OVS - Latest NewsSAINTSTrue Faith

പിശാചുക്കളെ ഓടിക്കുന്നവനായ പരിശുദ്ധനായ മോർ ബഹനാം സഹദാ.✝

നാലാം നൂറ്റാണ്ടിൻ്റെ മധ്യകാലഘട്ടത്തിൽ ആസുർ (നിനുവ) ഇന്നത്തെ ഇറാക്ക് ഭരിച്ചിരുന്നത് പേർഷ്യൻ രാജാവ് ആയ സെൻഹറീബ് ആയിരുന്നു. ബഹനാം ആ രാജ്യത്തിൻ്റെ രാജകുമാരൻ ആയിരുന്നു. നാൽപതു ആയുധദാരികളായ പടയാളികളുടെ നേതാവും ബഹനാം ആയിരുന്നു. ബഹനാമിൻ്റെ സോദരിയായ സാറ കുഷ്ഠരോഗിയായിരുന്നു. ഒരിക്കൽ ബഹനാം നായാട്ടിനായി പോകുന്ന സമയത്തു ഒരു മൃഗത്തെ കാണുകയും അതിനെ പിന്തുടർന്ന് കൊടും കാട്ടിൽ കയറുകയും, കൂട്ടംതെറ്റി കാട്ടിൽ ഒറ്റപ്പെടുകയും ചെയ്തു. ആ രാത്രിയിൽ കാട്ടിൽ കഴിഞ്ഞു കൂടുകയും, കാട്ടിൽ തന്നെ ക്ഷീണിതനായി കിടന്നുറങ്ങുകയും ചെയ്തു. ഉറക്കത്തിൽ സ്വപ്നം കാണുകയും സ്വപ്നത്തിൽ മത്തായി (മോർ മത്തായി) എന്ന താപസശ്രേഷ്ഠൻ ആ കാട്ടിലുള്ള മലപ്രദേശത്തു് താമസിക്കുന്നുണ്ട് എന്നും അദ്ദേഹം സാറയുടെ അസുഖത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ട് എന്നും വിശുദ്ധൻ സാറയുടെ രോഗ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നുണ്ട് എന്നും കാണുകയും ചെയ്തു.

കാട്ടിലൂടെ അലഞ്ഞു നടന്ന ബഹനാം അടുത്ത ദിവസം തൻ്റെ സഹായികളെ കണ്ടെത്തുകയും, അവരോടു സ്വപ്നത്തെ കുറിച്ച് പറയുകയും മോർ മത്തായിയെ അന്വേഷിച്ചു കാട്ടിലൂടെ സഞ്ചരിക്കുകയും ചെയ്തു, ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം അവർ മലയിൽ ഒരു ഗുഹ കാണുകയും, അവിടെ മോർ മത്തായിയെ തിരയുകയും ഒടുവിൽ കണ്ടെത്തുകയും ചെയ്തു. മോർ ബഹനാം മോർ മത്തായിയുടെ മുൻപാകെ മുട്ടുകുത്തി താൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ മോർ മത്തായിയോട് വിവരിക്കുകയും, മോർ മത്തായിയുടെ ജീവിതരീതി കണ്ടു അത്ഭുതപെടുകയും സാറയുടെ അസുഖം സുഖപ്പെടുത്തുവാൻ വിശുദ്ധന് കഴിയും എന്ന് മനസിലാക്കിയ ബഹനാം മോർ മത്തായിയോട് പട്ടണത്തിൽ വന്നു സാറയെ കണ്ടു രോഗം സൗഖ്യമാക്കി തരുവാൻ നിർബന്ധിച്ചു.

