OVS - ArticlesOVS - Latest News

സഭാകേസ് എന്ത്? എന്തിന്? ഒരു വിശദീകരണം

ഓർത്തഡോക്സ് – യാക്കോബായ തർക്കം ഇപ്പോൾ വീണ്ടും പൊതു ശ്രദ്ധയിൽ എത്തിയിരിക്കുന്നു. ധാരാളം പേർ ഈ വിഷയത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കണ്ടു. കൂടുതലും ഈ വിഷയത്തിൻ്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാതെയുള്ളവ. അങ്ങിനെയിരിക്കെ, എന്താണ് സഭാതർക്കം, എന്തുകൊണ്ട് ഓർത്തഡോക്സ് പക്ഷം വിജയം അവകാശപ്പെടുന്നു, വിധി നടപ്പാക്കുക എന്നതിലൂടെ എന്താണ് ഉദ്ദ്യേശിക്കുന്നത് എന്നീ കാര്യങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാകട്ടെ എന്ന ലക്ഷ്യമാണ് ഈ ലേഖനത്തിനുള്ളത്. ആദ്യ ഭാഗത്ത് തർക്കത്തിൻ്റെ ചരിത്രവും രണ്ടാം ഭാഗത്ത് തർക്കത്തിൻ്റെ പശ്‌ചാത്തലത്തിൽ ഓർത്തഡോക്സ് സഭയെക്കുറിച്ചു പൊതുസമൂഹത്തിനുള്ള തെറ്റിധാരണകൾ നീക്കാനുള്ള ശ്രമവും ആണ്.

ഭാഗം 1

ഓർത്തഡോക്സ് സഭകൾ എന്നറിയപ്പെടുന്ന സഭകളുടെ പൊതു സ്വഭാവം എന്നത് രാജ്യ അതിർത്തികൾക്കുള്ളിൽ സ്വയം ഭരണവും സ്വയം ശീർഷകത്വവും (autonomous and autocephalous) ആണ്. പ്രധാന ഓർത്തഡോക്സ് സഭകളിൽ ചിലത് ഇവയാണ്:

1. ഇന്ത്യൻ ഓർത്തഡോക്സ് സഭ
2. സിറിയൻ ഓർത്തഡോക്സ് സഭ
3. കോപ്റ്റിക് ഓർത്തഡോക്സ് സഭ
4. എത്യോപ്യൻ ഓർത്തഡോക്സ് സഭ
5. എറിട്രിയൻ ഓർത്തഡോക്സ് സഭ
6. അർമേനിയൻ ഓർത്തഡോക്സ് സഭ
7. റഷ്യൻ ഓർത്തഡോക്സ് സഭ
8. ജോർജിയൻ ഓർത്തഡോക്സ് സഭ
9. ബൾഗേറിയൻ ഓർത്തഡോക്സ് സഭ

ആഗോളതലത്തിൽ റോമിലെ പോപ്പിൽ അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന റോമൻ കത്തോലിക്കാ സഭയുടെ ഭരണക്രമത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണിത്‌.

