പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അഞ്ചാമൻ: നവോത്ഥാന ചർച്ചകളിൽ ഒഴിവാക്കരുതാത്ത പേര്.

കേരള നവോത്ഥാന ചരിത്രം വീണ്ടും സവിശേഷമായി ചർച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് സമകാലിക കേരളം കടന്നു പോകുന്നത്. എന്നാൽ ക്ഷേത്ര പ്രവേശനം, അയിത്ത നിർമാർജനം തുടങ്ങിയ ഹൈന്ദവ സമൂഹത്തിൽ ഉണ്ടായ പരിഷ്കാരങ്ങളെ മുൻ നിറുത്തിയാണ് ഭൂരിഭാഗം നവോത്ഥാന ചർച്ചകളും പുരോഗമിക്കുന്നത്. എന്നാൽ യഥാർഥത്തിൽ അത് മാത്രമാണോ നവോത്ഥാനമെന്നു ചിന്തിക്കുമ്പോൾ അല്ലായെന്ന ഉത്തരമാണ് വലിയ അന്വേഷണങ്ങൾ ഒന്നും കൂടാതെ തന്നെ ലഭിക്കുന്നത്. കേരളത്തിൻ്റെ പുരോഗതിയുടെ വലിയൊരു അടിസ്ഥാനം പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ച മാറ്റമാണ്. ആ മാറ്റം സാമൂഹികമായ മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും പ്രേരകമായി വർത്തിച്ചു എന്നു കണക്കാക്കിയാൽ അതിൽ അപാകതയില്ല. ആ മാറ്റങ്ങൾക്ക് ബ്രിട്ടീഷ് മിഷണറിമാർ വഹിച്ച പങ്കും നിസ്തർക്കമാണ്. തിരുവിതാംകൂർ റീജന്റായിരുന്ന സേതുലക്ഷ്മി ഭായി 1814-ൽ മീനച്ചിലാറിൻ്റെ കരയിൽ കരമൊഴിവാക്കി നൽകിയ ഭൂമിയിൽ തിരുവിതാംകൂറിലെ ആദ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കപ്പെട്ടു; പഴയ സെമിനാരി – കോട്ടയം കോളേജ്‌. പിന്നീട് സി.എം.എസ് കോളേജ് സ്ഥാപിക്കുകയും വൈദിക വിദ്യാഭ്യാസം മാത്രം പഴയ സെമിനാരിയിൽ തുടരുകയും ചെയ്തു. അതോടെ കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിലെ പുതിയ ഒരു അദ്ധ്യായവും തുറക്കപ്പെട്ടു.Copyright- www.ovsonline.in

വിദ്യാഭ്യാസ മേഖലയും മാർ ദീവന്നാസിയോസും

കുടിപള്ളിക്കൂടം എന്ന ആശയം വേരൂന്നുന്നതും പത്തൊൻപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിലാണ്. നിലത്തെഴുത്ത് ആശാൻമാരുടെ നേതൃത്വത്തിൽ നടന്ന അത്തരം വിദ്യാഭ്യാസ രീതികൾക്ക് വേദിയായത് നസ്രാണി പള്ളികളാണ്. സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭ്യമായി എന്നതാണ് കുടിപ്പള്ളിക്കൂടങ്ങളുടെ പ്രസക്തി. ജൻമി ഗൃഹങ്ങളിലെ വിദ്യാഭ്യാസ രീതികൾ പലപ്പോഴും ഉയർന്ന വിഭാഗങ്ങളിൽ പെട്ടവർക്ക് മാത്രം അറിവിൻ്റെ വാതായനങ്ങൾ തുറന്നപ്പോൾ സാധാരണക്കാർക്ക് കൂടി പ്രാഥമിക വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങളിൽ കൂടി പ്രാപ്യമായി. 1880-കൾ വരെ മാർ ദീവന്നാസിയോസ് നവീകരണ വിഭാഗവുമായി അതിശക്തമായ നിയമ പോരാട്ടത്തിൽ ആയിരുന്നു. എങ്കിലും തർക്കത്തിൻ്റെ മൂർദ്ധന്യസ്ഥിതിയിലും വിദ്യാലയങ്ങൾ നടത്തുവാൻ ദീവന്നാസിയോസ് മുന്നോട്ട് വന്നു. 1885-ൽ മലങ്കരയിലെ ഇരു വിഭാഗത്തിനുമായി (തോമസ് അത്താനാസിയോസിൻ്റെ നേതൃത്വത്തിലുള്ള നവീകരണ വിഭാഗവും മാർ ദീവന്നാസിയോസിൻ്റെ നേതൃത്വത്തിലുള്ള എതിർവിഭാഗവും) 175 സ്കൂളുകൾ ഉണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗം മാർ ദീവന്നാസിയോസിൻ്റെ കൈവശവും ആയിരുന്നു. മറ്റൊരു രസകരമായ വസ്തുതയെന്നത് ആ കാലഘട്ടത്തിൽ റോമൻ കത്തോലിക്കർക്ക് ആകെ അഞ്ച് സ്കൂളുകൾ മാത്രമാണ് കൈവശമുണ്ടായിരുന്നത്. (നായർ മേധാവിത്വത്തിൻ്റെ പതനം :- റോബിൻ ജെഫ്രി).

