OVS - ArticlesSpecial Recipes

മധുരം നിറഞ്ഞ കൊഴുക്കട്ട ശനി

“മോളേ, നാളെ ‘കൊഴുക്കട്ട ശനി’ അല്ലേ , കൊഴുക്കട്ട ഉണ്ടാക്കി കഴിക്കണം കെട്ടോ ”
ഫോണിൻ്റെ അങ്ങേ തലയ്ക്കല്‍ വല്യമ്മച്ചിയുടെ ശബ്ദം !

ഓ, ഹോസ്റ്റലില്‍ എനിക്കെന്തോന്നു ‘കൊഴുക്കട്ട ശനി‘ !
അകത്ത് മധുരം ഒളിപ്പിച്ചുവെച്ച വെളുത്ത് പഞ്ഞിക്കെട്ടുപോലെ നേര്‍ത്ത, ഏലക്കായും ശര്‍ക്കരക്കൂട്ടും മണക്കുന്ന ചൂടന്‍ കൊഴുക്കട്ടയോര്‍ത്തപ്പോള്‍ നാട്ടില്‍ വരാന്‍ പറ്റാത്തതോര്‍ത്തു ഞാന്‍ നെടുവീര്‍പ്പിട്ടു…  മീനച്ചൂടില്‍ പൊരിഞ്ഞ് ഇവിടെ ചെന്നൈയിൽ ഹോസ്റ്റലില്‍ ഇരുന്നു മുന്‍വര്‍ഷങ്ങളിലെ ഈസ്റ്റര്‍ ഓര്‍മ്മകള്‍ അയവിറക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ…..

എന്നാലും എന്തായിരിക്കും ഈ ‘കൊഴുക്കട്ട ശനി’? ഓശാന ഞായറിന് തലേദിവസം വീട്ടിലുണ്ടാക്കുന്ന എന്‍റെ എക്കാലത്തെയും ഇഷ്ടവിഭവമായ കൊഴുക്കട്ട മൂക്കുമുട്ടെ കഴിച്ചിരുന്നുവെങ്കിലും, എന്താണ് അതിന്‍റെ പിന്നിലെ ഐതീഹ്യം എന്ന് ചിന്തിക്കാനോ, അന്വേഷിക്കാനോ ഞാന്‍ മിനക്കെട്ടിരുന്നില്ല എന്നതാണ് വാസ്തവം. എന്തായാലും ആദ്യം സംശയനിവാരണം, എന്നിട്ടാകാം ബാക്കി ചിന്തകള്‍…

“അതേയ് വല്യമ്മച്ചി, സത്യത്തില്‍ എന്താണ് ഈ ‘കൊഴുക്കട്ട ശനീ’-ന്നു വെച്ചാല്‍?” എനിക്ക് ആകാംക്ഷ അടക്കാനായില്ല…

” അത് നിനക്ക് അറിയാന്‍ മേലേ? ഞാന്‍ പറഞ്ഞു തരാല്ലോ! പേത്തറുത്ത ഞായറാഴ്ച വൈകുന്നേരം മുതല്‍ സുറിയാനി ക്രിസ്ത്യാനികള്‍ വലിയ നോമ്പിലേക്കു പ്രവേശിക്കുന്നു എന്ന് മോള്‍ക്ക് അറിയാമല്ലോ. കര്‍ത്താവ് നാല്‍പതു നാള്‍ ഉപവസിച്ചതിന്‍റെ ഓര്‍മ്മയ്ക്കായും, അവസാന പത്തു ദിവസമായ കഷ്ടാനുഭവത്തിൻ്റെ മുന്നൊരുക്കമായും ഓശാനയുടെ തലേ ശനിയാഴ്ച—നാല്‍പത്തിയൊന്നാം നാള്‍ വിശേഷമായി ആചരിക്കുന്നു. അന്നേദിവസം നസ്രാണി ഭവനങ്ങളില്‍ പ്രധാന വിഭവമായി കൊഴുക്കട്ട ഉണ്ടാക്കുന്നതുകൊണ്ട് ആ ദിവസത്തെ വിളിക്കുന്ന പേരാണ് ‘കൊഴുക്കട്ട ശനിയാഴ്ച‘. മനസ്സിലായോ?” വല്യമ്മച്ചി പറഞ്ഞു.

