OVS - ArticlesOVS - Latest NewsOVS-Kerala News

കട്ടച്ചിറ കേസ് വിധി വിശദാംശങ്ങൾ

ഒന്നാം സമുദായകേസ്, (1958) രണ്ടാം സമുദായ കേസ്, (1995) കോലഞ്ചേരി പള്ളിക്കേസ് (2017) എന്നീ മൂന്നു വിധികളും പരിഗണിച്ച് മലങ്കര സഭയ്ക്കു പൂർണമായി അനുകൂലമായി ബഹു. സുപ്രീംകോടതി മൂന്നംഗ ബഞ്ച് കട്ടച്ചിറ പളളിക്കേസിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നു. 22 പോയിന്റുകളായി അവതരിപ്പിച്ചിരിക്കുന്ന പ്രസ്തുത വിധിയുടെ വിശദാംശങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി ഒ.വി.എസ് ഓൺലൈൻ പൂർണമായി പ്രസിദ്ധപ്പെടുത്തുന്നു.

1 – 1977-ൽ മലങ്കര സഭയുടെ കൊല്ലം മെത്രാപ്പോലീത്തായും അദ്ദേഹം നിയമിച്ച വികാരിയും നൽകിയ കേസ്. OS 187. മെത്രാപ്പോലീത്ത നിയമിച്ച തനിക്കു പള്ളിയിലും സെമിത്തേരിയിലും കുരിശും തൊട്ടിയിലും ആരാധന നടത്തുവാൻ അനുവദിക്കണമെന്നതായിരുന്നു കേസിലെ പ്രധാന വാദം. കൂടാതെ കൊല്ലം മെത്രാപ്പോലീത്തായുടെ സ്ഥാനത്തെ അംഗീകരിക്കാത്തവർക്ക് നിരോധനവും ആവശ്യപ്പെട്ടിരുന്നു.Copyright-ovsonline.in

2 – ഓത്തഡോക്സ് സഭയുടെ വാദം – 29-06-1972 – ൽ സി.കെ.കോശി കൊല്ലം മെത്രാപ്പോലീത്തായ്ക്ക് എഴുതിക്കൊടുത്ത ഇഷ്ടദാനപ്രകാരം പള്ളിയും സ്ഥാപനങ്ങളും ഭരിക്കേണ്ടതും ആരാധന നടത്തേണ്ടതും മെത്രാപ്പോലീത്തായും അദ്ദേഹം നിയമിച്ചിരിക്കുന്നവരും ആണ്. അദ്ദേഹത്തിൻ്റെ അധികാരത്തെ ചോദ്യം ചെയ്യുന്നവർക്കു പള്ളിയിൽ എന്തെങ്കിലും സ്ഥാനം വഹിക്കുന്നതിനോ പള്ളിയിൽ വരുന്നതിനോ പാടില്ലാത്തതും ആകുന്നു.

3 – യാക്കോബായ വിഭാഗത്തിൻ്റെ വാദം – പള്ളി സ്ഥാപിച്ചിരിക്കുന്നത് ഇടവകകാർക്കു വേണ്ടി അന്ത്യോഖ്യൻ പാത്രിയർക്കീസിൽ നിന്നു ലഭിക്കുന്ന നൽവരങ്ങൾ പ്രാപിച്ചിരിക്കുന്ന വൈദികസ്ഥാനികൾ ശുശ്രൂഷ നടത്തുന്നതിനാണ്. പള്ളിയും വസ്തുക്കളും ഒരു ട്രസ്റ്റാണ്. അത് സ്ഥാപന ഉദ്ദേശത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കാവു. വാദികൾ (ഓർത്തഡോക്സ് സഭ) പാത്രിയർക്കീസിൻ്റെ ആത്മിക അധികാരം അംഗീകരിക്കാത്തവരായതിനാൽ അവർ പള്ളിയിൽ പ്രവേശിച്ച് ശുശ്രൂഷ നടത്താൻ പാടില്ല. പള്ളി ഭരിക്കപ്പെടുന്നത് തങ്ങൾ തന്നെ രൂപികരിച്ച ഭരണഘടനപ്രകാരമാണ്. അതിൻ പ്രകാരം ഇടവകാംഗങ്ങളുടെ അനുവാദമില്ലാതെ വൈദികർക്കു ശുശ്രൂഷകൾ നടത്തുവാൻ സാധിക്കില്ല.

