Ancient ParishesOVS - Articles

പുതുപ്പള്ളി പെരുനാൾ: വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുനാൾ

പുതുപ്പള്ളി പെരുനാൾ എന്നാൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുനാൾ എന്നാണു ജനം അർത്ഥമാക്കുന്നത്. മറ്റു പെരുനാളുകൾ ഇവിടെ നടത്താറുണ്ടെങ്കിലും വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുനാളിനാണ് പരമപ്രാധാന്യം. കേവലം ഒരു ക്രൈസ്തവ ആഘോഷം എന്നതിലുപരി നാനാജാതിമതസ്ഥർ ഒത്തുകൂടുന്ന ഒരു മഹോൽസവമാണ്. മതപരമായ ഒരു ആഘോഷത്തിനപ്പുറം ഇതൊരു ദേശീയ ഉൽസവമാണ്.

മലങ്കരയിലെ മറ്റു ദേവാലയങ്ങളിൽ ഇല്ലാത്ത ചില പ്രത്യേകതകൾ പുതുപ്പള്ളി പെരുനാളിനുണ്ട്. പരമ്പരാഗതമായി ആചരിച്ചുപോരുന്ന ചില പ്രത്യേക അനുഷ്ഠാനങ്ങൾ ഇവിടെ നിലനിൽക്കുന്നു. കൊടിമരമിടീൽ, വിറകിടീൽ, അരിയിടീൽ, വെടിക്കെട്ട്, വെച്ചൂട്ട്, കോഴിനേർച്ച, റാസാ എന്നിങ്ങനെ പുതുപ്പള്ളി പെരുനാളിന് തനതായ സവിശേഷതകൾ പലതുണ്ട്.

കൊടിമരങ്ങൾ
പെരുനാളിനു 10 ദിവസം മുമ്പ് കൊടിമരമിടുന്നു. രണ്ടു കൊടിമരങ്ങൾ പുതുപ്പള്ളി പെരുനാളിന്റെ പ്രത്യേകതയാണ്. പുതുപ്പള്ളി — എറികാട് കരക്കാർ ഓരോ കമുക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കൊണ്ടുവന്നു നാട്ടി കൊടിയേറ്റുന്നു. അടുത്ത ദിവസം മുതൽ പെരുനാൾ വരെ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കതിനാവെടികൾ മുഴക്കുകയും കൊടിമരച്ചുവട്ടിൽ വാദ്യമേളങ്ങൾ നടത്തുകയും ചെയ്യുന്നു. വൈദികരുടെ അനുമതിയോടും പ്രാർത്ഥനയോടുംകൂടിയാണ് കൊടിമരമിടീലുമായി ബന്ധപ്പെട്ട എല്ലാ കർമ്മങ്ങളും. കൊടിമരത്തിന്റെ ഉച്ചിയിൽ കുരിശ് നാട്ടുന്നതു വൈദികർ ആശീർവദിച്ചാണ്. ആദ്യത്തെ കൊടി കെട്ടുന്നതും വൈദികർ തന്നെ. പെരുനാളിന്റെ തലേദിവസമായ മേയ് ആറിന് രാവിലെ മുതൽ പള്ളിയിലേക്കു ഭക്തജനപ്രവാഹം ആരംഭിക്കും. ഉച്ചകഴിയുമ്പോൾ തീർഥാടനപ്രവാഹം വർധിച്ച് പള്ളിയും പരിസരവും ജനസമുദ്രമായി മാറുന്നു. തിരക്ക് ഏറുമെന്ന് അറിയാവുന്നതുകൊണ്ട് തീർഥാടകർക്ക് ആവശ്യമായ സംവിധാനങ്ങൾ നേരത്തെതന്നെ ക്രമീകരിച്ചിരിക്കും.

വിറകിടീൽ
പെരുനാളിന്റെ തലേദിവസം ഉച്ചകഴിഞ്ഞ് ഇടവകാംഗങ്ങൾ സംഘംചേർന്ന് ആഘോഷത്തോടെ വിറകു കൊണ്ടുവന്ന് സൂക്ഷിക്കുന്നതാണ് വിറകിടീൽ. മൽസരബുദ്ധിയോടെ വിറകു ശേഖരിച്ചു വാദ്യമേളങ്ങളുടെയും വള്ളപ്പാട്ടുകളുടെയും അകമ്പടിയോടെ പള്ളിയിലെത്തുന്ന കാഴ്ച ആവേശകരമാണ്. പെരുനാൾ സദ്യയായ വെച്ചൂട്ടിന് അരിയും, നേർച്ചയായി വിളമ്പുന്ന ഇറച്ചിയും പാകംചെയ്യുന്നതിന് ആവശ്യമായ വിറക് ശേഖരിക്കുകയാണ് ഈ ചടങ്ങിന്റെ ലക്ഷ്യം. ഇടവകയിലെ ജനങ്ങൾ കുബേര—കുചേല വ്യത്യാസമില്ലാതെ ഈ ചടങ്ങിൽ പങ്കെടുക്കുന്നു.

