OVS - Latest NewsOVS-Kerala News

കെയ്‌റോ അനുരഞ്ജന സമ്മേളനം: പ്രചരിക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിത വാര്‍ത്തകള്‍

സെപ്റ്റംബര്‍ മാസം പതിനൊന്നാം തീയതി കെയ്‌റോയില്‍ വെച്ച് നടക്കേണ്ടിയിരുന്ന മലങ്കരസഭയിലെ അനുരഞ്ജനം ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം നടന്നില്ല എന്നും അതിൻ്റെ കാരണം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിസഹകരണമാണ് എന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്.

2018 ജൂണ്‍ മാസം ഇരുപത്തിയഞ്ചാം തീയതി കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ തലവൻ്റെയും, ലബനനില്‍ ഉള്ള അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവൻ്റെയും കത്തുകള്‍ പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ലഭിച്ചിരുന്നു. അതില്‍ മധ്യപൂര്‍വ്വ ഏഷ്യയിലെ ഓര്‍ത്തഡോക്‌സ് സഭ തലവാര്‍ ഒരുമിച്ചു കൂടിയ സമ്മേളനത്തില്‍ മലങ്കരയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും അത് പരിഹരിക്കുന്നതിന് വേണ്ടി ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നും യാക്കോബായ വിഭാഗത്തില്‍ നിന്നും 3 പ്രതിനിധികള്‍ വീതവും, സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെയും ലബനനിലെ അര്‍മീനിയന്‍ സഭയുടെയും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെയും പ്രതിനിധികള്‍ ഒരുമിച്ച് സെപ്റ്റംബര്‍ മാസം പതിനൊന്നാം തീയതി കെയ്‌റോയില്‍ സമ്മേളനം കൂടണമെന്നും എഴുതിയിരുന്നു. ഇതിലേക്കായി പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനി 3 പ്രതിനിധികളെ അയയ്ക്കണമെന്നും ആവശ്യട്ടെിരുന്നു.

ജൂലൈ മാസം ഇരുപത്തിയഞ്ചാം തീയതി മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നും എന്തുകൊണ്ട് പ്രതിനിധികളെ അയക്കുവാന്‍ കഴിയില്ല എന്നുള്ളതിന് മതിയായ വിശദീകരണം പരിശുദ്ധ കാതോലിക്ക ബാവ തിരുമേനി എഴുതിഅറിയിച്ചിരുന്നു.

പരിപൂര്‍ണ്ണമായും ഓര്‍ത്തഡോക്‌സ് സഭാവിജ്ഞാനീയത്തില്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് രൂപപ്പെടുത്തിയ വ്യക്തമായ ഒരു ഭരണഘടന മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഉണ്ട് എന്നും അത് ഭാരതത്തിലെ പരമോന്നത കോടതി ശരിയെന്ന് അംഗീകരിച്ചിട്ടുള്ളതാണ് എന്നും വിശദീകരിച്ചതിനു പുറമേ ഒരു പക്ഷേ വിഘടിത വിഭാഗത്തിന് ഈ ഭരണഘടന ഉള്‍ക്കൊള്ളുന്നതിന് കുറച്ചു കൂടി സമയം ആവശ്യമായിരിക്കാം എന്നും അറിയിച്ചിരുന്നു. ഇത്തരത്തില്‍ കൃത്യത ഉള്ള മാനദണ്ഡത്തെ അടിസ്ഥാനപ്പെടുത്തിയും പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ പൈതൃകം നിലനിര്‍ത്തിയും സുവിശേഷ സത്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയും മുമ്പോട്ട് പോകുന്നതിനുള്ള സാധ്യതകള്‍ ഇവിടെ നിലനില്‍ക്കെ ഒരു വിദേശ രാജ്യത്ത് വച്ച് നടത്തുന്ന ചര്‍ച്ച ഇപ്പോൾ നിലവിലുള്ള സംവിധാനത്തെ ബലഹീനപ്പെടുത്തുകയെ ഉള്ളൂ എന്നും അറിയിച്ചിരുന്നു. ഇത് ഒരിക്കലും നിസ്സഹകരണം അല്ല. മാത്രമല്ല, മാസങ്ങള്‍ക്ക് മുമ്പുതന്നെ, എല്ലാ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്മാർക്കും ചുവടെ ചേര്‍ക്കുന്ന സംഗതികള്‍ ഹാര്‍ഡ് കോപ്പിയായി രേഖാമൂലം അയച്ചുകൊടുത്തിട്ടുള്ളതുമാണ്.

