മലങ്കര സഭയിലെ അനഭലഷണീയമായ നവ ശൈലികളും ശീലങ്ങളും
സ്വതന്ത്ര ഭാരതത്തിൽ വാർത്താവിനിമയ രംഗത്തെ വൻ വളർച്ചയുടെ ഫലമായി ആശയ വിനിമയത്തിലും പ്രചാരണത്തിലുമൊക്കെ അതിശയിപ്പിക്കുന്ന വളർച്ചയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടു നമ്മൾക്ക് സംഭാവന ചെയ്തത്. സോഷ്യൽ മീഡിയയുടെ കടന്ന് വരവോടെ കൂടെ മലങ്കര സഭയുടെ ചരിത്രത്തെ പറ്റിയും, വിശ്വാസ തത്വങ്ങളെ പറ്റിയും, കേസിൻ്റെ ഗതിവിഗതികൾ തുടങ്ങിയ വൈവിധ്യ വിഷയങ്ങളെ പറ്റി സാധാരണ മലങ്കര സഭാവിശ്വാസികളിൽ പോലും വലിയൊരു അവബോധം വളരുകയും, ഭൂമിശാസ്ത്ര അതിർവരമ്പുകളെ ഭേദിച്ചു വികേന്ദ്രിതമായി കിടക്കുന്ന മലങ്കര നസ്രാണികളിൽ ജാത്യാഭ്യാമാനവും സഭാ കൂറും വളർത്തി. ഇതിൻ്റെ ഗുണഫലമായി മലങ്കര സഭയുടെ പ്രശ്‌നബാധിത സ്ഥലങ്ങളിൽ എല്ലാം തെക്കു മുതൽ വടക്കുവരെയുള്ള നസ്രാണി പുരുഷന്മാരുടെ സാന്നിധ്യവും പോരാട്ടവും പ്രതിരോധവും ഇടമുറിയാതെ ലഭിക്കുന്നു. കോലഞ്ചേരിയിൽ 2011 സെപ്റ്റംബർ 11 -നു പരിശുദ്ധ കാതോലിക്ക ബാവ ബഹു. കോടതി വിധി നടത്തിപ്പിന് വേണ്ടി നിരാഹാര സമരമാരംഭിച്ചപ്പോൾ ഫേസ്ബുക്കിലും മറ്റു നടത്തിയ ശക്തമായ പ്രചാരണം വഴി യാക്കോബായ വിഭാഗത്തിൻ്റെ മസിൽ പൗറിനെയും, കുതന്ത്രങ്ങളെയും അതിജീവിക്കാൻ തക്കവണ്ണം മലങ്കരയിൽ നിന്ന് ഉടനീളം കുതിച്ചെത്തിയ നസ്രാണികളുടെ സാന്നിധ്യവും പോരാട്ട വീര്യവമാണ് മലങ്കര സഭയ്ക്കും പരിശുദ്ധ കാതോലിക്ക ബാവയ്‌ക്കും കരുത്തായത്. അത്തരം ഒരു അപ്രതീക്ഷിത കൂടിവരവിൽ നിന്നാണ് സോഷ്യൽ മീഡിയയിലെ സഭാ സംബന്ധമായ ചർച്ചകളിലും, ചില പ്രശ്‌നബാധിത ഇടവകളിലെ സാന്നിധ്യം കൊണ്ട് അല്പം മുഖ പരിചയമുണ്ടായിരുന്ന 2007 മുതൽ പ്രവർത്തിച്ചു വന്നിരുന്ന ഒരു പറ്റം കർമ്മധീരരായ നസ്രാണി യുവാക്കകൾ “ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ” എന്ന ഒരു അൽമായ കൂട്ടായ്മയ്ക്ക് 2011 സെപ്റ്റംബർ 15 -നു രൂപം നല്കുന്നത്. സഭാ തലത്തിലെ പ്രൗജലമായ വിവിധ പ്രവർത്തനങ്ങൾ കൊണ്ടും, ശക്തമായ ഒരു മാധ്യമം എന്ന് നിലയ്ക്കും, കൃത്യമായ നിലപാടുകളും, മാന്യമായ ശൈലികളും, വ്യക്തമായ ലക്ഷ്യങ്ങളുമുള്ള ഓ.വി.എസ് മലങ്കര സഭയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയെ ഏറ്റവും ഫലപ്രദമായി, മാന്യമായി പക്ഷഭേദം കൂടാതെ കഴിഞ്ഞു 12 വർഷമായി ഉപയോഗിക്കുന്നെന്നു മലങ്കര സഭയുടെയും ഈ പ്രസ്ഥാനത്തിൻ്റെയും നിത്യഹരിത ശത്രുക്കൾ പോലും നിർലോഭം സമ്മതിക്കും. ഓ.വി.എസിൻ്റെ നിലപാടുകളും, നിലവാരവുമാണ് മലങ്കര സഭയോട് ഞങ്ങൾക്കുള്ള പ്രതിബന്ധത.