അതെനിക്ക് അറിയാം വല്യമ്മച്ചി. പക്ഷെ അതെന്തിനാണ് അങ്ങനെ ആചരിക്കുന്നത് എന്നാണ് എനിക്ക് അറിയേണ്ടത്. അത് പറഞ്ഞു തരൂ..” ഫോണിന്‍റെ അങ്ങേത്തലക്കല്‍ സ്വതസിദ്ധമായ ശൈലിയില്‍ കഥപറയാന്‍ തയ്യാറെടുക്കുന്ന വല്യമ്മച്ചിയെ സങ്കല്‍പ്പിച്ചുകൊണ്ട് ‘കൊഴുക്കട്ട ശനിയാഴ്ച’യുടെ ഐതീഹ്യം കേള്‍ക്കാന്‍ ഞാന്‍ കാതുകൂര്‍പ്പിച്ചു…

“അതായത് കുഞ്ഞേ, പെസഹായ്ക്ക് ആറു ദിവസം മുന്‍പ് ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ കര്‍ത്താവ് ലാസറിൻ്റെ ഭവനത്തിലെത്തുമ്പോള്‍ ലാസറിന്‍റെ സഹോദരിമാരായ മര്‍ത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ചുണ്ടാക്കിയ വിഭവം കൊണ്ട് കര്‍ത്താവിനു വിരുന്നു നല്‍കി. വലിയ വിരുന്നായ പെസഹായ്ക്കു മുന്‍പ് കര്‍ത്താവ്‌ ഭക്ഷിച്ച അവസാനത്തെ വിരുന്നായിരുന്നു അത്…

ആ വിരുന്നിന്‍റെ അനുസ്മരണമായാണ് നമ്മള്‍ നമ്മുടെ പരമ്പരാഗത രീതിയില്‍ അരിപ്പൊടികൊണ്ട് കൊഴുക്കട്ടയുണ്ടാക്കി ‘കൊഴുക്കട്ട ശനിയാഴ്ച’യായി ആചരിക്കുന്നത്. ഇതിന് ‘ലാസറിന്‍റെ ശനിയാഴ്ച‘ എന്നും പറയും.

കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ മാര്‍ത്തയും മറിയവും ഉണ്ടാക്കിയതുപോലെ ഒരുമയോടും ശ്രദ്ധയോടും പ്രാര്‍ത്ഥനയോടും കൂടി ഉണ്ടാക്കണം എന്നതാണ് ഏറ്റവും പ്രധാനം. ഉണ്ടാക്കുന്നയാളുടെ കൈവിരല്‍പ്പാടുകള്‍ കൊഴുക്കട്ടയില്‍ ഉണ്ടാവണമത്രെ.” – വല്യമ്മച്ചി പറഞ്ഞു നിറുത്തി.

എന്നാല്‍ എൻ്റെ പൊന്നു വല്യമ്മച്ചി, ഈ കൊഴുക്കട്ട എങ്ങനാ ഉണ്ടാക്കുന്നേ എന്നൂടെ പറഞ്ഞുതാ, ഞാനൊരുകൈ നോക്കട്ടെ… നോക്കിക്കോ ഇത്തവണ ഞാന്‍ കലക്കും. “ എനിക്കു തിടുക്കമായി…

“ആഹ് ഇതാ ഇപ്പൊ നന്നായേ, നിനക്കു കൊഴുക്കട്ട ഉണ്ടാക്കാനും അറിയില്ലേ? അതൊരു വലിയ പണിയൊന്നുമല്ല. ഞാന്‍ പറയാം, നീ എഴുതിക്കോ…..

അച്ചപ്പം, കുഴലപ്പം, കള്ളപ്പം, പാലപ്പം, ചീപ്പപ്പം, വെള്ളപ്പം, വട്ടയപ്പം, ഇണ്ടേറിയപ്പം, എട്ടട, പിടി, പീച്ചിപ്പൊടി, പാച്ചോറ്, അവലോസ് എന്നിങ്ങനെ നീളുന്ന ‘വല്യമ്മച്ചി സ്പെഷ്യല്‍’ വിഭവങ്ങളുടെ പട്ടികയില്‍ എക്കാലത്തെയും ഹൃദയഹാരിയായ കൊഴുക്കട്ടയുടെ പാചകവിധി പറയാന്‍ തയ്യാറെടുക്കുന്ന വല്യമ്മച്ചിയെ ഞാന്‍ മനസ്സില്‍ കാണുകയായിരുന്നു……..

