കും നന്ദി പറഞ്ഞു കൊള്ളുന്നു. അവസാനമായി ഞാൻ പറയുന്നു, വട്ടശ്ശേരി തിരുമേനിയുടെ അന്ത്യമൊഴികൾ നിങ്ങൾ വായിച്ചിരുക്കുമെല്ലോ. ആ മൊഴികൾ നിങ്ങളുടെ ഹൃദയങ്ങളിൽ നിന്നും മാഞ്ഞുപോകരുത്. മലങ്കര സഭയുടെ നിലനിൽപ്പിനു വേണ്ടി അശ്രാന്തം പരിശ്രമിച്ച രണ്ടു മഹാപുരുഷന്മാരെ ദൈവം നിയോഗിച്ചയച്ച ഒരു പട്ടണമാണ് ഇത്. നമ്മുടെ സഭയോട് ഏതൊരു ശക്തി എതിർത്താലും അതിനെ നേരിടുവാൻ തക്കവണ്ണം നാം ദൈവത്തോട് പ്രാർത്ഥിക്കുകെയും, ദൈവത്തിൽ ആശ്രയിച്ചു പ്രവർത്തിക്കുകയും വേണം. ‘Child is the father of the man ‘. ഇന്നത്തെ യുവാക്കന്മാരാണ് സഭയെ പരിപാലിക്കേണ്ടത്. ഇന്ന് സഭയിൽ പ്രവർത്തനം നടത്തുന്നവരിൽ പ്രായം ചെന്നുവരും, ഒരു പക്ഷെ ഞാനും നാളെയോ മറ്റന്നാളോ മരിച്ചു പോയേക്കാം. അതിനാൽ യുവാക്കന്മാർ സഭാസ്നേഹികളായി സഭാ സേവനത്തിനു കച്ചകെട്ടണം. ഞാൻ മുൻപ് പറഞ്ഞത് പോലെ അന്ത്യോഖ്യാ സിംഹാസനത്തെക്കാൾ 94 വയസ്സ് കൂടുതൽ പ്രായമുണ്ട് കാതോലിക്ക സിംഹാസനത്തിന്. പാത്രിയാർക്കിസിൻ്റെ സമാധികാരം കാതോലിക്കയ്ക്കുമുണ്ട്. ഇതാണ് നിഖ്യാ സുന്നഹോദോസ്സ് നിശ്ചയം. ഇവയൊന്നും നിങ്ങൾ മറന്നു പോകരുത്. ഇപ്പോൾ വിശുദ്ധ കാതോലിക്ക സിംഹാസനത്തിൽ വാഴുന്ന പരിശുദ്ധ കാതോലിക്ക ബാവാതിരുമേനിയുടെ ആയുരാരോഗ്യത്തിന് വേണ്ടി നമ്മൾക്ക് പ്രാർത്ഥിക്കാം. ആകാശത്തിലെ ഞങ്ങളുടെ പിതാവേ …….

അന്ത്യോഖ്യാ – മലങ്കര ബന്ധം ചില ചരിത്ര വസ്തുതകള്‍

Facebook
error: Thank you for visiting : www.ovsonline.in