വളരെ വേഗം വളർന്ന മാർ ദീവന്നാസിയോസിൻ്റെ വിദ്യാഭ്യാസ ശൃംഖല 1906-ൽ എത്തിയപ്പോഴേക്കും 200-ൽ പരം സ്കൂളുകളിൽ എത്തിയിരുന്നു. 1895-ലെ വിദ്യാഭ്യാസ റെഗുലേഷൻ മൂലം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാനാവാത്ത അനേകം സ്കൂളുകൾ അടച്ചുപൂട്ടിയശേഷവും ഇത്രയധികം സ്കൂളുകൾ നിലനിന്നിരുന്നു എന്നത് മാർ ദീവന്നാസ്യോയോസ് അഞ്ചാമൻ്റെ വിദ്യാഭ്യാസ വിപ്ലവത്തിൻ്റെ വ്യാപ്തി വെളിവാക്കുന്നു. സ്കൂളുകളുടെ നടത്തിപ്പിലും മാർ ദീവന്നാസ്യോസ് തൻ്റെ ഭരണതന്ത്രജ്ഞത പ്രകടമാക്കി. കോട്ടയം എം.ഡി സെമിനാരിയിൽ സ്കൂളുകളുടെ കോർപ്പറേറ്റ് ഓഫീസ് ആരംഭിക്കുകയും സ്കൂൾ ഇൻസ്പെക്ടർമാരെ നിയമിക്കുകയും ചെയ്തു. ഗ്രാന്റ് കിട്ടുന്നതിൽ 11 മാസത്തെ ശമ്പളവും വാദ്ധ്യാൻമാർക്ക് ക്രമമായി നൽകി. ഒരു ഭാഗം മാത്രമാണ് പൊതു ചിലവിനെടുത്തത്. അർഹരായവർക്ക് പൂർണ്ണ ശമ്പളവും അദ്ദേഹം നൽകി. അന്ന് മറ്റു സമുദായങ്ങൾ രണ്ടും അതിലധികവും മാസത്തെ ശമ്പളം കൈവശപ്പെടുത്തിയിരുന്ന സ്ഥാനത്താണിത്. (കേരളത്തിൻ്റെ വിധി നിർണ്ണയിച്ച മാർ ദീവന്നാസ്യോസിൻ്റെ വിദ്യാഭ്യാസ വിപ്ലവം. – ഡോ. എം. കുര്യൻ തോമസ്)

കേരള നവോത്ഥാനം ക്രമാനുഗതമായ വളർച്ചയാണ് പ്രാപിച്ചത്. 1853-ൽ തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ചു. 1859-ൽ ചാന്നാർ ലഹളയെത്തുടർന്ന് താഴ്ന്ന ജാതിയിൽപ്പെട്ടവർ എന്നു പറയപ്പെട്ട സ്ത്രീകൾക്ക് മാറ് മറക്കുവാൻ അനുവാദം ഉണ്ടായി. അങ്ങനെ 1940-കളിലെ ക്ഷേത്ര പ്രവേശന ഉത്തരവുകളിലൂടെ അത് ഏതാണ്ട് പൂർണത പ്രാപിച്ചു. ഇതിനിടയിലാണ് വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ സംഭവിച്ചത്. 1868-ൽ പ്രൈവറ്റ് സ്കൂളുകൾക്ക് ഗ്രാൻറ് നൽകുന്ന പതിവുണ്ടായി. മുലം തിരുന്നാളിൻ്റെ കാലമായപ്പോഴേക്കും ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ നിയമിക്കപ്പെട്ടു. പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി. മലബാർ ഭാഗത്ത് ബാസൽ മിഷനും വിദ്യാഭ്യാസ മേഖലയിൽ സജീവമായി ഇടപെട്ടു. ഈ കാലഘട്ടത്തിലാണ് മാർ ദീവന്നാസിയോസ് (ഇട്ടൂപ്പ് റമ്പാൻ) തൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതും. തുടർന്ന് 20-ാം നൂറ്റാണ്ടിൻ്റെ ആരംഭമായപ്പോഴേക്കും കേരളത്തിലെ തന്നെ ഏറ്റവും വലിയ കോർപ്പറേറ്റ് മാനേജരായതും.Copyright- www.ovsonline.in

