OVS - ArticlesTrue Faith

കാതോലിക്കാ സ്ഥാനം: ചില വസ്തുതകള്‍

ഒന്നാമത്തെ ചോദ്യം, പാത്രിയര്‍കീസ്  സ്ഥാനവും കാതോലിക്കാ സ്ഥാനവും തമ്മിലുള്ള ഭേദവും ഏറ്റക്കുറച്ചിലും എങ്ങനെയാണെന്നാണ്.

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

പാത്രിയര്‍കീസ്  എന്നതും കാതോലിക്കോസ് എന്നതും ഗ്രീക്കു വാക്കുകളാണ്. പാത്രിയര്‍ക്കീസ് എന്ന പദത്തിനു ഗോത്രത്തലവന്‍, ഗോത്രപിതാവ് എന്നര്‍ത്ഥം. പാരമ്പര്യമായി ഇത് അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവര്‍ക്കാണ് ഉപയോഗിച്ചു വന്നിരുന്നത്. യാക്കോബിന്റെ 12 മക്കള്‍ ഇസ്രയേലിലെ പന്ത്രണ്ട് ഗോത്രപിതാക്കാരായി എണ്ണപ്പെട്ടിരുന്നു. പുതിയനിയമത്തിലെ ഹെബ്രായ ലേഖനം 7:4 -ല്‍ അബ്രഹാമിനെ പാത്രിയര്‍ക്കീസ് എന്നു വിളിക്കുന്നെങ്കില്‍ അാപ്പോസ്തല പ്രവൃത്തികള്‍ 7:89 ല്‍ യാക്കോബിന്റെ പന്ത്രണ്ട് പുത്രന്മാരെയാണ് പാത്രിയര്‍ക്കീസന്മാര്‍ എന്നു വിളിക്കുന്നത്.

ഒന്നാം ശതാബ്ദത്തില്‍ യഹൂദര്‍ക്ക് പലസ്തീനിലും ബാബിലോണിയയിലും ഓരോ പാത്രിയര്‍ക്കീസുണ്ടായിരുന്നു. നാലാം ശതാബ്ദത്തിന്റെ അന്ത്യം വരെ ക്രിസ്ത്യാനികളുടെയിടയില്‍ പാത്രിയര്‍ക്കീസ് എന്ന സ്ഥാനമേ ഉണ്ടായിരുന്നില്ല. യഹൂദരുടെ പലസ്തീന്‍ (തൈീരിയാസ്) പാത്രിയര്‍ക്കീസ് റോമാസാമ്രാജ്യത്തിലെ യഹൂദരുടെ തലവനും ബാബിലോണിയന്‍ പാത്രിയര്‍ക്കീസ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ യഹൂദരുടെ തലവനുമായി നാലാം ശതാബ്ദം വരെ തുടര്‍ന്നു.

പാത്രിയര്‍ക്കീസ് എന്ന സ്ഥാനം ഔദ്യോഗികമായി ക്രിസ്ത്യാനികള്‍ അംഗീകരിച്ചത് അഞ്ചാം ശതാബ്ദത്തിലെ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ നിയമസംഹിതയിലായിരുന്നു. കല്കിദോന്‍ സുന്നഹദോസിന്റെ (എ.ഡി. 451) ഇരുപത്തെട്ടാം കാനോൻ (പൌരസ്ത്യ ഓര്‍ത്തഡോക്‍സ്‌ സഭകള്‍ സ്വീകരിക്കുന്നില്ല) കുസ്തന്തീനോപോളിസിലെ പുതിയ സിംഹാസനത്തിനു റോം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം കൊടുക്കുന്നുണ്ടെങ്കിലും പാത്രിയര്‍ക്കീസ് എന്ന സ്ഥാനം അവിടെെയങ്ങും കാണുന്നില്ല. മെത്രാന്മാരെ വാഴിക്കേണ്ടത് പാത്രിയര്‍ക്കീസാണെന്നും ഇല്ല. പ്രവിശ്യയിലെ മെത്രാപ്പോലീത്താ, മറ്റു മെത്രാന്മാരുടെ സഹകരണത്തോടെ പുതിയ മെത്രാനെ വാഴിക്കണമെന്നേ വ്യവസ്ഥയുള്ളു.

