കോട്ടൂര്‍ പള്ളി – തലപ്പള്ളികളുടെ തലപ്പള്ളി

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏറ്റവും പഴയ പള്ളികളിലൊന്നാണ് കോട്ടൂര്‍ സെൻറ്‌. ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സുറിയാനിപ്പള്ളി. എ.ഡി. നാലാം നൂറ്റാണ്ടില്‍ പള്ളി സ്ഥാപിക്കപ്പെട്ടു. 1599 -ലെ ഉദയംപേരൂര്‍ സുന്നഹദോസില്‍ കോട്ടൂര്‍ പള്ളിയില്‍ നിന്നും പ്രതിനിധികള്‍ സംബന്ധിച്ചതായി കാണപ്പെടുന്നത് പള്ളിയുടെ പഴക്കത്തെ സൂചിപ്പിക്കുന്നു. ഹൈന്ദവ- ക്രൈസ്തവ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയായിരുന്നു കോട്ടൂരെന്നും പള്ളിയുടെ നിര്‍മ്മാണ ശൈലി ഈ പ്രാചീന സംസ്‌കാരത്തിൻ്റെ ഉത്തമ ദൃഷ്ടാന്തമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല കോട്ടൂര്‍ പള്ളിയുടെ പെരുന്നാള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ഹൈന്ദവ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ദേശവാസികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന കാഴ്ച രാജ്യത്തിനു തന്നെ മാതൃകയാണ്. Copyright ovsonline.in

കോട്ടൂര്‍പള്ളി - തലപ്പള്ളികളുടെ തലപ്പള്ളിപള്ളിയുടെ നിര്‍മ്മാണം സംബന്ധിച്ച ഐതിഹ്യം കണ്ടനാട് കോട്ടൂര്‍ മനയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കോട്ടൂര്‍ മനയില്‍പ്പെട്ട ഒരു സ്ത്രീ ക്രിസ്തുമത വിശ്വാസിയെ വിവാഹം കഴിച്ചതിനാല്‍ മനയില്‍ നിന്നും പുറത്താക്കപ്പെട്ടു വെന്നും പുത്രീവാത്സല്യം ഏറെയുണ്ടായിരുന്ന പിതാവ് മനവകയായി കോലഞ്ചേരിക്കു സമീപം ഇളംകുളം ദേശത്തുണ്ടായിരുന്ന കോട്ടൂര്‍ പുരയിടത്തില്‍ കുടിവച്ചു താമസിക്കുവാനുള്ള അനുവാദം മകള്‍ക്കും ഭര്‍ത്താവിനും നല്‍കിയെന്നും അവരുടെ ഭവനം പിന്നീട് കോട്ടൂരില്ലം/ കോട്ടൂര്‍ മന എന്നും സ്ഥലം കോട്ടൂര്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി എന്നും പറയപ്പെടുന്നു. കോട്ടൂര്‍ മനയിലെ കാരണവര്‍ ആദ്യം പള്ളിക്കു പടിഞ്ഞാറു വശത്തുള്ള കുരിശും പിന്നീട് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ പള്ളിയും ഇന്നു പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത്‌ സ്ഥാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. സഹദ രക്തസാക്ഷി മരണം പ്രാപിച്ച മേടം 23 ഈ പള്ളിയുടെ പെരുന്നാളായി ആചരിക്കുന്നു.

മലങ്കര സഭയിലെ ഏറ്റവും പഴക്കമുള്ള പള്ളികളില്‍ ഒന്നായിരുന്നു കോട്ടൂര്‍ പള്ളിയെങ്കിലും ഒരു സ്വതന്ത്ര ഇടവക എന്ന നിലയിലേക്ക് എന്തുകൊണ്ടോ ഈ പള്ളി ഉയര്‍ന്നില്ല. കേരള ക്രൈസ്തവ സഭയുടെ ആരംഭകാലത്ത് പള്ളികളുടെ എണ്ണം വളരെ കുറവായിരുന്നു. കോലഞ്ചേരിക്കും അതിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ നസ്രാണികള്‍ ആരാധനയ്ക്കായി ആശ്രയിച്ചിരുന്നത് ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്ക്കടുത്തുള്ള പള്ളിപ്പുറം പള്ളിയെയായിരുന്നു. ദേവാലയം വളരെ ദൂരെയായതിനാല്‍ വിശ്വാസികളുടെ കൂടിവരവിനും പ്രാര്‍ത്ഥനയ്ക്കുമായി പ്രാദേശികമായി കുരിശുകളും കുരിശുപള്ളികളും സ്ഥാപിക്കെപ്പട്ടുപോന്നു. ഇങ്ങനെയാണ് കോട്ടൂര്‍ കുരിശുപള്ളിയും സ്ഥാപിക്കപ്പെട്ടത്. പള്ളിപ്പുറം പള്ളിയില്‍ നിന്നും പിരിഞ്ഞ് പിറവം പള്ളി സ്ഥാപിക്കപ്പെട്ടപ്പോള്‍ കോട്ടൂര്‍ കുരിശുപള്ളി പിറവം പള്ളിയുടെ കീഴിലും പിറവത്തുനിന്ന് പിരിഞ്ഞ് കടമറ്റം പള്ളി സ്ഥാപിക്കപ്പെട്ടപ്പോള്‍ കടമറ്റത്തിനു കീഴിലും കടമറ്റത്തുനിന്നും പിരിഞ്ഞ് കോലഞ്ചേരി ഇടവക രൂപീകൃതമായപ്പോള്‍ കോലഞ്ചേരിക്കുകീഴിലുമായി കോട്ടൂര്‍പള്ളി.