1. വന്ദ്യ കെ. എം. ജോര്‍ജ് അച്ചന്‍ തയ്യാറാക്കിയ മലങ്കരസഭയുടെ നാളിതുവരെയുള്ള സംക്ഷിപ്ത ചരിത്ര നാള്‍വഴി.
2. 1958-ലെ സമാധാന കാലത്തിനുശേഷം എഴുപതുകളില്‍ വിഘടിത വിഭാഗം പിരിഞ്ഞു പോകുന്നതിനു ഉണ്ടായ സാഹചര്യം, ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി തയ്യാറാക്കിയത്.
3. പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ പട്ടത്വം ചോദ്യം ചെയ്തുകൊണ്ടുള്ള, പരിശുദ്ധ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഇരുന്നൂറ്റി മൂന്നാം നമ്പര്‍ കല്‍ന സുറിയാനി ഭാഷയില്‍ ഉള്ളതും, അതിൻ്റെ ഇംഗ്ലീഷ് പരിഭാഷയും.
4. 2017 ജൂലൈ മാസം മൂന്നാം തീയതി ലഭിച്ച സുപ്രീംകോടതിവിധിയുടെ ഒരു പേജ് മാത്രമുള്ള സമ്മറിയും, അതോടൊം കോടതിവിധിയുടെ പൂര്‍ണ്ണരൂപവും.
5. 2014 മാര്‍ച്ച് മാസത്തില്‍ പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കാലം ചെയ്തതു മുതല്‍ നാളിതുവരെ നമ്മുടെ പരിശുദ്ധ കാതോലിക്ക ബാവ, സുറിയാനി സഭയുടെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് സ്വന്തം കയ്യൊപ്പോടുകൂടി അയച്ചിട്ടുള്ള കത്തുകളുടെ ഉള്ളടക്കവും വിവരണവും.

പ്രസ്തുത രേഖകള്‍ വായിക്കുന്ന ആര്‍ക്കുംതന്നെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗത്തുള്ള നീതിയും ധര്‍മ്മവും നിശ്ചയമായും ബോധ്യപ്പെടേണ്ടതാണ്. മാത്രമല്ല, സെപ്റ്റംബര്‍ മാസം പതിനൊന്നാം തീയതി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള മീറ്റിംഗ് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് മാതൃ സഭാതലവൻ്റെയോ, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭാതലവൻ്റെയോ, പ്രസ്തുത സഭകളുടെയോ അറിവോ പങ്കാളിത്തമോ ഉള്ളതായിരുന്നില്ല. മധ്യപൂര്‍വേഷ്യയില്‍ മാത്രമുള്ള ഓര്‍ത്തഡോക്‌സ് സഭാതലവാര്‍ വിളിച്ചു കൂട്ടുന്ന മീറ്റിംഗ് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് കുടുംബം മുഴുവന്‍ ഉള്‍പ്പെടുന്ന സംരംഭമായി തെറ്റിദ്ധരിക്കപ്പെടരുത് എന്നതും പ്രധാനമാണ്.

സമാധാന ശ്രമങ്ങളോട് ഓര്‍ത്തഡോക്‌സ് സഭ നിസഹകരിച്ചിട്ടില്ല: യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്

കോട്ടയം: മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉണ്ടാക്കാനുള്ള പരിശ്രമങ്ങളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭ പിന്മാറുകയോ നിസ്സഹകരിക്കുകയോ ചെയ്തിട്ടില്ലെന്ന് എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് വ്യക്തമാക്കി. സുപ്രീംകോടതിയാണ് സഭ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന വ്യക്തമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അത് നടപ്പാക്കുക മാത്രമാണ് അവശേഷിക്കുന്നത്. ഇനിയെങ്കിലും അക്രമം വെടിഞ്ഞ് സമാധാനപാത സ്വീകരിക്കുന്നതാണ് അഭികാമ്യമെന്ന് പാത്രിയര്‍ക്കീസ് വിഭാഗം മനസ്സിലാക്കണം.

ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ ഏതെങ്കിലും പൊതുവേദിയില്‍ അതില്‍ അംഗത്വമുള്ള സഭകളുടെ ആഭ്യന്തരപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കുക എന്ന നടപടിക്രമം നിലവിലില്ലാത്തതിനാല്‍ ഓര്‍ത്തഡോകസ് സഭ സമാധാന ചര്‍ച്ചകളോട് നിസ്സഹകരിച്ചുവെന്ന വാര്‍ത്ത പൊള്ളയാണെന്ന് മാര്‍ ദിയസ്‌കോറോസ് വ്യക്തമാക്കി. മലങ്കര സഭയുടെ സ്വാതന്ത്ര്യം പൂര്‍ണമായും സംരക്ഷിച്ചുള്ള ശാശ്വത സമാധാനമാണ് മലങ്കരസഭ ലക്ഷ്യംവെക്കുന്നത്. മലങ്കരയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ പൂര്‍ണമായ ചിത്രം ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭ തലവന്മാരെ നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു. കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളി, വെട്ടിത്തറ മാര്‍ മിഖായേല്‍ എന്നീ പള്ളികള്‍കൂടി ഓര്‍ത്തഡോക്‌സ് സഭക്ക് അവകാശട്ടെതെന്ന് പെരുമ്പാവൂര്‍ കോടതി വിധിച്ചിരിക്കുന്നതായും മാര്‍ ദിയസ്‌കോറോസ് പറഞ്ഞു.

കെയ്‌റോ അനുരഞ്ജന സമ്മേളനം: സഭയുടെ ഔദ്യോഗിക വിശദീകരണം

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി