Ancient ParishesOVS - Latest News

മുളക്കുളം മോര്‍ യൂഹാനോന്‍ ഈഹിദോയോ വലിയ പള്ളി: ചരിത്രവഴികളിലൂടെ

Copyright- www.ovsonline.inപരിശുദ്ധ സഭയില്‍ ഈ പ്രദേശത്ത് 884 വര്‍ഷമായി ആത്മീയ പരിപോഷണം നല്കികൊണ്ടിരിക്കുന്ന തെളിനീരുറവയാണ് മോര്‍ യൂഹാനോന്‍ ഈഹിദോയോ ഓര്‍ത്തഡോക്‌സ് വലിയ പള്ളി. പരിശുദ്ധ സഭാചരിത്രത്തില്‍ ഈ പള്ളിയുടെ ചരിത്രവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലദേശ ഭേദങ്ങള്‍ക്കു ഉപരിയായി മലങ്കര നസ്രാണികളുടെ ആഢ്യത്വവും പൗരാണികതയും തദ്ദേശീയതയും തനതായ സംസ്‌കാരവും സംവേദിപ്പിക്കുന്ന ദിവ്യമായ ഒരു ദേവാലയമാണ് മുളക്കുളം വലിയപള്ളി. എ.ഡി. 1498-ല്‍ ഇന്ത്യയിലേക്കു വന്ന പോര്‍ട്ടുഗീസ് നാവികന്‍ വാസ്‌ക്കോഡിഗാമായെ പിന്തുടര്‍ന്ന് പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ എത്തി. തുടര്‍ന്നുള്ള 155 വര്‍ഷങ്ങള്‍ക്കിടയില്‍ പോര്‍ട്ടുഗീസുകാര്‍ മലങ്കരയില്‍ സംജാതമാക്കിയ വിഭാഗീയതയും അടിച്ചമര്‍ത്തലും മലങ്കര നസ്രാണികളിലെ പോരാട്ടവീര്യം 1653-ലെ കൂനന്‍ കുരിശു സത്യത്തിലേക്ക് നയിച്ചു. ഈ സഭയില്‍ നിന്നും 1853-ല്‍ റോമന്‍ കത്തോലിയ്ക്കരും 1772-ല്‍ തൊഴിയൂര്‍ സഭയും 1840-ല്‍ സി.എം.എസ്. മിഷനറിമാരും 1889-ല്‍ നവീകരണക്കാരും 1930-ല്‍ മലങ്കര റീത്തുകാരും 2002-ല്‍ പുത്തന്‍കുരിശു സൊസൈറ്റിക്കാരും പിരിഞ്ഞുപോയി എന്ന യഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളണം. ഈ പൗരാണിക സഭയെ സര്‍വ്വശക്തനായ ദൈവം കരുതുന്നതുകൊണ്ട് ഇന്നും നിലനില്‍ക്കുന്നു. ഇനിയും നിലനില്‍ക്കും. ഇടവക ബന്ധങ്ങളുടെ മൂല്യവും മഹത്വവും മനസ്സിലാക്കാതെ, സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ ചരിത്രബന്ധങ്ങള്‍ മറന്ന് പ്രവര്‍ത്തിക്കുന്ന ഇക്കാലത്ത് ഇതു പോലുള്ള ലേഖനങ്ങള്‍ക്ക് വളരെ പ്രസക്തി ഉണ്ട്. ചരിത്ര പഠനങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാമിന്നു ജീവിക്കുന്നത്. ചരിത്രാവബോധത്തിൻ്റെ അഭാവമാണ് ഇന്നത്തെ പല പ്രതിസന്ധികളുടേയും കാരണം. ഓരോ രാജ്യത്തിനും പ്രദേശത്തിനും എന്നപോലെ ദേവാലയങ്ങള്‍ക്കും അതിന്റേതായ ചരിത്രവും തനിമയുമുണ്ട്. തങ്ങളുടെ ദേവാലയത്തിൻ്റെ ഉത്ഭവവും ചരിത്രവും പൗരാണികതയും ആഴമായി അറിയുന്നതു വഴി തങ്ങളുടെ പൂര്‍വ്വീകര്‍ കടന്നു പോന്ന പാതകളില്‍ അവര്‍ക്കു ലഭിച്ച ദൈവീക പരിപാലനയെക്കുറിച്ച് അറിയുന്നതിനും, ആ പരിപാലനയില്‍ ആശ്രയിച്ച് സ്‌നേഹത്തിലും ഐക്യതയിലും കൂട്ടായ്മയിലും ജീവിക്കുന്നതിനും ഇടവകാംഗങ്ങള്‍ക്ക് സാധിക്കുന്നു. ചരിത്രമാണ് എല്ലാറ്റിന്റെയും ജീവനാഡി. കാലങ്ങളെ ബന്ധിപ്പിക്കുന്നതും സംഭവങ്ങളെ കോര്‍ത്തിണക്കുന്നതും ചരിത്രമാണ്. ചരിത്രം നഷ്ടപ്പെട്ടാല്‍ സംഭവങ്ങള്‍ നിര്‍ജ്ജീവമാകുന്നു. ഭൂതകാലനേട്ടങ്ങളെല്ലാം വിസ്മൃത കോടിയില്‍ തള്ളപ്പെടുന്നു. കാലം എത്ര കഴിഞ്ഞാലും ചരിത്രത്തില്‍ കൂടിയും സ്ഥാപനങ്ങളില്‍ കൂടിയും മാത്രമേ ഒരു വ്യക്തിക്ക് ഭാവിതലമുറയില്‍ ഫലകരമായി ജീവിക്കുവാന്‍ സാധിക്കുകയുള്ള. ഈ പരമാര്‍ത്ഥം ഒരു പരിധിവരെ മനസ്സിലാക്കിക്കൊണ്ട് ഇപ്പോള്‍ മുളക്കുളം വലിയപള്ളിയുടെ ചരിത്ര സംഭവങ്ങളെ വെളിച്ചത്തു കൊണ്ടുവരുവാന്‍ ഉത്സാഹിച്ചു കാണുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമായ ഒരു പ്രദേശമാണ് മുളക്കുളം. പടിഞ്ഞാറ് മുവാറ്റുപുഴയാറിനും തെക്കു പെരുവയ്ക്കും വടക്ക് പിറവത്തിനും കിഴക്ക് ഇലഞ്ഞിയുടെ പടിഞ്ഞാറുഭാഗത്തിനും ഇടയ്ക്കു സ്ഥിതിചെയ്യുന്ന ശാലീനസുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മുളക്കുളം. വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ ഗ്രാമം ഇന്ന് കോട്ടയം, എറണാകുളം ജില്ലകളിലായി കിടക്കുന്നു. പുഞ്ചപ്പാടങ്ങളാലും ചെറിയകുന്നിന്‍ പ്രദേശങ്ങളാലും ഫലഭൂവിഷ്ടമായ കൃഷിയിടങ്ങളാലും അനുഗൃഹീതമായ ഈ ഗ്രാമത്തില്‍ നാനാജാതി മതസ്ഥര്‍ ഏകോദരസഹോദരങ്ങളെപ്പോലെ കൂട്ടായ്മയില്‍ ഇവിടെ ജീവിക്കുന്നു. പുരാതകാലം മുതല്‍ക്കു തന്നെ ശക്തമായ ഒരു ക്രൈസ്തവ സമൂഹം ഇവിടെ ഉണ്ടായിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ പ്രദേശത്തു അതിപുരാതന ദേവാലയം. പള്ളിപ്പുറം, കടുത്തുരുത്തി, കുറവിലങ്ങാട് തുടങ്ങിയ അതിപുരാതന ക്രൈസ്ത കേന്ദ്രങ്ങളില്‍ നിന്നും കുടിയേറിപാര്‍ത്തവരാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹത്തില്‍ ഭൂരിപക്ഷമെന്ന് കരുതുന്നു. Copyright- www.ovsonline.in

 

മുളക്കുളം വലിയപള്ളിയുടെ ആദ്യകാല ചരിത്രം
ആദ്യകാലഘട്ടത്തില്‍ പിറവം, മുളക്കുളം പ്രദേശങ്ങളിലുള്ള ക്രൈസ്തവരുടെ ആരാധനാ കേന്ദ്രം കോലഞ്ചേരിയ്ക്കടുത്തുള്ള കോട്ടൂര്‍ പള്ളിയായിരുന്നു എന്ന് പറയപ്പെടുന്നു. പിന്നീട് ഏതാണ്ട് 6-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ പിറവം സെന്റ് മേരീസ് വലിയപള്ളി ആരാധനാകേന്ദ്രമായി മാറി. മുളക്കുളം പ്രദേശത്തു ഇവരുടെ ആത്മീയ കാര്യങ്ങള്‍ പിറവം വലിയപള്ളിയില്‍ നിന്നും നിര്‍വ്വഹിച്ചു പോന്നു. എന്നാല്‍ കാലാന്തരത്തില്‍ മുളക്കുളം പ്രദേശത്ത് ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ സൗകര്യത്തെ ഉദ്ദേശിച്ച് തങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നടത്തുന്നതിന് മുളക്കുളത്ത് ഒരു ദേവാലയം വേണമെന്നുള്ള ആഗ്രഹം പൂര്‍വ്വീകരില്‍ ഉണ്ടാകുകയും ആയതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. അന്നത്തെ ഭരണാധികാരിയായിരുന്ന വടക്കുംകൂര്‍ രാജാവിൻ്റെ സമാന്തരാജാവായ വേമ്പനാട്ടു രാമന്‍ രാമവര്‍മ്മരായ കോയിലധികാരികള്‍ ചെമ്പേട്ടില്‍ പള്ളിയ്ക്ക് സ്ഥലം അനുവദിച്ച് വട്ടമലനിരപ്പ് എന്ന ഭാഗം ദാനമായി നല്കുകയുണ്ടായി. ദാനമായി കിട്ടിയ ഈ സ്ഥലത്ത് എ.ഡി. 1134-ല്‍ വിശദ്ധ ദൈവമാതാവിൻ്റെ നാമത്തില്‍ ഒരു കുരിശുപുരകെട്ടി (ഇപ്പോഴുള്ള പള്ളിയുടെ പടിഞ്ഞാറുഭാഗത്ത്) നസ്രാണി കുടുംബങ്ങള്‍ ആരാധന ആരംഭിച്ചു. കാലാകാലങ്ങളില്‍ ആയത് പുതുക്കിപ്പണിതും കേടുപാടുകള്‍ തീര്‍ത്തും ആരാധനയും വിശുദ്ധ കുര്‍ബ്ബാനയും നടത്തിപ്പോന്നു.