മലങ്കരസഭയെ നയിച്ച പല പിതാക്കന്മാരും ദീര്‍ഘകാലം ഈ ഇടവകയില്‍ താമസിച്ച് പള്ളി ഭരണം നിര്‍വ്വഹിച്ചിട്ടുണ്ട്. നവീകരണക്കാരുടെ കടന്നുകയറ്റത്തെ തടയുവാന്‍ വേണ്ടി നവീകരണത്തിന് നേതൃത്വം നല്‍കിയിരുന്ന പാലക്കുന്നത്തു മെത്രാച്ചനെ വാഴിച്ച പാത്രിയര്‍ക്കീസിനു തന്നെ ഇടപെടേണ്ടതായി വന്നു. ഇക്കാര്യത്തിനായി ശീമയില്‍ നിന്നും മലങ്കരയില്‍ എത്തിച്ചേര്‍ന്ന യൂയാക്കീം മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത (മുളന്തുരുത്തി പള്ളിയില്‍ കബറടങ്ങി.) ദീര്‍ഘകാലം ഇവിടെ താമസിച്ച് ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചു. മലങ്കരയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട കാതോലിക്കാ സിംഹാസനത്തില്‍ ആദ്യം വാഴിക്കപ്പെട്ടത് കോലഞ്ചേരി പള്ളി ഇടവകാംഗവും കോട്ടൂര്‍ പള്ളിയുടെ അഭിമാനവുമായിരുന്ന മുറിമറ്റത്തില്‍ തിരുമേനിയായിരുന്നു. മുറിമറ്റത്തില്‍ തിരുമേനി കാതോലിക്കാ ബാവായായപ്പോഴും കോലഞ്ചേരി കോട്ടൂര്‍ പള്ളികള്‍ ആസ്ഥാനമാക്കിക്കൊണ്ടാണ് സഭയുടെ ഭരണം നിര്‍വ്വഹിച്ചത്.Copyright ovsonline.in