AD 52 മുതൽ ക്രിസ്ത്യാനി സാന്നിദ്ധ്യം അവകാശപ്പെടുന്ന പ്രദേശമാണ് കേരളം. ഇന്ത്യയിലെ സഭ ചില പ്രത്യേക സാഹചര്യങ്ങളിൽ പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം സിറിയൻ സഭയുമായി ബന്ധപ്പെട്ടു. അക്കാലത്താണ് വാസ്കോഡ ഗാമയും, തുടർന്ന് കത്തോലിക്കാ സഭയും കേരളത്തിൽ എത്തിയത്. വെളുത്ത തൊലിയോടുള്ള വിധേയത്വം കത്തോലിക്കർക്കെതിരായി സിറിയൻ മെത്രാന്മാരെ ആശ്രയിക്കാൻ ഇവിടത്തുകാരെ പ്രേരിപ്പിച്ചു. സിറിയയിലെ പാത്രയർക്കീസ് ഇവിടെ മെത്രാന്മാരെ വാഴിച്ചു. കേരളത്തിലെ നല്ല അന്തരീക്ഷത്തിൽ തഴച്ചു വളർന്ന ക്രിസ്ത്യൻ സഭകൾ സാമ്പത്തികമായും സാമൂഹികമായും ശക്തരായിരുന്നു. മുസ്‌ലിം രാജാക്കന്മാരുടെ പീഡനങ്ങളിൽ വശം കെട്ടിരുന്ന സിറിയൻ പാത്രയർക്കീസിനും മെത്രാന്മാർക്കും ഇങ്ങോട്ടുള്ള സന്ദർശനങ്ങൾ ആനന്ദകരമായിരുന്നു. ധാരാളം സമ്മാനങ്ങൾ, നേർച്ചപ്പണം, സ്വീകരണം (ഇപ്പോഴും, ഈ “സിറിയൻ” സഭ എന്നു പറയുന്ന സാധനത്തിന് സിറിയയിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ്. പത്രയർക്കീസ് താമസിക്കുന്നത് ലബാനോനിലും അമേരിക്കയിലും ഒക്കെയായിട്ടാണ്. കളിയാക്കിയതല്ല, അവരുടെ അവസ്ഥ മനസിലാക്കാൻ പറഞ്ഞെന്നേയുള്ളൂ). അങ്ങനെ കേരള നസ്രാണി കുറേനാൾ സിറിയൻ മെത്രാന്മാരെ എഴുന്നള്ളിച്ചു കൊണ്ടു നടന്നെങ്കിലും, അവരുടെ തനിനിറം പെട്ടന്ന് മനസ്സിലായി. ആർത്തി തന്നെ ആർത്തി. ഇതിനിടെ 1877-ൽ ആരംഭിച്ചു 1889 -ൽ തിരുവിതാംകൂർ റോയൽ കോടതി വിധി പറഞ്ഞ സെമിനാരി കേസ് എന്നറിയപ്പെടുന്ന വ്യവഹാരത്തിൽ (ഇത് ഓർത്തഡോക്‌സ്കാരും ഇന്നത്തെ മാർത്തോമ്മാ സഭയും തമ്മിലായിരുന്നു) സിറിയൻ പാത്രയർക്കീസിന് കേരളത്തിൽ ആത്മീയ അധികാരം മാത്രമേ ഉള്ളെന്നും യാതൊരു ഭരണപരമായ അധികാരങ്ങളും ഇല്ലെന്ന് വിധി വന്നു. ഇത് പാത്രയർക്കീസിന് ഒരടിയായിരുന്നു. ഓർത്തഡോക്സ് സഭയിൽ മലങ്കര മെത്രാപ്പോലീത്ത എന്ന സ്ഥാനിയാണ് സമുദായ നേതൃത്വം കയ്യാളിയിരുന്നത്. ഇവിടെ autocephalacy യുടെ പ്രതീകമായി കാതോലിക്കാ എന്നൊരു സ്ഥാനി ഇല്ലായിരുന്നു. 1912 സെപ്റ്റംബർ 15-ന് നിരണം പള്ളിയിൽ വച്ച് കാതോലിക്കായെ വാഴിച്ചു. ഇതിന് നേതൃത്വം കൊടുത്തത് അന്നത്തെ സിറിയൻ പാത്രയർക്കീസ് തന്നെയായിരുന്നു (ഇദ്ദേഹം യഥാർത്ഥ പാത്രയർക്കീസ് അല്ലെന്നൊക്കെ യാക്കോബായക്കാർ പല കേസിലും വാദിച്ചു നോക്കിയെങ്കിലും ഇന്ത്യൻ കോടതികൾ അത് അംഗീകരിച്ചില്ല). അതോടെ എല്ലാം മംഗളമായി തീരേണ്ടതായിരുന്നു. പക്ഷേ പിന്നീട് വന്ന പാത്രയർക്കീസുമാരിൽ ചിലർ കുത്തിത്തീരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആയിരുന്നു. ആദ്യത്തെ കാതോലിക്കായെ വാഴിച്ചത് ഒരു സിറിയൻ പാത്രയർക്കീസ് ആയതിനാൽ തുടർന്നും അതിനുള്ള അവകാശം തങ്ങൾക്കാണെന്ന് അവർ വാദിച്ചു. സ്വാഭാവികമായും ഇവിടെയുള്ള ചില തുരപ്പന്മാരുടെ പിന്തുണയും കിട്ടി.

1934-ൽ ഓർത്തഡോക്സ് സഭ ഒരു ഭരണഘടന എഴുതിയുണ്ടാക്കി പാസാക്കി. അതിൻ്റെ സാധുതയെ ചോദ്യം ചെയ്ത് വർഷങ്ങളോളം കേസ് നടത്തിയിട്ടും ഇതുവരെ അതിനെ ജയിക്കാൻ യാക്കോബായ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല.

