അല്‍വാറീസ് തിരുമേനിയുടെ പുനരൈക്യം

പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ പ്രചരിച്ച റോമന്‍ കത്തോലിക്കാ സഭയില്‍ ജനിച്ചു വളരുകയും സെമിനാരിയില്‍ പഠിച്ച് ഉത്തമനായ ഒരു വൈദികനായി ഉയരുകയും ചെയ്ത ഫാ. അല്‍വാറീസിനു താന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളുടെ പേരില്‍ പോര്‍ട്ടുഗീസ് ഗവണ്‍മെന്റിൻ്റെ പീഡനം സഹിക്കേണ്ടിവന്നു. കത്തോലിക്കാസഭയുടെ അസഹനീയമായ മര്‍ദ്ദനങ്ങളും ദുരുപദേശങ്ങളും മൂലം കത്തോലിക്കാസഭയോടു വിടപറഞ്ഞ് അദ്ദേഹം മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ ചേരുകയും പിന്നീട് ഒരു മെത്രാപ്പോലീത്തായായി വാഴിക്കപ്പെടുകയും ചെയ്തതുമൂലം അദ്ദേഹം പുനരൈക്യ പ്രസ്ഥാനത്തിൻ്റെ ഭാരതനക്ഷത്രമായി മാറി.

1836 ഏപ്രില്‍ മാസത്തില്‍ ഗോവയില്‍ ജനിച്ച അല്‍വാറീസ് 1859-ല്‍ 23-മത്തെ വയസ്സില്‍ ദൈവശാസ്ത്ര ബിരുദം നേടി. അക്കാലത്തു റോമന്‍ കത്തോലിക്കാ സഭയുടെ ആഭ്യന്തര ഭരണ സംവിധാനങ്ങള്‍ വളരെ മോശമായിരുന്നു. സെമിനാരി പഠനം കഴിഞ്ഞ അല്‍വാറീസിന് വൈദികസേവന പ്രവര്‍ത്തനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടു. ഇതിനെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനം നടത്തി. തുടര്‍ന്ന് അദ്ദേഹം കൂടുതല്‍ പഠിക്കാനായി ബോംബെയില്‍ പോയി എട്ടു വര്‍ഷം അവിടെ താമസിച്ചു. അവിടെ ഒരു ജസ്യൂട്ട് സ്‌കൂളില്‍ അദ്ധ്യാപകവൃത്തി സ്വീകരിച്ചു.

1862-ല്‍ വൈദികനായ അല്‍വാറീസ് അഞ്ചു വര്‍ഷം ബോംബെയില്‍ നല്ല സേവനം ചെയ്തു. ബോംബെ വാസത്തിനിടയില്‍ ഇംഗ്ലീഷില്‍ അവഗാഹം നേടാനും നല്ലവണ്ണം പ്രസംഗിക്കാനും മാസികകളില്‍ എഴുതാനും ഒട്ടധികം പ്രമുഖ വ്യക്തികളെ പരിചയപ്പെടാനും സാധിച്ചു. പിന്നീട് ഗോവയിലെ സ്വന്തം ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച അല്‍വാറീസ് ഗോവയിലേക്കു മടങ്ങി. പട്ടിണിയും രോഗവും മൂലം വലഞ്ഞുകൊണ്ടിരുന്ന ഗോവയിലെ പാവപ്പെട്ടവരുടെ ഇടയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മറ്റു ചില വൈദികരെ കൂട്ടിച്ചേര്‍ത്ത് 1871-ല്‍ ഒരു ചാരിറ്റിള്‍ അസോസിയേഷന്‍ രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു. ഭിക്ഷക്കാരെയും അംഗവൈകല്യമുള്ളവരെയും തേടിപ്പിടിച്ചു പുനരധിവസിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ച ഫാ. അല്‍വാറീസ് അവര്‍ക്ക് ഒരു മാലാഖയായി മാറി.

