EditorialOVS - Latest NewsOVS-Kerala News

കൈയൂക്കിൻ്റെയും, രാഷ്ട്രീയ സ്വാധീനത്തിൻ്റെയും ബലത്തിൽ യാക്കോബായ വിഭാഗം ഇന്ത്യൻ നിയമ വാഴ്ചയെ അട്ടിമറിക്കുന്നു

മലങ്കര സഭയുടെ കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ ബഹു. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ വികാരിയായ ബഹു. തോമസ് പോൾ റമ്പാൻ ആരാധനയ്ക്കായി പ്രവേശിക്കുവാൻ ശ്രമിച്ചതിനെ, പിറവത്തിനു സമാനമായ തരത്തിൽ പള്ളിയുടെ പുറത്തു തടഞ്ഞു വെച്ച് അപമാനിച്ചും, ഭീഷണിപ്പെടുത്തിയും തിരിച്ചയക്കാൻ കേരള സർക്കാരിൻ്റെ മൗനവാദത്തോടെ പോലീസും, ജില്ലാ ഭരണകൂടവും യാക്കോബായ മതമൗലികവാദികൾക്കു ഏല്പിച്ചു കൊടുത്തു കാഴ്ച്ചകാരായി നിൽക്കുന്നതിനു ഇന്ത്യൻ നീതിന്യായ വ്യവസ്ഥതയിലും, സർവ ശക്തനായ ദൈവത്തിൻ്റെ കോടതിക്ക് മുന്നിലും മാർത്തോമയുടെ പൈതൃകം പേറുന്ന മലങ്കര സഭ കണക്കു പറയിപ്പിക്കും. ഒരു ജനാധിപത്യ രാജ്യത്തു ഭരണഘടനയ്ക്കും, ജുഡീഷ്യറിയുടെ തീർപ്പുകൾക്കും യാതൊരു വിലയും നൽകാതെ ഒത്തുകളി രാഷ്ട്രീയത്തിൻ്റെയും, വോട്ടു ബാങ്ക് കച്ചവടത്തിൻ്റെയും, പാർട്ടി സംഭാവനയുടെയും കനത്തിൽ ആവലാതിക്കാരൻ നീതി നീഷേധിക്കപെടുന്ന സംഭവങ്ങൾ പ്രബുദ്ധ കേരളത്തിൽ ആവർത്തിക്കപ്പെടുന്നത് ലജ്ജകരവും പ്രതിഷേധാർഹവുമാണ്. എങ്കിലും ഇന്ത്യൻ ജുഡീഷ്യറിയുടെ വിധി നടപ്പിൽ വരുത്താൻ ഒരു നിർഭയനായ മനുഷ്യൻ ഇച്ഛാശക്തിയോടെ ഒരുങ്ങി ഇറങ്ങിയാൽ, സർക്കാരും പോലീസും എത്ര വഞ്ചനാപരമായ നിലപാടുകളും, ഭരണഘടനാവിരുദ്ധമായ പ്രവർത്തികളാലും ആഞ്ഞു ശ്രമിച്ചാലും, നീതി – ന്യായ ബോധമില്ലാത്ത ഒരു വിഭാഗത്തെ മുഴുവൻ ആണിയേൽ നിർത്താൻ കഴിയും എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ഇന്നലെ മുതൽ കോതമംഗലം മലങ്കര സഭയ്ക്കും പൊതു സമൂഹത്തിനും കാണിച്ചു തരുന്നത്. വന്ദ്യ തോമസ് പോൾ റമ്പാച്ചൻ മലങ്കര സഭയ്ക്ക് വേണ്ടി ദൈവത്തിൽ ആശ്രയിച്ചു, ബഹു. സുപ്രീം കോടതിയുടെ വിധി നടത്തിപ്പിനായി കോതമംഗലത്തു നടത്തുന്ന അതിജീവന പോരാട്ടങ്ങളുടെ ഫലം എന്ത് തന്നെയായാലും മലങ്കര നസറാണി സമൂഹം അദ്ദേഹത്തിൻ്റെ ഇച്ഛാശക്തിക്കും, സഹനസമരത്തിനും മുന്നിൽ നന്ദിയോടെ കൈകൂപ്പി നിൽക്കും. മലങ്കര സഭയുടെ തിരഞ്ഞെടക്കുക്കപെട്ട ട്രസ്റ്റിമാർ, സെക്രട്ടറി, മെത്രാന്മാർ, വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി, ഭദ്രാസന നേതൃത്വം, യുവജനപ്രസ്ഥാനം എന്നീ തലത്തിലെ നിഷ്ക്രിയ – നിർഗുണ വ്യകതികൾക്കു അന്തസും, ആത്മാഭിമാനവും, ഉത്തരവാദിത്തബോധവും കണികയെങ്കിൽ അവശേഷിക്കുന്നുണ്ടെകിൽ കടലാസ് പ്രസ്താവനയും, വാട്സാപ്പ് വിപ്ലവം ഒക്കെ നിർത്തി, ഈ അവസരത്തിൽ ഒരു ആത്മ വിമർശനത്തിനും, ഗൗരവമായ ക്രിയാത്മക പ്രവർത്തനത്തിനും തയ്യാറാകണം എന്ന് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു.

