OVS - Latest NewsOVS-Kerala News

പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ ഓർമ്മപെരുന്നാൾ സമാപിച്ചു

വിശുദ്ധ മാർത്തോമ ശ്ലീഹായുടെ സ്ലൈഹീക സിംഹാസനത്തിലെ 89 -മത്തെ പിൻഗാമിയായും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 6-ാം കാതോലിക്കായും മലങ്കരയുടെ
സൂരൃതേജസും,ശാസ്താംകോട്ട മൌണ്ട്‌ ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന സ്നേഹസ്വരൂപിയും ഭാഗ്യ സ്മാർണർഹനുമായ, പരി.ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ ബാവാ തിരുമേനിയുടെ 13-മത്‌ ഓര്‍മ്മപ്പെരുന്നാള്‍ 2019 ജനുവരി 20 മുതൽ 26 വരെയുള്ള തീയതികളില്‍ മലങ്കര സഭ ഭക്തിനിര്‍ഭരമായി കൊണ്ടാടി.

ശാസ്താംകോട്ട പുന്നമൂട് മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടന്ന ചടങ്ങുകൾക്ക് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിദിയൻ കാതോലിക്ക ബാവ മുഖ്യ കാർമികത്വവും അഭിവന്ദ്യ തിരുമേനിമാർ സഹകാർമികത്വവും വഹിച്ചു. ജനുവരി 23ബുധനാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക്. ഡോ. യാക്കോബ് മാർ ഐറേനിയോസ് കാർമികത്വം വഹിച്ചു.

24-ന് രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഡോ. മാത്യൂസ് മാർ സേവേറിയോസ് കാർമികത്വം വഹിച്ചു. 10-ന് അനുസ്മരണസമ്മേളനം മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ അന്തോണിയോസ് അധ്യക്ഷത വഹിച്ചു.

25-ന് വൈകീട്ട് മൂന്നിന് തീർഥാടകർക്ക് സ്വീകരണം, രാത്രി 7.30-ന് പ്രദക്ഷിണം, സ്ലൈഹികവാഴ്‌വ് എന്നിവ നടത്തപ്പെട്ടു. 26-ന് രാവിലെ എട്ടിന് മൂന്നിന്മേൽ കുർബാന പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിച്ചു കൊല്ലം ഭദ്രാസനാധിപൻ അഭി. സഖറിയ മാർ അന്തോണിയോസ്, തുമ്പമണ് ഭദ്രാസനാധിപൻ അഭി. കുരിയാക്കോസ് മാർ ക്ലിമീസ്, യൂക്കെ.യൂറോപ്പ് ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ സഹാകാർമീകത്വം വഹിച്ചു.കുർബാനാനന്തരം നടന്ന അനുഗ്രഹ പ്രഭാഷണത്തിൽ, പാപ ബോധമില്ലാത്ത പുതു തലമുറയ്ക്ക് ദൈവഭയവും ദൈവാശ്രയവും പകർന്നു നൽകണമെന്നും, കാലം ചെയ്ത പരിശുദ്ധ പിതാക്കന്മാരുടെ പ്രാർത്ഥനാജീവിത ശൈലി അതിനുള്ള പ്രചോദനം ആകണമെന്നും പരിശുദ്ധ കാതോലിക്ക ബാവ ആഹ്വാനം ചെയ്തു. 10-ന് കബറിങ്കൽ ധൂപപ്രാർഥന തുടർന്ന് സ്ലൈഹികവാഴ്‌വ് എന്നിവ നടത്തപ്പെട്ടു.