ഏറെ നിർബന്ധത്തിനു ശേഷം മോർ മത്തായി സമ്മതിക്കുകയും ബഹനാമിനൊപ്പം വനത്തിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു. എങ്കിലും അമ്മയായ റാണി മോർ മത്തായിയെ രോഗബാധിതയായി കിടക്കുന്ന സാറയെ കാണുവാൻ അനുവദിച്ചില്ല. ബഹനാം തനിക്കു സംഭവിച്ച കാര്യങ്ങൾ അമ്മയോട് വിശദീകരിക്കുകയും ഒടുവിൽ റാണി അതിനു സമ്മതിക്കുകയും ചെയ്തു. ബെഹനാമും സഹോദരി സാറയും നാൽപതു പടയാളികളും മോർ മത്തായിയെ കാണുവാൻ കൊട്ടാരത്തിൽ നിന്നും പുറപ്പെട്ടു. വിശുദ്ധൻ കർത്താവിനെയും കർത്താവു തൻ്റെ മരണം മൂലം നൽകിയ രക്ഷയെകുറിച്ചും മരണത്തിന്മേലും രോഗത്തിന്മേലും നൽകിയ അധികാരത്തെ കുറിച്ചും അവരോടു സംസാരിക്കുകയും ചെയ്തു. മോർ മത്തായി സാറയുടെ രോഗ സൗഖ്യത്തിനായി പ്രാർത്ഥിച്ചു സാറ സൗഖ്യപ്പെട്ടു. പിന്നീട് ബഹനാമും, സാറയും പടയാളികളും മാമോദീസാമുങ്ങി ക്രിസ്ത്യാനികൾ ആകുകയും ചെയ്തു, ആയതിനു ശേഷം ഒട്ടും താമസിക്കാതെ മോർ മത്തായി തൻ്റെ ഗുഹയിലേക്ക് തിരികെ പോകുകയും ചെയ്തു.

സാറയുടെ രോഗം മാറിയത് അറിഞ്ഞ സെൻഹറീബ് രാജാവ് വളരെ സന്തോഷിക്കുകയും, എന്താണ് സംഭവിച്ചത് എന്ന് സാറയോട് ചോദിക്കുകയും ചെയ്തു, സാറ സംഭവിച്ച കാര്യങ്ങൾ എല്ലാം വിശദമായി രാജാവിനോട് പറയുകയും ചെയ്തു. സാറയും ബഹനാമും ക്രിസ്ത്യാനികൾ ആയി എന്നറിഞ്ഞ രാജാവ് അതീവ ദുഖിതനും കോപിഷ്ഠനും ആയി, ഇരുവരെയും വിളിച്ചു അവരുടെ വിശ്വാസം ത്യജിക്കുവാൻ ഉപദേശിച്ചു, ഇരുവരും തയ്യാറായില്ല, ഇത് രാജാവിനെ കോപിതനാക്കി, ശിക്ഷാവിധി ഉണ്ടാകുമെന്നും കല്പന ലംഘിച്ചാൽ മരണശിക്ഷ ഉണ്ടാകുമെന്നും മുന്നറിയിപ് നൽകി. കർത്താവായ യേശുനാഥന് വേണ്ടി മരിക്കുവാൻ തയ്യാറാണ് എന്ന് അവർ രാജാവിനെ അറിയിക്കുകയും ചെയ്തു. വിശ്വാസം ത്യജിക്കുവാൻ എല്ലാവരും അവരെ ഉപദേശിച്ചു, അവർ അതിനു തയാറായില്ല മരണം ഉറപ്പായ രണ്ടുപേരും നാൽപതു പടയാളികളെയും കൂടി കൊട്ടാരത്തിൽ നിന്നും ഓടി രക്ഷപെടുവാൻ ശ്രമിച്ചു. പക്ഷെ പടയാളികൾ ഇവരെ പിന്തുടർന്ന് പിടിക്കുകയും വധിക്കുകയും ചെയ്തു. രാജകല്പന അനുസരിക്കാതിരുന്ന ഇവരുടെ മൃതശരീരം ദഹിപ്പിച്ചു കളയുവാൻ രാജാവ് ഉത്തരവിറകുകയും ചെയ്തു. അപ്രകാരം പടയാളികൾ മൃതശരീരത്തിനടുത്തു ചെന്നപ്പോൾ വലിയ ഒരു മഴയും ഭൂമികുലുക്കവും ഉണ്ടാകുകയും ഭൂമി പിളർന്നു ഇവരുടെ ശരീരങ്ങൾ ഭൂമിക്കടിയിൽ പോകുകയും ചെയ്തു