വിറകിടീൽ കഴിഞ്ഞാൽ പള്ളിമുറികളിൽ സൂക്ഷിച്ചിട്ടുള്ള വാർപ്പുകളും ചെമ്പുകളും പുറത്തിറക്കി കഴുകി വെടിപ്പാക്കുന്നു. ആദ്യം പന്തിരുനാഴി എന്നറിയപ്പെടുന്ന 12 പറ അരി വയ്ക്കാവുന്ന വലിയ ഒരു വാർപ്പാണ് ആർപ്പുവിളിയോടും വാദ്യമേളങ്ങളോടും കൂടി ആദ്യം പുറത്തെടുക്കുന്നത്. ‘പന്തിരുനാഴി’ എടുത്തു കുരിശിൻതൊട്ടിക്കു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. ഇതും ഒരു പ്രത്യേക ചടങ്ങായിട്ടാണ് ഇവിടെ അനുഷ്ഠിക്കുന്നത്. ‘പന്തിരുനാഴി’യാണ് കഴുകി വൃത്തിയാക്കി ആദ്യം അടുപ്പിൽ കയറ്റുന്നത്. പിന്നീട് പള്ളിയിലെ കെടാവിളക്കിൽനിന്നു പ്രധാന പുരോഹിതൻ കോലുവിളക്കിലേക്കു പകർന്നുകൊടുക്കുന്ന തിരിനാളം ഭക്ത്യാദരപൂർവം അടുപ്പിൽ ജ്വലിപ്പിക്കുകയാണു പതിവ്.

പെരുനാളിന്റെ തലേദിവസം സന്ധ്യാനമസ്കാരത്തിനുശേഷം നടത്തുന്ന പ്രദക്ഷിണം നയനാനന്ദകരമായ അനുഭവമാണ്. പ്രദക്ഷിണം പള്ളിയിൽനിന്നും ആരംഭിക്കുമ്പോൾ, നേരത്തെതന്നെ കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്ററിൽനിന്നു പുറപ്പെട്ട റാസ ഇതോടൊപ്പം വന്നു ലയിച്ചിരിക്കും. നിലയ്ക്കൽ പള്ളിവഴി പുതുപ്പള്ളി കവല ചുറ്റിയുള്ള ഈ പ്രദക്ഷിണം കഴിഞ്ഞാൽ കരിമരുന്നു കലാപ്രകടനം ഉണ്ടായിരിക്കും. പതിനായിരങ്ങളെ ആകർഷിക്കുന്നതാണ് പുതുപ്പള്ളി വെടിക്കെട്ട്.

ലക്ഷദീപം
വെടിക്കെട്ടിനോടൊപ്പമോ അതിലധികമോ ആകർഷകമാണ് പെരുനാളിന്റെ ഭാഗമായ ദീപക്കാഴ്ച അഥവാ ലക്ഷദീപം. പുതുപ്പള്ളിപ്പെരുനാളിന്റെ കേരളത്തനിമ എന്നു വിശേഷിപ്പിക്കാവുന്ന ദീപക്കാഴ്ച ഉൽസവങ്ങളോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളെ അനുസ്മരിപ്പിക്കുന്നു. പള്ളിയുടെ മുമ്പിലുള്ള വിശാലമായ പാടങ്ങളിൽ മുഴുവൻ കാലുകൾ നാട്ടി അവയുടെ അറ്റത്ത് വാഴപ്പിണ്ടി വട്ടത്തിൽ മുറിച്ച് കുത്തിനിർത്തും. അവയിൽ ചിരട്ട നിരത്തി എണ്ണയിൽ നനച്ച കിഴി കത്തിച്ചാണ് ദീപക്കാഴ്ച നടത്തുന്നത്. പള്ളിയുടെ മുഖവാരവും കുരിശിൻതൊട്ടിയും മതിലുകളും വിവിധ നിറത്തിലുള്ള വൈദ്യുത ദീപങ്ങൾകൊണ്ട് അലങ്കരിക്കുന്നുണ്ടെങ്കിലും ദീപക്കാഴ്ച ഇന്നും തുടരുന്നു. പാടത്തുള്ള ദീപക്കാഴ്ചയും അവയുടെ ജലത്തിൽ പതിക്കുന്ന പ്രതിച്ഛായകളും വൈദ്യുതവിളക്കുകളുടെ അലങ്കാരവും എല്ലാംകൂടി ‘ലക്ഷദീപം’ എന്ന പേര് അന്വർത്ഥമാക്കുന്നുണ്ട്.