പഞ്ചിമില്‍ 1877-ല്‍ ഒരു സ്‌കൂള്‍ അദ്ദേഹം ആരംഭിച്ചു. 1878-ല്‍ ഗോവയില്‍ കോളറ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും പഠിക്കാനാവാതെ സ്‌കൂള്‍ നിന്നുപോയി. രോഗികളെ ശുശ്രൂഷിക്കുന്നതിനും സ്വന്തം വീട്ടില്‍ തന്നെ പാര്‍പ്പിക്കുന്നതിനും പണമില്ലാത്തവരെ സേവിക്കാന്‍ പണക്കാരോടു പണം കടം വാങ്ങി പ്രവര്‍ത്തിക്കാനും മരുന്നു വിതരണം ചെയ്യാനും ഫാ. അല്‍വാറീസ് ചെയ്ത ശ്രമങ്ങള്‍ വിവരണാതീതമാണ്.

എട്ടു വര്‍ഷം കഴിഞ്ഞ് 1885-ല്‍ വീണ്ടും ഗോവയില്‍ കോളറ വന്നപ്പോള്‍ ശതക്കണക്കിനു പാവപ്പെട്ടവര്‍ മരിച്ചു. ഉടന്‍ തന്നെ ജനങ്ങള്‍ രോഗത്തെ സംബന്ധിച്ചു ശ്രദ്ധിക്കേണ്ട കാര്യങ്ങളെറ്റി ഫാ. അല്‍വാറീസ് പോര്‍ട്ടുഗീസ് ഭാഷയില്‍ ഒരു പുസ്തകം എഴുതി സൗജന്യമായി വിതരണം ചെയ്തു. അടുത്ത വര്‍ഷം കൊളംബോയില്‍ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഈ പുസ്തകം ഇംഗ്ലീഷിലാക്കി അവിടെ വിതരണം ചെയ്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മാസികകളില്‍ എഴുതിയ വിമര്‍ശനപരമായ ലേഖനങ്ങള്‍ റോമന്‍ കത്തോലിക്കാ സഭയ്ക്കും പോര്‍ട്ടുഗീസ് ഭരണകൂടത്തിനും ഒട്ടും രസിച്ചില്ല. അദ്ദേഹം നടത്തിവന്ന മാസിക ഭരണകൂടം നിരോധിച്ചു. ഇതിനുശേഷവും മാസിക പ്രസിദ്ധീകരിച്ചതിനു റോമന്‍ സഭ ഫാ. അല്‍വാറീസിനെ മുടക്കി. മാസിക നിരോധിച്ചതിനെതിരെ ഫാ. അല്‍വാറീസ് കോടതിയില്‍ കേസു കൊടുത്തു ജയിച്ചു എങ്കിലും മുടക്കാന്‍ ബിഷപ്പിന് അധികാരമുണ്ടെന്ന് വ്യക്തമാക്കപ്പെട്ടു. തുടര്‍ന്ന് ഫാ. അല്‍വാറീസ് സത്യം എന്ന പേരില്‍ ആരംഭിച്ച മാസികയില്‍ കടുത്ത വിമര്‍ശനങ്ങള്‍ നടത്തി.

മുടക്കപ്പെട്ടശേഷം ഫാ. അല്‍വാറീസ് ‘സ്വതന്ത്ര കാതലിക് മിഷന്‍‘ എന്ന സ്ഥാപനം ആരംഭിച്ചു. കത്തോലിക്കാസഭയുടെ കപട ആത്മീയതയേയും സമ്പന്നരുടെ മദ്യപാനത്തേയും അധാര്‍മ്മിക ജീവിതത്തെയും നിശിതമായി എതിര്‍ത്തപ്പോള്‍ ഫാ. അല്‍വാറീസിന് പാവെട്ടവരുടെ പിന്തുണ മാത്രമേ ലഭിച്ചിരുന്നുള്ളു. ജീവരക്ഷാര്‍ത്ഥം കോളംബോയില്‍ പോയ ഫാ. അല്‍വാറീസിനെ അവിടെ വച്ചുപദ്രവിക്കാനും കത്തോലിക്കാ സഭ ശ്രമിച്ചു. ഒടുവില്‍ മംഗലാപുരത്ത് തിരിച്ചെത്തിയ ഫാ. അല്‍വാറീസ് ശത്രുവലയത്തില്‍ നിന്നു ബുദ്ധിപൂര്‍വ്വം രക്ഷെട്ടു. എങ്കിലും ശത്രുക്കള്‍ അദ്ദേഹത്തെ എന്നും പിന്തുടര്‍ന്നിരുന്നു.

