EditorialOVS - Latest News

മലങ്കര സഭയിൽ കോടതി വിധി നടത്തിപ്പിനായി സ്വീകരിക്കേണ്ട പ്രായോഗിക മാർഗങ്ങൾ : ഭാഗം – 1

 ആഴത്തിലുള്ള ബോധവത്കരണം :

മലങ്കര സഭയ്ക്ക് അനുകൂലമായി ബഹു. സുപ്രീം കോടതിയിൽ നിന്നും, കീഴ് കോടതികളിൽ നിന്നും ലഭിച്ച കൊണ്ടിരിക്കുന്ന അനുകൂല വിധികൾ രാഷ്ട്രീയ ഒത്താശയോടെ വിഘിടിത യാക്കോബായ വിഭാഗം കള്ള പ്രചാരണം, കൈയൂക്ക്, പ്രതിഷേധ നാടകങ്ങൾ എന്നിവ കൊണ്ട് അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ, സർക്കാരിനെയും, മാധ്യമങ്ങളെയും, ഭരണ – പ്രതിപക്ഷ വ്യതാസമില്ലാതെ ചില രാഷ്ട്രീയക്കാരെയും സ്വാധീനിച്ചു, കോടതി വിധികൾ മാറ്റി വെച്ച് ചർച്ചയിൽ കൂടെ ഭാഗം പിരിയുക എന്ന് ആസൂത്രിത സമ്മർദ്ദത്തിൽ പെടുത്തി മലങ്കര സഭയെയും അതിൻ്റെ ഉന്നത നേതൃത്തെയും ചതിയിൽ വീഴ്ത്തുക എന്നുള്ള വർത്തമാനകാല അപകടത്തിന് എതിരെ പ്രായോഗികവും, നിയമപരവുമായി കരുത്തോടെയും, കെട്ടുറുപ്പോടെയും മുന്നോട്ടു പോകാൻ ഉതകുന്ന നടപടികളും, ക്രിയാത്മക വിമര്ശനങ്ങളുമാണ് ഇവിടെ തുടക്കും കുറിക്കുന്നത്.

കോതമംഗലം – പിറവം – കട്ടച്ചിറ എന്നീ ദേവാലയങ്ങളിലെ സുപ്രീം കോടതിയുടെ വിധി നടത്തിപ്പുമായി ബന്ധപ്പെട്ട കേരള സർക്കാർ സ്വീകരിച്ചിരിക്കുന്ന വഞ്ചനാപരമായ നിലപാടുകളുടെ വെളിച്ചത്തിൽ ഇന്ന് നാം ഇടവകതലത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു കൊണ്ട് നീതിക്കായുള്ള ഒരു സഹന സമരമുഖം കൂടെ തുറക്കാൻ നിർബന്ധിതരാക്കുകയാണ്. മലങ്കര സഭയുടെ ചരിത്രം, അന്ത്യോക്യൻ സഭയുടെ കടന്നു വരവ്, കേസുകളുടെ നാൾ വഴികൾ, യോജിപ്പിൻ്റെ കാലഘട്ടം, വിഭാഗീയതയുടെ കാരണങ്ങൾ, മലങ്കര സഭാ ഭരണഘടന, പാത്രിക്കിസന്മാരുടെ തെറ്റായ ഇടപെടുലകൾ, സുപ്രീംകോടതി വിധികൾ, വിധി നടത്തിപ്പ് പൂർത്തീകരിച്ച പള്ളികൾ, സഹോദര ക്രിസ്ത്യൻ സഭകളുടെ ലക്ഷ്യങ്ങൾ എന്നിങ്ങനെ വർത്തമാന സംഭവങ്ങളിൽ പ്രതിപാദിക്കുന്ന സകല വിഷയങ്ങളെയും ചേർത്ത് സഭയുടെ പ്രസിദ്ധീകരണ വിഭാഗം താമസംവിനാ ഒരു ലഘു പുസ്‌തകം വിശ്വാസികൾക്കായി പ്രസിദ്ധീകരിക്കണം. ഇടവകതലത്തിൽ വിശ്വാസികളുടെ ഇടയിലുള്ള തെറ്റിദ്ധാരണകളെയും, അജ്ഞതയും മാറ്റുവാൻ ഉതകുന്ന ചർച്ചകളും, സെമിനാറകളും, ക്ലാസ്സകളും ഇടവകഭരണസമിതിയുടെയും, ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെടണം. ആദ്യം ബോധവല്കരിക്കേണ്ടത് നമ്മുടെ വിശ്വാസികളെയാണ്, പിന്നെ പൊതു സമൂഹത്തിനെ … പൊതു സമൂഹം എങ്ങനെ ചിന്തിക്കുന്നവോ അതിനനുസരിച്ചു മാധ്യമങ്ങളും .. പുറകെ രാഷ്ട്രീയക്കാരും പോകും .

