Ancient ParishesOVS - Articles

തഴക്കര പുത്തൻ പള്ളിയും മലങ്കര സിറിയൻ സെമിനാരിയും

143 വർഷത്തെ ചരിത്രം ഉറങ്ങുന്ന ഒരു ദേവാലയവും, അതിനോടനുബന്ധിച്ചുള്ള സെമിനാരിയും മാവേലിക്കരയിലെ തഴക്കര പുത്തൻ പള്ളിയും, തൊട്ടടുത്തുള്ള മലങ്കര സിറിയൻ സെമിനാരിയും മലങ്കര സഭയുടെ സ്വാതന്ത്ര്യ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുള്ള ഈ വിശുദ്ധ ദേവാലയങ്ങളെ വേണ്ട വിധത്തിൽ സഭ സംരക്ഷിച്ചിട്ടുണ്ടോ എന്ന് ഈ സമയത്ത് നമ്മൾ ചിന്തിക്കുന്നത് ഉചിതമായിരിക്കും. പരിശുദ്ധനായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത, പരിശുദ്ധനായ പരുമല കൊച്ചുതിരുമേനി, മലങ്കര സഭാഭാസുരൻ പരിശുദ്ധ വട്ടശേരിൽ തിരുമേനി, പരിശുദ്ധനായ ബസ്സേലിയോസ്സ് ഗീവർഗ്ഗീസ്സ് ദ്വിതിയൻ കാതോലിക്കാ ബാവ തിരുമേനി, എന്നിവരുടെ പാദസ്പർശമേറ്റ ഈ പുണ്യ സ്ഥാപനങ്ങൾ സഭക്ക് ഇന്നും പ്രചോദനം നൽകുന്നു എന്ന കാര്യത്തിൽ തർക്കമില്ല.

വൈദേശിക ആധിപത്യത്തിൽ നിന്ന് മലങ്കര സഭയെ സംരക്ഷിക്കുന്നതിന് മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന ചേപ്പാട് മാർ ദിവന്നാസിയോസ്സ് കാഹളം മുഴക്കിയത് മാവേലിക്കരയിലെ കാദീശ പള്ളിയിൽ വെച്ചാണ്. ഈ സംരഭത്തിൽ മാവേലിക്കരയിലെ ഇടവകാംഗങ്ങൾ വടക്കേതലയ്ക്കൽ കുഞ്ഞുനൈനാൻ കത്തനാരോടും, മറ്റു വൈദീകരോടും ഒപ്പം നിന്ന് ദിവന്നാസിയോസ്സ് തിരുമേനിയ്ക്ക് ശക്തി പകർന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. 1836 ജനുവരി 16-ാം തീയതി മാവേലിക്കര പുതിയകാവ് പള്ളിയിൽ കൂടിയ മലങ്കര സഭയുടെ പള്ളി പ്രതിപുരുഷയോഗം സഭയുടെ നവീകരണത്തെ ശക്തിയുക്തം എതിർത്തുകൊണ്ട് എഴുതിയ തീരുമാനമാണ് മാവേലിക്കര പടിയോല. ഇതിൻ്റെ ചരിത്ര പശ്ചാത്തലം അറിയുന്നത് ഈ സന്ദർഭത്തിൽ അവശ്യമാണ്.