4. 1976 – ൽ OS 17-ാം നമ്പറായി ഇഷ്ടദാനത്തിൻ്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് യാക്കോബായ വിഭാഗം ഒരു കേസ് ഫയൽ ചെയ്തിരുന്നു. മറ്റൊരു സ്യൂട്ടിലൂടെ അവർ ഇടവകയുടെ വസ്തുക്കൾ നഷ്ടപ്പെട്ടില്ലായെന്നു ഉറപ്പു വരുത്തുവാൻ മാനേജിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കൂടാതെ ഒരു ഇടക്കാല ഡിക്രിയിലൂടെ ഇഷ്ടദാനം അസാധുവായി പ്രഖ്യാപിക്കണമെന്നും അതിലെ ഏതെങ്കിലും വകുപ്പുകൾ പ്രയോഗിക്കുന്നതിൽ നിന്നു മെത്രാപ്പോലീത്തയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

5. വിചാരണക്കോടതി യാക്കോബായ വാദം തള്ളിക്കൊണ്ട് വിധി പ്രഖ്യാപിച്ചു. കൂടാതെ മെത്രാപ്പോലീത്തായ അംഗീകരിക്കാത്തവർക്ക് പള്ളിയിൽ നിരോധനവും ഏർപ്പെടുത്തി. മെത്രാപ്പോലീത്തായെ അംഗീകരിക്കുന്നവരെ ഒരു കാരണവശാലും എതിർ വിഭാഗം തടയരുതെന്നും കട്ടച്ചിറ പള്ളിക്കെട്ടിടത്തിൻ്റെ നിർമ്മാണത്തിലും അറ്റകുറ്റപണികളിലും യാക്കോബായ വിഭാഗം തടസ്സം ഉണ്ടാക്കുവാൻ പാടില്ലായെന്നും ഉത്തരവിൽ വ്യക്തമാക്കി.

6. യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി സിംഗിൾ ബഞ്ച് ആ അപ്പീലുകൾ തള്ളിക്കളഞ്ഞു. കൂടാതെ 34-ലെ ഭരണഘടനപ്രകാരം തിരഞ്ഞെടുപ്പ് നടത്തുവാനും ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് നടപടികൾ കൃത്യമായി സുപ്രീം കോടതി ഉത്തരവിനും 34-ലെ ഭരണഘടനയ്ക്കും വിധേയമായിരിക്കും എന്നുറപ്പ് വരുത്തുവാൻ രണ്ട് നിരീക്ഷകരെയും നിയമിച്ചു.

7. 1997 -ൽ യാക്കോബായ വിഭാഗം ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചു. സിംഗിൾ ബഞ്ച് വിധി തള്ളിക്കൊണ്ട് യാക്കോബായ വിഭാഗത്തിനു അനുകൂലമായി ഡിവിഷൻ ബഞ്ച് വിധി പുറപ്പെടുവിച്ചു.

8 – ഞങ്ങൾ വിശദമായി ഈ കേസിലെ വാദം കേട്ടു. എഴുതി നൽകിയ സബ്മിഷനും മുൻ വിധികളും കൃത്യമായി പരിഗണിച്ചു.Copyright-ovsonline.in

9 – മലങ്കര സഭയിൽ പാത്രിയർക്കീസിൻ്റെ ആത്മികവും ലൗകികവുമായ അധികാരത്തെപ്പറ്റി 1879 – മുതൽ നിരവധി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. വീണ്ടും ആ വിഷയങ്ങൾ പരിഗണിക്കേണ്ട കാര്യമില്ല. മറിച്ച്, ഒന്നാം സമുദായക്കേസിലെ ഭരണഘടനാ ബഞ്ച്, രണ്ടാം സമുദായക്കേസ്, കോലഞ്ചേരി പള്ളിക്കേസ് എന്നിവയിലെ കണ്ടെത്തലുകൾ ചൂണ്ടി കാണിക്കേണ്ട കാര്യമേയൊള്ളു.