കുറച്ചു നാളുകൾക്കു ശേഷം സെൻഹറീബ് രാജാവ് അസുഖബാധിതനാകുകയും, രോഗത്തെ തുടർന്ന് ദേഹം മുഴുവൻ വേദന അനുഭവപ്പെടുകയും ചെയ്തു, തൻ്റെ രണ്ടു മക്കളുടെയും കൊലപാതകം രാജാവിനെ വേട്ടയാടി, അസുഖം സുഖപ്പെടാതെ വന്നപ്പോൾ റാണി മോർ മത്തായിയെ സന്ദർശിക്കുവാൻ രാജാവിനോട് അഭ്യർത്ഥിച്ചു. പിന്നീട് സ്വപ്നത്തിൽ മോർ ബഹനാം സഹദാ പ്രത്യക്ഷപ്പെടുകയും മോർ മത്തായിയെ സമീപിച്ചു അനുതപിച്ചു പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ മോർ മത്തായിയെ സന്ദർശിക്കുകയും വിശുദ്ധൻ്റെ വചനം കേൾക്കുകയും ചെയ്തു, മാനസാന്തരം വന്ന രാജാവ് റാണിയോടൊപ്പം മാമോദീസ മുങ്ങി ക്രിസ്ത്യാനികൾ ആയി മാറുകയും ചെയ്തു. പിന്നീട് സെൻഹറീബ് രാജാവ് മോർ മത്തായിക്ക് വേണ്ടി ഒരു ആശ്രമം പണിയുകയും (മോർ മത്തായി ദയറാ (മൂസൽ – ഇറാക്ക്) അതിൽ മോർ ബഹനാമിൻ്റെയും സഹോദരി സാറായുടെയും പടയാളികളുടെയും ശരീരം കണ്ടെടുത്തു കബറുകൾ സ്ഥാപിക്കുകയും ചെയ്തു. ഈ കബറുകളിൽ നിന്നും ആ കാലയളവിൽ തന്നെ നിരവധി അത്ഭുതങ്ങളും, രോഗസൗഖ്യവും ലഭിച്ചിരുന്നു. പിന്നീട് അവിടെ സുറിയാനി സഭ ഒരു ദയറാ പണിയുകയും ചെയ്തു. ”മോർ ബഹനാം സഹദാ’‘ പൗരസ്ത്യ  സഭയിലെ വിശുദ്ധരുടെ ഗണത്തിലെ പ്രധാനിയാണ്. മഹാപരിശുദ്ധനായ മോർ ബഹനാം സഹദായുടെ കബറിടത്തിൽ മുസ്ളീം, ക്രൈസ്തവ തീർത്ഥാടകരെത്തി പ്രാർത്ഥിക്കുന്നു. “പ്രതീക്ഷയെ പച്ച പിടിപ്പിക്കുന്നവൻ” എന്നർത്ഥമുള്ള അൽ – ഖിതിര് എന്നാണ് മുസ്ളീംകളുടെ ഇടയിൽ ബഹനാൻ സഹദാ അറിയപ്പെടുന്നത്.

വിശുദ്ധ ബഹനാം സഹദായുടെ ഓർമ്മ ഡിസംബർ 10 -നു സഭ ആചരിക്കുന്നു. പരിശുദ്ധനായ മോർ ബഹനാൻ സഹദായുടെയും, സാറായുടെയും, മോർ മത്തായിയുടെയും പ്രാർത്ഥന നമുക്ക് കോട്ടയും, അഭയവുമായി തീരട്ടെ.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