കേണൽ മൺട്രോ തിരുവിതാംകൂറിൽ ബ്രിട്ടീഷ് ഗവൺമെന്റിൻ്റെ പ്രതിനിധിയായി രാജാവിനെ സഹായിക്കാനായി ഭരണം നടത്തിക്കൊണ്ടിരുന്ന കാലഘട്ടം, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വളരെ അനുകൂലമായ ഒരു കാലമായിരുന്നു. അദ്ധേഹം 1813-ൽ കോട്ടയത്ത് മീനച്ചിലാറിൻ്റെ തീരത്ത് 16 ഏക്കർ സ്ഥലം കരമൊഴിവായി സഭയ്ക്ക് ഒരു വൈദിക സെമിനാരി സ്ഥാപിക്കുന്നതിന് നൽകി 1815-ൽ അവിടെ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. കേണൽ മൺട്രോയുടെ താൽപര്യപ്രകാരം ഇംഗ്ലണ്ടിൽ നിന്ന് സി.എം.എസ് മിഷനറിമാർ സെമിനാരിയിൽ പഠിപ്പിക്കുന്നതിന് വന്നു കൊണ്ടിരുന്നു 1817-ൽ ബെയിലി സെമിനാരിയുടെ ചുമതലയേറ്റു. തുടർന്ന് ഫെൻ പ്രിൻസിപ്പാളായി ആംഗ്ലിക്കൻ സഭയോട് പൊരുത്തപ്പെടത്തക്കവണ്ണം സുറിയാനി സഭയെ നവീകരിക്കണമെന്നായിരുന്നു മിഷനറിമാരുടെ ഉദ്ധേശ്യം. 1835 നവംബറിൽ കൽക്കട്ടയിലെ ബിഷപ്പ് വിൽസൺ കോട്ടയത്ത് വന്നു സുറിയാനി സഭയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചില വ്യവസ്ഥകൾ മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന ചേപ്പാട് മാർ ദിവന്നാസ്യോസ് തിരുമേനിയെ ഏൽപ്പിച്ചു ഈ വ്യവസ്ഥകൾ നിരാകരിച്ചു കൊണ്ടുള്ള ചരിത്ര രേഖയാണ് മാവേലിക്കര പടിയോല.

മലങ്കര സഭയെ സംബന്ധിച്ചിടത്തോളം കത്തോലിക്കാ സഭയുടെ ആധിപത്യത്തെ 1653-ലെ കൂനൻ കുരിശു സത്യത്തിൻ കൂടി നാം തൂത്തെറിഞ്ഞു. പിന്നീട് ആംഗ്ലിക്കൻ മേധാവിത്വത്തെ നാം തൂത്തെറിഞ്ഞത് 1856 -ലെ മാവേലിക്കര പടിയോലയിൽ കൂടിയാണ്, തിരുവിതാംകൂറിലെ നസ്രാണി സഭയ്ക്ക് ബ്രിട്ടീഷ് മിഷനറിമാരുമായുള്ള ബന്ധത്തിന് മാവേലിക്കര പടിയോലയിൽ കൂടി അറുതി വന്നെങ്കിലും അതിന് പ്രദാനം ചെയ്ത ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് മലങ്കര നസ്രാണികളുടെ നാനാമുഖമായ വളർച്ചയ്ക്ക് സഹായകമായി എന്നത് പിൽക്കാല ചരിത്രം വിളിച്ചറിയിക്കുന്ന സത്യമാണ്.