10 – സമുദായ കേസ് – 1938-ൽ പാത്രിയർക്കീസ് വിഭാഗം കോട്ടയം ജില്ലാക്കോടതിയിൽ തങ്ങളെ പൊതു സമുദായം വക വസ്തുവകകളിലെ ട്രസ്റ്റികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു ഒരു കേസ് ഫയൽ ചെയ്തു. കാതോലിക്കാ പക്ഷത്തെ ട്രസ്റ്റികളെ അപ്രകാരം ട്രസ്റ്റികളായി പ്രവർത്തിക്കുന്നതിൽ നിന്നു വിലക്കണമെന്നും ആവശ്യപ്പെട്ടു. ഈ വാദങ്ങൾ തള്ളിക്കൊണ്ട് 1943-ൽ വിധി പ്രഖ്യാപിക്കപ്പെട്ടു. തുടർന്ന് അപ്പീലിൽ 2-1 എന്ന നിലയിൽ ഭൂരിപക്ഷ വിധി പാത്രിയർക്കീസ് പക്ഷത്തിനു അനുകൂലമായിരുന്നു. ഈ വിഷയം സുപ്രീംകോടതിയിൽ എത്തി. സുപ്രീം കോടതി എല്ലാ വശങ്ങളും പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദ്ദേശിച്ചു. അപ്പീൽ വിണ്ടും കേട്ടു. അപ്പീൽ അനുവദിച്ചു. ഓർത്തഡോക്സ് പക്ഷം സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അപ്പീൽ അനുവദിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഈ ഒന്നാം സമുദായ ക്കേസിലെ വിധി വിശദമായി കോലഞ്ചേരിക്കേസിൽ പരിഗണിച്ചിരുന്നു.

11– (രണ്ടാം സമുദായക്കേസ് പറയുന്നു) 1979 -ൽ കാതോലിക്കോസ് മലങ്കര സഭ എപ്പിസ്കോപ്പൽ ആണെന്നു പ്രഖ്യാപിക്കണമെന്നും അത് മലങ്കര സഭയുടെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നു വിധിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു ഹർജി സമർപ്പിച്ചു. 34-ലെ ഭരണഘടനപ്രകാരം നിയമിക്കപ്പെടാത്ത ആർക്കും മലങ്കര സഭയിൽ ഒരു സ്ഥാനവും വഹിക്കുവാൻ സാധിക്കില്ലായെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. സിംഗിൾ ബഞ്ച് കേസ് തള്ളിക്കളഞ്ഞു. എന്നാൽ ഡിവിഷൻ ബഞ്ച് കാതോലിക്കാ കക്ഷിയുടെ വാദങ്ങൾ വലിയൊരു അളവുവരെ അംഗീകരിച്ച് ഉത്തരവായി. സുപ്രിം കോടതിയിൽ കേസ് എത്തി. സുപ്രീം കോടതി വിധിയിൽ അബ്ദേദ് മശിഹാ നൽകിയ കൽപനയിലൂടെ കാതോലിക്കോസിനു ലഭിച്ച അധികാരങ്ങൾ 34-ലെ ഭരണഘടനയിലൂടെ കൂടുതൽ വിപുലമായതായി കണ്ടെത്തി. കൂടാതെ 34-ലെ ഭരണഘടന മലങ്കരസഭയ്ക്കു ബാധകമാണ്. പാത്രിയർക്കീസ് പക്ഷത്തിനു അതിൻ്റെ സാധുത ചോദ്യം ചെയ്യപ്പെടാൻ സാധിക്കില്ല. കൂടാതെ ഭരണഘടന ഭേദഗതി ചെയ്ത് ആളുടെ പ്രാതിനിധ്യം (മലങ്കര അസോസിയേഷനിലെ) ഇടവകാംഗങ്ങളുടെ പ്രാതിനിധ്യത്തിനു അനുസരിച്ച് ആക്കുവാനും നിർദ്ദേശം നൽകി.

12 – രണ്ടാം സമുദായകേസിലെ പ്രധാന കണ്ടെത്തലുകൾ വീണ്ടും പറയുന്നു. അതിൽ മൗലികാവകാശങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കുവാൻ സിവിൽ കോടതിക്കു അധികാരം ഉണ്ട്, പാത്രിയർക്കീസിനു ലൗകിക അധികാരം ഇല്ല, ആത്മികാധികാരം ഭരണഘടനയ്ക്കു വിധേയമായേ പ്രയോഗിക്കാവു. പാത്രിയർക്കീസ് കക്ഷിക്കാരുടെ കാനോൻ സാധുവല്ല, പാത്രിയർക്കീസിൻ്റെ മുടക്ക് അസാധുവാണ്. കാതോലിക്കായെ മുടക്കുവാൻ ഹുദായകാനോനിൽ വകുപ്പില്ല എന്നിവ എടുത്തു പറഞ്ഞിരിക്കുന്നു.