നവോത്ഥാന കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ചത് ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങളാണ്. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ആശയവും അദ്ദേഹത്തിന്റേതാണ്. എന്നാൽ പ്രൊഫ. എ ശ്രീധരമേനോൻ തന്നെ ‘കേരളവും സ്വാതന്ത്ര്യസമരവും‘ എന്ന ഗ്രന്ഥത്തിൽ പറയുന്നത് തന്നെ നാരായണഗുരു പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത് 1887-ൽ ആണെന്നാണ്. എന്നാൽ മാർ ദീവന്നാസിയോസ് ആ സമയത്ത് തന്നെ 90-ഓളം വിദ്യാലയങ്ങളുടെ മാനേജരായിരുന്നു. മാർ ദീവന്നാസിയോസ് സ്ഥാപിച്ച വിദ്യാലയങ്ങളിൽ ബഹുഭൂരിഭാഗവും കോട്ടയം മുതൽ തെക്കോട്ട് കൊട്ടാരക്കര വരെയുള്ള ഭൂപ്രദേശത്തായിരുന്നു. ഇന്നും കേരളത്തിൽ ഏറ്റവുമധികം സാക്ഷരത ഉള്ളതും ആ പ്രദേശത്താണെന്നത് മാർ ദീവന്നാസിയോസിൻ്റെ പ്രവർത്തനങ്ങൾ പതിരായില്ല എന്നതിൻ്റെ ഉത്തമദൃഷ്ടാന്തവുമായി കണക്കാക്കാം. ഇവയിൽ നിന്നെല്ലാം തന്നെ കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തെ അപഗ്രഥിക്കുന്ന ഏതൊരാൾക്കും ഒഴിവാക്കാനാകാത്ത പേരാണ് മാർ ദീവന്നാസിയോസ് അഞ്ചാമന്റേതെന്നു നിസംശയം പറയാം. സാംസ്കാരികമായ ഉന്നമനം അക്ഷരങ്ങളിലൂടെ സ്വയത്തമാക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനായി ആണ് അദ്ദേഹം കുന്നംകുളത്ത് ജോസഫ് കത്തനാഴ്സ് പ്രസ് 1853-ൽ സ്ഥാപിച്ചത്. നസ്രാണിദീപികയും മനോരമയും ഒക്കെയും ആരംഭിക്കുന്നതിന് മുൻപ് 1872-ൽ അദ്ദേഹം കേരള പതാക എന്ന പത്രം സ്ഥാപിച്ചു. ഇതൊക്കെയും അക്ഷരങ്ങളോടും വിദ്യാഭ്യാസ മേഖലയോടും തൻമൂലമുള്ള സാംസ്കാരിക പുരോഗമനത്തോടുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. വിദ്യാഭ്യാസരംഗത്തെ വളർച്ചയും മാറ്റവും നവോത്ഥാന നിർമ്മിതിയെ സ്വാധീനിച്ച വലിയൊരു ഘടകമായി പരിഗണിക്കുമ്പോഴാണ് നവോത്ഥാന കേരളത്തിൻ്റെ നിർമ്മിതിയിൽ മാർ ദീവന്നാസിയോസിൻ്റെ സംഭാവനകളുടെ അതുല്യത വ്യക്തമാക്കുന്നത്. പക്ഷേ എന്തുകൊണ്ടോ അത് പൂർണമായി തമസ്കരിക്കപ്പെട്ടിട്ടുള്ള ഒരു ചരിത്രമാണ് നമ്മുടെ മുൻപിൽ ഉള്ളത്. അതിൽ ഒരു പൊളിച്ചെഴുത്ത് കാലം ആവശ്യപ്പെടുന്നതാണ്.

ഡെറിൻ രാജു
www.ovsonline.in Copyright- www.ovsonline.in

എന്താണ് മലങ്കര സഭയിലെ തർക്കം? – ഭാഗം മൂന്ന്

Facebook
error: Thank you for visiting : www.ovsonline.in