ഇവിടെ പത്തു കാശു ഉണ്ടാകാൻ തെക്കു- വടക്കു പ്രാകേറി നടക്കുന്ന ചില ബുദ്ധിജീവി മെത്രാന്മാരും, വൈദികവൃത്തി ഉപജീവനമായി മാത്രം കരുതുന്ന വൈദികരും ഒക്കെ ഈ വിഷയത്തിൽ വലിയ പരാജയമാണ്. അല്ലെങ്കിൽ തന്നെ സഭാ വിഷയങ്ങൾ/ ചരിത്രങ്ങൾ കൃത്യമായും, ആധികാരികമായും പറയാൻ അറിയാവുന്ന എത്ര വൈദികർ മലങ്കര സഭയിൽ ഉണ്ട്? എത്ര വൈദികർക്ക് ആത്മാർത്ഥമായി മലങ്കര സഭയോട്, അതിൻ്റെ ചരിത്ര പോരാട്ടങ്ങളോട്, വടക്കൻ മേഖലയിലെ മലങ്കര സഭയുടെ വിശ്വാസിസമൂഹത്തോടു താല്പര്യവും, കരുതലും ഉണ്ട് എന്ന് ചോദ്യം വിശ്വാസികൾക്ക് വിടുന്നു. മലങ്കര സഭയുടെ പ്രതിസന്ധിയിൽ എക്കാലവും മുന്നോട്ടു നയിച്ചത് ഇവിടത്തെ സാധാരണ നസ്രാണി സിംഹങ്ങളായതിനാൽ ഇവിടെയും മലങ്കര സഭയുടെ മാനേജിങ് കമ്മിറ്റി അംഗങ്ങളും, അസോസിയേഷൻ പ്രതിനിധികളും അവസരത്തിന് ഒത്തുയർന്നു അതാതു പ്രദേശത്തു ശക്തമായ ബോധവത്കരണം സംഘടിപ്പിക്കണം. കാരണം, പൊതുസമൂഹത്തിൻ്റെ അത്ര പോലും സഭയുടെ പോരാട്ടങ്ങളെ പറ്റി അറിവോ താല്പര്യമോ ഇല്ലയെങ്കിലും, വിമർശനത്തിന് ഒട്ടും കുറവില്ലാത്ത നമ്മുടെ ആളുകളിൽ തന്നെ വേണം ശരിയായ ബോധവത്കരണം. വീതം വെച്ച് പിരിയുക, കേസിനു എന്തിനു പോകുന്നു, ചർച്ചകൾ നടത്തി പരിഹരിക്കണം, ഭൂരിപക്ഷം നോക്കണം, തർക്കങ്ങൾ ക്രിസ്തീയമോ എന്നിങ്ങനെ മലങ്കര സഭയിലെ കക്ഷിവഴക്കിലെ ഉപരിതലത്തിൽ കേൾക്കപ്പെടുന്ന, പൊതുവെ നിഷ്കളങ്കം എന്ന് തോന്നിപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങൾ ഏതൊരു സാധാരണ വിശ്വാസിക്കും, അല്പ ജ്ഞാനികൾക്കും ബോധ്യമാകുന്ന തരത്തിൽ മലങ്കര സഭയും, ഇടവകകളും ആഴത്തിൽ വിശദീകരിക്കാൻ തയാറാകണം. ഇത് മലങ്കര സഭയുടെ അതിജീവനത്തിൻ്റെ, നിലനില്പിൻ്റെ ധാർമിക പോരാട്ടത്തിൻ്റെ അവസാനം ഘട്ടമാണ്…. തളരരുത്, പതറരുത്, ചിതറരുത്.