13 – 95-ലെ വിധിയിൽ [ഇടവകാംഗങ്ങളുടെ അംഗസംഖ്യ പ്രകാരം അസോസിയേഷൻ അംഗങ്ങളുടെ എണ്ണം നിശ്ചയിച്ചത്] ഭരണഘടന ഭേദഗതി ചെയ്തതിനെപ്പറ്റി പറയുന്നു. ഭേദഗതി ചെയ്ത ഭരണ്ടഘടനപ്രകാരം പുതിയ മാനേജിംഗ് കമ്മിറ്റ നിലവിൽ വരുന്നതുവരെ സ്റ്റാറ്റസ് ക്വോ നിലനിൽക്കേണ്ടതിനെപ്പറ്റിയും പറയുന്നു. (NB – 2002-ലെ പരുമല അസോസിയേഷനിൽ പുതിയ മാനേജിംഗ് കമ്മറ്റി നിലവിൽ വന്നു. അത് ബഹിഷ്കരിച്ചതോടെ സ്റ്റാറ്റസ് ക്വോയും പാത്രിയർക്കീസ് വിഭാഗത്തിനു നഷ്ടമായി) 95-ലെ വിധിയുടെ ഡിക്രിയെപ്പറ്റി പ്രത്യേകം പറയുന്നു. മലങ്കരസഭയിൽ ഏത് സ്ഥാനം വഹിക്കുന്ന വ്യക്തിയും 34-ലെ ഭരണഘടനയാൽ ബന്ധിക്കപ്പെട്ടവരും ആ ഭരണഘടനയ്ക്കു വിധേയരുമാണെന്ന ഡിക്രിയിലെ ഭാഗം എടുത്തു പറയുന്നു.

14– കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ എന്നീ പള്ളികളുമായി ബന്ധപ്പെട്ട പ്രാതിനിധ്യ സ്വഭാവമുള്ള കേസുകൾ നൽകപ്പെട്ടു. സുപ്രീം കോടതിയിൽ എത്തിയ കേസിൽ മുൻ വിധികൾ പരിഗണിച്ചു വിധി പുറപ്പെടുവിച്ചു. 2017 ജൂലൈ 3 വിധിയിലെ 28 പോയിന്റുകളും വീണ്ടും അതേപടി ആവർത്തിച്ചിരിക്കുന്നു. ആ പോയിന്റുകൾ ഈ ലിങ്കിൽ വായിക്കാം >>

15– 95-ലെ വിധിയും ജൂലൈ 3-ലെ വിധിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന യാക്കോബായ വാദം തള്ളിക്കളഞ്ഞിരിക്കുന്നു. കോലഞ്ചേരി കേസിലെ കണ്ടെത്തലുകൾ പാത്രിയർക്കീസുമായുള്ള മലങ്കരയിലെ തർക്കങ്ങൾ ശാശ്വതമായി അവസാനിപ്പിക്കുന്നതാണെന്നു കുട്ടിച്ചേർത്തിരിക്കുന്നു.

16. മുൻ വിധികളുടെ അടിസ്ഥാനത്തിൽ 1934 – ലെ ഭരണഘടന സാധുവും ഇടവകാംഗങ്ങളെ ബന്ധിക്കുന്നതുമാണ്. 34-ലെ ഭരണഘടനയിൽ പറയുന്ന അധികാരത്തിനു വിധേയമായി മാത്രമേ ഇടവക പള്ളികൾ ഭരിക്കപ്പെടാൻ പാടുള്ളു. പാത്രിയർക്കീസിൻ്റെ ആത്മിക പരമാധികാരമെന്നു പറഞ്ഞു ഒരു പള്ളിയും സമാന്തരഭരണം നടത്തുവാൻ പാടില്ലാത്തതാകുന്നു. മലങ്കരസഭയിലെ ആത്മികവും ലൗകികവും ഭരണപരവുമായ എല്ലാ അധികാരങ്ങളും മലങ്കരമെത്രാപ്പോലീത്തയിലും അദ്ദേഹം നിയമിച്ചാക്കുന്ന സ്ഥാനികളിലും നിക്ഷിപ്തമാണ്. പാത്രിയർക്കീസിനു മലങ്കര സഭയിൽ മെത്രാൻമാർ, വൈദികർ, ശെമ്മാശൻമാർ, തുടങ്ങിയ സ്ഥാനികളെ നിയമിക്കുവാനോ അതിലൂടെ സമാന്തരഭരണം നിർവഹിക്കുവാനോ സാദ്ധ്യമല്ലയെന്ന ജൂലൈ 3-ലെ കണ്ടെത്തൽ വീണ്ടും അവതരിപ്പിച്ചിരിക്കുന്നു.Copyright-ovsonline.in