രാജ്യത്തിൻ്റെ നിയമം കൊണ്ട് നിരോധിക്കപ്പെട്ട, ഇന്ത്യൻ ഭരണഘടനയിലും, ജുഡിഷ്യറിയിലും വിശ്വാസം ഇല്ലാത്ത മലങ്കര സഭയിലെ വിഘിടിത വിഭാഗം തങ്ങൾ കണക്കും ബഡ്‌ജറ്റും ഓഡിറ്റും ഒന്നുമില്ലാതെ ആർജ്ജിച്ചു കൂട്ടിയ പൊതു സ്വത്തു രാഷ്ട്രീയക്കാർക്കും, ഉദ്യോഗസ്ഥർക്കും യഥേഷ്ട്ടം വീതിച്ചു കൊടുത്തു, വരുന്ന ലോകസഭാ ഇലക്ഷനിൽ ജില്ലാ നേതാവിന് ചാലക്കുടി മണ്ഡലം തളികയിൽ വെച്ച് തരാം എന്ന് ഭരണകക്ഷിക്ക് യാക്കോബായ തലവൻ മോഹനവാഗ്‌ദാനവും നൽകിയാണ് പിറവവും, കട്ടച്ചിറയും, കോതമംഗലവും അട്ടിമറിക്കുന്നത്. മലങ്കര സഭയുടെ കട്ടച്ചിറ സെൻറ് മേരീസ് ഇടവകയിൽ ബഹു. സുപ്രീം കോടതി വിധിയെ തുടർന്ന് പ്രവേശിക്കുവാൻ ശ്രമിച്ച ആയിരത്തോളും ഓർത്തഡോക്സ്‌ വിശ്വാസികളെ പള്ളിയുടെ 200 മീറ്റർ അകലത്തിൽ, 144 പ്രഖ്യാപിച്ചു യുദ്ധസമാനമായ സന്നാഹങ്ങളോടെ തടഞ്ഞ പള്ളി കസ്റ്റഡിയിൽ എടുത്തു, ഇപ്പോഴും തൽസ്ഥിതി തുടരുന്ന കേരള സർക്കാരിന് പിറവത്തും, കോതമംഗലത്തും, പ്രതിഷേധ – ആത്മഹത്യാ നാടകങ്ങളുടെ ബാഹുല്യത്തിൽ വിധി നടത്തി എടുക്കാൻ കഴിയുന്നില്ല എന്ന് ആരും വിശ്വസിക്കില്ല. പിറവം വിധിക്കു ശേഷം കേരള സർക്കാർ മലങ്കര സഭയുടെ ഇടവകളിലെ വിധി നടത്തിപ്പിൽ ബോധപൂർവമായ അലംഭാവവും, നിസ്സംഗതയും, ഒത്തുകളിയും നടുത്തുന്നത് ബഹു. കോടതികളുടെ വിധികൾ എന്നായാലും കൃത്യമായി നടപ്പിൽ വരുത്തിയെ തീരൂ എന്ന് പ്രാഥമിക പാഠം അറിയാൻ കഴിയാത്തതു കൊണ്ടല്ല, ബഹു. കോടതികളിൽ മലങ്കര സഭയുടെ ഇടവകകളുടെ ഒന്നിനെ പുറകെ ഒന്നന്നായി വിധികൾ വരാൻ തയ്യാറാക്കുന്ന ഈ മാസങ്ങളിൽ പരമാവധി മുട്ടാപ്പോക്കു പറഞ്ഞു മലങ്കര സഭയെ വിധി നടത്തിപ്പിൽ നിന്ന് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് വരെ തടയുക എന്ന കൃത്യമായ ഉദ്ദേശ്യത്തിൽ മാത്രമാണ്. ഇത് യാക്കോബായ വിഭാഗ നേതൃതത്തിനും നല്ല ബോധ്യമുണ്ട്, അന്ധം യാക്കോബായ തീവ്രവാദികൾക്ക് ഒഴികെ. സർക്കാരിൻ്റെ ഈ ഒത്താശയക്കു പുറമെ, എറണാകുളം ജില്ലയിലെ ഭരണകക്ഷി നേതാക്കന്മാർക്കും, ജനപ്രതിനിധികൾക്കും, റവന്യൂ – പോലീസ് ഉദ്യോഗസ്ഥർക്കും കൃത്യമായ സാമ്പത്തികവും, കുടുംബക്കാർക്കു യാക്കോബായ സ്ഥാപനങ്ങളിൽ ജോലി ഉൾപ്പെടെയുള്ള സൗജന്യങ്ങൾ നല്ക്കുന്നതും ഇവിടെ നിയമവാഴ്ചയെ തുടർച്ചയായി ബലാൽക്കാരം ചെയ്യാൻ അന്ത്യോക്യൻ അടിമ സംഘത്തിന് അവസരം നല്കുന്നു.