ബ്രഹ്മവാര്‍ മിഷൻ്റെ ആരംഭം
മംഗലാപുരം തുറമുഖത്ത് കപ്പലിൽ എത്തിയപ്പോൾ അവിടെ വലിയ ബഹളവും കലഹവുമാണെന്നറിഞ്ഞ് അല്‍വാറീസ് ഉടനെതന്നെ അവിടെ നിന്ന് ബ്രഹ്മവാറിലേക്ക് പോയി. ഉഡുപ്പി  താലൂക്കില്‍ ഉഡുപ്പി  പട്ടണത്തില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്ത് നേരത്തെ തന്നെ അല്‍വാറീസിന് സ്വന്തം സ്ഥലമുണ്ടായിരുന്നു. കല്ലിയാംപുരി നദിയുടെ സമീപത്തുള്ള ഫലഭൂയിഷ്ഠമായ ഈ പ്രദേശം ഒരു ആസ്ഥാനമാക്കുവാന്‍ ഈ വൈദികന്‍ തീരുമാനിച്ചു. താന്‍ അവിടെ എത്തിയാേള്‍ റോമന്‍ കത്തോലിക്കാ സഭയില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്ന ആയിരത്തിലധികം കുടുംബങ്ങള്‍ അവിടെയുണ്ടായിരുന്നു. ഫാ. അല്‍വാറീസിൻ്റെ ഉപദേശം സ്വീകരിച്ച് ആ കുടുംബങ്ങള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലേക്ക് ചേര്‍ന്നു. മാത്രമല്ല ‘ബ്രഹ്മവാര്‍ മിഷന്‍‘ എന്ന പേരില്‍ ഒരു സുവിശേഷ സമൂഹം കെട്ടിപ്പെടുക്കുവാനും തനിക്ക് സാധിച്ചു.

ഈ സമയത്താണ് റോമന്‍ കത്തോലിക്കാ സഭയില്‍ നിന്നും പ്രസിദ്ധനായ ഒരു പട്ടക്കാരന്‍ കൂടി മുടക്കിന് വിധേയനായത്. ഫാ. നൊറോണാ, ഒരു പുരാതനവും പ്രസിദ്ധവുമായ കുടുംബത്തിലെ അംഗമാണ്. വളരെ നല്ല സേവനം ചെയ്തുകൊണ്ടിരുന്ന റോമന്‍ കത്തോലിക്കാ പുരോഹിതനായ അദ്ദേഹം സല്‍സ്വഭാവിയായി അറിയപ്പെട്ടിരുന്നു. എന്നാല്‍ കത്തോലിക്കാ സഭയിലെ പ്രൊഗാന്‍ഡാ എന്ന വിഭാഗക്കാര്‍ വ്യക്തിപരമായ വിരോധംകൊണ്ട് അദ്ദേഹത്തിനെതിരായി കള്ളക്കഥകള്‍ പറഞ്ഞുപരത്തി. ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ അന്നത്തെ ഗോവാ ആര്‍ച്ചബിഷപ്പ്  ഡോംവാലെൻ്റെ, ഫാദര്‍ നൊറോണായെ 1889 ജനുവരി 4-നു കത്തോലിക്കാ സഭയില്‍ നിന്ന് മുടക്കിയതായി കല്പന ഇറക്കി.

ഫാ. നെറോണ അങ്ങനെ ശിക്ഷണ നടപടികള്‍ക്ക് വിധേയനായി വളരെ കഷ്ടാവസ്ഥയിലാണ് എന്ന് അല്‍വാറീസിന് അറിവുകിട്ടി. പെട്ടെന്ന് ഫാദര്‍ അല്‍വാറീസ് തൻ്റെ വിശ്വസ്ത സഹപ്രവര്‍ത്തകനായിരുന്ന പാസണ്ണാ എന്നൊരാളിനെയും  മറ്റു മൂന്നു പേരെയും കൂട്ടി ബ്രഹ്മവാറില്‍ നിന്ന് ഫാ. നൊറോണായുടെ അടുക്കല്‍ അയച്ചു. അവിടെയുള്ള കഷ്ടപ്പാടില്‍ നിന്ന് രക്ഷപെട്ട് ഉടനെ ബ്രഹ്മവാറില്‍ എത്തിച്ചേരണമെന്നും സ്വതന്ത്രസഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ ചേരണമെന്നും അതില്‍ പ്രവര്‍ത്തിക്കണമെന്നും സന്ദേശം അയച്ചു. അതു ലഭിച്ചപ്പോള്‍ അദ്ദേഹം ബ്രഹ്മവാറില്‍ എത്തിച്ചേര്‍ന്നു. ഫാ. അല്‍വാറീസിനെ കണ്ട് ഓര്‍ത്തഡോക്‌സ് സഭയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ചു.

1889 ഏപ്രില്‍ 21 ഞായറാഴ്ച നമ്മുടെ കര്‍ത്താവിൻ്റെ ഉയിര്‍പ്പ്  ദിവസം ഒരു ചെറിയ താല്ക്കാലിക ദേവാലയത്തില്‍ വച്ച് രണ്ടു റോമന്‍ കത്തോലിക്കാ പുരോഹിതര്‍ ഓര്‍ത്തഡോക്‌സ് രീതിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. റോമന്‍ കത്തോലിക്കാ സഭ ഉപേക്ഷിച്ചു വന്ന ധാരാളം വിശ്വാസികള്‍ അതില്‍ പങ്കെടുത്തു. മലങ്കരസഭയെ സംബന്ധിച്ചിടത്തോളം കേരളത്തിന് പുറത്തേയ്ക്കുള്ള സഭയുടെ വളര്‍ച്ചയ്ക്ക് ഇത് ഒരു ആരംഭമായി. എം. ഒ. സി. സിറിയന്‍ മിഷന്‍ അല്ലെങ്കില്‍ ബ്രഹ്മവാര്‍ മിഷന്‍ ഒരു അത്ഭുതം തന്നെയാണ്. ദൈവനിയോഗപ്രകാരം രണ്ട് റോമന്‍ കത്തോലിക്കാ പുരോഹിതരാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒരു ബാഹ്യ കേരള മിഷന്‍ ആരംഭിച്ചത് എന്ന് നാം ഓര്‍ത്തിരിക്കണം. വിദേശാധിപത്യത്തില്‍ നിന്നും സ്വതന്ത്ര സഭയിലേക്കുള്ള ഈ മാറ്റം ഇവര്‍ക്ക് ആശ്വാസകരമായിരുന്നു.

മെത്രാന്‍ സ്ഥാനാഭിഷേകം
ബ്രഹ്മവാര്‍ മിഷൻ്റെ ചുമതല 1889 മേയ് മാസം ഫാദര്‍ നൊറോണയെ ഏല്പിച്ചശേഷം ഫാദര്‍ അല്‍വാറീസ് കൊച്ചിയിലേക്കു പോയി. റോമന്‍ കത്തോലിക്കാ സഭയിലെ ഒരു ചുറുചുറുക്കുള്ള പട്ടക്കാരനായി ബോംബെയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച ഈ യുവ വൈദികനെ തൻ്റെ ലേഖനങ്ങളില്‍ സഭയെ വിമര്‍ശിച്ചു എന്നതിൻ്റെ പേരില്‍ മുടക്കിയത് വളരെ പ്രസിദ്ധമാണ്. തൻ്റെ സ്വന്ത ഇഷ്ടപ്രകാരം ഓര്‍ത്തഡോക്‌സ് സഭയിലെ അംഗത്വം സ്വീകരിക്കുകയും സഭയുടെ വളര്‍ച്ചയ്ക്കു വേണ്ടി അദ്ധ്വാനിക്കുകയും അനേകം വൈദികരുള്‍പ്പടെ നിരവധിയാളുകളെ ഓര്‍ത്തഡോക്‌സ് സഭയിലേക്ക് കൊണ്ടുവരികയും ചെയ്തു. ചുരുങ്ങിയ കാലയളവുകൊണ്ട് ബ്രഹ്മവാറില്‍ ഒരു മിഷന്‍ കേന്ദ്രം ആരംഭിച്ചു. ഈ നിസ്തുലമായ സേവനങ്ങളുടെ അംഗീകാരമായി അന്‍േറാണിയോ ഫ്രാന്‍സിസ് സേവ്യര്‍ അല്‍വാറീസിനെ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു മെത്രാാേലീത്തായായി വാഴിക്കുന്നതിന് മലങ്കരസഭാ സുന്നഹദോസ് തീരുമാനിച്ചു. ഈ തീരുമാനം പാത്രിയര്‍ക്കീസ് പത്രോസ് മൂന്നാമനെ അറിയിക്കുകയും അദ്ദേഹം ഉടനെതന്നെ അനുവാദ കല്പന അയച്ചുതരികയും ചെയ്തു.

ഒരു ചരിത്ര സംഭവത്തിന് പഴയസെമിനാരി ചാപ്പല്‍ സാക്ഷ്യം വഹിച്ചു. 1889 ജൂലൈ 29-നു പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ്, ചാത്തുരുത്തി ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് (പരിശുദ്ധ പരുമല തിരുമേനി), പൗലോസ് മാര്‍ ഈവാനിയോസ്, കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ അനേകം പട്ടക്കാരുടെ സാന്നിദ്ധ്യത്തില്‍ അനുഗ്രഹപ്രദമായ മേല്പട്ടസ്ഥാനാരോഹണ ശുശ്രൂഷ നടന്നു. അനേകം വിശ്വാസികളുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണത്തില്‍ അല്‍വാറീസ് മാര്‍ യൂലിയോസ് ഒന്നാമന്‍ എന്ന പേരില്‍ മെത്രാാേലീത്തയായി അഭിഷിക്തനായി. ബോംബെ, മദ്രാസ്, ഗോവ, കര്‍ണ്ണാടക, കൊളംബോ എന്നിവയായിരുന്നു അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനമേഖല.

മലങ്കര മെത്രാാേലീത്താമാരായിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ച അല്‍വാറീസ് മാര്‍ യൂലിയോസ് 1911-ല്‍ വട്ടശ്ശേരില്‍ തിരുമേനിയെ അബ്ദുള്ളാ പാത്രിയര്‍ക്കീസ് മുടക്കിയപ്പോൾ ആ മുടക്കിനെ ശക്തമായി എതിര്‍ത്തു മലങ്കര മെത്രാപ്പോലീത്തായ്ക്കു ശക്തമായ പിന്തുണ നല്‍കി. അല്‍വാറീസ് മെത്രാപ്പോലീത്താ പ്രായാധിക്യംമൂലം അവശനായപ്പോള്‍ ബ്രഹ്മവാര്‍ ഭദ്രാസന ചുമതല വട്ടശ്ശേരില്‍ തിരുമേനി ഏറ്റെടുത്തു കൊണ്ട് 1919 നവംബര്‍ 21-നു ഒരു കല്പന ഇറക്കി.

ബഥനിയുടെ മാര്‍ ഈവാനിയോസിനെ 1925-ല്‍ എപ്പിസ്‌കോായായി വാഴിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനു ബ്രഹ്മവാര്‍ ഗോവ ഭദ്രാസനത്തിൻ്റെ ചുമതല നല്‍കി. മാര്‍ ഈവാനിയോസ് ബ്രഹ്മവാര്‍ ബിഷപ്പ് എന്ന നിലയില്‍ അവിടം സന്ദര്‍ശിച്ചു. ഫാ. നൊറോണാ അവിടത്തെ കാര്യങ്ങള്‍ മാര്‍ ഈവാനിയോസിനെ അറിയിച്ചു.

മാര്‍ അല്‍വാറീസ് 1923-ല്‍ പഞ്ചിമില്‍ വച്ചു കാലം ചെയ്തശേഷം അംശവസ്ത്രങ്ങളും സ്ഥാനചിഹ്നങ്ങളും മാര്‍ ഈവാനിയോസാണ് ഏറ്റെടുത്തത്. 1930-ല്‍ മാര്‍ ഈവാനിയോസ് റീത്തില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഗീവറുഗീസ് രണ്ടാമന്‍ കാതോലിക്കാബാവാ, ബ്രഹ്മവാര്‍ ഭരണം ഏറ്റെടുത്തു ഭരണം നടത്തുകയും പട്ടക്കാരെ നിയോഗിക്കുകയും ചെയ്തു.