പോണ്ടസ്, ഏഷ്യ, ത്രേസ് എന്നീ പ്രവിശ്യകളിലെ മെത്രാപ്പോലീത്തന്മാരെ വാഴിക്കുന്നതിനുള്ള അധികാരം സാമ്രാജ്യ തലസ്ഥാന നഗരിയായ കുസ്തന്തീനോപോലീസിലെ എിസ്‌കോയ്ക്ക് നല്‍കുന്നുണ്ടെങ്കിലും അദ്ദേഹത്തെ എപ്പിസ്ക്കോപ്പാ എന്നല്ലാതെ പാത്രിയര്‍ക്കീസ് എന്ന് വിളിക്കുന്നില്ല.

റോമിലെയും, അലക്‌സന്ത്രിയയിലേയും, അന്ത്യോഖ്യായിലേയും മെത്രാന്മാരെ ആര്‍ച്ച് ബിഷപ്പ് എന്ന് വിശേഷിിക്കുന്നുണ്ട്. പക്ഷേ, പാത്രിയര്‍ക്കീസ് എന്നില്ല. പാപ്പാ  എന്ന സ്ഥാനം അലക്‌സന്ത്ര്യായും റോമും ഉപയോഗിക്കുന്നുണ്ട്. പക്ഷേ, പാത്രിയര്‍ക്കീസ് എന്ന പദം രേഖകളിലെങ്ങും കാണുന്നില്ല.

അഞ്ചാം ശതാ്ദത്തില്‍ റോമാ സാമ്രാജ്യത്തിനകത്ത് പാത്രിയര്‍ക്കീസന്മാര്‍ അഞ്ചു പേരാണ്. റോമാ, കുസ്തന്തീനോപോലീസ്, അലക്‌സന്ത്രിയ, അന്ത്യോഖ്യാ, യരുശലേം  ഇവര്‍ക്കാര്‍ക്കും റോമാ സാമ്രാജ്യത്തിനു പുറത്ത് (അതായത് എത്യോപ്യയിലോ, പേര്‍ഷ്യയിലോ, അര്‍മ്മേനിയയിലോ, ജോര്‍ജിയയിലോ ഇന്ത്യയിലോ, ന്യൂബിയയിലോ) യാതൊരധികാരവുമുണ്ടായിരുന്നില്ല.

അങ്ങനെ അധികാരമുണ്ടായിരുന്നതായി തെളിയിക്കുന്ന യാതൊരു രേഖകളും ഇന്നേവരെ പുറത്തു വന്നിട്ടുമില്ല. പുരാതന സുറിയാനി ചരിത്രകാരന്മാരാരും അങ്ങനെ എഴുതിയിട്ടുമില്ല.

ജസ്റ്റിനിയന്റെ നിയമസംഹിതയുടെ ഒന്നാം പുസ്തകം രണ്ടാം ഭാഗം 24ാം അദ്ധ്യായത്തില്‍ കുസ്തന്തീനോപോലീസാണ് ”എല്ലാ സഭകളുടെയും തല” എന്നു പറഞ്ഞശേഷം പതിമൂന്നോ പതിനാലോ പാത്രിയര്‍ക്കാ സിംഹാസനങ്ങളുടെ പട്ടിക നല്‍കുന്നു. ഓരോന്നിന്റെയും അധികാരപരിധിയും നല്‍കുന്നു.

അലക്‌സന്തര്യ (ഈജിപ്റ്റ്), അന്ത്യോഖ്യാ (റോമാസാമ്രാജ്യത്തിലെ പൗരസ്ത്യ പ്രവിശ്യ), എഫേസൂസ് (ഏഷ്യാമൈനര്‍), കൈസര്യ (പോണ്ടസ്), തെസ്സലോനിക്കാ (മക്കദോനിയാ), റോമാ (റോമാഗവര്‍ണരുടെ അധികാര സീമ), മിലാന്‍ (ഇറ്റലി), സിര്‍ദിയം (യൂഗോസ്ലാവിയ), കാര്‍ത്തേജ് (ഉത്തരാഫ്രിക്കാ), ലിയോണ്‍ (ഫ്രാന്‍സ്), ടൊലീഡോ (സ്‌പെയിന്‍), യോര്‍ക്ക് (ബ്രിട്ടന്‍) ഇവയാണ് പട്ടികയിലുള്ളത്. ഇവയൊക്കെ സ്വതന്ത്ര സഭകളാണ്. എല്ലാം റോമാ സാമ്രാജ്യത്തിനുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന അധികാരമുള്ളവയും.

അര്‍മ്മേനിയയും, ജോര്‍ജിയയും രാജാക്കന്മാര്‍ ഭരിക്കുന്ന രാജ്യങ്ങളാണെങ്കിലും ഇടയ്ക്കിടയ്ക്ക്‌ റോമാസാമ്രാജ്യത്തിനകത്താകുമ്പോള്‍, ഈ രണ്ടു സഭകളിലേയും സ്വതന്ത്രാരായ കാതോലിക്കാമാര്‍ക്കും പാത്രിയര്‍ക്കീസാര്‍ക്കും തുല്യമായ പദവിയാണ് നിയമം നല്‍കിയിരുന്നത്. കാതോലിക്കാ സ്ഥാനം ഉടലെടുത്തത് റോമാസാമ്രാജ്യത്തിനു പുറത്താണ്- ഏഷ്യയില്‍. റോമാ സാമ്രാജ്യത്തിനു പുറത്ത് പല പ്രധാന സഭകളും ഉടലെടുത്തു. ആഫ്രിക്കയില്‍ ന്യൂബിയന്‍ സഭ (ഇന്നത്തെ സുഡാന്‍)യും എത്യോപ്യന്‍ സഭയുമായിരുന്നു പ്രധാനമായവ. ഏഷ്യയില്‍ ഏറ്റവും വലിയത് പേര്‍ഷ്യന്‍ സഭ, അതായത് കിഴക്കിന്റെ കാതോലിക്കേറ്റ്. പിന്നെ ഇന്ത്യന്‍ സഭ, ഒരു കാലത്ത് വളരെ വലിയ ഒരു സഭയായിരുന്നു.

വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പാര്‍ഥ്യ (ഇന്നത്തെ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ബലുചിസ്ഥാന്‍) മുതല്‍ ബോംബെയ്ക്കടുത്തുള്ള കല്യാണ്‍ വരെയും ദക്ഷിണേന്ത്യയുടെ തീരപ്രദേശം മുഴുവന്‍ (മദ്രാസ് വരെയെങ്കിലും) വ്യാപിച്ചു കിടന്നിരുന്ന ഈ വലിയ സഭയെ പാശ്ചാത്യ ചരിത്രകാരന്മാര്‍ അത്ര കാര്യമായെടുത്തില്ല. എന്നാല്‍ ഇന്ത്യന്‍ സഭയ്‌ക്കെല്ലാം കൂടി പൊതുവായ ഒരു മെത്രാപ്പോലീത്താ ഉണ്ടായത് ഏഴാം ശതാബ്ദത്തിനു ശേഷമാണ്. അതുവരെ അതതു സ്ഥലത്തുള്ള മെത്രാന്മാരാണ് സഭ ഭരിച്ചിരുന്നത്.

ഏഴാം ശതാബ്ദത്തില്‍ ഹിന്ദു മതത്തിന്റെ പുനഃപ്രസരമുണ്ടായി. അതുവരെ ജയിച്ചു നിന്നിരുന്ന ബുദ്ധമതവും ജൈനമതവും പിറകോട്ട് പോകാന്‍ തുടങ്ങി. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാന മതങ്ങള്‍ ജൈനമതം, ബുദ്ധമതം, ക്രിസ്തുമതം, യഹൂദമതം എന്നിവയായിരുന്നു.

ഏഴാം ശതാബ്ദത്തില്‍ തന്നെ ഇസ്‌ലാം, അറബിക്കച്ചവടക്കാരില്‍ കൂടി കേരളത്തിലും വന്നു. അതോടൊപ്പം തന്നെ ഹിന്ദുമതവും ഉണര്‍ന്നെഴുന്നേറ്റു. അക്കാലം മുതലാണ് ക്രിസ്തുമതവും, ബുദ്ധമതവും, ജൈനമതവും ഒരുമിച്ച് അധ:പതിക്കാന്‍ തുടങ്ങിയത്. ഈ ചരിത്രത്തിന് രേഖകള്‍ കുറവാണെങ്കിലും അറിയാവുന്ന വസ്തുതകള്‍ ഈ നിഗമനത്തിനനുകൂലമാണ്.

ഏഴാം ശതാബ്ദത്തില്‍ പേര്‍ഷ്യന്‍, അറേബ്യന്‍ രാജ്യങ്ങളുമായുള്ള നമ്മുടെ വാണിജ്യം വര്‍ദ്ധിച്ചതോടെ പേര്‍ഷ്യന്‍ കാതോലിക്കോസിന്റെ പ്രതിനിധികളും ഇവിടെ വന്നു ഭാരതീയസഭയെ പുനസംഘടിപ്പിക്കാന്‍ തുടങ്ങി. അതുമുതല്‍ക്കാണ് കിഴക്കിന്റെ കാതോലിക്കേറ്റുമായി ഭാരതീയസഭയ്ക്കു ബന്ധം തുടങ്ങിയത്. പക്ഷേ, ഇവിടെ പ്രതിനിധികളെ അയച്ച പേര്‍ഷ്യന്‍ കാതോലിക്കോസ്, ഏഴാം ശതാബ്ദമായപ്പോഴേയ്ക്ക് ബാബിലോണിയൻ പാത്രിയര്‍ക്കീസ് എന്ന സ്ഥാനം സ്വീകരിച്ചു. അദ്ദേഹത്തിന് അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി യാതൊരു ബന്ധവുമില്ലായിരുന്നു.

എന്നാല്‍ അറബികള്‍ പേര്‍ഷ്യയും സിറിയയും പിടിച്ചടക്കി ഒരു കാലിഫേറ്റിന്റെ കീഴില്‍കൊണ്ടുവന്നു കഴിഞ്ഞപ്പോള്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് നിര്‍ബാധം പേര്‍ഷ്യയില്‍ പ്രവേശിക്കാനും നെസ്‌തോറിയന്‍ വിശ്വാസം സ്വീകരിച്ച ബാബിലോണ്‍ പാത്രിയര്‍ക്കീസിനു ബദലായി ഒരു കിഴക്കിന്റെ മഫ്രിയാനായെ വാഴിക്കുവാനും സാധിച്ചു.

ആദ്യത്തെ മഫ്രിയാന തക്രീദിലെ മാറൂത്താ വാഴിക്കട്ടെത് എ. ഡി. 629 -ലായിരുന്നു. മഫ്രിയാനാ എന്ന പദത്തിന് ”ഫലദായകന്‍” എന്നാണര്‍ത്ഥം. മഫ്രിയാനായും കാതോലിക്കായും തുല്യസ്ഥാനങ്ങളല്ല. മഫ്രിയാനായ്ക്കു സ്വതന്ത്രമായി മെത്രാാരെ വാഴിക്കാനും മൂറോന്‍ കൂദാശചെയ്യാനും അധികാരമുണ്ട്. പക്ഷേ, പാത്രിയര്‍ക്കീസിനേക്കാള്‍ സ്ഥാനത്തില്‍ താഴെയാണ്.