സമുദായക്കേസ് എന്നറിയപ്പെട്ട വ്യവഹാരം 1934-ൽ ആരംഭിച്ചു 1958-ൽ സുപ്രീംകോടതി വിധിയോടെ അവസാനിച്ചു. പാത്രയർക്കീസ് വിഭാഗത്തിൻ്റെ കേസ് ചിലവ് സഹിതം തള്ളി. ഇവിടുത്തെ സഭയുടെയും മെത്രാന്മാരുടെയും അസ്തിത്വം പാത്രയർക്കീസ് അംഗീകരിച്ചു. യാക്കോബായ വിഭാഗത്തിലെ മെത്രാന്മാരെ ഓർത്തഡോക്സ് സഭ സ്വീകരിച്ചു. ഓർത്തഡോക്സ് സഭ അനുരഞ്ജനം ചെയ്യുന്നില്ല എന്നു പറയുന്നവർ ശ്രദ്ധിക്കുക- ഇത് 1958 ഡിസംബർ 16-ൻ ആയിരുന്നു. രണ്ടുകൂട്ടരും ഒന്നായി 1970 വരെ പോയി. അന്നത്തെ പാത്രയർക്കീസിന് ചൊറിച്ചിൽ തുടങ്ങി. 1974-ൽ മൂപ്പര് സ്വന്തമായി 3 മെത്രാന്മാരെ വാഴിച്ചു ഇങ്ങോട്ടയച്ചു. അതിലൊന്നാണ് ഇന്നത്തെ യാക്കോബായ വിഭാഗം തലവൻ തോമസ് പ്രഥമൻ.

1934-ലെ ഭരണഘടനയ്ക്ക് വിരുദ്ധമായ ഈ നടപടി സ്വാഭാവികമായും ഓർത്തഡോക്സ് സഭ അംഗീകരിച്ചില്ല. അങ്ങനെ രണ്ടാം സമുദായക്കേസ് തുടങ്ങി. 1995-ൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വീണ്ടും വിധി വന്നു. 1934-ലെ ഭരണഘടനയിൽ ചില ഭേദഗതികൾ കോടതി നിർദ്ദേശിച്ചു. രണ്ടുകൂട്ടരും ഒരുമിച്ച് സഭയുടെ പരമോന്നത പാർലമെന്റായ മലങ്കര സുറിയാനി അസോസിയേഷൻ നടത്തണമെന്ന് കോടതി പറഞ്ഞു. നിരീക്ഷകനായി കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് വി എസ് മളീമഡിനെ നിയോഗിച്ചു. എന്നാല്‍ പാത്രിയര്‍ക്കീസ് വിഭാഗം ആ അസോസിയേഷന്‍ യോഗം ബഹിഷ്‌ക്കരിച്ചു. സമാന്തരമായി അതേദിവസം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ രൂപീകരിച്ചതായി പ്രഖ്യാപിക്കുകയും 2002 ജൂലൈയില്‍ പുത്തന്‍കുരിശില്‍ ഒരു യോഗം വിളിച്ചുകൂട്ടി സൊസൈറ്റീസ് ആക്ട് പ്രകാരം അതിനൊരു ഭരണഘടന ഉണ്ടാക്കുകയും ചെയ്തു. അങ്ങിനെ തുടങ്ങിയ അടുത്ത കേസാണ് 2017 ജൂലൈ 3-ന് വിധി ആയതും നടപ്പാക്കണമെന്ന് ഇപ്പോൾ ഓർത്തഡോക്സ് സഭ ആവശ്യപ്പെടുന്നതതും

ഭാഗം 2

സഭാതർക്കത്തിൻ്റെ ഉള്ളുകളികൾ അറിയാത്തവരുടെ ധാരണകൾ പൊതുവെ ഇവയാണ്

  1. യാക്കോബായ വിശ്വാസികളെ അവരുടെ പള്ളികളിൽ നിന്ന് ഇറക്കിവിട്ടു പള്ളികൾ പിടിച്ചെടുക്കാൻ ആണ് ഓർത്തഡോക്സുകാർ ശ്രമിക്കുന്നത്
  2. ധനമോഹം, അധികാര മോഹം ഇവയാണ് ഇതിനു പിന്നിൽ
  3.  ക്രിസ്തീയമായ ക്ഷമ, സ്നേഹം, സഹനം ഇവ ഓർത്തഡോക്സ് വിഭാഗം കാണിക്കുന്നില്ല

ഈ ആരോപണങ്ങൾ ഓരോന്നും വിശദമായി പരിശോധിക്കാം:

1. 1934-ലെ ഭരണഘടന അനുസരിച്ച് ഇടവകപ്പള്ളികൾ ആണ് സഭയുടെ താഴെത്തട്ടിലെ യൂണിറ്റുകൾ. കുമ്പസാരിച്ചു കുർബ്ബാന അനുഭവിക്കുന്ന 21 വയസ്സ് പൂർത്തിയായ എല്ലാ ഇടവകാംഗങ്ങളും ഉൾപ്പെടുന്ന ഇടവക പൊതുയോഗം ആണ് ഇടവകയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ദൈനംദിന നടത്തിപ്പിന് പൊതുയോഗം തിരഞ്ഞെടുക്കുന്ന ഒരു മാനേജിങ് കമ്മറ്റിയും ഉണ്ടാകും. പൊതുയോഗം പാസ്സാക്കുന്ന ബജറ്റിന് അനുസരിച്ചു ചിലവ് നടത്തുന്നു. വർഷാവസാനം വരവ് ചിലവ് കണക്കുകൾ പൊതുയോഗം പാസ്സാക്കുന്നു. വികാരി എന്നത് മൂന്നു വർഷത്തേക്ക് മെത്രാൻ നിയമിക്കുന്ന പുരോഹിതനാണ്. മെത്രാനും വികാരിക്കും ഇടവക സ്വത്തുക്കൾ വീട്ടിൽ കൊണ്ടുപോകാൻ പറ്റില്ല.

പാത്രയർക്കീസ് വിഭാഗത്തിലെ പലപള്ളികളിലും വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതെയാണ് കാര്യങ്ങൾ നടക്കുന്നത് (അവർക്ക് വ്യവസ്ഥാപിത ഭരണഘടന ഇല്ല). അവിടെ സമ്പത്തും അധികാരവും കയ്യടക്കി വച്ചിരിക്കുന്നവർക്ക് തങ്ങളുടെ അപ്രമാദിത്വം നഷ്ടം ആകുമോ എന്ന ഭയമുണ്ട്. അവിടെ 1934-ലെ ഭരണഘടന പ്രകാരം കാര്യങ്ങൾ നടക്കണം എന്ന് ഓർത്തഡോക്സ് സഭ പറയുമ്പോൾ പ്രായോഗികമായി നടക്കാൻ പോകുന്ന കാര്യങ്ങൾ ഇവയാണ്

a) 1934-ലെ ഭരണഘടന അംഗീകരിക്കുന്ന ഒരു വൈദീകൻ അവിടെ വികാരിയാകും
b) ഇടവകക്കാർ ഇടവകക്കാരായി തുടരും. 1934-ലെ ഭരണഘടന അനുസരിച്ചു പൊതുയോഗം നടക്കും. മാനേജിങ് കമ്മറ്റിയെ തിരഞ്ഞെടുക്കും. സ്വാഭാവികമായും, ഇപ്പോഴത്തെ യാക്കോബായക്കാർ കൂടുതലുള്ള ഇടവകയാണെങ്കിൽ കമ്മറ്റിയിലും അവർ തന്നെ ആയിരിക്കും ഭൂരിപക്ഷം.

അതായത് ഇടവക ജനങ്ങളെ സംബന്ധിച്ച് ആകെ ഉണ്ടാകേണ്ട വ്യത്യാസം അവർ 1934-ലെ ഭരണഘടന പ്രകാരം തിരഞ്ഞെടുക്കപ്പെട്ട കാതോലിക്കായെയും, ഭദ്രാസന മെത്രാനെയും, അദ്ദേഹം നിയമിക്കുന്ന വൈദീകനെയും അംഗീകരിക്കേണ്ടി വരും എന്നത് മാത്രമാണ്. രാജഭരണവും ബ്രിട്ടീഷ് ഭരണവും ഒക്കെ പോയി ഇൻഡ്യൻ റിപ്പബ്ലിക് വന്നപ്പോൾ ഉണ്ടായ ഒരു മാറ്റമില്ലേ, അതുപോലെ ഒന്ന്.