ഇത്തരം മൂല വിഷയങ്ങളെ അതിജീവിച്ചു മലങ്കര സഭയുടെ പ്രമുഖ ദേവാലയങ്ങളിലെ വിധി നടത്തിപ്പിലേക്കു പോകണമെങ്കിൽ ദൈവത്തിൻ്റെ കോടതിയിലും, ഭാരതത്തിൻ്റെ നിയമ വ്യവസ്ഥതയിലും മാത്രം ആശ്രയിക്കുന്ന മലങ്കര സഭ പ്രായോഗിക തലത്തിൽ ചില കൗശലങ്ങൾക്കും, രാഷ്ട്രീയ – ഉദ്യോഗസ്ഥ പ്രഭുക്കൻമാരെ അറിഞ്ഞ ഗൗനിക്കുന്ന തലത്തിലേക്കും വഴി മാറേണ്ടി വരും. മാധ്യമങ്ങളെ കൃത്യമായി മാനേജ് ചെയ്യുന്ന കലിയുഗ സ്രേഷ്ട തന്ത്രം യാക്കോബായ വിഭാഗത്തിൽ നിന്നും കടം കൊള്ളേണ്ടി വരും. നീണ്ട വർഷങ്ങളുടെയും, ഭാരിച്ച വ്യവഹാര ചിലവകളുടെയും നിയമ പോരാട്ടത്തിന് ശേഷം ബഹു. കോടതികളിൽ നിന്നും അനുകൂല വിധികൾ സമ്പാദിക്കുന്ന മലങ്കര സഭ, നിഷ്കളങ്ക്കമായി ഈ രാജ്യത്തെ നിയമം അതിൻ്റെ വഴിക്കു സ്വച്ഛന്ദം ഒഴുക്കും എന്ന് അവസരവാദ രാഷ്ട്രീയക്കാരുടെയും, ഒത്തുകളി മുന്നണി സംവിധാനങ്ങളുടെയും, അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും, തോൽക്കാതെയിരിക്കാൻ എന്ത് നെറികേടും, അക്രമവും കാണിക്കാൻ മടിക്കാത്ത കലിയുഗ സ്രേഷ്ടചാര്യന്മാരുടെയും നാട്ടിൽ വെറുതെ കിനാവ് കാണരുത്. മലങ്കര സഭ ലക്ഷങ്ങൾ വക്കീലന്മാർക്കു കൊടുത്തു കേസ് ജയിക്കുമ്പോൾ, ആ വിധി പ്രായോഗ്യത്തിൽ വരുത്താൻ മറ്റു കുറച്ചു ലക്ഷങ്ങൾ കൂടെ രാഷ്ട്രീയക്കാർക്ക് ജാഥ നടത്താനും, മതിൽ പണിയാനും, ഇലക്ഷന് വേണ്ടിയും, ഉദ്യോഗസ്ഥർക്ക് ഒരു പ്രലോസാഹനം എന്ന് നിലയ്ക്കും, വില്ക്കാൻ വേണ്ടി മാത്രം വാർത്തകൾ തയ്യാറാക്കുന്ന ഓൺലൈൻ മഞ്ഞ മാധ്യമങ്ങളെയും പരിഗണിക്കാൻ കൂടിയും കരുതി വയ്ക്കണമെന്ന് പറയുന്നതിൽ ഖേദമുണ്ട്, പക്ഷെ അതാണ് അനുഭവം. സുപ്രീംകോടതിയുടെ വിധികൾ ഇവിടെ നടപ്പിൽ വരുത്താതെ സർക്കാർ ഒത്തുകളിച്ച മലങ്കര സഭയെയും ഇന്ത്യൻ ജുഡിഷ്യറിയെയും വെല്ലുവിളിച്ചിട്ടും ഇവിടത്തെ പ്രതിപക്ഷ മുന്നണി പോലും അത് ഒരു രാഷ്ട്രീയായുധമാക്കി ഉപയോഗിക്കാത്തതു ഓർത്തഡോക്സ്‌ സഭയ്ക്ക് രാഷ്ട്രീയ കരുത്തില്ലാത്തതു കൊണ്ടല്ല, മലങ്കര സഭാ നേതൃത്തിനു പ്രായോഗിക രാഷ്ട്രീയ അടവ് നയം വശമില്ലാത്തതു കൊണ്ട് മാത്രമാണ്. കൊല്ലം, പത്തനംതിട്ട, മാവേലിക്കര, കോട്ടയം, ഇടുക്കി, തൃശൂർ, വയനാട് എന്നീ ലോകസഭാ മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുള്ള മലങ്കര സഭയെ ആർക്കും അവഗണിക്കാൻ കഴിയുകയില്ല.

