വക്കോളും നിറയ്ക്കുന്ന അനുസരണത്തിനായി നമ്മൾക്ക് പ്രാര്‍ത്ഥനയോടെ ഒരുങ്ങാം.

ധ്യാന വേദി (ലക്കം 1)

ആത്മ സമര്‍പ്പണത്തിന്‍റെയും, അനുതാപത്തിന്‍റയും വലിയ നോമ്പ് സമാഗതമായിരിക്കുകയാണ്. കേവലം ഭക്ഷണ വിരുദ്ധത എന്നതിലുപരിയായി ദൈവിക ബന്ധം കൂടുതല്‍ മുറുകെ പിടിച്ചു “എന്നെ” ഭരിക്കുന്ന ഈ ലോക ആസക്തികളെ ഉപേക്ഷിക്കുവാനും, ഒപ്പം ജീവിതത്തില്‍ ചില പരിവര്‍ത്തനമുണ്ടാക്കുവാനും നമ്മൾക്ക് ഈ ദിനങ്ങളിൽ സാധിക്കണം.

ഇന്ന് വിശുദ്ധ ഏവന്‍ഗേലിയോന്‍ ചിന്തയ്ക്കായി പരിശുദ്ധ സഭ ക്രമീകരിച്ചിരിക്കുന്നത്, കുറവുകളെ നിറവുകളാക്കി പരിവര്‍ത്തനപെടുത്തുന്ന ദൈവിക ഇടപെടലാണ് (വിശുദ്ധ യോഹ: 2: 1-11). പ്രധാനമായും രണ്ടു ചിന്തകളാണ് ഈ വേദഭാഗത്തില്‍ കാണാന്‍ സാധിക്കുന്നത്.

1). അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവിക പദ്ധതിയുടെ കണ്ണിയായി തീരണം.
യഹൂദ മത, സാംസ്കാരിക ജീവിതത്തില്‍ വീഞ്ഞിനു വളരെയേറെ പ്രാധാന്യമുണ്ട്. ആരാധനയുടെ ഭാഗമയി മാത്രമല്ല, അതിലുപരി സാമൂഹിക ജീവിതത്തിൻ്റെ ഭാഗം കൂടിയാണ് യഹൂദർക്ക് വീഞ്ഞ്. ഇത്തരമൊരു സാമൂഹിക പശ്ചാത്തലത്തിലാണ് കാനവിലെ കല്യാണ ഭവനം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കലവറയിലെ വീഞ്ഞിൻ്റെ പരിമിതികളെ വിശുദ്ധ ദൈവമാതാവ് തിരിച്ചറിയുകയും, അത് ക്രിസ്തു സന്നിധിയില്‍ യഥാസമയം അറിയിക്കുകയും, കലവറയിലെ വേലക്കാരോട് അവന്‍ (യേശു) നിങ്ങളോട് എന്തെങ്കിലും കല്പിച്ചാല്‍ അത് ചെയ്യുവിൻ എന്ന് നിര്‍ദേശിക്കുകയും ചെയ്യ്ത്. ഇവിടെ വിശുദ്ധ ദൈവ മാതാവും, കലവറയിലെ അനുസരണയുള്ള വേലക്കാരുമെല്ലാം ദൈവിക പദ്ധതിയുടെ ഭാഗമായി തീരുകയാണ്. ഇന്ന് നമ്മള്‍ വിസ്മരിച്ചു പോകുന്നതും ഈ “കണ്ണി” ആകാനുള്ള അനുഗ്രഹിക്കപ്പെട്ട സാധ്യതകളില്‍ നിന്നുമാണ്. സമൂഹത്തിലെയും, ഇടവകയിലെയുമൊക്കെ പ്രശ്നങ്ങള്‍ തിരിച്ചറിയുവാനും, അത് പൊതുജന മധ്യത്തിൽ അവഹേളിക്കപെടാത്ത തരത്തിൽ പരിഹരിക്കപെടാനുമുള്ള ശ്രമവും, വിവേകവും നാം ഓരോരുത്തരിൽ നിന്നുമുണ്ടാകണം. ചുറ്റമുള്ള ഒന്നിനോടും, ആരോടും ആത്മാർത്ഥയില്ലാതെ അവനവനിലേക്ക് ഉൾവലിഞ്ഞു, സ്വാർത്ഥരായി അവനവന്‍റെ സുരക്ഷിത ഇടങ്ങളില്‍, ഭക്തിയുടെ മൂടുപടമണിഞ്ഞ സുഖിമാന്മാരായിരിക്കാതെ ദൈവിക നിയോഗങ്ങളെ തിരിച്ചറിയാൻ സാധിക്കണം. വി. ദൈവ മാതാവിനെ പോലെ കലവറയിലെ ഉത്തമരായ വേലക്കാരെ പോലെ, മറ്റുള്ളവരുടെ കുറവുകള്‍ പരിഹരിക്കുന്ന ദൈവിക പദ്ധതിയുടെ കണ്ണികളായി തീരുവാന്‍ നമ്മൾക്ക് ഈ പരിശുദ്ധ നോമ്പ് ദിനങ്ങളിൽ കൂടെ കഴിയണം.