ബിഷപ്പ് മെനേസ്സിസ്സിൻ്റെ സന്ദര്‍ശനവും അനന്തര ഫലങ്ങളും
മുളക്കുളം പ്രദേശത്ത് ഒരു ക്രൈസ്തവ ദേവാലയം ഉണ്ടായി 465 വര്‍ഷങ്ങള്‍ക്കു ശേഷം ഗോവാ ബിഷപ്പായിരുന്ന മാര്‍ അലക്‌സിസ് മെനേസ്സിസ്സ് ഉദയംപേരൂര്‍ സുന്നഹദോസ് കഴിഞ്ഞ് 1599-ല്‍ പിറവം പള്ളി സന്ദര്‍ശനത്തിനു വന്ന അവസരത്തില്‍ മുളക്കുളത്ത് സ്ഥിതി ചെയ്ത സെന്റ് മേരീസ് ദേവാലയത്തിലും സന്ദര്‍ശനം നടത്തുകയുണ്ടായി. ബിഷപ്പ് മെനേസ്സിസ്സ് മലങ്കരയില്‍ സന്ദര്‍ശിച്ച പള്ളികളില്‍ ഒന്നായിരുന്നു മുളക്കുളം പള്ളിയും. 1599 ജൂലൈ മാസം 20-ാം തീയതി (കര്‍ക്കിടകം 7) പള്ളി പുതുക്കിപ്പണിയുന്നതിനായി (ഇപ്പോള്‍ സ്ഥിതി ചെയ്യുന്നിടത്ത്) മെത്രാപ്പോലീത്തായുടെ നാമകരണനായ അലക്‌സിസ് (അല്ലേശ്) പുണ്യവാൻ്റെ നാമധേയത്തില്‍ കല്ലിട്ടു പള്ളി പണിക്ക് അനുമതി തന്നു. എല്ലാവരും കൂടി പള്ളി പണി നടത്തി ആരാധനയും വി. കുര്‍ബ്ബാനയും തുടര്‍ന്നു പോന്നു. ഇന്നു കാണുന്ന പള്ളി പോര്‍ട്ടുഗീസ് ശൈലിയിലും കലയിലും പണിതിട്ടുള്ളതാണ്. ഉദയംപേരൂര്‍ സുന്നഹദോസില്‍ സംബന്ധിച്ചിരുന്ന പള്ളികളുടെ ലിസ്റ്റില്‍ മുളക്കുളം പള്ളിയുമുണ്ട്. അവിഭക്ത മലങ്കര സഭയെ റോമിനു കീഴില്‍ കൊണ്ടുവരുവാന്‍ പ്രതിജ്ഞാബദ്ധരായ ഇദ്ദേഹം കൊച്ചിയിലെത്തി ഇവിടുത്തെ സഭാ ഭരണാധിപനായിരുന്ന ഗീവര്‍ഗീസ് അര്‍ക്കദിയാക്കോൻ്റെ പ്രതിഷേധത്തെ വകവയ്ക്കാതെ നിരവധി പേര്‍ക്ക് പട്ടം കൊടുത്തു. അദ്ദേഹം പള്ളികളില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ അവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങള്‍ ഉദയംപേരൂര്‍ സുന്നഹദോസ് തീരൂമാനങ്ങള്‍ക്കനുസൃതമായി തിരുത്തുകയും തിരുത്തുവാനാവാത്ത ഗ്രന്ഥങ്ങള്‍ അഗ്നിയ്ക്കിരയാക്കുകയും ചെയ്തു. മുളക്കുളം പള്ളിയില്‍ സന്ദര്‍ശിച്ച അദ്ദേഹം ചെയ്തത് വി. ദൈവമാതാവിൻ്റെ നാമധേയം മാറ്റി മാര്‍ അല്ലേശ് എന്നാക്കി എന്നുള്ളതാണ്. അതോടൊപ്പം രൂപങ്ങളും രൂപകൂടുകളും ഇവിടെ സ്ഥാപിച്ചു. 1599 നവംബര്‍ 16-ന് മെനേസ്സിസ്സ് ഗോവായിലേക്ക് മടങ്ങുകയും 1609 -ല്‍ പോര്‍ച്ചുഗലിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. Copyright- www.ovsonline.in

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കൂനന്‍കുരിശ് സത്യവും തുടര്‍ സംഭവങ്ങളും
എ.ഡി. 1653-ലെ കൂനന്‍ കുരിശു സത്യത്തിനു ശേഷം ഒന്നായിരുന്ന ക്രൈസ്തവ സമൂഹം രണ്ടായി വിഭജിക്കപ്പെട്ടു. 1599-നു ശേഷം 54 വര്‍ഷം കഴിഞ്ഞ് 1653-ല്‍ മലങ്കരസഭ അതിൻ്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ആ വിവേചന പ്രതിജ്ഞ കൂനന്‍ കുരിശു സത്യം എന്ന പേരില്‍ അറിയപ്പെട്ടു. റോമന്‍ ആധിപത്യം ഉപേക്ഷിക്കുവാന്‍ തയ്യാറായ സഭയുടെ അപേക്ഷ പ്രകാരം അലക്‌സന്ത്രിയാ പാപ്പാ (കോപ്റ്റിക് പാത്രിയർകീസ്) ഇന്ത്യ-ചൈനാ പ്രദേശങ്ങളിലെ പാത്രിയര്‍ക്കീസായി മോര്‍ ഇഗ്നാത്തിയോസ് അഹത്തുള്ളായെ അയച്ചു. അദ്ദേഹം ബന്ധസ്ഥിതനായി. മലങ്കര സഭ അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ കഠിന ശ്രമം നടത്തി. എങ്കിലും വിഫലമായി. പോര്‍ട്ടുഗീസ് അധികാരികള്‍ അദ്ദേഹത്തെ കൊച്ചിക്കായലില്‍ കെട്ടിത്താഴ്ത്തിക്കൊന്നു. അഭിമാന വിജ്യംഭിതനായ മലങ്കര നസ്രാണികള്‍ മട്ടാഞ്ചേരി പള്ളിയിലെ കുരിശില്‍ ആലാത്തുകെട്ടി അതില്‍ പിടിച്ച് റോമന്‍ ആധിപത്യത്തിനെതിരെ ഉഗ്രമായ ശപഥം പ്രഖ്യാപിച്ചു. സന്തതിയുള്ള കാലംവരെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ റോമാ വിശ്വാസം സ്വീകരിക്കുകയോ മാര്‍പാപ്പായുടെ അധികാരത്തിന് വിധേയരാകുകയോ ചെയ്യുകയില്ല. എന്ന് പ്രതിജ്ഞ ചെയ്തു. അങ്ങിനെ രണ്ടായി മലങ്കരസഭാ മക്കള്‍ വിഭജിയ്ക്കപ്പെട്ടു എങ്കിലും രണ്ടു വിഭാഗക്കാരും 1834 വരെ ഒരേ പള്ളിതന്നെ ഉപയോഗിച്ചു ആരാധന നടത്തിപ്പോന്നു. ദീര്‍ഘകാലം ഇരുവിഭാഗവും യാതൊരു സംഘര്‍ഷവുമില്ലാതെ സ്‌നേഹത്തോടും ഐക്യമത്യത്തോടും കൂടി ഈ മാതൃ ദേവാലയം ഉപയോഗിച്ചു പോന്നിരുന്നു എന്നത് അവിസ്മരണീയമാണ്. തന്നെയുമല്ല കൂനന്‍ കുരിശു സംഭവാനന്തരം മാര്‍ത്തോമ്മാ മെത്രാൻ്റെ കീഴില്‍ വന്ന 44 പള്ളികളില്‍ ഒന്നായിരുന്നു മുളക്കുളം വലിയ പള്ളിയും.

1835-ല്‍ കത്തോലിക്കാസഭാ വിഭാഗത്തിൻ്റെ വികാരിയായിരുന്ന പാറേക്കാട്ടില്‍ ബഹു. ചാണ്ടി കുരുവിള കത്തനാരും പള്ളി പ്രതിനിധികളായിരുന്ന പെരിയപ്പുറത്ത് തൊമ്മന്‍ മത്തനും കുഴികണ്ടത്തില്‍ തൊമ്മന്‍ മത്തായിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വികാരിയായിരുന്ന മൂസ്സേടത്ത്മുറന്തുക്കില്‍ ബഹു. ചാക്കോ കുരുവിള കത്തനാരും പള്ളി പ്രതിനിധികളായിരുന്ന മൂസ്സേടത്ത് മൂറന്തുക്കില്‍ പൗലോസ് ചാണ്ടിയും, ചേന്ദംപ്പിള്ളില്‍ ഇട്ടന്‍ കുര്യനും, തൈക്കൂട്ടത്തില്‍ പൈലി പൈലിയും ശേഷം യോഗക്കാരും ചേര്‍ന്ന് പള്ളി വക സ്വത്തുക്കള്‍ ഭാഗിച്ചു. മുഴുവന്‍ സ്ഥാവരസ്വത്തുക്കളും മുപ്പത്തി ആറായിരം ചക്രം വില നിശ്ചയിച്ച് ഒന്നു പാതി പതിനെണ്ണായിരം ചക്രം കത്തോലിയ്ക്കാ വിഭാഗത്തിന് കൊടുത്ത് എല്ലാ അവകാശങ്ങളും മലങ്കരസഭക്ക് വാങ്ങിയ്ക്കുകയുണ്ടായി. അതില്‍ പ്രകാരം സഭയ്ക്കുവേണ്ടി മൂറന്തുക്കില്‍ ബഹു. കുര്യാള കത്തനാര്‍, ചേന്ദംപ്പിള്ളില്‍ ഇട്ടന്‍ കുരിയത്, തൈക്കൂട്ടത്തില്‍ പൈലി പൈലി പേര്‍ക്ക് തീറു വാങ്ങിക്കുകയും ചെയ്തു. ജംഗമ സാധനങ്ങളും ഇതോടൊന്നിച്ച് ഭാഗിച്ചെടുത്തു. ഇതില്‍ പ്രധാനപ്പെട്ടവ പ. കന്യക മറിയാമ്മിൻ്റെയും, വി. അല്ലേശ് പുണ്യവാൻ്റെയും തിരുസ്വരൂപങ്ങളും പള്ളി മണിയുടെ ഒരു ഭാഗവും ആയിരുന്നു. മുളക്കുളം വലിയപള്ളിയില്‍ നിന്ന് അവകാശം വാങ്ങി പിരിഞ്ഞ കത്തോലിയ്ക്കാ സഭാ വിഭാഗം 1835 തുലാമാസ 15-ാം തീയതി കോമച്ചന്‍ കുന്ന് എന്ന സ്ഥലത്ത് വി. ദൈവമാതാവിൻ്റെ നാമത്തില്‍ കല്ലിട്ട് പള്ളി പണി ആരംഭിച്ച് പൂര്‍ത്തിയാക്കി ആരാധന നടത്തിപ്പോരുന്നു.