മാവേലിക്കര സുന്നഹദോസ് (1836) നിശ്ച്ചയങ്ങളെ അവഗണിച്ച് തക്സാ പരിഷ്ക്കരിക്കുകയും, വിശ്വാസാചാരങ്ങളിൽ വ്യത്യാസം വരുത്തുകയും ചെയ്ത അബ്രഹാം മൽപ്പാനേയും കൂട്ടരേയും ചേപ്പാട്ട് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത മുടക്കി. അബ്രഹാം മൽപ്പാന് തൻ്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഒരു മേൽപ്പട്ടക്കാരൻ ഉണ്ടായിരിക്കേണ്ടത് ആവശ്യമെന്ന് മനസ്സിലാക്കി തൻ്റെ ഭാഗിനേയൻ പാലക്കുന്നത്ത് മാത്യൂസ് ശെമ്മാശനെ മർദിനിലെ ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവയുടെ അടുക്കൽ അയച്ചു. അദ്ദേഹത്തെ മാത്യൂസ് മാർ അത്തനാസിയോസ് എന്ന സ്ഥാനപ്പേരോടുകൂടി പാത്രിയർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. അദ്ധേഹം 1843-ൽ മടങ്ങിവന്നു. മലങ്കരയിൽനിന്ന് ആദ്യമായി പാത്രിയാർക്കീസിൽ നിന്ന് മേൽപ്പട്ടസ്ഥാനം സ്വീകരിച്ചത് ഇദ്ദേഹമായിരുന്നു. മർദീനിൽ നിന്ന് മടങ്ങുന്ന വഴി അദ്ധേഹം ഇംഗ്ലണ്ടിൽ ചെന്ന് അന്നത്തെ ഇൻഡ്യ സെക്രട്ടറിയെ കണ്ട് മലങ്കരയിലെ സുറിയാനി ക്രസ്ത്യാനികളുടെ തലവനായി തന്നെ പാത്രിയർക്കീസ് നിയമിച്ചിരിക്കുന്നുവെന്ന കൽപ്പന കാണിക്കുകയും ആ സ്വാധീനത്തിൽ തിരുവിതാംകൂർ ഗവൺമെന്റിനെ കൊണ്ട് തനിയ്ക്ക് അനുകൂലമായി തിരുവെഴുത്ത് വിളംബരം സമ്പാദിക്കുകയും ചെയ്തു. കുടുംബബന്ധുവെന്ന നിലയ്ക്കും സഭയിൽ സ്വാധീനമുള്ള ഒരു പട്ടക്കാരൻ എന്ന നിലയ്ക്കും വടക്കേതലയ്ക്കൽ കുഞ്ഞുനൈനാൻ കത്തനാരേയും മാത്യൂസ് മാർ അത്തനാസിയോസ് തിരുമേനി പാത്രിയർക്കീസിൽ നിന്ന് പട്ടമേറ്റവരുന്ന വിവരം അറിയിച്ചിരുന്നു, അതനുസരിച്ച് കുഞ്ഞുനൈനാൻ കത്തനാർ കൊച്ചിയിൽ ചെന്ന് തിരുമേനിയെ സ്വീകരിച്ചു കൊണ്ടുവന്നു. പക്ഷേ ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല കാരണം മാത്യൂസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ചേപ്പാട്ടു മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയെ പാത്രിയാർക്കീസ് മുടക്കിയതായി പ്രഖ്യാപിക്കുകയും മലങ്കര സഭാ വക സ്വത്തുക്കൾക്ക് താനാണ് അവകാശിയെന്ന് വരുത്തി തീർക്കുകയും ചെയ്തു. ഇതോടുകൂടി മലങ്കര സഭയിൽ എല്ലാ പള്ളികളിലും മാത്യൂസ് മാർ അത്തനാസിയോസിനെ അനുകൂലിക്കുന്നവരും ചേപ്പാട് മാർ ദിവന്നാസിയോസ് തിരുമേനിയെ അനുകൂലിക്കുന്നവരും എന്ന് രണ്ട് വിഭാഗങ്ങളുണ്ടായി.