കോടതികളുടെ വിധികൾ നടപ്പിൽ വരുത്താൻ മലങ്കര സഭയ്ക്ക് വർത്തമാന കാലഘട്ടത്തിൽ തീർത്തും അനിവാര്യമായ സംഗതികളെ താഴെ കുറിക്കുന്നു. ഈ വിഷയത്തിൽ കൂടുതൽ വിശദമായ നിർദ്ദേശങ്ങൾ താമസംവിനാ പ്രസിദ്ധീകരിക്കും.

1). എക്സിക്യൂഷൻ കമ്മിറ്റി: കേന്ദ്ര തലത്തിൽ പരിശുദ്ധ ബാവായുടെ രക്ഷാകർത്തത്തിൽ സുന്നഹദോസ് പ്രതിനിധി, മാനേജിങ് കമ്മിറ്റി പ്രതിനിധികൾ, വൈദിക സംഘം പ്രതിനിധി, സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യകതിത്വങ്ങൾ എന്നിവരെ ചേർത്ത് ഉന്നതതല “എക്സിക്യൂഷൻ കമ്മിറ്റി” ആരംഭിക്കണം. ഇവർക്കായിരിക്കണം അതാതു ഭദ്രാസന നേതൃതവുമായി ചേർന്ന് ഓരോ ഭദ്രാസനത്തിലെയും വിധി നടത്തിപ്പിൻ്റെ മേൽനോട്ടം. ഇത് മൂലം സർക്കാർ, രാഷ്ട്രീയ, ഉദ്യോഗസ്ഥ, മാധ്യമ തലത്തിലെ എല്ലാ ഇടപെടലകൾക്കും ഒരു എകീക്രത ശൈലി മലങ്കരയിൽ ഉടനീളം കൈവരും. ഇത്തരത്തിലുള്ള ഒരു സ്മാർട്ട് മാനേജ്മെന്റ് സംവിധാനം വിധി നടത്തിപ്പിലെ പ്രായോഗിക തടസ്സങ്ങളെ ഒക്കെയും നിഷ്പ്രയാസം മറികടക്കാൻ സഹായിക്കും.