പരി. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസിൻ്റെ സന്ദര്‍ശനവും തുടര്‍ സംഭവങ്ങളും
മലങ്കര സഭ സന്ദര്‍ശിച്ച ആദ്യത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്. 1875-ല്‍ അദ്ദേഹം മലങ്കരയില്‍ എത്തി. 1873-ല്‍ അദ്ദേഹം മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന് രൂപം നല്കി. 1876-ല്‍ മുളന്തുരുത്തി സുന്നഹദോസില്‍ വച്ച് ആയത് പ്രാവര്‍ത്തികമാക്കുകയും മാനേജിംഗ് കമ്മറ്റി എന്നിവയ്ക്ക് വിപുലമായ അടിത്തറ നല്കുകയും ചെയ്തു. മലങ്കരസഭയെ സിറിയന്‍ സഭയുടെ കോളനിയാക്കാനുള്ള പരിശ്രമം നടത്തുകയും ചെയ്തു. എങ്കിലും അതൊന്നും വേണ്ടത്ര വിജയിച്ചില്ല. 1876 ആഗസ്റ്റ് 27-ന് മുളന്തുരുത്തിയില്‍ വച്ച് അദ്ദേഹം മൂറോന്‍ കൂദാശ നിര്‍വ്വഹിച്ചു. 1876-ല്‍ പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഈ പള്ളി സന്ദര്‍ശിക്കുകയുണ്ടായി. തദവസരത്തില്‍ സുറിയാനി സഭയിലെ ഒരു പരിശുദ്ധനായി ഗണിയ്ക്കാതിരുന്ന മാര്‍ അല്ലേശിൻ്റെ നാമധേയം മാറ്റി താപസശ്രേഷ്ഠനും ഏകാന്തവാസിയുമായിരുന്ന മോര്‍ യൂഹാന്നോന്‍ ഈഹിദോയോയുടെ നാമത്തില്‍ പള്ളി പുനര്‍നാമകരണം ചെയ്തു. അതോടൊപ്പം ഇ പള്ളിയിലെ പ്രധാനപെരുന്നാള്‍ മോര്‍ അഹത്തുള്ളാ ബാവായുടെ ഓര്‍മ്മപ്പെരുന്നാളായി നടത്തുവാനും നിശ്ചയിച്ച് നടപ്പാക്കുകയും ചെയ്തു. ആ പെരുന്നാളാണ് മകരം 3 തീയതി പെരുന്നാള്‍ എന്നറിയപ്പെടുന്നത്. Copyright- www.ovsonline.in

ഈ പള്ളിയില്‍ നിന്ന് മറ്റ് ഇവടകള്‍ രൂപം കൊള്ളുന്നു.
മുളക്കുളം വലിയപള്ളിയിലെ പട്ടക്കാരില്‍ ഒരാളായിരുന്ന പുത്തൂര് ബ. കുര്യന്‍ മര്‍ക്കോസ് കത്തനാരുടെ താല്പര്യപ്രകാരം മുളക്കുളം തെക്കേക്കര, പെരുവ, കുന്നപ്പിള്ളി മുതലായ ദേശങ്ങളിലെ നസ്രാണിമാര്‍ക്ക് സ്വതന്ത്രീയ ആരാധന നടത്തുന്നതിനു വേണ്ടി 1885 ജനുവരി 28-ന് (എം.ഇ.1060 മകരം 15) തെക്കേക്കരയില്‍ മണ്ണുക്കുന്നു മലയില്‍ ഒരു ദേവാലയം സ്ഥാപിച്ച് ഈ പള്ളിയില്‍ നിന്ന് പിരിഞ്ഞുപോയിട്ടുള്ളതാണ്. ഇടവകയിലെ കിഴക്കു ഭാഗത്തുള്ളവരുടെ സൗകര്യത്തിനായി കര്‍മ്മേല്‍ക്കുന്നില്‍ 1903 ജൂണ്‍ മാസം 14 -ന് കല്ലിട്ട് പള്ളി പണിത് പിരിഞ്ഞ് ഇടവക സ്ഥാപിക്കുകയും ചെയ്തു. ഇങ്ങിനെ മണ്ണുക്കൂന്ന് സെന്റ് മേരീസ്, കര്‍മ്മേല്‍ക്കുന്ന് സെന്റ് ജോര്‍ജ്ജ്, കുളമ്പൂര്‍ സെന്റ് ജോര്‍ജ്ജ് എന്നീ പള്ളികള്‍ പുതുതായി ഇടവക രൂപം പ്രാപിച്ച് പോയിട്ടുള്ളതാണ്.