ഓർക്കുട്ടിലും ഫേസ്ബുക്കിലും തുടങ്ങിയ സഭാ കൂട്ടായ്മകളും ഡിസ്കഷൻ ഫോറങ്ങളും ഒക്കെ കാലങ്ങൾ കടന്ന് വാട്ട്സെപ്പ് യുഗത്തിലേക്ക് പ്രവേശിച്ചതോടെ സഭാപരമായ ചർച്ചകളും ആലോചനകളും ഒക്കെ കൂടുതൽ ജനകീയവും സരളവുമായി തീർന്നു. ഇന്ന് ഇത്തരം 100 കണക്കിന് വാട്ട്സെപ്പ് ഗ്രൂപ്പ്കളും വ്യാജ ഫേസ്ബുക്ക് പേജുകളും വഴി മലങ്കര സഭയുടെ യഥാർത്ഥ പ്രശ്നങ്ങളെയും അതിൻ്റെ കാരണങ്ങളെയും കണ്ടെത്തി നിഷ്പക്ഷ ചർച്ചകളിൽകൂടി പരിഹാരങ്ങൾ കണ്ടെത്തി നിർദ്ദേശിക്കുന്നതിനു പകരം, ഭൂരിപക്ഷ ഗ്രൂപ്പകളും കേവലം ബാവ – മെത്രാൻ – കത്തനാർ – കുലംകുത്തി ഫാൻസ് അസ്സോസിയേഷനുകളായി അധഃപതിച്ച കഴിഞ്ഞു. മലങ്കര സഭയുടെ നേതൃതലത്തിലും, ഭദ്രാസനങ്ങളിലും ഗ്രൗണ്ട് ലെവലിലുള്ള അടിവലിവും, കുത്തിത്തിരുപ്പും, രാഷ്ട്രീയ കച്ചവടങ്ങളുമൊക്കെ ഉണ്ടാക്കുന്ന ഗുരുതര പരുക്കൾ മീതെയാണ് നാഥനില്ലാത്ത സോഷ്യൽ മീഡിയ ഗ്രൂപ്പകളും പേജുകളും സൃഷ്ടിക്കുന്ന അസമാധാനവും അസ്വസ്ഥതയും.
മെത്രാൻ തിരഞ്ഞെടുപ്പ് മുതൽ മലങ്കര സഭയിലെ വ്യത്യസ്‍ത തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, ഗ്രൂപ്പുകളുടെയും ഫാൻസകളുടെയും വകയായുള്ള തൊഴുത്തിൽകുത്തു, ആരോപണ പ്രത്യാരോപണം, വിഘിടിത സോഷ്യൽ വേസ്റ്റ് പേജുകൾക്കു ഇന്ധനം നിറയ്ക്കൽ തുടങ്ങിയ മഹത്തരമായ ചൊറികുത്തൽ / കൊതികുത്തൽ / തള്ളി മറയ്ക്കിൽ എന്നിങ്ങനെയുള്ള കേവലം സമയം കൊല്ലികളായ അന്തിചർച്ചകളായി തീർന്നിരിക്കുന്നു ഒട്ടുമിക്ക ഗ്രൂപ്പകളും. അന്തിക്ക് മലങ്കര സഭയെ സോഷ്യൽ മീഡിയയിൽ കൂടെ വളർത്താൻ ഉല്സുകിതപുളകിതരായി സ്വയം ചുമതല ഏറ്റു എടുത്തവർ പ്രാഥമികമായി തങ്ങൾക്ക് കുറഞ്ഞ പക്ഷം ഒരു ശരാശരി ഓർത്തഡോക്സ് ക്രിസ്ത്യാനിക്ക് വേണ്ട ഗുണങ്ങളും ശീലങ്ങളും ഉണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്തുന്നത് ഏവർക്കും