മാവേലിക്കര പുതിയകാവ് പള്ളി മാത്യൂസ് മാർ അത്തനാസിയോസിൻ്റെ അധിനത്തിലായി. ഈ സന്ദർഭത്തിൽ മാവേലിക്കരയിലെ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്ക് ഒരു പള്ളി ഉണ്ടാവേണ്ടതായി വന്നു മാതൃസഭയുടെ വിശ്വാസാചരങ്ങളെ കാറ്റിൽ പറത്തുന്ന മാത്യൂസ് മാർ അത്തനാസിയോസിൻ്റെ സമീപനങ്ങളെ വടക്കേതലയ്ക്കൽ കുഞ്ഞു നൈനാൻ കത്തനാർ ശക്തിയുക്തം എതിർത്തു. കുഞ്ഞുനൈനാൻ കത്തനാർ അദ്ദേഹത്തിൻ്റെ മൂത്തമകൻ ഇടിച്ചാണ്ടി കത്തനാരും (അലക്സന്ദ്രിയോസ് കത്തനാർ) കൂടി വടക്കേത്തലക്കൽ തറവാടിൻ്റെ കിഴക്കുവശത്ത് കുടുംബം വക സ്ഥലത്ത് സഭയിലെ വിശ്വാസികളുടെയും പ്രബല കുടുംബങ്ങളുടെയും സഹകരണത്തോടുകൂടി ഒരു താത്കാലിക പള്ളി നിർമിച്ചു, ഇതാണ് മാവേലിക്കരയിലെ തഴക്കര പുത്തൻപള്ളി.  മാത്യൂസ് മാർ അത്തനാസിയോസിൻ്റെ നവീകരണത്തോട് പ്രതിഷേധമുണ്ടായിരുന്ന മലങ്കര സഭാ വിശ്വാസികൾ മാവേലിക്കരയിൽ ഒത്തുകൂടി സഭയെ നയിക്കുന്നതിന് ധീരനായ ഒരു മെത്രാപോലിത്ത ആവശ്യമെന്നു തീരുമാനത്തിൽ എത്തി, കുന്നംകുളത്ത് പുലിക്കോട്ടിൽ ജോസഫ് കത്തനാർ പാത്രിയര്കീസിൻ്റെ അടുക്കൽ അയക്കുവാൻ തീരുമാനിച്ചു.  കുഞ്ഞു നൈനാൻ കത്തനാർക്ക് പ്രായാധിക്ക്യം ഉണ്ടായിരുന്നതുകൊണ്ട് തൻ്റെ മൂത്ത മകൻ ഇടിച്ചാണ്ടി കത്തനാരെ കുന്നംകുളത്തിനു പറഞ്ഞയച്ചു. ഇടിച്ചാണ്ടി കത്തനാർ കുന്നംകുളത്തുചെന്ന് ജോസഫ് കത്തനാരെ കാണുകയും മലങ്കര സഭാ വിശ്വാസികൾക്ക് വേണ്ടി പാത്രിയർക്കീസിൻ്റെ അടുക്കൽ പോകണമെന്ന് നിർബന്ധിക്കുകയും അതിലേക്കായി ഒരു നല്ല തുക ഏൽപ്പിക്കുകയും ചെയ്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

1865 -ൽ ജോസഫ് മാർ ദിവന്നാസിയോസ് എന്ന നാമത്തിൽ അദ്ദേഹത്തെ പാത്രിയർക്കീസ് മെത്രാപോലിത്ത ആയി വാഴിച്ചു.  മാത്യൂസ് മാർ അത്താനാസ്യോസിനു അനുകൂലമായി തിരുവെഴുത്തു വിളംബരം ഉണ്ടായിരുന്നതിനാൽ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താക്ക് സഭാ ഭരണത്തിൽ പ്രവേശിക്കുവാൻ സാധ്യമല്ലായിരുന്നു. കൂടാതെ മാത്യൂസ് മാർ അത്താനാസ്യോസിനെ അനുകൂലിക്കാത്തവർ വേറെ പള്ളി വച്ച് മാറിക്കൊള്ളണമെന്ന് ദിവാൻ ഉത്തരവുനൽകുകയും ചെയ്തു.

(തഴക്കര പുത്തൻപള്ളിയുടെ വടക്കേ മദ്ബഹായോട് ചേർന്നു സ്ഥിതി ചെയ്യുന്ന വടക്കെത്തലയ്ക്കൽ ഇടിച്ചാണ്ടി കത്താനാരുടെ ഖബർ)