1934-ല്‍ ഈ ഭദ്രാസനത്തിൻ്റെ ഭരണം മഞ്ഞിനിക്കര ദയറായിലെ ഏലിയാസ് മാര്‍ യൂലിയോസ് അവകാശപ്പെട്ട്  ഉഡുപ്പി  മുന്‍സിഫ് കോടതിയില്‍ കേസു നടത്തി എങ്കിലും ബ്രഹ്മവാര്‍ കത്തീഡ്രലും ഇടവകകളും കാതോലിക്കാ ബാവായുടെയും ഫാ. പി. ജി. കോശിയുടെയും കീഴിലാണെന്ന് 1952-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നു വിധി വരികയും ഭദ്രാസനം വീണ്ടും മലങ്കരസഭയുടെ കീഴില്‍ എത്തുകയും ചെയ്തു. പാത്രിയര്‍ക്കീസ് വിഭാഗത്തിൻ്റെയും കത്തോലിക്കരുടെയും ശക്തമായ ദ്വിമുഖാക്രമണത്തെ സുധീരം നേരിട്ടുകൊണ്ടാണ് ബ്രഹ്മവാര്‍ ഭദ്രാസനത്തെ, അല്‍വാറീസ്, വട്ടശ്ശേരില്‍ ദീവന്നാസ്യോസ്, ഗീവറുഗീസ് രണ്ടാമന്‍ കാതോലിക്കാബാവാ എന്നീ തിരുമേനിമാരും ഫാ. നെറോണോ, ഫാ. പി. ജി. കോശി, ഫാ. കെ. കെ. കുറിയാക്കോസ്, ഫാ. കെ. റ്റി. വറുഗീസ് എന്നീ വൈദികരും സംരക്ഷിച്ചു നിലനിറുത്തിയതെന്ന വസ്തുത സഭ നന്ദിപൂര്‍വ്വം അനുസ്മരിക്കേണ്ടതും സഭാംഗങ്ങള്‍ ദൈവത്തെ സ്തുതിക്കേണ്ടതുമാണ്.

പുതിയ മെത്രാപ്പോലീത്താ ഈ പ്രദേശങ്ങളില്‍ യാത്ര ചെയ്ത് ഓര്‍ത്തഡോക്‌സ് സഭയുടെ ഭിത്തിയെ ബലപ്പെടുത്തുകയും കുറ്റികളെ ഉറിപ്പിക്കുകയും കയറുകളെ നീട്ടുകയും ചെയ്തു. മംഗലാപുരം മുതല്‍ ബോംബെ വരെയുള്ള തീരപ്രദേശത്തു നിന്ന് അയ്യാരത്തിലധികം കുടുംബങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ചേര്‍ന്നതായി ചരിത്രം ഉണ്ട്. ധാരാളം പട്ടക്കാരും ഇതില്‍ ഉൾപ്പെടുന്നു. തൃശ്ശിനാള്ളിയിലും കൊളംബോയിലും സമൂഹങ്ങള്‍ ഉണ്ടായി. അമേരിക്കന്‍ ഐക്യനാടുകളില്‍ ചില സ്ഥലത്തു നിന്നും ജനങ്ങള്‍ റോമാവിശ്വാസം ഉപേക്ഷിച്ചു നമ്മുടെ സഭയില്‍ വന്നു. ആ കൂട്ടത്തില്‍ വന്ന അതിസമര്‍ത്ഥനായ ഒരു പാതിരിയായിരുന്നു റെനിവിലാത്തി. അദ്ദേഹത്തെ സിലോണില്‍ വച്ച് ഒരു മെത്രാപ്പോലീത്തായായി വാഴിച്ച് അമേരിക്കന്‍ ഭദ്രാസനത്തിൻ്റെ ചുമതല ഏല്പിക്കാന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചത് അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായായിരുന്നു.

ഇത് ഒരു വലിയ പരിവര്‍ത്തനത്തിൻ്റെ കാലമായി ചരിത്രകാരന്മാര്‍ കണക്കുകൂട്ടുന്നു. ഈ കാലയളവില്‍ നടന്ന സഭാമാറ്റമാണ് വാസ്തവത്തില്‍ പുനരൈക്യ പ്രസ്ഥാനമെന്ന് ഓര്‍ത്തഡോക്‌സ് സഭാചരിത്രകാരനായിരുന്ന ഡോ. വി. സി. ശമുവേലച്ചന്‍ രേഖപ്പെടുത്തിയിരിക്കുന്നു. പാശ്ചാത്യരീതിയില്‍ നിന്നും വിദേശാധിപത്യത്തില്‍ നിന്നും സ്വതന്ത്രമായി ഇന്ത്യയില്‍ ഒരു ആരാധനാരീതി ഉണ്ടാകണമെന്ന് ഇവിടെയുള്ള ജനങ്ങള്‍ ആഗ്രഹിച്ചതിൻ്റെ പ്രതിഫലനവും ഇവിടെയുണ്ട്. സൗത്ത് കാനറായില്‍ ഉണ്ടായ ഈ മാറ്റം ഭാരതവല്‍ക്കരണത്തിൻ്റെ ആദ്യപടിയായിരുന്നു എന്ന് പ്രസിദ്ധ ചരിത്രകാരി കാന്റി ഫറിയാസ് രേഖപ്പെടുത്തിയിട്ടുണ്ട്.