1958 -നു ശേഷം
മലങ്കരസഭയിലെ ഭിന്നതകള്‍ ഉളവായ അവസരത്തില്‍ ഈ പള്ളിയിലും കേസ്സുണ്ടാകുകയും 1958 -ലെ ബ. സുപ്രീംകോടതി വിധി വന്നപ്പോള്‍ ഈ ഇടവകയിലും സമീപത്തുമുള്ള പാത്രിയര്‍ക്കീസ് വിഭാഗം കൊട്ടാരക്കുന്ന് പള്ളി സ്ഥാപിച്ചും കാരിക്കോട് പ്രദേശത്തുള്ള അന്ത്യോഖ്യാ വിശ്വാസികള്‍ക്കായി ചാലപ്പുറത്ത് ബ. ഗീവര്‍ഗീസ് കത്തനാരുടെ നേതൃത്വത്തില്‍ കാരിക്കോട് സെന്റ് മേരീസ് പള്ളി സ്ഥാപിച്ചും പിരിഞ്ഞു പോയിട്ടുള്ളതാണ്. പിന്നീട് 1959 -ല്‍ ഫെബ്രുവരി 29 തീയതി കൂടിയ മുളക്കുളം വലിയ പള്ളി പൊതുയോഗത്തില്‍ ഈ പള്ളിയുടെ ഭരണം 1934-ലെ ഭരണഘടന അനുസരിച്ചും കാതോലിക്കേറ്റ് സിംഹാസനത്തിൻ്റെ കീഴിലും മാത്രമേ പോകാവു എന്നും ഭരണഘടന അനുസരിയ്ക്കാത്തവരുടെ ആത്മീയ ദിഷ്ടതികള്‍ നടത്തിക്കൊടുക്കുവാന്‍ പാടില്ല എന്നും ഐക്യകണ്‌ഠ്യേന നിശ്ചയിച്ചിട്ടുള്ളതാണ്. ഇങ്ങിനെ സഭാഭരണഘടന പ്രകാര ഭരിയ്ക്കപ്പെട്ടു പോന്ന ഇടവകയില്‍ 1975-ല്‍ വീണ്ടും കക്ഷിഭിന്നതകള്‍ ഉടലെടുക്കുകയും കേസ് വീണ്ടും ആരംഭിയ്ക്കുകയും ചെയ്തു. അന്ന് വികാരിയായിരുന്ന മുറന്തൂക്കില്‍ ബ. അലക്‌സാണ്ടര്‍ കത്തനാരെ വികാരി സ്ഥാനത്തു നിന്ന് നീക്കം ചെയ്ത് തല്‍സ്ഥാനത്ത് പോത്താറയില്‍ ബ. പി.യു. കുര്യാക്കോസ് കത്തനാരെ ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ജോസഫ് മാര്‍ പക്കോമിയോസ് തിരുമേനി നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് 1984 -ല്‍ വീണ്ടും ഈ പള്ളി സംബന്ധിച്ച് വിഘടിത വിഭാഗം ഒ.എസ്. നമ്പര്‍ 13 ആയി കേസ് കൊടുക്കുകയും 18 വര്‍ഷക്കാലം കേസ് നടത്തിയതിനുശേഷം 2002 ഒക്‌ടോബര്‍ 31 തീയതി ബ. എറണാകുളം ജില്ലാ കോടതി വിധി പ്രസ്താപിക്കുകയുണ്ടായി. ആ വിധിയില്‍ ഈ പള്ളി 1934-ലെ ഭരണഘടന പ്രകാരം ഭരിയ്ക്കപ്പെടേണ്ടതാണെന്നും പള്ളിയില്‍ രണ്ടുകക്ഷികള്‍ക്ക് സംഗത്യ ഇല്ല എന്നു അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

എന്നാല്‍ വീണ്ടും വിഘടിത വിഭാഗം പള്ളിയില്‍ സമാധന ലംഘനത്തിന് നേതൃത്വം കൊടുക്കുകയും പള്ളി റെസീവര്‍ ഭരണത്തിലാവുകയും ചെയ്തു. തുടര്‍ന്നുണ്ടായ കേസ് നടപടികളില്‍ പാത്രിയര്‍ക്കീസ് വിഭാഗം ഇനി മേലില്‍ ഈ വിഷയം സംബന്ധിച്ച് യാതൊരുവിധ കേസ്സുകളും കൊടുക്കുവാന്‍ തങ്ങള്‍ക്ക് അവകാശമില്ല എന്ന് രേഖാമൂലം സമ്മതിച്ച് ബഹ. ഹൈക്കോടതിയില്‍ കൊടുക്കുകയും അപ്രകാരം ഒ.എസ്.13/84 കേസ് പിന്‍വലിച്ച് പോയിട്ടുള്ളതുമാണ്. ബ. ഹൈക്കോടതിയുടെ 2015 -ലെ ഉത്തരവനുസരിച്ച് മുളക്കുളം വലിയപള്ളിയുടെ ഭരണം, മേല്‍നോട്ടം, കൈവശം എന്നിവ കേസ് ആരംഭിച്ചപ്പോള്‍ ഉള്ള വികാരിയും കൈക്കാരന്മാരുമായ ബ. പി.