2. ഇത് ഒന്നാമതായി പണത്തിൻ്റെയും അധികാരത്തിൻ്റെയും പ്രശ്നമല്ല. നൂറിൽപ്പരം വർഷങ്ങൾ ഒരു ആശയത്തിന് വേണ്ടി പോരാടിയ ഒരു ജനസമൂഹത്തിൻ്റെ ആത്മാഭിമാനത്തിൻ്റെ പ്രശ്നമാണ്. രാജ്യത്തിൻ്റെ നിയമവ്യവസ്ഥ അനുസരിച്ചുള്ള പ്രക്രീയകളിൽ അഗ്നിശുദ്ധി വരുത്തിയിട്ടും, ന്യായബോധമില്ലാത്ത എതിരാളികളുടെ മസിൽ പവ്വറിന് മുന്നിൽ ഒന്നും ചെയ്യാനാകാതെ നിൽക്കേണ്ടി വരുന്ന ഒരു സമൂഹമാണ് ഓർത്തഡോക്സ് സഭ. ഓർത്തഡോക്സ് സഭകളുടെ മുഖമുദ്രയായ സ്വയംഭരണത്തിനും സ്വയംശീർഷകത്വത്തിനും വേണ്ടിയാണ് ഇൻഡ്യൻ ഓർത്തഡോക്സ് സഭ നിലകൊള്ളുന്നത്.

പക്ഷേ, യാക്കോബായ വിഭാഗത്തിലെ അച്ചന്മാർക്കും മെത്രാന്മാർക്കും ഇത് അധികാരത്തിൻ്റെ പ്രശ്നമാണ്. യാതൊരു ഓഡിറ്റിങ്ങും ഇല്ലാതെ സ്വന്തം പോലെ കൊണ്ടു നടന്നിരുന്ന പല പൊതുസ്വത്തുക്കളും കൈവിടേണ്ടി വരും. യോഗ്യതയുള്ള അച്ചന്മാരും മെത്രാന്മാരും 1934-ലെ ഭരണഘടന അംഗീകരിക്കാൻ തയ്യാറായാൽ അവർക്ക് സ്ഥാനങ്ങൾ കിട്ടും. മതിയായ യോഗ്യതകൾ (പ്രധാനമായും, നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതകൾ) ഇല്ലാത്തവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകേണ്ടിയിരിക്കുന്നു.

3. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ, ന്യായമായ ആവശ്യം നടത്തിത്തരണം എന്നല്ലാതെ തെരുവ് ഗുണ്ടകളുടെ ഭീഷണി സ്വരത്തിൽ ഓർത്തഡോക്സ് സഭ സംസാരിച്ചിട്ടുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിച്ചിട്ടുണ്ടോ? 2011-ലെ സെൻസസ് അനുസരിച്ച് യാക്കോബായ വിഭാഗത്തേക്കാൾ കൂടുതലാണ് ഓർത്തഡോക്സ് ജനസംഖ്യ. പിറവത്തും കോതമംഗലത്തും ഒക്കെ ഒരു 5000 പേരെ കൂട്ടി പോകാൻ ഒരു പാടുമില്ലായിരുന്നു. പക്ഷെ അങ്ങിനെ ഉണ്ടായിട്ടില്ല. ക്ഷമയുടെയും മാന്യതയുടെയും വഴി കൈവിടാൻ ഉദ്ദ്യേശിക്കുന്നില്ല.

1958-ൽ ഒന്നായ സഭയാണിത്. അവിടെ വീണ്ടും കുത്തിത്തീരുപ്പ് ഉണ്ടാക്കി പിരിഞ്ഞുപോയത് യാക്കോബായക്കാരാണ്. കേസ് വിധി വരുന്നതിനു മുൻപ് ഈ അനുരഞ്ജന നിലവിളികൾ കേരളത്തിലെ പൊതുസമൂഹം കേട്ടിട്ടുണ്ടോ? അങ്ങേയറ്റം വരെ അവർ കേസ് നടത്തി. തെരുവ് യുദ്ധങ്ങളിലൂടെ ഭരണകൂടങ്ങളെ ഭയപ്പെടുത്തി. ഇനി രക്ഷാമാർഗം ഒന്നുമില്ലെന്ന്‌ മനസ്സിലായപ്പോൾ എടുത്ത അവസാനത്തെ അടവാണ് പൊതുസമൂഹത്തെ ഉപയോഗിച്ചു ഓർത്തഡോക്സ് സഭയെ സമ്മർദ്ദത്തിൽ ആക്കുക എന്നത്. പക്ഷേ ഇനിയും ആ അടവ് നടക്കില്ല. തോറ്റവരുടെ ഉപാധികൾ അനുസരിച്ച് അനുരഞ്ജനം നടക്കുന്നത് എവിടത്തെ ന്യായം!

ജാക്ക് ഈപ്പൻ, നിരണം

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

നാം അറിയണം… സത്യം തിരിച്ചറിയണം….