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് രണ്ടാമന്‍ തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെടുന്നതിനു മുമ്പും അതിനുശേഷവും കോട്ടൂര്‍ പള്ളിയില്‍ പല പ്രാവശ്യം സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസിയോസ് മലങ്കരയിലെ എല്ലാ പള്ളികളിലും അന്നത്തെ സര്‍ക്കാരിൻ്റെ പിന്തുണയോടെ തന്റെ വിശ്വാസം ബലമായി നടപ്പിലാക്കി വരുന്ന സമയം. കല്യാണി എന്നു പേരുള്ള കുതിരയുടെ പുറത്ത് രാജകീയമായി ലഭിച്ച ചില അധികാരങ്ങളുടെ പിന്‍ബലത്തില്‍ ‘ഉഗ്രപ്രതാപി’, ‘ബലയാര്‍‘ എന്നിങ്ങനെയുള്ള പേരുകളില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന പാലക്കുന്നത്ത് മെത്രാച്ചന്‍ കോലഞ്ചേരി പള്ളിയില്‍ എഴുന്നള്ളുമ്പോള്‍ അന്ന് മലങ്കരയിലുണ്ടായിരുന്ന യൂയാക്കീം മാര്‍ കൂറിലോസ് മെത്രാച്ചന്‍ അദ്ദേഹത്തെ നേരിടാന്‍ പറ്റാതെ കോട്ടൂര്‍ പള്ളിയിലേക്ക് മാറിപ്പോകുമായിരുന്നു. എന്നാല്‍ മുറിമറ്റത്തില്‍ തിരുമേനി കോട്ടൂര്‍ – കോലഞ്ചേരി പള്ളികളിലെ ആത്മീയ ശുശ്രൂഷകളിലൂടെ ആര്‍ജ്ജിച്ചെടുത്ത ദൈവവുമായുള്ള സംസര്‍ഗ്ഗം നിമിത്തം ‘നാം മുറിമറ്റത്തെ ഉപദ്രവിക്കുവാന്‍ പോകുന്നില്ല, അവന്‍ സ്വര്‍ഗ്ഗത്തിലേക്കൊരു നൂലിട്ടിട്ടുണ്ട്, അതു പൊട്ടിക്കുവാന്‍ നമുക്ക് സാധ്യമല്ല’ എന്ന് പറഞ്ഞ് മുറിമറ്റത്തില്‍ തിരുമേനിയെ ദ്രോഹിക്കാതെ പാലക്കുന്നത്ത് മെത്രാച്ചന്‍ പള്ളിവിട്ടുപോയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബാലനായിരിക്കെ പിതൃസഹോദരനും കോട്ടൂര്‍പള്ളി വികാരിയുമായിരുന്ന മുറിമറ്റത്തില്‍ യൗസേഫ് കത്തനാരുടെ ശിക്ഷണത്തില്‍ ഏഴാം വയസ്സില്‍ ശെമ്മാശനായ പ്പോള്‍ മുതല്‍ മലങ്കരസഭയുടെ പ്രധാനമേലധ്യക്ഷനായി കാതോലിക്കാ സിംഹാസനത്തില്‍ വാണിരുന്നപ്പോഴും കോട്ടൂര്‍ – കോലഞ്ചേരി പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശുദ്ധ ബാവായുടെ പ്രവര്‍ത്തനങ്ങള്‍. പരിശുദ്ധ പരുമലതിരുമേനിക്ക് കന്തീലാ ശുശ്രൂഷ നല്‍കിയതും പരുമല തിരുമേനിയുടെ കബറടക്ക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയതും പരി. മുറിമറ്റത്തില്‍ ബാവായായിരുന്നു എന്നതും എടുത്തു പറയേണ്ട സംഗതിയാണ്. 1876 മിഥുനം 15-ാം തീയതി മുളന്തുരുത്തിയില്‍ വച്ച് കൂടിയ സുന്നഹദോസില്‍ കോട്ടൂര്‍ പള്ളിയെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍ താഴെ പറയുന്നു.Copyright ovsonline.in
1. മുറിമറ്റത്തില്‍ പൗലോസ് കത്തനാര്‍ (പിന്നീട് പരിശുദ്ധ കാതോലിക്കാബാവ)
2. ചെന്നക്കാട്ട് പൗലോസ് കത്തനാര്‍
3. ചെന്നക്കാട്ട് യോഹന്നാന്‍ കത്തനാര്‍
4. മുറിമറ്റത്തില്‍ കൊച്ചുപുരയ്ക്കല്‍ കുര്യന്‍ ഐപ്പ്‌
5. ഞാറ്റുതൊട്ടിയില്‍ വര്‍ക്കി ചാക്കോ

മലങ്കരസഭയുടെ ലൗകീകാധികാരം രജിസ്‌ട്രേഡ് ഉടമ്പടിയായി അബ്ദുള്ള പാത്രിയര്‍ക്കീസ് നല്‍കാത്തതിൻ്റെ പേരില്‍ വട്ടശ്ശേരില്‍ തിരുമേനിയെ പാത്രിയര്‍ക്കീസ് മുടക്കി. മുടക്കിനെ എതിര്‍ക്കുവാനും പരസ്യമായി പള്ളികളില്‍ വായിക്കുവാന്‍ കല്പനതയ്യാറാക്കി അയയ്ക്കുകയും ‘ഞാന്‍ എൻ്റെ സഹോദരൻ്റെ കൂടെ’ (വട്ടശ്ശേരില്‍ തിരുമേനിയോടൊപ്പം) എന്നു ധൈര്യത്തോടെ പ്രഖ്യാപിക്കുകയും ചെയ്തു മുറിമറ്റത്തില്‍ തിരുമേനി. ‘ചട്ടം നടത്തു മുറിമറ്റം’ എന്നുള്ള പാലക്കുത്തു മെത്രാച്ചൻ്റെ പ്രഖ്യാപനം ഈയവസരത്തില്‍ ചേര്‍ത്തു വായിക്കുമ്പോഴാണ് മുറിമറ്റത്തില്‍ തിരുമേനിയുടെ സഭാസ്‌നേഹത്തിൻ്റെയും ധൈര്യത്തിൻ്റെയും ആഴം നമുക്ക് മനസ്സിലാവുകയുള്ളൂ. ഇതിന് അദ്ദേഹത്തെ പരുവപ്പെടുത്തിയ മൂശയായിരുന്നു കോട്ടൂര്‍ പള്ളി.Copyright ovsonline.in

ഫാ. ജേക്കബ് കുര്യന്‍, വികാരി

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