മാര്‍ത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യം അവകാശപ്പെടുന്ന സഭയാണ് പേര്‍ഷ്യന്‍ സഭ. ഒരു കാലത്ത് മലങ്കരസഭയും പേര്‍ഷ്യന്‍ സഭയും തമ്മില്‍ അടുത്ത ബന്ധം നിലനിന്നിരുന്നതായും പേര്‍ഷ്യന്‍ സഭയിലെ മെത്രാപ്പോലീത്താമാര്‍ മലങ്കരസഭയില്‍ ബന്ധം പുലര്‍ത്തിയിരുന്നതുമായി ചരിത്രം വ്യക്തമാക്കുന്നുണ്ട്. 16ാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരുടെ വരവിനു ശേഷമാണ് ഗോവയില്‍ ക്രിസ്തുമതം പ്രചരിച്ചത് എന്നും പുരാതനകാലം മുതല്‍ അവിടെ ക്രിസ്തീയ സഭ റോമന്‍ പോപ്പിൻ്റെ അധികാരത്തിലായിരുന്നു എന്നും മറ്റും വാദിക്കുന്നവര്‍ക്ക് ഈ പേര്‍ഷ്യന്‍ കല്‍ക്കുരിശുകളുടെ കണ്ടെത്തല്‍ വലിയൊരു തിരിച്ചടിയായി. ഈ കണ്ടെത്തല്‍ 7ാം നൂറ്റാണ്ടിനു മുമ്പുതന്നെ ഗോവയില്‍ ക്രിസ്തുമതം പ്രചരിച്ചിരുന്നു എന്നും ആ സഭയ്ക്ക് പേര്‍ഷ്യന്‍ സഭയുമായി ഉറ്റബന്ധമുണ്ടായിരുന്നു എന്നും മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു.

റോമന്‍ കത്തോലിക്കാ സഭയിലെ പുരോഹിതനായിരുന്ന ഫാ. അല്‍വാറീസ് മലങ്കരസഭയിലേക്ക് വരികയും ഈ സഭയുടെ മെത്രാപ്പോലീത്താ ആകുകയും ചെയ്തത് ദൈവനിയോഗമാണ്. അല്‍വാറീസ് മാര്‍ യൂലിയോസ് തിരുമേനിയുടെയും ഫാദര്‍ നൊറോണയുടെയും ശ്രമഫലമായി റോമന്‍ കത്തോലിക്കാസഭ വിട്ടിട്ട് ഏകദേശം 6000 കത്തോലിക്കാ കുടുംബങ്ങള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലേക്ക് വന്നു. വേര്‍പെട്ടുപോയ കണ്ണികളെ വീണ്ടും യോജിപ്പിക്കുന്നതുപോലെ, പോര്‍ട്ടുഗീസ് ഭരണകാലത്ത് റോമന്‍ കത്തോലിക്കാസഭയിലേക്ക് പോയ ക്രിസ്ത്യാനികള്‍ തിരികെ നമ്മുടെ സഭയിലേക്കു വന്നതാണ് സാക്ഷാല്‍ പുനരൈക്യം എന്നു പറയുന്നത്. 1887-ല്‍ നടന്ന അതിശക്തമായ ഈ തിരിച്ചുവരവ് മാര്‍ത്തോമ്മാ പാരമ്പര്യമുള്ള മലങ്കരസഭയ്ക്ക് വലിയൊരു ചരിത്രനേട്ടമാണ്. ഭാരതസഭയുടെ പാരമ്പര്യവും സ്വാതന്ത്ര്യവും സ്വയശീര്‍ഷകത്വവും അംഗീകരിക്കുവാന്‍ ഈ ചരിത്രരേഖകള്‍ സഹായിക്കും.copyright@ovsonline.in

error: Thank you for visiting : www.ovsonline.in