2). ലീഗൽ സെൽ: മലങ്കരയിലെ നിലവിലെ എല്ലാ ഇടവക വ്യവഹാരങ്ങൾക്കും ഒരു എകീക്രത സ്വഭാവം കൈവന്നിരിക്കുന്ന ഈ പശ്ചാത്തലത്തിൽ ഒരു കേന്ദ്ര ലീഗൽ സെൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കണം. മലങ്കര സഭയുടെ ഒരു മെത്രാൻ്റെ മേൽനോട്ടത്തിൽ മാനേജിങ് കമ്മിറ്റി, സഭയിലെ പ്രമുഖ അഭിഭാഷകർ, വിവിധ ഇടവകളിലെ കേസിൻ്റെ ചുമതലക്കാർ എന്നിവരെ ചേർത്ത് കൊണ്ട് ഒരു ലീഗൽ സെൽ മലങ്കര സഭയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൻ്റെ വേഗത വർധിപ്പിക്കും.

3). രാഷ്ട്രീയ സമദൂരം എന്ന പൊളിറ്റിക്കൽ ലൈൻ: ഏതെങ്കിലും ഒരു പാർട്ടിയോടോ, മുന്നണിയോടോ അമിതമായ വിധേയത്വമോ, എതിർപ്പോ വെച്ച് പുലർത്താതെ “രാഷ്ട്രീയ സമദൂരം” എന്ന അടവ് നയത്തിലൂന്നി അവസരവാദ രാഷ്ട്രീയക്കാരെ അവസരത്തിന് അനുസൃതമായി മാത്രം ഉപയോഗിക്കാൻ തക്കവണ്ണം മലങ്കര സഭയുടെ ഉന്നത നേതൃത്വം പക്വത നേടിയേ തീരൂ. രാഷ്ട്രീയ ഇച്ഛാശക്തിയും ദീർഘവീക്ഷണവും പുലർത്താൻ മലങ്കര സഭാ നേതൃത്വം പഠിക്കണം. വരുന്ന ലോകസഭാ ഇലക്ഷൻ കടക്കുംവരെ സർക്കാർ തലത്തിൽ ഒരു സഹായവും പ്രതീക്ഷിക്കാൻ നിൽക്കാതെ മലങ്കര സഭാ അതിൻ്റെ രാഷ്ട്രീയ കരുത്തു കാണിക്കാൻ മലങ്കര സഭയുടെ തെക്കു, മധ്യ, വടക്കു എന്നീ മൂന്നു മേഖലകളിലായി മൂന്ന് വിശ്വാസിസംഗമം ഫെബ്രുവരിക്കു മുൻപായി നടപ്പിൽ വരുത്തണം.

4). സാമൂഹിക ബോധവത്കരണം: മലങ്കര സഭയുടെ ചരിത്രം, കേസുകളുടെ നാൾ വഴികൾ, യോജിപ്പിൻ്റെ കാലഘട്ടം, വിഭാഗീയതയുടെ കാരണങ്ങൾ, മലങ്കര സഭാ ഭരണഘടന, പാത്രിക്കിസന്മാരുടെ മലങ്കരയിലെ ഇടെപെടുലകൾ, സുപ്രീംകോടതി വിധികൾ, വിധി നടത്തിപ്പ് പൂർത്തീകരിച്ചു പള്ളികൾ, ഇടവകങ്ങളുടെ അവകാശങ്ങൾ, വ്യവഹാരങ്ങൾ ക്രിസ്തീയമോ എന്നിങ്ങനെ വർത്തമാന സംഭവങ്ങളിൽ പ്രതിപാദിക്കുന്ന സകല വിഷയങ്ങളെ ചേർത്ത് സഭയുടെ പ്രസിദ്ധീകരണ വിഭാഗം താമസംവിനേ ഒരു ലഘു പുസ്‌തകം വിശ്വാസികൾക്കുമായി പ്രസിദ്ധീകരിക്കണം. കാരണം പൊതുസമൂഹത്തിൻ്റെ അത്ര പോലും സഭയുടെ പോരാട്ടങ്ങളെ പറ്റി അറിവോ താല്പര്യമോ ഇല്ലയെങ്കിലും, വിമർശനത്തിന് ഒട്ടും കുറവില്ലാത്ത നമ്മുടെ ആളുകളിൽ തന്നെ വേണം ശരിയായ ബോധവത്കരണം. മുഖ്യധാരാ മാധ്യമ പ്രവർത്തകർക്കും, റിപ്പോർട്ടൻമാർക്കും മലങ്കര സഭയുടെ നിലപാടുകളെ പറ്റിയും, ചരിത്രത്തെ പറ്റിയും അവബോധം നല്കുന്ന കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്താൽ അറിവുകേട്‌ കൊണ്ട് യാക്കോബായ പ്രതിഷേധക്കാർക്കു വീണു കിട്ടുന്ന അനർഹമായ ‘ഇരവാദം” ഒരു പരിധി വരെ അവസാനിക്കും. ഇതോടെ ഒപ്പും, മലങ്കര സഭയുടെ മീഡിയ വിങ്, വെബ്‌സൈറ്റ് എന്നിവയെ കൂടുതൽ മൂർച്ചയുള്ള തലത്തിൽ പ്രവർത്തിപ്പിക്കണം.