2). അസാധ്യങ്ങളെ സാധ്യമാക്കുന്ന നിര്‍വ്യാജമായ അനുസരണം.
അനുസരണത്തിന്‍റെ പാതയാണ് പലപ്പോഴും അനുഗ്രഹത്തിൻ്റെ കാരണമായി തീരുന്നത്. പഴയനിയമ കാലത്ത് ജീവിച്ചിരുന്ന അബ്രഹാം, വിശ്വാസികളുടെ പിതാവായി ഉയര്‍ത്തപ്പെട്ടത് നിര്‍വ്യാജമായ അനുസരണം ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ചതു കൊണ്ടാണ്. കാനവിലെ വിരുന്നു ഭവനത്തിലും നാം ദർശിക്കുന്ന ഈ അനുസരണമാണ് വക്കോളം നിറയ്ക്കപ്പെട്ട കല്‍ഭരണിയില്‍ നിന്നും ഒരു ചോദ്യമോ, സംശയമോ കൂടാതെ പന്തി പ്രമാണിക്ക് വിളംബാൻ കലവറയിലെ വേലക്കാര്‍ക്ക് സാധിച്ചത്. ഒരു പക്ഷെ മാനുഷികമായ ഒട്ടനേകം ചോദ്യങ്ങള്‍ അവര്‍ക്ക് ചോദിക്കാമായിരുന്നു. ഈ ഭ്രാന്തിനു കൂട്ട് നില്കാൻ ഞങ്ങള്‍ക്ക് സാധിക്കില്ല എന്ന് പറഞ്ഞു മാറി നില്ക്കാമായിരുന്നു. ഇതൊന്നും കൂടാതെ യേശുവിൻ്റെ കല്പനയെ അനുസരിക്കുവാന്‍ ഉത്തമരായ ഈ വേലക്കാര്‍ക്ക് സാധിച്ചു. ഈ അനുസരണമാണ് അസാധ്യങ്ങളെ സാധ്യമാക്കിയതെന്നു പറയുന്നതില്‍ സംശയമില്ല. കലവറയിലെ വേലക്കാരുടെ ഈയനുസരണം നമ്മളുടെ മുന്‍പില്‍ എന്നും മാഞ്ഞു പോകാത്ത ഓര്‍മ്മകല്ലായി തീരണം. മാനുഷിക ബുദ്ധിക്കതീതമായി മനുഷ്യകുല ജീവിതത്തിൽ ഇടപെടുന്ന സർവ്വശക്തനായ ദൈവത്തില്‍ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍ നമ്മൾക്ക് കഴിയണം. മറ്റുള്ളവരുടെ കുറവുകള്‍ തീര്‍ക്കുന്ന കണ്ണികളായി തീരുവാനും, ഒപ്പം നിര്‍വ്യാജ അനുസരണത്തില്കൂടി ദൈവീക പദ്ധതിയുടെ ഭാഗമാകാനും വിശുദ്ധ വലിയ നോമ്പില്‍ കൂടി നമ്മൾക്ക് ഏവർക്കും സാധ്യമാകട്ടെ.

പ്രാര്‍ത്ഥന: കാനവിലെ വിരുന്ന ഭവനത്തിലേക്ക് എഴുന്നള്ളി കുറവുകള്‍ തീർത്ത ഞങ്ങളുടെ നല്ല ഉടയവനെ, ഞങ്ങളുടെ ജീവിത്തിലേക്കു അങ്ങ് എഴുന്നള്ളി കുടുംബങ്ങളിലെ, വ്യക്തി ജീവിതത്തിലെ പ്രകടവും മറഞ്ഞിരിക്കുന്നതുമായ നിരവധി കുറവുകളെ അവിടുന്ന് ദയവു തോന്നി പരിഹരിക്കണമേ… ആമേന്‍.

 ജെ. എൻ

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കാനാവിലെ കല്യാണവും സ്‌ത്രീയെ എന്നുള്ള പരാമർശവും – വി. വേദപുസ്തകാടിസ്ഥാനത്തിലുള്ള വ്യഖ്യാനം.