അടുത്ത് ഘട്ടമായി മുഖ്യധാരാ മാധ്യമ പ്രവർത്തകർക്കും, റിപോർട്ടൻമാർക്കും മലങ്കര സഭയുടെ നിലപാടുകളെ പറ്റിയും, ചരിത്രത്തെ പറ്റിയും അവബോധം നല്കുന്ന കൂടിക്കാഴ്ചകൾ, സെമിനാറുകൾ, ആസൂത്രണം ചെയ്താൽ അറിവുകേട്‌ കൊണ്ട് യാക്കോബായ പ്രതിഷേധക്കാർക്കു മാധ്യമങ്ങളിൽ കൂടെ പൊതുസമൂഹത്തിൽ വീണു കിട്ടുന്ന അനർഹമായ ‘ഇരവാദം” ഒരു പരിധി വരെ അവസാനിക്കും. കോതമംഗലം, പിറവം അടക്കമുള്ള മലങ്കര സഭാ ഇടവകകളിലെ അതി സങ്കീർണവും നിർണ്ണായകമായ വിധി നടത്തിപ്പിൻ്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ തലത്തിലെ വോട്ടു ബാങ്ക് സമ്മർദ്ദത്തിനും, ഉദ്യോഗസ്ഥ തലത്തിലെ പണമൊഴക്കിനും പുറമെ മാധ്യമങ്ങളെ കൂട്ട് പിടിച്ചും, ചിലതിനെ വിലയ്ക്ക് എടുത്തും യാക്കോബായ നേതൃത്വം ഒരുക്കുന്ന സമ്മർദ്ദ തന്ത്രത്തെ ഫലപ്രദമായി അതിജീവിക്കാനും, കോടതിവിധി അട്ടിമറിക്കാൻ വേണ്ടിയുള്ള ഉഭയകഷി ചർച്ചയിലൂടെ സമവായം എന്ന അരക്കല്ലത്തിൽ പെടാതെയിരിക്കാനും മലങ്കര സഭയുടെ നേതൃത്വം കൃത്യമായ മുന്നൊരുക്കങ്ങളും, പ്രതിരോധ തന്ത്രങ്ങളും കൈക്കൊള്ളണം. ചാനൽ ചർച്ചകളും, പത്ര റിപ്പോർട്ടിങ്ങും ഒക്കെ കൂടുതൽ ഏകോപനത്തോടെയും, കൃത്യതയോടെയും നടത്തണം.