5). അൽമായ ശാക്തീകരണം: മലങ്കര സഭാ ഇന്ന് നേരിടുന്ന പ്രശ്നങ്ങളുടെ വലിയ ഒരു കാരണം കരുത്തുറ്റ അൽമായ നേതൃനിരയുടെ അഭാവമാണ്. അല്മായർക്കു കൂടുതൽ അവസരം നൽകാൻ, അവരിലെ നന്മയുള്ള സഭാ താരകങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഒക്കെ മലങ്കര സഭയുടെ പൗരഹത്യ നേതൃത്വം കാട്ടുന്ന അനാസ്ഥ വെടിയണം. സർക്കാർ തല ചർച്ചകളിലും, ചാനൽ അവതാരകരുടെ മുൻവിധിക്കുനസൃതമായുള്ള ക്രൂര പരിഹാസങ്ങൾക്കും അഭിവന്ദ്യ പിതാക്കന്മാർ പോയി ഇരുന്നു കൊടുക്കാതെ അത്തരം കാര്യങ്ങൾക്കു സഭയുടെ സത്യസന്ധരായ അൽമായ നേതാക്കന്മാരെ ഉപയോഗിക്കാൻ തയാറാക്കണം.

കേരളത്തിലെ ഭരണഘടനാനുസൃതമായി വരവ് ചെലവ് കണക്കുകളിൽ സുതാര്യതയും, പരിശോധനയും, പാസാക്കലും ഒക്കെയുള്ള മലങ്കര സഭയെ ഇത് ഒന്നും ബാധിക്കാത്ത വിഘടിത തീവെട്ടി കൊള്ളസംഘം കള്ളപ്പണ വിനിയോഗത്തിലൂടെ അവസാന ലാപ്പിൽ അട്ടിമറിക്കുന്നത് കോടതി വിധികൾ നേടുന്നതിലും വലിയ നേതൃപാടവും, ഏകോപനവും, സൂക്ഷ്മതയും, കൗശലവും, അടവ് നയവും വേണ്ടത് വിധി നടത്തിപ്പ് ഘട്ടത്തിലാണ് എന്ന് സമീപകാല അനുഭവങ്ങൾ നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു. പക്ഷെ ഒക്കെയും സൗകര്യപൂർവ്വം മറക്കുവാനാണെല്ലോ നമ്മൾക്ക് താല്പര്യം.. തമ്മിൽ തമ്മിൽ പഴി ചാരി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിയുകയാണെല്ലോ നമ്മുടെ സാധാരണ ശൈലി .. ആ സ്വഭാവം കുറച്ചു നാളത്തേക്ക് ഒന്ന് മാറ്റി വെച്ച് ദൈവത്തിൻ്റെ നീതി ഭാരതത്തിൻ്റെ നിയമവ്യവസ്ഥതകളിൽ കൂടെ പ്രാവർത്തികമാക്കുന്നതു കാണാൻ മാർത്തോമാ ശ്ലീഹായുടെ മലങ്കര സഭാ വിശ്വാസി സമൂഹം നേതൃത്വത്തിന് ഒപ്പും ഒന്നിച്ചു നില്ക്കണം.

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

അവകാശികൾ കയ്യേറ്റക്കാരനായി ചിത്രീകരിക്കപ്പെടുമ്പോൾ