ഒരു മഫ്രിയാനായ്ക്കു വലിയ സ്ഥാനമാണുള്ളത്. ഉറഹായിലെ വിശുദ്ധ യാക്കോബ് (708ല്‍ അന്തരിച്ചു), ഗ്രീഗോറിയോസ് ബാര്‍ എബ്രായ (1286 ല്‍ അന്തരിച്ചു), മോശെ ബര്‍കീപ്പാ (903ല്‍ അന്തരിച്ചു), മീഖായേല്‍ റാബോ (1199ല്‍ അന്തരിച്ചു) എന്നിങ്ങനെ അനേക പ്രശസ്ത പണ്ഡിതര്‍ മഫ്രിയാനാമാരായിരുന്നിട്ടുണ്ട്.

പക്ഷേ, അവരാരും ഇന്ത്യയില്‍ ഭരണാധികാരം പുലര്‍ത്തിയില്ല. പേര്‍ഷ്യയിലെ ഏകസ്വഭാവ വിശ്വാസികളായ പൗരസ്ത്യ സുറിയാനിക്കാരുടെ മാത്രം ഭരണമാണ് അവര്‍ക്കെല്ലാമുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും ഇന്ത്യയില്‍ അധികാരം വ്യാപിപ്പിക്കാന്‍ ശ്രമിച്ചത് ഈ മഫ്രിയാനമാരല്ലായിരുന്നു. പ്രത്യുത, നെസ്‌തോറിയന്‍ വിശ്വാസക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ”കിഴക്കിന്റെ പാത്രിയര്‍ക്കീസ്” ആയിരുന്നു.

കിഴക്കിന്റെ കാതോലിക്കാ കൂടാതെ മറ്റ് രണ്ടു കാതോലിക്കാമാരാണുണ്ടായിരുന്നത്. ഒന്ന് അര്‍മ്മേനിയയിലും മറ്റൊന്ന് ജോര്‍ജിയയിലും. ഇവരിരുവരും പൂര്‍ണ്ണ സ്വാത്രന്ത്യമുള്ളവരാണ്. മറ്റൊരു സഭയുടെയും കീഴിലല്ല.

അര്‍മ്മേനിയന്‍ കാതോലിക്കോസിന്റെ ഭരണസീമയില്‍ അദ്ദേഹത്തിന് വിധേയരായി ഒരു കുസ്തന്തീനോസ് പാത്രിയര്‍ക്കീസും ഒരു യെരുശലേം പാത്രിയര്‍ക്കീസും ഉണ്ട്. ഇന്നും ഈ രണ്ടു കാതോലിക്കാമാരുടെയും പൂര്‍ണ്ണ സ്ഥാനപ്പേര് കാതോലിക്കോസ്-  പാത്രിയര്‍ക്കീസ് എന്നു തന്നെയാണ്.

പേരു പാത്രിയര്‍ക്കീസ് എന്നാണെങ്കിലും പൂര്‍ണ്ണ സ്വയശീര്‍ഷകത്വമില്ലാത്ത പാത്രിയര്‍കീസന്മാരാണ് യെരുശലേമിലേയും കുസ്തന്തീനോപോലീസിലേയും അര്‍മ്മേനിയയിലെയും പാത്രിയര്‍ക്കീസാര്‍. അതുകൊണ്ട് പേരല്ല കാര്യം, ഭരണസീമയ്ക്കകത്തുള്ള സ്വയംശീര്‍ഷകത്വമാണ്.

കിഴക്കിന്റെ കാതോലിക്കാ സ്ഥാനത്തിനനുസരിച്ച, പൂര്‍ണ സ്വയശീര്‍ഷകത്വമുള്ള ഒരു ഭരണഘടന ഭാരതത്തിലെ ഓര്‍ത്തഡോക്‌സ് സഭയ്ക്കുണ്ടായിട്ട് അതിനുള്ളില്‍ എല്ലാ ഭാരതീയ ഓര്‍ത്തഡോക്‌സ്  വിശ്വാസികളും ഐക്യപ്പെട്ട് ജീവിക്കുകയെന്നതാണ് ഭാവിയില്‍ അഭിലഷണീയമായിട്ടുള്ളത്.

കാതോലിക്കേറ്റ് സ്ഥാപനം: 1912 സെപ്റ്റംബര്‍ 15