വെച്ചൂട്ട്
പുതുപ്പള്ളിയിലെ വെച്ചൂട്ട് വളരെ പ്രസിദ്ധമാണ്. വെച്ചൂട്ടിനുള്ള അരി രാത്രി ഒരുമണിക്കാണ് ഇടുന്നത്. നേരം പുലരുമ്പോഴേക്കും എല്ലാം പാകമായിരിക്കും. അരിയിടീൽ കഴിഞ്ഞാൽ രണ്ടു കുർബാന ഉണ്ടാവും. ആദ്യത്തേത് നേരം വെളുക്കുന്നതിനുമുമ്പു കഴിയും. രണ്ടാമത്തെ കുർബാന കഴിഞ്ഞ് ഉച്ചയ്ക്കുമുമ്പുതന്നെ വെച്ചൂട്ട് ആരംഭിക്കും. പുതുപ്പള്ളിയുടെ സാംസ്കാരിക തനിമയും പാരമ്പര്യവും പ്രകടമാകുന്ന ഈ ചടങ്ങ് മഹാക്ഷേത്രങ്ങളിൽ നടന്നുവരുന്ന പ്രസാദമൂട്ടിനു തുല്യമാണെന്നു പറയാം. പള്ളിയിൽ എത്തുന്ന ഭക്തജനങ്ങൾക്കെല്ലാം ഭക്ഷണം നൽകുകയാണ് ഈ വിശിഷ്ടകർമ്മംകൊണ്ട് ഉദ്ദേശിക്കുന്നത്. വെച്ചൂട്ടിനുള്ള കറികൾ മുന്നൊരുക്കമായി ഇടവകജനങ്ങൾ നേരത്തെതന്നെ കരുതിയിട്ടുണ്ടാവും. പള്ളിപ്പറമ്പിൽ പതിനായിരങ്ങൾ ഇരുന്നു ചോറുണ്ണുന്ന കാഴ്ച അതീവഹൃദ്യമായ ഒരനുഭവമാണ്. വെച്ചൂട്ടിനു വിളമ്പുന്ന ചോറ് വിശ്വാസികൾ ഭവനങ്ങളിൽ കൊണ്ടുപോയി ഉണക്കി സൂക്ഷിച്ച് ഒരു ദിവ്യഔഷധമായി ഉപയോഗിക്കാറുണ്ട്.കുട്ടികൾക്ക് ആദ്യമായി ചോറുകൊടുക്കുവാൻ അനേകം മാതാപിതാക്കൾ വെച്ചൂട്ടിൽ സംബന്ധിക്കാറുണ്ട്. വൈദികർ കുഞ്ഞുങ്ങൾക്കു ചോറു വാരിക്കൊടുത്താണ് ഈ കർമ്മം നിർവഹിക്കുന്നത്.

കോഴിനേർച്ച
പുതുപ്പള്ളി പള്ളിയിൽ നിലവിലുണ്ടായിരുന്ന കൊഴിവെട്ട് വളരെ പ്രസിദ്ധമാണ്. ഇതുമായി ബന്ധപ്പെട്ടു പഴയ തലമുറയ്ക്ക് അനേകം കഥകൾ പറയാനുണ്ടാവും. പെരുനാളിനു പള്ളിയിൽ നേർച്ചയായി ലഭിക്കുന്ന കോഴികളെ പാകംചെയ്തു നേർച്ചയായി വിളമ്പുന്ന പതിവ് പണ്ടുകാലം മുതൽ ഉണ്ട്. ഇപ്പോൾ കാലാനുസൃതമായ ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. വിശ്വാസികൾ വീടുകളിൽ കോഴിയെ അടവയ്ക്കുമ്പോൾ ഒരു മുട്ടയിൽ കുരിശടയാളം ഇടുകയും തലപ്പൂവനെ പള്ളിക്കു കൊടുക്കുകയും പതിവാണ്. അങ്ങനെ വരുന്ന നേർച്ചക്കോഴികളെയാണ് പാകം ചെയ്യുന്നത്. മാംസഭക്ഷണം വർജിച്ചിട്ടില്ലാത്ത നസ്രാണികൾ അവരുടെ പള്ളിയിൽ വരുന്ന നേർച്ചക്കോഴികളെ പാകംചെയ്തു തീർഥാടകർക്കു നേർച്ചയായി കൊടുക്കുന്നുവെന്നു മാത്രം. അല്ലാതെ ഇതൊരു ബലിയല്ല.