17. കട്ടച്ചിറ പള്ളി 1979-ൽ പരിഗണിച്ച 1064 പള്ളികളിൽ 41-ാമതായി ലിസ്റ്റ് ചെയ്യപ്പെട്ടതാണ്. കൂടാതെ പള്ളിയും വസ്തുക്കളും 29-6-1979-ൽ C K കോശി മലങ്കരസഭയുടെ കൊല്ലം മെത്രാപ്പോലീത്തായ്ക്ക് ഇഷ്ടദാനമായി നൽകിയതാണെന്നും പ്രമാണത്തിൽ വ്യക്തമാണ്. അത് ഭദ്രാസനത്തിൻ്റെതായി കണക്കാക്കേണ്ടതാണെന്നും വ്യക്തമാണ്. ഭദ്രാസന മെത്രാപ്പോലീത്താ കാലാകാലങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ അനുസരിക്കുവാൻ ഇടവകാംഗങ്ങൾ ബാധ്യസ്ഥരാണ്. ആ പ്രമാണത്തിൽ നിന്നും വ്യക്തമാകുന്നത് കട്ടച്ചിറ പള്ളി മലങ്കര മെത്രാപ്പോലീത്തായുടെ ആത്മികവും ഭരണപരവുമായ കീഴിൽ നിലനിൽക്കേണ്ടതാണ് എന്നാണ്.

18. ഒന്നാം സമുദായക്കേസിലെ തീരുമാനപ്രകാരം കട്ടച്ചിറ പള്ളി 34-ലെ ഭരണഘടനയ്ക്ക് വിധേയമാണ്. ഇടവകയും അംഗങ്ങളും ആ ഭരണഘടനയ്ക്ക് വിധേയപ്പെട്ടവരാണെന്നു വ്യക്തമായ തീർപ്പുള്ള സ്ഥിതിക്ക് വികാരിയെ നിയമിക്കുവാൻ ഭദ്രാസനമെത്രാപ്പോലീത്തായ്ക്ക് അനുവാദമില്ലായെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിഗമനം തെറ്റാണ്. വികാരിയെ നിയമിക്കുവാൻ ഇടവകാംഗങ്ങൾക്ക് അധികാരമുണ്ടെന്ന ഡിവിഷൻ ബെഞ്ച് കണ്ടെത്തൽ 34-ലെ ഭരണഘടനയിലെ വകുപ്പുകളുടെയും സുപ്രീം കോടതി വിധികളുടെയും നഗ്നമായ ലംഘനമാണ്. എന്നാൽ വിചാരണക്കോടതിയുടെയും സിംഗിൾ ബഞ്ചിൻ്റെയും (മലങ്കരസഭയ്ക്ക് അനുകൂലമായ) കണ്ടെത്തലുകൾ 34-ലെ ഭരണഘടനയുടെ വകുപ്പുകളോടും സുപ്രീം കോടതി വിധികളോടും ചേർന്നു പോകുന്നതായിരുന്നു.

19. മലങ്കര സഭയുടെ കൊല്ലം മെത്രാപ്പോലീത്തായ്ക്കു കട്ടച്ചിറ പള്ളിയുടെ മേൽ അധികാരമുണ്ടായിരുന്നു എന്ന വസ്തുത വിചാരണക്കോടതി തെളിവുകളായി പരിഗണിച്ച വിവിധ രേഖകളിൽ നിന്നും വ്യക്തമാണ്.

20. വിചാരണക്കോടതി പരിഗണിച്ച വിവിധ തെളിവുകളായ മെത്രാപ്പോലീത്ത കട്ടച്ചിറ പള്ളിയ്ക്കയച്ച വികാരി നിയമന കല്പനകൾ, അപ്രകാരം സ്ഥാനമേറ്റ വികാരിമാരുടെ ശമ്പള രസീതുകൾ, മലങ്കര അസോസിയേഷനിലേക്ക് പ്രതിനിധികളെ ഈ പള്ളിയിൽ നിന്നയച്ചത് തുടങ്ങി മറ്റു പലതും ഈ പള്ളി മലങ്കര മെത്രാപ്പോലീത്തായുടെ വകയാണെന്നും പള്ളിയുടെയും വസ്തുക്കളുടെയും ഭൗതികവും ആത്മികവുമായ കാതോലിക്കായുടെ കീഴിൽ വരുന്നതായും വ്യക്തമാക്കുന്നു.