കൊഴുക്കട്ട ശനിയുടെ കഥ വളരെ തന്മയത്തോടെ അവതരിപ്പിച്ചത് ചെന്നൈയില്‍ എം.ടെക്ക് വിദ്യാര്‍ത്ഥിനി ആയ അനു ഫിലിപ്പ്

ഇനി കൊഴുക്കട്ട എങ്ങിനെയാണ് തയ്യാറാക്കുന്നതെന്ന് പാചക രഹസ്യങ്ങളുടെ കലവറയായ അമ്മച്ചിയുടെ അടുക്കള യില്‍ നിന്നും ഇന്ദു ജയ്സണ്‍ വിവരിക്കുന്നു

വേണ്ട സാധനങ്ങള്‍

അരിപ്പൊടി – 2 കപ്പ്
തേങ്ങ – 1 മുറി
ഉപ്പ് – ആവശ്യത്തിന്
ശര്‍ക്കര – 150 ഗ്രാം.
ഏലക്ക – 5 എണ്ണം
ജീരകം പൊടിച്ചത് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

“ആദ്യം ഉള്ളില്‍ നിറയ്ക്കാനുള്ള ശര്‍ക്കര—തേങ്ങ മിശ്രിതം തയ്യാറാക്കണം. അതിന്, ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനി ഉണ്ടാക്കണം. ഇതിലേക്ക് അല്പം ഏലക്ക പൊടിച്ചതും ജീരകവും ചേര്‍ത്ത് ചിരവി വച്ചിരിക്കുന്ന തേങ്ങ ഇതില്‍ ഇട്ടു ഇളക്കുക. പാനി മുഴുവന്‍ വറ്റുന്ന വരെ ചെറിയ തീ നിലനിര്‍ത്തണം. ശേഷം അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ വെക്കാം.

ഇനി അരിമാവ് തയ്യാറാക്കണം. അരിപ്പൊടി ആവശ്യമുള്ളത്ര നല്ല ചൂടുവെള്ളത്തില്‍ വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല. ഇങ്ങനെ കുഴച്ചെടുത്ത അരിമാവ് വലിയ നാരങ്ങ വലിപ്പത്തില്‍ ഉരുട്ടി എടുക്കണം. എന്നിട്ട് കൈപ്പത്തിയിൽ അല്പം വെള്ളം നനച്ച് പരത്തുക. ഇതിലേക്ക് ശര്‍ക്കര—തേങ്ങ കൂട്ട് 2-3 സ്പൂണ്‍ ഇട്ട്, എല്ലാ വശങ്ങളും പൊതിഞ്ഞ് കൈകൊണ്ട് വീണ്ടും ഉരുട്ടി എടുക്കുക. ഇവ ഇഡ്ഡലി തട്ടില്‍ നിരത്തി ആവിയില്‍ വേവിച്ചെടുക്കുക. ഒരു മണത്തിന്, വേണേല്‍ രണ്ടു വാനില വറ്റ കൂടി കീറി ആവി കേറ്റാനുള്ള വെള്ളത്തിലേക്ക് ഇടാം കേട്ടോ.

രുചികരമായ കൊഴുക്കട്ട തയ്യാര്‍.

കൊഴുക്കട്ട തയാറാക്കുന്നതിൻ്റെ ചരിത്രത്തെക്കുറിച്ചു പലതും കാലങ്ങളായി പറഞ്ഞു പ്രചരിച്ച കഥകളാണ്.

പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിൻ്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണിത്. കൊഴു എന്നാല്‍ മഴു എന്നര്‍ത്ഥം. കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140-ആം സങ്കീര്‍ത്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നര്ത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ പലഹാരത്തിനു പേരുണ്ടായത്.

പീഡാനുഭവചരിത്രത്തില്‍, ക്രിസ്തുവിനെ എറിഞ്ഞ കല്ലുകള്‍ ആണ് കൊഴുക്കട്ടയെന്നും പ്രചാരമുണ്ട്. ക്രിസ്തുവിനെ തൈലാഭിഷേകം നടത്താന്‍ ഭക്തസ്ത്രീകള്‍ കരുതിവച്ച സുഗന്ധദ്രവ്യങ്ങള്‍ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണു മധുരം അകത്തു ചേര്‍ത്ത കൊഴുക്കട്ടയെന്ന അഭിപ്രായവും ക്രൈസ്തവര്‍ക്കിടയിലുണ്ട്. അഭിപ്രായങ്ങള്‍ക്കും പഠനങ്ങള്‍ക്കുമപ്പുറം മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിൻ്റെ ഓര്‍മകള്‍ ഉള്ളില്‍ വഹിക്കുന്ന കൊഴുക്കട്ട, കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ ഭാഗമായിക്കഴിഞ്ഞു.

നോമ്പുകാലത്ത് രുചി മറന്ന അടുക്കളപ്പുറങ്ങള്‍ ഈ ശനിയാഴ്ച  പാരമ്പര്യരുചിയെ വരവേല്‍ക്കുകയാണ്….

എല്ലാവര്‍ക്കും കൊഴുക്കട്ട ശനിയുടെ ആശംസകള്‍ നേരുന്നു….

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

പെസഹ അപ്പവും പാലും ഉണ്ടാക്കുന്നത്‌. എങ്ങിനെ ?