പ്രദക്ഷിണം
പെരുനാൾ ദിവസം മൂന്നുമണിയോടുകൂടി പുതുപ്പള്ളി അങ്ങാടിചുറ്റി പ്രദക്ഷിണം നടത്താറുണ്ട്. പുതുപ്പള്ളിയിലെ പ്രദക്ഷിണം പ്രസിദ്ധവും ഭക്തിനിർഭരവുമാണ്. നൂറുകണക്കിനു പൊൻവെള്ളി കുരിശുകളും മുത്തുക്കുടകളും വാദ്യമേളങ്ങളും പ്രദക്ഷിണത്തിനു കൊഴുപ്പേകുന്നു. പ്രസിദ്ധമായ ‘പൊന്നിൻകുരിശ്’ ഈ പ്രദക്ഷിണത്തിൽ ഉണ്ടായിരിക്കും. പ്രദക്ഷിണത്തിനു മുത്തുക്കുട, കുരിശ് തുടങ്ങിയവ നേർച്ചയായിട്ടാണ് ആളുകൾ എടുക്കുന്നത്. പ്രദക്ഷിണം കഴിഞ്ഞാൽ കോഴിഇറച്ചിയും അപ്പവും വിളമ്പും. കോഴിഇറച്ചിയോടൊപ്പം വിളമ്പുന്ന അപ്പം ഇടവകകളിലെ കുടുംബങ്ങളിൽ നിന്നും തീർഥാടകരിൽനിന്നും ലഭിക്കുന്നതാണ്. നേർച്ചവിളമ്പു കഴിഞ്ഞാൽ പെരുനാളിന്റെ ആരവങ്ങൾക്കു സമാപനമാകും. എങ്കിലും പെരുനാളിന്റെ ഉൽസവപ്രതീതി ഒരു മാസത്തോളം നീണ്ടുനിൽക്കും. അങ്ങാടിയിൽ വ്യാപാരമേളയുമുണ്ടാവും.

പ്രധാന നേർച്ചകൾ
സർപ്പദോഷം, ത്വക് രോഗം, മാനസികരോഗം തുടങ്ങിയവയുടെ നിവാരണത്തിനും സന്താന സൗഭാഗ്യത്തിനുംവേണ്ടി വിശുദ്ധ ഗീവർഗീസ് സഹദായുടെ സന്നിധിയിൽ അനുദിനം അനേകർ അഭയം പ്രാപിക്കാറുണ്ട്. രോഗശാന്തിക്കുവേണ്ടി കുരുമുളക്, എള്ള്, കടുക്, അരി, നെല്ല്, കരപ്പനപ്പം, നെയ്യപ്പം, വറുത്ത അരി എന്നിവയാണ് സാധാരണ അർപ്പിക്കാറുള്ളത്. സർപ്പദോഷത്തിൽനിന്നു മോചനം നേടാൻ പാമ്പും പുറ്റും ഭക്തന്മാർ സമർപ്പിച്ചുവരുന്നു. വെള്ളിയിലും സ്വർണത്തിലും ആൾരൂപങ്ങളും പക്ഷിമൃഗാദികളുടെ രൂപങ്ങളും വീട് രൂപങ്ങളും അവയവങ്ങളുടെ രൂപങ്ങളും ഇവിടെ ലഭിക്കാറുണ്ട്. കോഴികൾ, കാർഷികോൽപന്നങ്ങളുടെ ആദ്യഫലങ്ങൾ, മുത്തുക്കുടകൾ, മെഴുകുതിരി, എണ്ണ, കുന്തിരിക്കം തുടങ്ങിയവയും നേർച്ചയായി എത്താറുണ്ട്. കുരിശുംതൊട്ടിക്കു ചുറ്റും വിളക്കു കത്തിക്കുക, മുട്ടിന്മേൽ നീന്തുക, ശയനപ്രദക്ഷിണം നടത്തുക തുടങ്ങിയവയാണ് മറ്റ് അനുഷ്ഠാനങ്ങൾ.