21. DW – 1 -ൽ കട്ടച്ചിറ പള്ളി പൊതുയോഗം കൂടി 1934-ലെ ഭരണഘടന അസ്വീകാര്യമാണെന്ന തീരുമാനം എടുത്തതായും അത് പിൻവലിക്കണമെന്നു മലങ്കര സഭയുടെ നേതൃത്വത്തോട് പ്രമേയം വഴി ആവശ്യപ്പെട്ടതായും പറയുന്നു. എന്നാൽ ഒരിക്കൽ സ്വീകരിച്ച ഭരണഘടന പിന്നീട് സ്വീകരിക്കാതിരിക്കുവാൻ സാധ്യമല്ല എന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ വളരെ ശരിയാണ്. മാത്രമല്ല ഇതിൽ നിന്നു വ്യക്തമാകുന്നത് കട്ടച്ചിറ പള്ളി ഒരിക്കൽ ഭരണഘടന സ്വീകരിച്ചിരുന്നു എന്നും കാതോലിക്കായുടെ ആത്മിക അധികാരത്തിൻ്റെ കീഴിൽ ആയിരുന്നു എന്നുമാണ്. ഇടവക മെത്രാപ്പോലീത്തായ്ക്കു വികാരിയെ നിയമിക്കുവാൻ സാധിക്കില്ലായെന്ന ഡിവിഷൻ ബഞ്ച് കണ്ടെത്തൽ 34-ലെ ഭരണഘടനയിലെ വകുപ്പുകൾക്കു വിരുദ്ധമായതും നേരത്തെ പറഞ്ഞ ഇഷ്ടദാനത്തിൻ്റെയും വാദിഭാഗം സമർപ്പിച്ച മറ്റ് നിരവധി രേഖകളുടെയും അടിസ്ഥാനത്തിൽ നിലനിൽക്കാത്തതുമാണ്. മെത്രാപ്പോലീത്തയ്ക്ക് വികാരിയെ നിയമിക്കാൻ സാധിക്കില്ലായെന്ന ഡിവിഷൻ ബഞ്ച് കണ്ടെത്തൽ ഒന്നാം സമുദായക്കേസിലെ കണ്ടെത്തലുകൾക്ക് ഖടകവിരുദ്ധമാണ്.

22. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കൾ 25, 26 (മൗലികാവകാശങ്ങളുമായ ബന്ധപ്പെട്ട) കേസാണെന്നും അതിനാൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് ഈ വിഷയം പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാവുന്നതല്ല. ഇതേ ആവശ്യം കോലഞ്ചേരി പളളിക്കേസിൽ വിശദമായി വാദം കേട്ടതാണ്. 1934 -ലെ ഭരണഘടന ഒരു തരത്തിലും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാകുന്നില്ലായെന്ന ആ വിധിയിലെ കണ്ടെത്തൽ ഇവിടെയും ആവർത്തിച്ചിരിക്കുന്നു.

23. ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻ്റെ വിധി ഒന്നാം സമുദായക്കേസ്, രണ്ടാം സമുദായക്കേസ്, കോലഞ്ചേരി പളളിക്കേസ് എന്നീ മൂന്നു കേസുകളിലെയും സുപ്രീം കോടതി വിധികളുടെ ലംഘനമായതിനാൽ നിലനിൽക്കുന്നതല്ല. ആയതിനാൽ ആ വിധി റദ്ദാക്കി, അപ്പീലുകൾ അനുവദിച്ചിരിക്കുന്നു.Copyright-ovsonline.in

ഓ വി എസ് ന്യൂസ് ഡെസ്ക്

യാക്കോബായ വാദങ്ങൾ എല്ലാം തള്ളി സുപ്രീം കോടതി; വിധി പകർപ്പ്

സഭാ സമാധാനത്തിനുള്ള സുവര്‍ണ്ണാവസരം – പരിശുദ്ധ കാതോലിക്കാ ബാവാ