നന്മയ്ക്കു ഹേതുവാകും. “മലങ്കര സഭാ എന്റേത്” എന്ന് വിശ്വസിക്കുന്ന ഓരോ നസ്രാണിയും പരിരക്ഷിക്കേണ്ടതും അഭിമാനിക്കപ്പേണ്ടതും വി. മാർത്തോമാ ശ്ലീഹായുടെ സ്ലൈഹീക പാരമ്പര്യം പേറുന്ന പുരാതനമായ നമ്മുടെ മലങ്കര സഭയെയും അതിൻ്റെ സത്യാ വിശ്വാസത്തെയും, കാതോലിക്കേറ്റിനേയും, ഭരണഘടനേയും, നമ്മുടെ എല്ലാ ഇടവകളെയുമാണ്. മലങ്കര സഭയിലെ പരിശുദ്ധ കാതോലിക്ക ബാവായോ, ഏതെങ്കിലും മെത്രാനെയോ, സ്ഥാനികളെയോ ഒന്നും ഒരു ബിംബമായി കണ്ടു വാഴ്ത്താനോ, വീഴ്ത്താനോ ദൈവ വിശ്വാസിയായ ഒരു ഓർത്തഡോക്സ്‌കാരനും പോകേണ്ട. ഇവർ ഓരോരുത്തരെയും അവരുടെ സ്ഥാനത്തിനും അധികാരത്തിനും ഒത്തുവണ്ണം അങ്ങേയറ്റം ബഹുമാനിക്കാനും, സ്നേഹിക്കുവാനും, അനുസരിക്കാനും, വിധേയപ്പെട്ടു നില്ക്കുവാനും വിശ്വാസികൾക്ക് ബാധ്യതയുണ്ട്. എങ്കിലും ഇവരോടുള്ള യോചിപ്പും വിയോജിപ്പും സഹകരണവും നിസ്സഹകരണവുമൊക്കെ കർത്താവിൻ്റെ മണവാട്ടിയായ മലങ്കര സഭയുടെ പ്രവർത്തനത്തിൽ ഇവരുടെ നിലപാടുകളെ ആശ്രയിച്ചു മാത്രമാകണം. ഈ അടിസ്ഥാന തത്വങ്ങൾക്കും കാഴ്ചപ്പാടിനും വിരുദ്ധമായി മുൻവിധികളോടെ വ്യക്തി കേന്ദ്രീകൃത നിലയിലുള്ള സഭാ സ്നേഹവും സഭാ പ്രവർത്തനവും മലങ്കര സഭയെ ശിഥിലീകരിക്കും. വിഘിടിത വിഭാഗം ഇപ്പോൾ അനുഭവിക്കുന്ന ഗുരുതര പ്രതിസന്ധിയും, സമീപ ഭാവിയിൽ അനിവാര്യമായി സംഭവിക്കേണ്ട തകർച്ചയും തനിക്കു ശേഷം പ്രളയം എന്ന നിലയിൽ വ്യകതികേന്ദ്രീകൃത സഭയായി വിവിധ ഫാൻസ് ഗ്രൂപ്പുകൾ പുകഴ്ത്തിയും ഇകഴ്ത്തിയും കാലമത്രയും കൊണ്ട് നടന്നതിൻ്റെ അനന്തര ഫലമാണ്. അത് നമ്മുടെ മലങ്കര സഭയിൽ ഉണ്ടാകാതെയിരിക്കാൻ അനാവശ്യ – അനഭലഷണീയ ചർച്ചകളും, വാഗ്വാദങ്ങളും, വ്യകതിഹത്യകളും, വ്യകതിയധിഷ്ഠത അജണ്ടകളും മാറ്റി വെച്ച് മലങ്കര സഭയ്ക്ക് മാത്രം ഒന്നും, രണ്ടും, മൂന്നും സ്ഥാനം കൊടുത്തു കൂട്ടായി മുന്നേറാം.