യു. കുര്യാക്കോസ് കത്തനാര്‍, ശ്രീ. വര്‍ക്കി വര്‍ഗീസ് ആനക്കോട്ടില്‍, ശ്രീ. മര്‍ക്കോസ് പൈലി തൈക്കുട്ടത്തില്‍ എന്നിവരില്‍ നിക്ഷിപ്തമായിത്തീരുകയും ചെയ്തു. അപ്രകാരം റെസീവര്‍ പള്ളിയുടെ താക്കോലുകളും റിക്കാര്‍ഡുകളും വികാരി ഫാ. പി. യു. കുര്യാക്കോസിനേയും കൈക്കാരന്മാരേയും ഏല്പിച്ചു കൈമാറുകയുണ്ടായി. എന്നാല്‍ പിന്നീടും പാത്രിയര്‍ക്കീസ് വിശ്വാസികള്‍ പള്ളിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകുയം രാഷ്ട്രീയ സ്വാധീനം ചെലുത്തുകയും ചെയ്തതിൻ്റെ ഫലമായി മൂവാറ്റുപുഴ ആര്‍.ഡി.ഒ. പള്ളി കസ്റ്റഡിയിലെടുക്കുകയും പൂട്ടി സീല്‍ ചെയ്യുകയുമുണ്ടായി. ഇതിനെതിരായി പള്ളി ബ. ഹൈക്കോടതിയെ സമീപിച്ച് ആര്‍.ഡി.ഒ. യെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്തു. 2018 ജനുവരി 15 -ന് ഹൈക്കോടതി വിധി പ്രസ്താപിച്ചു. ആ വിധിയില്‍ ആര്‍.ഡി.ഒ. നിയമനുസരണമല്ലാത്ത പ്രവര്‍ത്തിയാണ് ചെയ്തതെന്നും അതിന് അവര്‍ക്ക് അവകാശമില്ലെന്നും താക്കോലുകള്‍ തിരിച്ചേല്‍പ്പിക്കാനും ഉത്തരവായി. പൂര്‍ണ്ണമായും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉടമസ്ഥതയിലും ഭരണത്തിലും അധീനതയിലും മാത്രമേ പോകാവു എന്നുള്ള ബ. ഹൈക്കോടതി വിധി അനുസരിച്ച് 2018 ജനുവരി 20-ന് പള്ളിയുടെ താക്കോല്‍ വികാരി ഫാ. പി.യു. കുര്യാക്കോസിനെ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഏല്‍പ്പിക്കുകയും പള്ളി തുറന്ന് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. അന്നേദിവസം തന്നെ ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് സേവേറിയോസ് തിരുമേനി പള്ളിയില്‍ എഴുന്നുള്ളുകയും സന്ധ്യാനമസ്‌കാരത്തിന് നേതൃത്വം കൊടുക്കുകയും പിറ്റേദിവസം അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികതത്വത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാ ഞായറാഴ്ചയും മാറാനായ ദിവസങ്ങളും മുടങ്ങാതെ നടത്തിപ്പോരുന്നു. പിന്നീട് നടത്തിയ പള്ളി പൊതുയോഗത്തിലും കമ്മറ്റിയോഗങ്ങളിലും പള്ളിയുടെ ശോചനീയാവസ്ഥ മാറ്റി പള്ളിയുടെ പഴമയും പൗരാണികതയും കലാശില്പങ്ങളും വ്യത്യാസം വരുത്താതെ പുതുക്കിപണിയുന്നതിന് തീരുമാനിക്കുകയും ആയത് ഭദ്രാസന മെത്രാപ്പോലീത്താ അംഗീകരിക്കുകയും ചെയ്തു. പണികള്‍ക്ക് നേതൃത്വം കൊടുത്ത വികാരി ബഹു. പോത്താറയില്‍ ജോണ്‍ കുര്യാക്കോസ് കത്തനാര്‍, അസി. വികാരി ബ. ഗീവര്‍ഗീസ് ജോണ്‍ കത്തനാര്‍, കൈക്കാരന്‍ ശ്രീ പൈലി മര്‍ക്കോസ്, സെക്രട്ടറി സ്രീ. ബേബി പാറശ്ശേരില്‍, മറ്റ് കമ്മറ്റി അംഗങ്ങള്‍ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇടവകാംഗങങളും അഭ്യുതകാംക്ഷികളും ദേവാലയത്തിനകവും പുറവും സുന്ദരമാക്കുന്നതിന് രാപകല്‍ അധ്വാനിക്കുകയും സാമ്പത്തിക സഹായം ചെയ്തുകൊണ്ടും ഇരിക്കുന്നതില്‍ പ്രത്യേകം നന്ദി അര്‍പ്പിക്കുന്നു. എല്ലാവരുടെയും കഠിധ്വാനത്തിൻ്റെയും നിര്‍ല്ലോഭമായ സഹായ സഹകരണത്തിൻ്റെയും ഫലമായി മനോഹരമായ പൗരാണിക ദേവാലയം കണ്‍കുളിരെ കണ്ടുകൊണ്ട് 2019 ജനുവരി ഒന്നാം തീയതി പ്രഭാതം പൊട്ടിവിടര്‍ന്നു.Mulakkulam Orthodox Church

1975 മുതല്‍ ഇന്നയോളം അതായത് 43 വര്‍ഷക്കാലം ഈ പള്ളിസംബന്ധമായി ഉണ്ടായ കേസുകളില്‍ ഈ ലേഖകനോടൊപ്പം കോടതികളില്‍ ഹാജരായ ബഹുമാന്യരായ എല്ലാ അഡ്വക്കേറ്റുമാരോടും പ്രത്യേകിച്ച് എല്ലാ സഹായങ്ങളും ഒരു ഇടവകാംഗത്തെപ്പോലെ കൂടെ നിന്ന് സഹായിച്ച ബു. അഡ്വ. പോള്‍ കുര്യാക്കോസിനോടും കേസ്സില്‍ വികാരിയോടൊപ്പം കക്ഷികളായിരുന്ന ബഹുമാന്യരായ ആനക്കോട്ടില്‍ വര്‍ക്കി വര്‍ഗീസിനോടും തൈക്കൂട്ടത്തില്‍ മര്‍ക്കോസ് പൈലിയോടും കേസ് നടത്തിപ്പില്‍ ജാഗ്രതയോടെ സഹായിച്ച വാഴക്കാലായില്‍ ശ്രീ. തമ്പി അബ്രഹാം, നാരേക്കാട്ട് ശ്രീ.കുര്യന്‍ എന്നിവരോടും മറ്റെല്ലാ ചുമതലക്കാരോടുമുള്ള നിസ്സീമമായ നന്ദി ഇത്തരുണത്തില്‍ അര്‍പ്പിക്കുന്നു. കഴിഞ്ഞ 43 വര്‍ഷത്തെ നിയമപോരാട്ടത്തിൻ്റെ അന്ത്യത്തില്‍ ഇടവകയെ സ്വാതന്ത്ര്യത്തിൻ്റെ തീരത്തെത്തിച്ച ഓര്‍ത്തഡോക്‌സ് സഭയുടെ 34-ലെ ഭരണഘടനക്കുള്ളില്‍ നിലനിര്‍ത്തുന്നത് കണ്ട് സന്തോഷിക്കുവാനുള്ള ആയുസ്സും ആരോഗ്യവും നല്കിയ സര്‍വ്വശക്തനായ ദൈവ്തതിന് സ്തുതിയും സ്‌തോത്രവും അര്‍പ്പിക്കുന്നു.

1653-ന് ശേഷം മുളക്കുളം വലിയപള്ളിയില്‍ ശുശ്രൂഷ നടത്തിയിട്ടുള്ള ആചാര്യന്മാര്‍ (വാങ്ങിപ്പോയവര്‍) Copyright- www.ovsonline.in
1. കുത്രാള കത്തനാര്‍ – മുറന്തുക്കില്‍
2. യാക്കോബ് കത്തനാര്‍ – മുറന്തുക്കില്‍
3. പൗലോസ് കത്തനാര്‍ – മുറന്തുക്കില്‍
4. ചാണ്ടിച്ചന്‍ കത്തനാര്‍ – മുറന്തുക്കില്‍
5. മാത്തു കത്തനാര്‍ – മുറന്തുക്കില്‍
6. കുര്യാക്കോസ് കത്തനാര്‍ – മുറന്തുക്കില്‍
7. അലക്‌സാണ്ടര്‍ കത്തനാര്‍ – മുറന്തുക്കില്‍
8. സ്‌കറിയ കത്തനാര്‍ – കളരിയ്ക്കത്താഴത്ത്
9. യാക്കോബ് കത്തനാര്‍ – ഈനാകുളത്തില്‍
10. സ്‌കറിയ കത്തനാര്‍ – മേടമന
11. സ്‌കറിയ കത്തനാര്‍ – വെള്ളിയാമാരില്‍
12. യാക്കോബ് കത്തനാര്‍ – വെള്ളിയാമാരില്‍
13. ജോസഫ് കത്തനാര്‍ – വെള്ളിയാമാരില്‍
14. ഗീവര്‍ഗീസ് കത്തനാര്‍ – ചാലപ്പുറത്ത്
15. പൗലോസ് കത്തനാര്‍ – തൊട്ടയില്‍
16. ദാവീദ് കത്തനാര്‍ – ചേലാപറമ്പത്ത്
17. മര്‍ക്കോസ് കത്തനാര്‍ – പൂത്തൂര്‍
18. യോഹന്നാന്‍ കത്തനാര്‍ – കോച്ചേരില്‍
19. തോമസ് കത്തനാര്‍ – കല്ലറയ്ക്കല്‍
ഈ പള്ളിയെ നയിച്ച് നിത്യതയിലായിരിക്കുന്ന എല്ലാ ആചാര്യസ്ഥാനികളുടെയും ഈ ഇടവകയുടെ കെട്ടുപണിയ്ക്ക് സര്‍വ്വശക്തനായ ദൈവം എടുത്തുപയോഗിച്ച നമ്മുടെ എല്ലാ പൂര്‍വ്വീകരുടേയും മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഈ ദേശത്തിനും നമ്മുടെ കുടുംബങ്ങള്‍ക്കും കോട്ടയും കാവലും ആയിരിയ്ക്കട്ടെ.

വെരി. റവ. കുര്യാക്കോസ് കോറെപ്പിസ്‌കോപ്പാ പോത്താറായില്‍Copyright- www.ovsonline.in