മലങ്കര സഭയുടെ പി.ആർ.ഒ എന്ന നിലയിൽ ബഹു. ജോൺസ് കോനാട്ട് അച്ഛന് നന്നായി കാര്യങ്ങൾ കൃത്യസമയങ്ങളിൽ അവതരിപ്പിക്കുന്നുണ്ടെക്കിലും 600 കോടി വാർഷിക ബഡ്‌ജറ്റുള്ള മലങ്കര സഭയുടെ ഒഫീഷ്യൽ ഓൺലൈൻ വാർത്ത മാധ്യമം കണ്ണടച്ചിട്ടു മാസങ്ങളായി എന്ന് പറയുന്നത് നേതൃത്തിൻ്റെ കെടുകാര്യസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. നാണക്കേടാണ് ഈ പൗരാണിക സഭയ്ക്ക് ഇന്നത്തെ നേതൃത്തിൻ്റെ ഇത്തരം അലംഭാവം. കുറച്ചുനാളായി പ്രസ്താവനകളിൽ മാത്രം കാണപ്പെടുന്ന അസ്സോസിസ്യഷൻ സെക്രട്ടറി ഒക്കെ ഇത്തരം വിഷയങ്ങൾ പരിഹരിക്കണം. വർഷങ്ങൾക്ക് മുൻപ് മലങ്കര സഭയിലെ അനൗദേഗിക വെബ് സൈറ്റിൻ്റെ പേര്, ഒഫീഷ്യൽ വെബ്‌സൈറ്റായ കാതോലിക്കേറ്റ് ന്യൂസിന് ഭീഷണിയാകും എന്ന് പറഞ്ഞു പേര് മാറ്റിച്ച സൈറ്റാണ് ഇന്ന് അപ്രത്യക്ഷമായത്. സോഷ്യൽ മീഡിയയിലെ മസ്തിഷ്കയുദ്ധത്തിൻ്റെ വർത്തമാനകാല പോരാട്ടങ്ങളിൽ മലങ്കര സഭയുടെ മീഡിയ വിങ്, വെബ്‌സൈറ്റ് എന്നിവയെ കൂടുതൽ മൂർച്ചയുള്ള തലത്തിൽ പ്രവർത്തിപ്പിക്കണം. പരിസ്ഥിതി വിഷയങ്ങളും, സാമൂഹിക പ്രശ്നങ്ങളും മാത്രം കൈകാര്യം ചെയുന്ന സഭയുടെ ഒഫീഷ്യൽ മാസികയുടെ ബുദ്ധിജീവി പ്രസാധകർ മലങ്കര സഭയുടെ മാസികയെ സഭയുടെ ആശയപോരാട്ടത്തിന് കൂടെ ഫലപ്രദമാകുന്ന തരത്തിൽ ഉപയോഗിക്കണം. ഇന്ന് മലങ്കര സഭയുടെ വാർത്തകളും, ആശയപ്രചാരണവും, പ്രതിരോധവുമെല്ലാം സഭയുടെ ഉത്തമ വിശ്വാസികളുടെ മാത്രം കടമയാക്കി നേതൃത്വം നിസ്സംഗത തുടരുന്നു. സോഷ്യൽ മീഡിയയിലും, മാധ്യമങ്ങളിലും ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ ഉൾപ്പെടെ നിരവധി സഭാ വിശ്വാസികളുടെ കൂട്ടായ്മകളാണ് ഇന്ന് മലങ്കര സഭയ്ക്ക് പ്രതിരോധവും, പ്രത്യാക്രമണവും ഒരുക്കുന്നത്.

വാൽകക്ഷണം: കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ വന്ദ്യ. തോമസ് പോൾ റമ്പാച്ചൻ്റെ ധാർമിക സമരം രണ്ടാം പകലിലേക്കു കടന്നപ്പോൾ കോതമംഗലം സ്വാന്തനം സ്പെഷ്യൽ സ്കൂളിൽ വേദനയോടെ ഒത്തു ചേർന്ന നസ്രാണി വിശ്വാസികളിൽ ഒരാൾ, അവിടെ സന്നിഹതനായിരിക്കുന്ന മലങ്കര സഭയുടെ ഒരു അഭിവന്ദ്യ മെത്രാച്ചൻ വിഷണ്ണനായി ഇരിക്കുന്നത് കണ്ടിട്ട് സമാശ്വസിപ്പിക്കുവാനായി അടുത്ത് ചെന്നപ്പോൾ, അദ്ദേഹം അന്ന് വൈകിട്ട് തൊട്ടു അടുത്ത് ജില്ലയിലെ ഒരു ക്രിസ്ത്മസ് പ്രോഗ്രാമിൻ്റെ മുഖ്യ സന്ദേശത്തിന് എന്തൊക്കെ പറയണം എന്നും, റമ്പാച്ചൻ പെട്ടന്ന് അവസാനിപ്പിച്ച് വന്നില്ലെങ്കിൽ എങ്ങനെ പോകും എന്നുള്ള ഭാരത്തിലായിരുന്നു. ഇത് സമകാലീന മലങ്കര സഭയിലെ അടിമുതൽ മുടിവരെയുള്ള കാഴ്ചകളിൽ ഒന്നാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര സഭയിൽ കോടതി വിധി നടത്തിപ്പിനായി സ്വീകരിക്കേണ്ട പ്രായോഗിക മാർഗങ്ങൾ : ഭാഗം – 2