മലങ്കര സഭയിൽ ഇന്ന് കാണുന്നതിൽ ശക്തമായി വിമർശിക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമായ മറ്റൊരു അനഭലഷണീയ ശൈലിയാണ് നേരവും, സാഹചര്യവും, സ്ഥലവും നോക്കാതെയുള്ള മലങ്കര സഭയുടെ ആത്മീയ പിതാവായ പരിശുദ്ധ കാതോലിക്ക ബാവ തിരുമനസിനെ മുഷ്ട്ടി ചുരുട്ടി ആകാശത്തേക്ക് എറിഞ്ഞുള്ള മുദ്രാവാക്യ വിളികളോടെയുള്ള സ്വീകരണം. മറ്റു പല മത – ജാതി വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി മലങ്കര സഭയുടെ പരമാധ്യക്ഷൻ ഒരേ സമയം നസ്രാണി സമുദായത്തിൻ്റെ തലവനും ആത്മീയ പിതാവുമാണ്, ഒരേ സമയം മലങ്കര മെത്രാപോലിത്ത എന്ന നിലയിൽ നസ്രാണി സമുദായത്തിന് അധിപനും പരിശുദ്ധ കാതോലിക്ക ബാവ എന്ന നിലയിൽ മാർത്തോമാ ശ്ലീഹായുടെ സ്ലൈഹീക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന നസ്രാണി സഭയുടെ ആത്മീയ പരമാധ്യക്ഷൻ കൂടെയാണ്. ഈ ബോധ്യവും വ്യത്യാസവും ഓരോ സാഹചര്യത്തിലും പരിശുദ്ധ പിതാവിനെ എപ്രകാരം സ്വീകരിക്കണം എന്ന് നമ്മെ ഓർമ്മിപ്പിക്കും. പരിശുദ്ധ കാതോലിക്ക ബാവ ഓരോ നസ്രാണിയുടെയും അഭിമാന ചിഹ്നവും ആവേശവുമൊക്കെയാണെങ്കിലും, ഒരു ക്രിസ്തീയ സഭയുടെ ആത്മീയ വലിയ പിതാവിനെ സ്വീകരിക്കേണ്ടത് രാഷ്ട്രീയ നേതാക്കന്മാരെ സ്വീകരിക്കുന്നത് പോലെ തൊണ്ട കീറി മുദ്രാവാക്യം വിളിച്ചും, കീ ജയ് വിളിച്ചുമായിരിക്കരുത്. സ്വീകരിക്കുന്നത് നമ്മുടെ നേതാവിനെയല്ലന്നും, കെട്ടുവാനും അഴിക്കുവാനും ഭൂമിയിൽ അധികാരമുള്ള സ്ലൈഹീക പിന്തുടർച്ചയുടെ നമ്മുടെ സ്വന്തം ആത്മീയ പിതാവാണ് എങ്കിൽ നാം കേവലം അണികളെ പോലെ പെരുമാറാതെ ഉത്തമ വിശ്വാസി സമൂഹമായി മാതൃകാപരമായി പെരുമാറും. നാനാ ജാതി മതസ്ഥരുടെയിടയിൽ ഒരു ക്രിസ്തീയ കൺവെൻഷനോ, പള്ളി കൂദാശയ്ക്കു കടന്ന് വരുന്ന പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയെ സ്വീകരിക്കേണ്ടത്, “ചോര തരാം നീര് തരാം ….” ജയ് ജയ് കാതോലിക്കോസ് …” എന്നൊക്കെ സാഹചര്യത്തിന് യോജിക്കാത്ത മുദ്രവാക്യം ആർത്തു വിളിച്ചു കൊണ്ടാകരുത് എന്ന് വിശ്വാസികളോടും വൈദികരോടും അഭ്യർഥിക്കുന്നു. പരിശുദ്ധ പിതാവിനെ സ്വീകരിക്കേണ്ടത്, കത്തിച്ചു മെഴുകുതിരികളോട്, കൂപ്പു കൈകളോടെ കാതോലിക്ക സ്വീകരണ ഗീതമായ, “സ്വാഗതമേ ശോഭിത മോറാൻ…..”, “തോബോശാലോം……(സുറിയാനി), “ക്ഷേമങ്ങുഴുന്നുള്ളകസാക്ഷാ ഇടയാപണ്ഡിത …” എന്നിവ പാടിയാകണം. പലപ്പോഴും അനവസരത്തിലുള്ള അരോചകങ്ങളായ മുദ്രാവാക്യങ്ങളോടെയുള്ള സ്വീകരണത്തിലെ അതൃപ്‍തി നമ്മുടെ ശോഭിത മോറാൻ്റെ മുഖത്ത് നന്നായി നിഴലിക്കുന്നത് കണ്ടിട്ടുണ്ട്. പരിശുദ്ധ പിതാവ് കടന്ന് വരുന്നത് സഭയുടെ ഒരു സമ്മേളനത്തിലേക്കോ, റാലിയിലേക്കോ, സഭാ തർക്ക മേഘലയിലേക്കോ ഒക്കെയാണെങ്കിൽ ആവേശകരമായ മുദ്രാവാക്യങ്ങൾ സാഹചര്യത്തിന് ഇണങ്ങുമെങ്കിൽ ഇവിടെയും പതിറ്റാണ്ടുകൾ പറഞ്ഞു പഴകിയ പഴയ മുദ്രാവാക്യങ്ങൾക്കു ഒപ്പും ആവേശകരവും കാലികപ്രസക്തവുമായ നവ മുദ്രവാക്യങ്ങൾ കണ്ടത്തണം.
എഡിറ്റോറിയൽ ഡെസ്ക്
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