ഈ സന്ദർഭത്തിൽ മാവേലിക്കരയിലെ വിശ്വാസികളുടെ സമൂഹം തഴക്കര പുത്തൻപള്ളിയിൽ വടക്കേത്തലക്കൽ ഇടിച്ചാണ്ടി കത്തനാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ജോസഫ് മാർ ദിവന്നാസ്യോസിനെ ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചു. സഭയിലെ വിശ്വാസികളുടെ ആത്മവീര്യം വർധിപ്പിക്കണമെന്ന് തീരുമാനിച്ചു.  അപ്പോൾ തിരുമേനി എവിടെ താമസിക്കും എന്നുള്ള ചോദ്യമുണ്ടായി . അതിനു മറുപടിയായി വടക്കേത്തലയ്ക്കൽ ഇടിച്ചാണ്ടി കത്തനാർ, കുടുംബവക സ്ഥലത്ത് പുത്തൻപള്ളിയുടെ തൊട്ടു വടക്കേ വശത്ത്, ഒരു താൽക്കാലിക കെട്ടിടം നിർമിച്ചു. (ഇതാണ് ഇന്ന് കാണുന്ന തഴക്കരയിലെ മലങ്കര സിറിയൻ സെമിനാരി). കെട്ടിടത്തിൻ്റെ പണി പൂർത്തിയായ ഉടനെ, ഇടിച്ചാണ്ടി കത്തനാർ കുന്നംകുളത്ത് പോയി പുലിക്കോട്ടിൽ തിരുമേനിയെ തെക്കൻ ഇടവകളുടെ നിലനിൽപ്പിനു വേണ്ടി ക്ഷണിച്ചു കൊണ്ട് വന്നു.  മാവേലിക്കര ആറാട്ടുകടവിൽ, തണ്ടുവെച്ച വള്ളത്തിൽ വന്നടുത്ത പുലിക്കോട്ടിൽ തിരുമേനിയെ മാവേലിക്കര അന്ന് വരെ കണ്ടിട്ടില്ലാത്ത വിധം ആർഭാടപൂർവ്വം എതിരേറ്റു സ്വീകരിച്ചു കൊണ്ടുവന്ന്, പുത്തൻപള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം പുതുതായി നിർമിച്ച അരമനയിൽ താമസിപ്പിച്ചു. അദ്ദേഹം വളരെ നാൾ അവിടെ താമസിച്ചു വിശ്വാസികൾക്ക് ശക്തി പകർന്നു. 1865 കാലത്ത് ഇത്ര ധീരമായ ഒരു നേതൃത്വം വടക്കേത്തലയ്ക്കൽ ഇടിച്ചാണ്ടി കത്തനാർ സഭയ്ക്ക് നൽകിയില്ലായിരുന്നുവെങ്കിൽ, കോട്ടയത്തിനു വടക്ക് നമ്മൾക്ക് നഷ്ടപ്പെട്ടത് പോലെ തെക്കും പൂർണ്ണമായി നമ്മൾക്ക് നഷ്ടപ്പെടുമായിരുന്നു.

തുടർന്ന് മലങ്കര സഭാ വിശ്വാസികളുടെ ആഗ്രഹപ്രകാരം പുലിക്കോട്ടിൽ തിരുമേനി മലങ്കരയിലെ പ്രശ്നങ്ങൾ, പാത്രയർക്കീസ് ബാവായുടെ അടുക്കൽ അറിയിച്ചു. അദ്ദേഹത്തെ മലങ്കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിൻ പ്രകാരം 1875 -ൽ പരി. പത്രോസ് തൃദീയൻ പാത്രയർക്കീസ് ബാവ മലങ്കരയിലേക്ക് എഴുന്നള്ളി. 1876 -ൽ പാത്രയർക്കീസ് ബാവ മുളന്തുരുത്തി സുന്നഹദോസ് വിളിച്ചു കൂട്ടി. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സ്ഥാപിക്കുകയും ജോസഫ് മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്തയെ അതിൻ്റെ പ്രസിഡന്റായി നിയമിക്കുകയും, സഭയ്‌ക്കൊരു ഭരണഘടന നിർമ്മിക്കുകയും ചെയ്തു. ഈ യോഗത്തിൽ തെക്കൻ ഇടവകയെ പ്രതിനീകരിച്ചു ഇടിച്ചാണ്ടി കത്തനാരും സംബന്ധിച്ചിരുന്നു.